Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുള്ള സാഹചര്യത്തിൽ ചെലവുകൾ കൂട്ടരുതെന്നു ധനകാര്യവകുപ്പ്.
സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണമെന്നും ശമ്പളച്ചെലവ് കൃത്യമായി കണക്കാക്കണമെന്നും ചെലവിൽ മുൻവർഷത്തേക്കാൾ കൂടുതൽ ഉണ്ടായിട്ടുണ്ടെങ്കിൽ അതിനു കാരണം വിശദീകരിക്കണമെന്നും ധനകാര്യവകുപ്പ് മറ്റുവകുപ്പുകൾക്ക് നൽകിയ സർക്കുലറിൽ വ്യക്തമാക്കുന്നു.
ബജറ്റ് എസ്റ്റിമേറ്റ് യാഥാർഥ്യ ബോധത്തോടെ തയാറാക്കണമെന്നും ചെലവ് കൃത്യമായി കണക്കാക്കണമെന്നും പറയുന്നു.
Kerala
തിരുവനന്തപുരം: കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തിൽ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും.
ബംഗളൂരു ശിവജി നഗർ ആശുപത്രി കെട്ടിടത്തിന്റെ മതിൽ ഇടിഞ്ഞുവീണ് മരിച്ച മൂന്ന് കുടുംബശ്രീ പ്രവർത്തകരുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വീതം അനുവദിക്കും.
Leader Page
കേന്ദ്ര ഗവണ്മെന്റിന്റെ നീതി ആയോഗ് ഇന്ത്യയിലെ ഏതാനും സംസ്ഥാനങ്ങളുടെ ധനസ്ഥിതി സംബന്ധിച്ച് രണ്ടു റിപ്പോർട്ടുകൾ (ഫിസ്കൽ ഹെൽത്ത് ഇൻഡക്സ്- എഫ്എച്ച്ഐ) തയാറാക്കിയിരിക്കുന്നു. ഈ പഠന റിപ്പോർട്ടുകളിലെ കണ്ടെത്തലുകൾ സംസ്ഥാനങ്ങൾക്ക് പുനർവിചിന്തനത്തിനും പുതിയ ധനകാര്യ നയരൂപീകരണത്തിനും ഉപകരിക്കും. എഫ്എച്ച്ഐ ഒന്നും രണ്ടും ലഭ്യമാക്കിയിരിക്കുന്ന വിശദാംശങ്ങൾ, കേരള സർക്കാർ വിശദമായ ചർച്ചകൾക്ക് വിധേയമാക്കി പുതിയ ധനകാര്യ നയം രൂപീകരിച്ചു നടപ്പിലാക്കാൻ ശ്രദ്ധിക്കുമെന്ന് കരുതാം. 2022 മുതൽ 2025 സാന്പത്തികവർഷങ്ങളിലെ സംസ്ഥാനത്തിന്റെ ധനകാര്യ ആരോഗ്യ സ്ഥിതിയുടെ സുപ്രധാന നേർക്കാഴ്ചകൾ ഈ രണ്ടു പഠന റിപ്പോർട്ടുകളിൽ ലഭ്യമാണ്.
കേരള സ്റ്റോറി
രണ്ടാമത്തെ എഫ്എച്ച്ഐ റിപ്പോർട്ട് പ്രകാരം ധനകാര്യ പ്രവർത്തനമികവിൽ, 2023-2024, 2024-25 സാന്പത്തികവർഷങ്ങളിൽ കേരളം ഏറ്റവും താഴ്ന്ന പ്രവർത്തന സ്കോർ നേടിയ വിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഈ പഠനം പരിഗണിച്ച 18 സംസ്ഥാനങ്ങളിൽ കേരളത്തിന് 15-ാം സ്ഥാനമാണ് ലഭിച്ചത്. കേരളത്തിന്റെ ധനകാര്യ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്ന ഏതാനും പ്രധാന ഘടകങ്ങൾ:
വേണ്ടത്ര ചർച്ച ഇല്ല
ധന ആരോഗ്യ സൂചിക -01 (എഫ്എച്ച്ഐ) 2025 ജനുവരിയിലും രണ്ടാമത്തെ റിപ്പോർട്ട് 2026 മാർച്ചിലുമാണ് പ്രസിദ്ധീകരിച്ചത്. ഇവയുടെ കണ്ടെത്തലുകൾ വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടില്ല. പിന്നിട്ട ദശാബ്ദ കാലഘട്ടത്തിലെ സംസ്ഥാനത്തിന്റെ ധനകാര്യ നടത്തിപ്പിന്റെ സൂഷ്മമായ പ്രതിഫലങ്ങൾ ഈ രണ്ട് റിപ്പോർട്ടുകളിലും പ്രതിഫലിക്കുന്നു.
