ന്യൂഡൽഹി: പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ (ഇഎസ്എ) അന്തിമ വിജ്ഞാപനത്തിനൊരുങ്ങി കേന്ദ്രസർക്കാർ. കരട് വിജ്ഞാപനം പുറപ്പെടുവിച്ച് 12 വർഷത്തിനുശേഷമാണ് കേന്ദ്രം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനൊരുങ്ങുന്നത്.
ആദ്യഘട്ടത്തിൽ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിലെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ അന്തിമ വിജ്ഞാപനമായിരിക്കും പുറപ്പെടുവിക്കുക. പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിർത്തിനിർണയത്തെ സംബന്ധിച്ച തർക്കങ്ങൾ ഈ മൂന്ന് സംസ്ഥാനങ്ങളിൽ ഏകദേശം ഒത്തുതീർപ്പിലെത്തിയതിനാലാണ് ആദ്യ വിജ്ഞാപനത്തിൽ ഈ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയത്.
കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ നിർദേശപ്രകാരമാണ് കേന്ദ്രം പശ്ചിമഘട്ട മലനിരകളിലെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിർത്തി നിർണയിക്കാനൊരുങ്ങുന്നത്. നേരത്തേ 2011ലെ ഗാഡ്ഗിൽ റിപ്പോർട്ട് മുഴുവൻ പശ്ചിമഘട്ടത്തെയും പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കണമെന്നു നിർദേശിച്ചിരുന്നെങ്കിലും ഇതിനെതിരേ കേരളത്തിലെ കർഷകരുൾപ്പെടെയുള്ളവരുടെ വ്യാപക പ്രതിഷേധമുണ്ടായതോടെയാണ് പുതിയ നിർദേശങ്ങൾക്കായി സർക്കാർ 2012ൽ കസ്തൂരിരംഗൻ സമിതിയെ നിയോഗിച്ചത്.
പശ്ചിമഘട്ടത്തിന്റെ നൂറ് ശതമാനവും പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കണമെന്ന ഗാഡ്ഗിൽ റിപ്പോർട്ടിലെ നിർദേശത്തിൽനിന്നു വ്യത്യസ്തമായി പശ്ചിമഘട്ടത്തിന്റെ 37 ശതമാനം മാത്രം പ്രകൃതിദത്ത ഭൂപ്രകൃതിയായി കണക്കിലെടുത്ത് പരിസ്ഥിതിലോല പ്രദേശമായി സംരക്ഷിക്കണമെന്നായിരുന്നു കസ്തൂരിരംഗൻ റിപ്പോർട്ടിലെ നിർദേശം.
ആദ്യഘട്ടത്തിൽ ഏകദേശം 59,940 ചതുരശ്ര കിലോമീറ്റർ ഭൂമിയായിരുന്നു പശ്ചിമഘട്ടത്തിലെ സംരക്ഷിത ഭൂമിയായി നിർണയിക്കണമെന്നുള്ള നിർദേശമെങ്കിലും കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്ന് എതിർപ്പുകൾ ഉയർന്നതിനാൽ പല പ്രദേശങ്ങളെയും ആദ്യം നിർണയിച്ച അതിർത്തിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഖനന-ക്വാറി പ്രവർത്തനങ്ങൾ, വലിയതോതിൽ മലിനീകരണമുണ്ടാക്കുന്ന ‘റെഡ് കാറ്റഗറി’ വ്യവസായങ്ങൾ, തെർമൽ പവർ പ്ലാന്റുകൾ, വലിയ നിർമാണ-ടൗൺഷിപ്പ് പദ്ധതികൾ എന്നിവയ്ക്കു പൂർണ നിരോധനമുണ്ടാകും.
Tags : notification Center ecologically western region ensitive areas ESA