ആലുവ: ഇടുക്കി, എറണാകുളം ജില്ലകളിലൂടെ 269. 90 കിലോമീറ്റർ താണ്ടിയെത്തുന്ന പെരിയാർ ലക്ഷക്കണക്കിന് വരുന്ന ജനതയുടെ ജീവജലവും കൃഷിക്കാരുടെ ജീവവായുവും വ്യവസായമേഖലയുടെ ജീവനാഡിയുമാണ്. 17 അണക്കെട്ടുകളിലെ വൈദ്യുതി ഉത്പാദനത്തിൽ പങ്ക് വഹിച്ച് ഒഴുകിയെത്തുന്ന പെരിയാർ കടലിനോടു ചേരാനായി ഏലൂർ, എടയാർ വ്യവസായ മേഖലയിൽ എത്തുന്നതോടെ രാസമാലിന്യം കലർന്ന് മലിനമാകുന്ന കാഴ്ച വേദനാജനകമാണ്.
പെരിയാറിലും കൈവഴികളിലുമായി 106 ഇടങ്ങളിൽ മാലിന്യം തള്ളുന്നുവെന്നാണ് ഔദ്യോഗികമായി കണ്ടെത്തിയിട്ടുള്ളത്. ആലുവപ്പുഴയിലേക്ക് ആലുവ നഗരവും ആലുവ മാർക്കറ്റും തള്ളുന്ന മേഖലകളും ഇതിലുൾപ്പെടും. ആലുവ നഗരസഭയ്ക്കു മലിനീകരണം തടയാനായി ആലുവ പാലസിനടുത്ത് പ്ലാന്റ് ഉണ്ടായിരുന്നെങ്കിലും ഒരു വർഷം മാത്രമേ പ്രവർത്തിച്ചുള്ളൂ.
2018ലെ പ്രളയകാലത്ത് മുഴുവനായി നശിച്ചുപോയി. ഇതേത്തുടർന്ന് ഹോട്ടലുകൾ, ഫ്ലാറ്റുകൾ, ആശുപത്രികൾ, ലോഡ്ജുകൾ, തിയറ്ററുകൾ എന്നിവ തുറന്നുവിടുന്ന ദ്രവമാലിന്യം നേരേ ആലുവ പുഴയിൽ പതിക്കുകയാണ്. ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കൂടിയ അളവിലായതിനാൽ ഹരിത ട്രൈബ്യൂണൽ ആലുവ നഗരസഭയ്ക്കു പലപ്പോഴായി കോടികൾ പിഴ പ്രഖ്യാപിച്ചിട്ടുമുണ്ട്. 69 തദ്ദേശസ്ഥാപനങ്ങളുടെ മാലിന്യം വൻതോതിൽ പെരിയാറിലേക്കു തള്ളപ്പെടുന്നുണ്ട്. വിശാല കൊച്ചിയിലേക്കടക്കം കുടിവെള്ളമെത്തിക്കുന്ന ആലുവ ഉൾപ്പെടെ 58 പമ്പിംഗ് സ്റ്റേഷനുകളും പെരിയാർ തീരത്താണ്.
വ്യവസായ രാസമാലിന്യം അപകടകരം
പെരിയാറിലേക്കു പ്രധാനമായും 15 മേഖലകളിൽനിന്നാണ് വ്യവസായ മാലിന്യം തള്ളുന്നതെന്ന് ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. വിനോദസഞ്ചാരികളുടെ പറുദീസയായ മൂന്നാർ ഗ്രാമപഞ്ചായത്ത്, ഫർണിച്ചർ ഹണ്ടാകാനിരിക്കുന്ന പ്ലൈവുഡ് നിർമാണശാലകളുടെ വാഴക്കുളം പഞ്ചായത്ത്, എടയാർ വ്യവസായ കേന്ദ്രമുള്ള കടുങ്ങല്ലൂർ പഞ്ചായത്ത്, ഫാക്ട് അടക്കം വൻകിട വ്യവസായശാലകൾ ഉൾപ്പെടുന്ന മറുകരയിലെ ഏലൂർ, കളമശേരി നഗരസഭകൾ ഇതിൽ പ്രധാനം.