ആദ്യ റിപ്പോർട്ടിൽ 18 സംസ്ഥാനങ്ങളെയാണ് പഠനവിധേയമാക്കിയത്. അഞ്ച് മുഖ്യ ധനകാര്യ വിഷയങ്ങളെയാണ് പരിഗണിച്ചത്. രണ്ടാമത്തെ റിപ്പോർട്ട് കൂടുതൽ മികവുകളോടെയാണ് തയാറാക്കിയത്. അഞ്ച് പുതിയ ആനുകാലിക പരിഗണനാ വിഷയങ്ങളെ ഉൾപ്പെടുത്തി, വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും ചേർത്തു.
ലക്ഷ്യങ്ങൾ
സംസ്ഥാനങ്ങളുടെ ധനകാര്യ നിലനിൽപ്പിനെ അളക്കുക.
2. ധനകാര്യ അച്ചടക്കം പ്രോത്സാഹിപ്പിക്കുക.
3. സർക്കാർ പൊതു ചിലവുകളുടെ നിലവാരം ഉയർത്തുക.
4. അമിത കടഭാരത്താൻ ഉഴലുന്ന സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുകൾ നല്കുക.
5. പൊതുവിൽ ബാധകമാവുന്ന തലങ്ങളിൽ സംസ്ഥാനങ്ങളെ താരതമ്യം ചെയ്യാൻ സാധിക്കുക.
മാനദണ്ഡങ്ങൾ-നേട്ടങ്ങൾ
പുതിയ സ്കോറിംഗ് സമീപനം
സംസ്ഥാനങ്ങളെ ദേശീയ തലത്തിൽ പുതിയ ധനസ്ഥിതി റേറ്റിംഗ് രീതിയിലേക്ക് ഉൾപ്പെടുത്തി നേട്ടക്കാർ, മുന്പേ ഓടുന്നവർ, മികച്ച പ്രകടനം നടത്തുന്നവർ, മുന്നേറേണ്ടവർ എന്നിങ്ങനെ തരംതിരിച്ചു. രണ്ടാമത്തെ റിപ്പോർട്ടിൽ രീതിശാസ്ത്രം മെച്ചപ്പെടുത്തി. മുഖ്യമായി പരിഗണിച്ച വിഷയങ്ങൾ: കോവിഡിന് ശേഷമുണ്ടായ വലിയ തോതിലുള്ള ധന വിപുലീകരണങ്ങൾ, വർധിത കടഭാരം മൂലമുള്ള സാന്പത്തിക പ്രതിസന്ധികൾ, ബജറ്റുകളിൽ ഉൾപ്പെടുത്താതെ ഏറ്റെടുക്കുന്ന ഇതര അമിത ബാധ്യതകൾ, പലിശ തിരിച്ചടവ് ഭാരം വർധിച്ചുവരുന്നത്, സുസ്ഥിരതാ മാനദണ്ഡങ്ങൾ കൂടുതൽ ഫലപ്രദമാക്കുക എന്നിവയാണ്. ഇതിൻപ്രകാരം ലഭിച്ച മുഖ്യ കണ്ടെത്തലുകളും അഞ്ചിന തീവ്ര പരിചരണ ചികിത്സാ വിധികളും താഴെപ്പറയുന്നവയാണ്.
