മയ്യിൽ: മലപ്പട്ടം പഞ്ചായത്തിലെ തൊഴിലുറപ്പ് ജോലിക്കിടെ കാടുവെട്ടിതെളിക്കുന്നതിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. മലപ്പട്ടത്തെ തൊഴിലുറപ്പ് തൊഴിലാളിയായ വയൽഭാഗത്തെ പി.വി. ഖദീജയ്ക്ക് (54) സാരമായും ഇവരുടെ സമീപത്തുണ്ടായിരുന്ന മറ്റ് രണ്ടു സ്ത്രീ തൊഴിലാളികൾക്ക് നിസാര പരിക്കുമാണ് പറ്റിയത്.
ഇന്നലെ രാവിലെ പത്തിനായിരുന്നു സംഭവം. കൈയ്ക്കും വയറിന്റെ ഭാഗത്തും പരിക്കേറ്റ ഖദീജ മയ്യിൽ ഗവ. ആശുപത്രിയിൽ ചികിത്സ തേടി. മലപ്പട്ടം സെന്ററിന് സമീപം കാപ്പാട്ടുകുന്ന് റോഡിന് സമീപമാണ് കഴിഞ്ഞ മൂന്നുദിവസങ്ങളിലായി തൊഴിലുറപ്പ് പ്രവൃത്തികൾ നടന്നു വരുന്നത്.
ഇവിടെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കാട് വൃത്തിയാക്കുന്നതിനിടയിലാണ് അപകടം. വലിയ ശബ്ദത്തിൽ സ്ഫോടകവസ്തു പൊട്ടുകയായിരുന്നു. മൂന്ന് വാർഡുകളിൽ നിന്നായി നാല് ബാച്ചുകളിലായി 35 തൊഴിലുറപ്പ് തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം.
ഏറെകാലമായി കാടുമൂടിയ പ്രദേശത്ത് പന്നിക്കായി വച്ച പടക്കമാകാം പൊട്ടിയതെന്നാണ് മയ്യിൽ പോലീസ് നൽകുന്ന പ്രാഥമിക നിഗമനം. പൊട്ടിത്തെറിച്ച സ്ഥലത്ത് ചെറു ജില്ലികഷണം മാത്രമാണ് ഫോറൻസിക് കണ്ടത്. മലപ്പട്ടം പഞ്ചായത്ത് അധികൃതർ, ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ്, ഫോറൻസിക് വിദഗ്ധർ ഉൾപ്പെടെയുള്ള സംഘവും മയ്യിൽ പോലീസും സംഭവസ്ഥലം സന്ദർശിച്ചു.
മയ്യിൽ പോലീസ് ഇൻസ്പെക്ടർ രാംജിത്ത്, ബോംബ് സ്ക്വാഡ് എസ്ഐ സജീവൻ, ഡോഗ് സ്ക്വാഡ് എസ്ഐ അനൂപ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അന്വേഷണം നടത്തണമെന്ന് യുഡിഎഫ്
മലപ്പട്ടം സെൻട്രലിന് സമീപം സഹകരണ ബാങ്കിന്റെ പിറകുവശത്തുള്ള പഴയ തറവാട് വീട്ടിനടുത്ത് ഇന്നലെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾക്ക് പരിക്കേൽക്കാൻ ഇടയായ സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് മലപ്പട്ടം പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ ടി.പി. മുഹമ്മദും ജനറൽ കൺവീനർ എം.പി. രാധാകൃഷ്ണനും ആവശ്യപ്പെട്ടു.
വധഭീഷണിയുള്ള എംഎൽഎ ടി.കെ. ഗോവിന്ദന്റെ വീട് നില്ക്കുന്ന സ്ഥലത്ത് നിന്ന് ഏകദേശം ഒരുകിലോമീറ്റർ മാത്രം അകലെയുള്ള സ്ഥലത്താണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത് എന്നത് ദുരൂഹത വർധിപ്പിക്കുന്നതാണ്. പോലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തി നാട്ടുകാരുടെ ആശങ്ക ദൂരീകരിക്കണമെന്നും ഇവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags : work Nattuvishesham district news