കാഞ്ഞങ്ങാട്: പെട്രോള്‍ പമ്പുകളില്‍ നിന്ന് കാനുകളില്‍ ഇന്ധനം ലഭ്യമല്ലാത്തതിനാല്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖല കടുത്ത വെല്ലുവിളി നേരിടുകയാണെന്ന് കേരള സ്റ്റേറ്റ് ഹയര്‍ഗുഡ്സ് ഓണേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു. പല പരിപാടികളും ദൂരസ്ഥലങ്ങളിലാണ് നടക്കുന്നത്. പരിപാടിക്കിടെ ജനറേറ്ററിലെ ഇന്ധനം എത്തിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുകയാണ്.
ഇതു സംഘാടകര്‍ക്കും ലൈറ്റ് ആന്‍ഡ് സൗണ്ട് ജീവനക്കാര്‍ക്കും വലിയ ബുദ്ധിമുട്ടും സാമ്പത്തികനഷ്ടവും ഉണ്ടാക്കുന്നു. അതിനാല്‍ സംഘടനയില്‍ അംഗമായവര്‍ക്ക് ആവശ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ കാനുകളില്‍ ഇന്ധനം വാങ്ങുന്നതിനുള്ള പ്രത്യേക അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് എംപിക്കും എംഎല്‍എമാര്‍ക്കും കളക്ടര്‍ക്കും കേന്ദ്രമന്ത്രിമാര്‍ക്കും ഉള്‍പ്പെടെ നിവേദനം നല്‍കിയിട്ടുണ്ട്.
ലൈറ്റ് ആൻഡ് സൗണ്ട് മേഖലയി ലെ തൊഴിലാളി ക്ഷാമവും വര്‍ധിച്ചുവരുന്നു. ഇതെല്ലാം പരിഗണിച്ച് സര്‍ക്കാര്‍ തലത്തില്‍ ആവശ്യമായ സഹായങ്ങളും കോഴ്സുകളും നല്‍കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ മേഖലാ പ്രസിഡന്റ് കെ. മുരളീധരന്, ജനറല്‍ സെക്രട്ടറി കെ.വി. ഷിബു, ട്രഷറര്‍ ഫിറോസ് പടിഞ്ഞാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി. ബാലന്, സംസ്ഥാന സെക്രട്ടേറിയറ്റംഗം രാധാകൃഷ്ണന് ചിത്ര, ജില്ലാ വൈസ് പ്രസിഡന്റ് സുരേഷ് വെള്ളിക്കോത്ത് എന്നിവര്‍ പങ്കെടുത്തു.