മൺസൂൺ, തുലാവർഷ സമയങ്ങളിൽ പെരിയാറിലേക്ക് ഏലൂർ, എടയാർ വ്യവസായശാലകൾ സംസ്കരിക്കാതെയാണു രാസമാലിന്യം പുറന്തള്ളുന്നത്. ഇരുണ്ട കറുത്ത നിറത്തിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നതും അവ വില്പനയ്ക്ക് എത്തുന്നതും സ്ഥിരം കാഴ്ചയാണ്. ഉഷ്ണതരംഗം വീശിയതോടെ വ്യവസായശാലകൾ ഇത്തവണ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് പരിസരവാസികൾ.
കടുങ്ങല്ലൂർ പഞ്ചായത്തിനെയും ഏലൂർ നഗരസഭയെയും ബന്ധിപ്പിക്കുന്ന പാതാളം പാലത്തിനു സമീപം 400 ഓളം വ്യവസായ യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. മാലിന്യമുക്ത പെരിയാർ ആക്കാനായി ഹരിത ട്രൈബ്യൂണൽ 26 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കാൻ നിർദേശിച്ചെങ്കിലും നടപ്പിലായില്ല.

കൊരട്ടി: പകർച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ കൊരട്ടി പഞ്ചായത്തിലെ പ്രധാന ജലസ്രോതസായ കൊരട്ടിച്ചാലിനോടു ചേർന്നുള്ള വ്യാപകമായ മാലിന്യം ത ള്ളൽ ജനങ്ങളിൽ ആശങ്ക ഉയർത്തുന്നു.
കൊരട്ടി ജെടിഎസ് ജംഗ്ഷനും പെരുമ്പിക്കും ഇടയിൽ ഇന്ത്യൻ കോഫി ഹൗസിനും പെട്രോൾ പമ്പിനും സമീപമായി ദേശീയപാതയ്ക്ക് കുറുകെ ഒഴുകുന്ന കൊരട്ടിച്ചാൽ കൊരട്ടി, കാടുകുറ്റി പഞ്ചായത്തുകളിലെ ഏക്കറുകണക്കിനു കൃഷിയിടങ്ങൾക്ക് ജലസേചനസൗകര്യം ഒരുക്കുന്നതിനൊപ്പം നിരവധി കുടുംബങ്ങളുടെ കുടിവെള്ളസ്രോതസുമാണ്.
ദേശീയപാതയിൽനിന്ന് ഏകദേശം 15 അടി താഴ്ന്ന് ഒഴുകുന്ന ചാലിന്റെ വിവിധ ഭാഗങ്ങളിൽ ചിലർ കൈയേറ്റംനടത്തി കൃഷിയിറക്കി, സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തിയതായി പ്രദേശവാസികൾ ആരോപിക്കുന്നു. ഇതിനിടെയാണ് സാമൂഹികവിരുദ്ധർ ശുചിമുറി മാലിന്യങ്ങളും അറവുമാലിന്യങ്ങളും ചാലിനോടുചേർന്നുള്ള തണ്ണീർതടത്തിൽ തള്ളുന്നത്. അജൈവ മാലിന്യക്കൂമ്പാരങ്ങളും പലഭാഗങ്ങളിലും കാണാനാകും. രാത്രിയുടെ മറവിലും ദേശീയപാതയോരത്ത് കിടക്കുന്ന വാഹനങ്ങളുടെ മറപിടിച്ചുമാണു മാലിന്യം തള്ളൽ.
മഴക്കാലം ആരംഭിച്ചതോടെ ഈ മാലിന്യങ്ങൾ മഴവെള്ളത്തിൽ കലർന്ന് ചാലിലേക്കെത്തുകയാണ്. ചാലുമായി ബന്ധമുള്ള കിണറുകളിലെ ഉറവകളിലൂടെ കുടിവെള്ളവും മലിനമാകുന്നതായി നാട്ടുകാർ ആശങ്കപ്പെടുന്നു.

വെട്ടുകാട്: പുത്തൂർ പഞ്ചായത്തിന്റെ കീഴിലുള്ള വെട്ടുകാട് കുളം ഇന്ന് മലിനജലക്കുളമാണ്. പുല്ലും പ്ലാസ്റ്റിക് മാലിന്യങ്ങളും ചണ്ടിയും നിറഞ്ഞ് കുളം തിരിച്ചറിയാനാകാത്ത അവസ്ഥയിലായി.
