ചെറുപുഴ: കാപ്പിമല മഞ്ഞപ്പുല്ലിൽ മിന്നലേറ്റ് മരിച്ച ചെറുപുഴ കൊല്ലാടയിലെ വാഴപ്പള്ളി സോനുവിന്റെ ഭാര്യ അഞ്ജുവിന്റെ സംസ്കാരം ഇന്ന് രാവിലെ 10ന് കോളയാട് സെന്റ് അൽഫോൻസ പള്ളിയിൽ നടക്കും.
ഇന്നലെ മൂന്നുമുതൽ ആറുവരെ കൊല്ലാടയിലെ വാഴപ്പള്ളി സെബാസ്റ്റ്യന്റെ ഭവനത്തിൽ പൊതുദർശനത്തിന് വച്ച മൃതദേഹം പിന്നീട് കോളയാട് മേനച്ചോടിയിലുള്ള അഞ്ജുവിന്റെ സ്വഭവനമായ ഉള്ളാതോട്ടത്തിൽ വീട്ടിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച വൈകുന്നേരം നാലോടെയാണ് അഞ്ജുവിന് മിന്നലേറ്റത്.
ഭർത്താവ് സോനുവിനും വനംവകുപ്പ് വാച്ചർ ടി.ജി. സതീശനും മിന്നലിൽ സാരമായ പരിക്കേറ്റിരുന്നു.
അഞ്ജുവിന്റെ മൃതദേഹം കൊല്ലാടയിലെ വസതിയിൽ എത്തിച്ചപ്പോൾ ആദരാഞ്ജലി അർപ്പിക്കാൻ വൻ ജനാവലി ഒഴുകിയെത്തി. ജില്ലാ കളക്ടർ പി. വിഷ്ണുരാജ് മൃതദേഹത്തിൽ റീത്ത് സമർപ്പിച്ചു. എഡിഎം ബാലഗോപാൽ, തഹസിൽദാർ സുരേഷ് ബാബു എന്നിവരും കൂടെയുണ്ടായിരുന്നു. ഉന്നത എക്സൈസ് ഉദ്യോഗസ്ഥരും അന്തിമോപചാരം അർപ്പിക്കാൻ എത്തി.
കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോയി, പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ തോമസ്, വിവിധ സർവീസ് സംഘടനാ നേതാക്കൾ, ജനപ്രതിനിധികൾ എന്നിവരും ആദരാഞ്ജലികൾ അർപ്പിച്ചു.
പുളിങ്ങോം വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റായ അഞ്ജുവിന്റെ സഹപ്രവർത്തകരും അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിയിരുന്നു. മിന്നലിൽ പരിക്കേറ്റ ഭർത്താവ് സോനുവും വീട്ടിലുണ്ടായിരുന്നു. ചെറുപുഴ ഫൊറോന വികാരി ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട്, വൈദികർ, സിസ്റ്റേഴ്സ് എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.