വത്തിക്കാൻ സിറ്റി: പട്ടിണിയും പോഷകാഹാരക്കുറവും നേരിടുന്നതിനൊപ്പം അവയുടെ അടിസ്ഥാന കാരണങ്ങൾ കണ്ടെത്താനും പരിഹരിക്കാനും ലോകരാജ്യങ്ങൾ ഒന്നിക്കണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ.
മനുഷ്യന്റെ അന്തസ് ഉയർത്തിപ്പിടിക്കാനും അയൽക്കാരനെ സ്നേഹിക്കാനുമുള്ള സുവിശേഷസന്ദേശം സഭയുടെയും ലോക ഭക്ഷ്യപദ്ധതിയുടെയും ദൗത്യങ്ങളിൽ ഒരുപോലെ പ്രതിഫലിക്കുന്നുണ്ടെന്നും മാർപാപ്പ പറഞ്ഞു.
റോമിലെ ആസ്ഥാനത്തു നടന്ന ഐക്യരാഷ്ട്രസഭ ലോക ഭക്ഷ്യപദ്ധതിയുടെ വാർഷികയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ. സംഘർഷങ്ങൾക്കിടയിലും പ്രകൃതിദുരന്തങ്ങൾക്കിടയിലും ജീവന് സംരക്ഷണമൊരുക്കുവാൻ ഐക്യരാഷ്ട്രസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഭക്ഷ്യ-കാർഷിക സംഘടന നടത്തുന്ന പ്രവർത്തനങ്ങളെ മാർപാപ്പ പ്രശംസിച്ചു.
രാജ്യങ്ങൾ തമ്മിലുള്ള അവിശ്വാസം വർധിക്കുന്നതും സൈനിക ചെലവുകൾക്കായി വിഭവങ്ങൾ വകമാറ്റുന്നതും ദാരിദ്ര്യ വിരുദ്ധ പോരാട്ടത്തെ ദുർബലപ്പെടുത്തുന്നു. ലോകത്ത് ഭക്ഷണത്തേക്കാൾ വേഗത്തിൽ ആയുധങ്ങൾ അതിർത്തികൾ കടന്നെത്തുന്നു എന്നത് വേദനാജനകമായ ഒരു വൈരുദ്ധ്യമാണ്. രാഷ്ട്രീയവും സാമ്പത്തികവുമായ താത്പര്യങ്ങൾക്കുപരിയായി മാനുഷിക മൂല്യങ്ങൾക്ക് മുൻഗണന നൽകാൻ ആഗോള സമൂഹം തയാറാകണം.
ഭക്ഷണം, വെള്ളം, ആരോഗ്യം എന്നിവ വിപണിയിലെ കച്ചവടച്ചരക്കുകളല്ല, മറിച്ച് ഓരോ മനുഷ്യന്റെയും മൗലികാവകാശമാണ് -മാർപാപ്പ പറഞ്ഞു. സർക്കാരുകൾക്കും അന്താരാഷ്ട്ര ഏജൻസികൾക്കും കടന്നുചെല്ലാൻ ബുദ്ധിമുട്ടുള്ള മേഖലകളിൽ കത്തോലിക്കാസഭയുടെ കീഴിലുള്ള ഇടവകകളും കാരിത്താസ് പോലുള്ള സന്നദ്ധ സംഘടനകളും നടത്തുന്ന സേവനങ്ങളെ മാർപാപ്പ പ്രത്യേകം പരാമർശിച്ചു.
ഇത്തരം പ്രാദേശിക പങ്കാളികളുമായി സഹകരിക്കുന്നത് സഹായങ്ങൾ അർഹരായവരിലേക്ക് നേരിട്ടെത്തിക്കാൻ സഹായിക്കും. പട്ടിണി നിർമാർജനം ചെയ്യുന്നത് കേവലം ഒരു കാരുണ്യപ്രവർത്തനമല്ല, മറിച്ച് ലോകത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും അത്യന്താപേക്ഷിതമായ കാര്യമാണെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
Tags : Poverty eradication global responsibility Pope Leo XIV