വർഷങ്ങളോളമായി കുളം ശുചീകരിച്ചിട്ടില്ല. മഴക്കാലമായതോടെ കുളം നിറഞ്ഞൊഴുകയും ചുറ്റുമുള്ള വീടുകളിലേക്കു മലിനജലം കയറുകയും ചെയ്യുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുക് പെരുകി പകർച്ചവ്യാധികൾ പടരുമോ എന്ന ആശങ്കയിലാണു നാട്ടുകാർ.
ഒരുകാലത്ത് നാട്ടിലെ കുട്ടികളുടെ നീന്തൽക്കുളവുമായിരുന്നു ഇത്. കുളിക്കാനും അലക്കാനും കൃഷി ആവശ്യങ്ങൾക്കും നാട്ടുകാർ ആശ്രയിച്ചിരുന്ന കുളം ഇപ്പോൾ ദുർഗന്ധം വമിക്കുന്ന മലിനജലക്കെട്ടായി.
പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവ തള്ളി കുളം മാലിന്യക്കൂമ്പാരമാക്കിയിരിക്കുകയാണ്.

മലപ്പുറം: ഒട്ടേറെ പുഴകളുള്ള മലപ്പുറം ജില്ലയിൽ പുഴകൾ സംരക്ഷിക്കുന്ന കാര്യത്തിൽ അധികൃതർ പിന്നോട്ടാണ്.
അതിനാൽ പുഴകൾ മലിനമാക്കുന്ന പ്രവണതയും കൂടിവരുന്നു. ഭാരതപ്പുഴയും കടലുണ്ടിപ്പുഴയും പലയിടങ്ങളിലും മലിനമായി കിടക്കുന്നു. മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ പുഴകളുള്ളത് നിലന്പൂരിലാണ്.
ചാലിയാർ പുഴയുടെ തീരങ്ങളിൽ ഉൾപ്പെടെ മാലിന്യം തള്ളുന്നുണ്ട്. ചാലിയാറിന്റെ പോഷക നദികളായ കുറുവൻപുഴ, കാഞ്ഞിരപുഴ, കലക്കൻ പുഴ, കരിന്പുഴ, പുന്നപ്പുഴ, കാരക്കോടൻ പുഴ, ചെറുപുഴ, കുതിരപുഴ എന്നിവയുടെ തീരങ്ങളുടെ പല ഭാഗങ്ങളും മാലിന്യംതള്ളൽ കേന്ദ്രങ്ങളാണ്.
മലയോര പ്രദേശത്തെ ജലസ്രോതസായ ഒലിപ്പുഴയിലും കല്ലൻപുഴയിലും കൈത്തോടുകളിലുമടക്കം മാലിന്യം തള്ളുന്നുണ്ട്.
അറവുശാലകളിലെ മാലിന്യവും പ്ലാസ്റ്റിക് മാലിന്യവും തുടങ്ങി ഉപയോഗശൂന്യമായ വസ്തുക്കളും ചാക്കിൽ കെട്ടി പുഴയിൽ തള്ളുന്നു.
ടൗണുകളിൽനിന്നു ശേഖരിക്കുന്ന മാലിന്യങ്ങൾ പുഴകളിലും ഒഴിഞ്ഞ പ്രദേശങ്ങളിലുമാണു തള്ളുന്നതെന്ന ആരോപണമുണ്ട്. കാലവർഷം ദുർബലമായതിനാൽ പുഴകളിൽ നീരൊഴുക്ക് കുറഞ്ഞിരിക്കുകയാണ്. മാലിന്യം ഒഴുകി പോകാതെ കെട്ടിക്കിടക്കാൻ ഇതു കാരണമാകുന്നു.

വളപട്ടണം പുഴയുടെ കൈവഴിയായ കക്കാട് പുഴയും ഒരു കാലത്ത് പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു. കാട്ടാന്പള്ളി പാടശേഖരങ്ങളിൽ ഉപ്പുവെള്ളം കയറുന്നതു തടഞ്ഞ് കാർഷിക മേഖലയ്ക്ക് പുതുജീവൻ പകരുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ കാട്ടാന്പള്ളി റഗുലേറ്റർ കം ബ്രിഡ്ജ് സ്ഥാപിച്ചതോടെയാണു കക്കാട്പുഴ ഇല്ലാതായത്.
വളപട്ടണം പുഴയിൽനിന്നു കക്കാട് പുഴയിലേക്കുള്ള സ്വാഭാവിക വേലിയേറ്റവും വേലിയിറക്കവും ഇല്ലാതായതോടെ കക്കാട് പുഴ വെള്ളക്കെട്ടായി മാറി. ഇതോടൊപ്പം മാലിന്യം തള്ളാനുള്ള കേന്ദ്രമായും മാറി.

കഴിഞ്ഞ വർഷം ഉത്സവകാലത്ത് ഹരിതകർമ സേനയുടെ കണക്ക് പ്രകാരം 1,10,323 കിലോഗ്രാം മാലിന്യമാണ് പുഴയിൽനിന്നും പുഴോരങ്ങളിൽനിന്നുമായി ശേഖരിച്ചത്.
ഇതിൽ 1,000 കിലോ തരംതിരിച്ച പ്ലാസ്റ്റിക് മാലിന്യവും 24,590 കിലോ തരംതിരിക്കാത്ത പ്ലാസ്റ്റിക് മാലിന്യവും 84,000 കിലോ ജൈവമാലിന്യവും 733 കിലോ കുപ്പികളും ഉൾപ്പെടുന്നു.

വളപട്ടണം പുഴ ഇന്ന് മാലിന്യങ്ങളാൽ നിറയുന്നു. വളപട്ടണം പാലത്തിനു സമീപത്തെ കണ്ടൽക്കാടുകൾ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ മാലിന്യങ്ങൾ ചാക്കിൽ കെട്ടിയും മറ്റും തള്ളിയ നിലയിലാണ്.
അറവു മാലിന്യങ്ങളും വ്യാപകമായി തള്ളുന്നുണ്ട്. മാലിന്യം കാരണം തെരുവുനായ്ക്കളും ഇവിടെ തന്പടിച്ചിരിക്കുന്നു. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ പുഴയുടെ ഇരുകരകിലുമായുള്ള തദ്ദേശ സ്ഥാപനങ്ങൾ സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാമറകളെ വെട്ടിച്ചും മാലിന്യം തള്ളുന്നത് തുടരുകയാണ്.

കോഴിക്കോട്: ലോക സാഹിത്യനഗര പട്ടികയിലുള്‍പ്പെട്ട കോഴിക്കോടൻ നഗരത്തിലൂടെ നടക്കണമെങ്കില്‍ മൂക്കുപൊത്തണം.
നഗരഹൃദയത്തിലൂടെ ഒഴുകുന്ന കനോലി കനാല്‍ മാലിന്യവാഹിനിയായി ചീഞ്ഞുനാറുകയാണ്. 11.4 കിലോമീറ്റര്‍ നീളമുള്ള ഈ കനാല്‍ ടൂറിസം വികസനാര്‍ഥം നവീകരിക്കാന്‍ മുന്‍ സര്‍ക്കാര്‍ കോടികളുടെ പദ്ധതി പ്രഖ്യാപിച്ചെങ്കിലും എങ്ങുമെത്തിയില്ല.
വടക്ക് കോരപ്പുഴയെയും തെക്ക് കല്ലായിപ്പുഴയെയും ബന്ധിപ്പിക്കുന്ന കനാലില്‍ മാലിന്യവും പായലും നിറഞ്ഞിരിക്കുകയാണ്. സമീപ പ്രദേശങ്ങളിലെ താമസക്കാര്‍ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. വേനല്‍ക്കാലമായാല്‍ കനാലിലെ നീരൊഴുക്ക് കുറയും. ദുര്‍ഗന്ധം രുക്ഷമാകും.
കനാലിലേക്കു മലിനജലം ഒഴുക്കിവിട്ട 40 സ്ഥാപനങ്ങള്‍ക്ക് 2024 ല്‍ നോട്ടീസ് നല്‍കിയിരുന്നു.
കനാലിന്റെ ഇരു വശങ്ങളിലുമായി പ്രവര്‍ത്തിക്കുന്നത് ചെറുതും വലുതുമായ അസംഖ്യം സ്ഥാപനങ്ങളാണ്. പല സ്ഥാപനങ്ങള്‍ക്കും മാലിന്യ ട്രീറ്റ്മെന്റ് പ്ലാന്റുകളില്ല.
കനോലി കനാലിലെ മലിനീകരണം തടയുന്നതിനായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് 2018 ല്‍ വിപുലമായ ആക്ഷന്‍ പ്ലാന്‍ തയാറാക്കുമെന്ന് അറിയിച്ചിരുന്നു. കനാലിന്റെ തീരത്തുള്ള വാണിജ്യശാലകള്‍, ആശുപത്രികള്‍, വന്‍കിട ഫ്ളാറ്റുകള്‍, പാര്‍പ്പിട സമുച്ചയങ്ങള്‍ തുടങ്ങിയവയില്‍ മലിനജല സംസ്കരണ സംവിധാനങ്ങള്‍ നിര്‍ബന്ധമായും ഏര്‍പ്പെടുത്താന്‍ ബോര്‍ഡ് നിഷ്കര്‍ഷിച്ചിരുന്നു. ഇത് നടപ്പായില്ലെന്നു മാത്രമല്ല, പരിശോധനകള്‍ കണ്ണില്‍ പൊടിയിടാനായി പേരിനു മാത്രമാവുകയും ചെയ്തു.

കാസർഗോഡ്: തളങ്കരയിൽ ചന്ദ്രഗിരി പുഴയോടു ചേർന്ന കരകളിലും ചതുപ്പുകളിലും മാലിന്യകൂമ്പാരം. തളങ്കര പടിഞ്ഞാർ കോർണിഷ് പാർക്ക് റോഡിൽനിന്നു തീരദേശ റോഡ് അവസാനിക്കുന്ന ഇടം വരെയുള്ള ഭാഗങ്ങളിലെല്ലാം കണ്ടൽക്കാടുകൾക്കിടയിൽ പ്ലാസ്റ്റിക്കുകളും ഭക്ഷണാവശിഷ്ടങ്ങളുമെല്ലാം തള്ളിയ നിലയിലാണ്. പുഴയിൽ ജലനിരപ്പ് ഉയരുമ്പോൾ സമീപത്തെ വീട്ടുപറമ്പുകളിലേക്കും മാലിന്യമെത്തുന്നു. കടുത്ത ദുർഗന്ധവും പരക്കുന്നുണ്ട്.
കോർണിഷ് പാർക്കിലും തീരദേശ റോഡിലും ഹാർബറിലുമെത്തുന്ന വിനോദസഞ്ചാരികൾക്കും മാലിന്യ കൂമ്പാരം മനംമടുപ്പിക്കുന്ന കാഴ്ചയാകുന്നു. എന്നാൽ, നഗരസഭാ അധികൃതരുടെ ശ്രദ്ധ ഇങ്ങോട്ടു പതിയുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി.

കാസർഗോഡ്: നഗരത്തിന്റെ ജീവവാഹിനിയെന്നു വിശേഷിപ്പിക്കാവുന്ന ജലസ്രോതസായിരുന്നു കൽമാടി തോട്. നഗരം ഇത്രത്തോളം വളർന്നു വികസിക്കുന്നതിനു മുമ്പ് നഗരസഭാ പരിധിയിലെയും അടുത്തുള്ള മധൂർ, മൊഗ്രാൽ-പുത്തൂർ പഞ്ചായത്തുകളിലെയും കൃഷിയിടങ്ങൾ ജലസമൃദ്ധമായിരുന്നത് ഈ തോട്ടിലെ വെള്ളംകൊണ്ടായിരുന്നു.
ഇങ്ങനെയൊരു നീർച്ചാൽ നഗരമധ്യത്തിലൂടെ ഒഴുകിയിരുന്നുവെന്നു പറഞ്ഞാൽപോലും ആരും വിശ്വസിക്കാത്ത സാഹചര്യമാണ് ഇപ്പോൾ. കറുത്തിരുണ്ട വെള്ളം നിറഞ്ഞ തോടിനെ മാലിന്യങ്ങൾ ഒഴുക്കിവിടാനുള്ള ഓവുചാലായി മാത്രമാണു പലരും കാണുന്നത്. വേനൽക്കാലത്ത് മാലിന്യക്കൂമ്പാരങ്ങൾ നിറയുമ്പോൾ തോടിന്റെ ഒഴുക്കും തടസപ്പെടും.
തോടിനെ മാലിന്യമുക്തമാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിന്റെയും നഗരസഭയുടെയും ഭാഗത്തുനിന്നു പല പദ്ധതികളും തയാറാക്കിയിരുന്നു. പക്ഷേ, ഒന്നും പ്രായോഗികതലത്തിൽ പൂർണമായും നടപ്പായില്ല.

അടുത്തിടെ നടന്ന കിണര്‍ മാപ്പിംഗില്‍ കേരളത്തില്‍ ഏകദേശം 22 ലക്ഷം കിണറുകള്‍ ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. എന്നാൽ തങ്ങളുടെ കിണറ്റിലെ വെള്ളം എത്രമാത്രം സുരക്ഷിതമാണെന്നതിൽ ജനങ്ങൾക്ക് വലിയ ആശങ്കയുണ്ട്.
പല കുടുംബങ്ങളും കുടിവെള്ളം തിളപ്പിച്ച ശേഷമാണ് ഉപയോഗിക്കുന്നത്. ചിലര്‍ ക്ലോറിനേഷന് നടത്തുന്നു. ചിലര്‍ ഫില്‍റ്ററുകള്‍ ഉപയോഗിക്കുന്നു. പുഴകളും കുളങ്ങളും കായലുകളുമടക്കമുള്ള ജലസ്രോതസുകൾ മലിനമാകുമ്പോൾ കിണർവെള്ളവും മലിനമാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഓരോ മഴക്കാലവും കേരളത്തില്‍ ജലജന്യ രോഗങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നു. അടുത്തിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഷിഗെല്ല ഉള്‍പ്പെടെയുള്ള ജലജന്യ രോഗബാധകള്‍ ഈ ആശങ്കയെ വർധിപ്പിക്കുകയാണ്. മഴ ശക്തമാകുമ്പോള്‍ ഉപരിതല ഒഴുക്കുകളിലൂടെ മാലിന്യം കിണറുകളിലേക്കും മറ്റ് ജലസ്രോതസുകളിലേക്കും എത്തിച്ചേരാനുള്ള സാധ്യത വര്‍ധിക്കുന്നു. അതുകൊണ്ടുതന്നെ വെള്ളത്തിന്റെ ലഭ്യതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കൊപ്പം ശുചിത്വ ചര്‍ച്ചയും അനിവാര്യമായിരിക്കുന്നു. ജലസുരക്ഷ എന്നത് വെള്ളത്തിന്റെ ലഭ്യതയേക്കുറിച്ചുമാത്രമുള്ളതല്ല; ആ വെള്ളം ആരോഗ്യകരമാണോ എന്നതുകൂടിയാണ്.
സ്വന്തം വീട്ടില്‍ കിണറുള്ള നിരവധി കുടുംബങ്ങള്‍ പോലും കുടിക്കാന്‍ കുപ്പിവെള്ളം വാങ്ങുകയോ ജലശുദ്ധീകരണ ഉപകരണങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യുന്നു. ഒരു വശത്ത് കിണറ്റില്‍ വര്‍ഷം മുഴുവന്‍ വെള്ളമുണ്ട് എന്ന് പറയുമ്പോള്‍, മറുവശത്ത് അതേ വെള്ളം നേരിട്ട് കുടിക്കാന്‍ പലർക്കും മടിയാണ്.
കിണറുകളുടെ സംരക്ഷണവും ജലഗുണനിലവാരം ഇടയ്ക്കിടെ പരിശോധിക്കുന്നതുമായ ഒരു സംസ്കാരം വളര്‍ത്തിയെടുക്കുക പ്രധാനമാണ്. കാരണം ജലജന്യ രോഗങ്ങള്‍ പടരുമ്പോള്‍ നമ്മള് ചികിത്സയെക്കുറിച്ച് സംസാരിക്കും; എന്നാല്‍ ജലസുരക്ഷയുടെ യഥാര്‍ഥ ലക്ഷ്യം രോഗം വരുന്നതിന് മുമ്പ് അതിനെ തടയുക എന്നതാണ്.
കേരളത്തിലെ കുടിവെള്ള സുരക്ഷയുടെ വലിയൊരു ഭാഗം ലക്ഷക്കണക്കിന് വീട്ടുകിണറുകളെ ആശ്രയിച്ചാണ്. മഴക്കാലത്ത് ഉപരിതല ഒഴുക്കുകളിലൂടെ മലിനീകരണം കിണറുകളിലേക്കും മറ്റ് ജലസ്രോതസുകളിലേക്കും എത്തിച്ചേരാനുള്ള സാധ്യത വര്‍ധിക്കാം. വയറിളക്കം, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ, ഷിഗെല്ലോസിസ് തുടങ്ങിയ ജലജന്യ രോഗങ്ങളെ പ്രതിരോധിക്കുന്നതില്‍ കുടുംബതല മുന്‍കരുതലുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്.
Tags : Polluted water Malinamee Jalasayangal water bodies Periyar