റവന്യു മൊബിലൈസേഷൻ
ഈയിനത്തിൽ സംസ്ഥാനത്തിന്റെ സ്കോർ 54.2 ആണ്. അതായത്, വിഭവസമാഹരണത്തിൽ സംസ്ഥാനം ഏതാണ്ട് ‘മിതമായ’ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. 2022-23 സാന്പത്തികവർഷത്തിൽ പ്രശ്നബാധിത ഇനങ്ങളായി ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നത്; സംസ്ഥാന ജിഎസ്ടി, ലോട്ടറി, മദ്യ-എക്സൈസ് നികുതി എന്നിവയെ അമിതമായി ആശ്രയിക്കേണ്ടിവന്നു എന്നതാണ്. വ്യാവസായിക ഉത്പാദനത്തെ അടിസ്ഥാനപ്പെടുത്തിയ നികുതി ബേസ് ഇനങ്ങൾ പരിമിതമായേ നിലവിൽ ഏർപ്പെടുത്തിയിട്ടുള്ളൂ. സംസ്ഥാനത്തെ ടാക്സ്-റവന്യു വരുമാനത്തിന്റെ വളർച്ചാനിരക്ക് വളരെ താഴ്ന്നതും ഉപഭോഗ ചെലവുകളെ മുഖ്യമായി ആസ്പദമാക്കിയുമാണ് ലഭ്യമാക്കുന്നത്.
എഫ്എച്ച്ഐ രണ്ട് പ്രകാരം 2023-24, 2024-25 സാന്പത്തിക വർഷങ്ങളിലും വരുമാന കുറവ് രേഖപ്പെടുത്തി; ഇത് മുഖ്യമായും കേന്ദ്ര ഗ്രാന്റുകൾ, സ്റ്റാന്പ് ഡ്യൂട്ടികൾ, ജിഎസ്ടി, മറ്റ് നികുതി ഇതര ഇനങ്ങളിലാണ് അനുഭവപ്പെട്ടത്. ഇപ്രകാരം വലിയ തോതിലുള്ള വരുമാന കുറവുകൾ 2025-26ലേക്കും തുടർന്നു.
ധനവ്യയ ഗുണനിലവാരം
ഇത് കേരളത്തിന്റെ വലിയ ദൗർബല്യ മേഖലയായി തുടർന്നുപോരുന്നു. ഇന്ത്യയിലെതന്നെ കുറഞ്ഞ 4.2 എന്ന സ്കോറാണ് കേരളത്തിന് ഈയിനത്തിൽ ലഭിച്ചത്. ഉപഭോഗ വിഭാഗങ്ങളിലെ ചെലവുകൾക്കാണ് സർക്കാർ തലത്തിൽ മുൻതൂക്കം നൽകിവരുന്നത്. ഉദാ: ശന്പളം, പെൻഷൻ, പലിശ തിരിച്ചടവ്, കുറഞ്ഞ മൂലധനനിക്ഷേപ വകയിരുത്തലുകൾ എന്നിങ്ങനെ.
ചുരുക്കത്തിൽ, സർക്കാർ-ഭരണ-ഉപഭോഗത്തിന് അമിത പ്രാധാന്യവും, വ്യവസായ നിക്ഷേപങ്ങൾക്ക് താഴ്ന്ന്-കുറഞ്ഞ പരിഗണന നൽകുന്ന സമീപനം കേരള സർക്കാർ പരക്കെ നല്കിപ്പോരുന്നു. ഭരണത്തുടർച്ച ലഭിച്ചെങ്കിലും ഈ രീതിക്ക് മാറ്റം വരുത്താൻ ഇടതു സർക്കാർ ഗൗരവ പരിശ്രമം നടത്തിയിട്ടില്ല.
ധനകാര്യ വിവേകം
ഈ സൂചികയിൽ കേരളം തുടരെ വളരെ താഴ്ന്ന പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ധനകാര്യ കമ്മി മൂന്നു ശതമാനമെന്ന പൊതു നിബന്ധനയെ മറികടക്കുന്നത് തുടർന്നുപോന്നു. ഇതോടൊപ്പം വരുമാന കമ്മിയും വർധിത കടമെടുക്കലുകളും തുടർന്നു. നിത്യനിദാന ചെലവുകൾ നടത്തുന്നതിനായി വായ്പകളെ ആശ്രയിക്കൽ തുടരുന്നത് ധനകാര്യ വിവേകമില്ലായ്മയുടെ പ്രതിഫലനമായി. ഈ സമീപനം ഇടത് സർക്കാർ തുടർഭരണ കാലഘട്ടത്തിൽ നിർബാധം തുടർന്നുപോന്നിരിക്കുന്നു.
കടബാധ്യത
കടഭാരത്തിന്റെ സമ്മർദത്തെയാണ് ഈ സൂചിക അളക്കുക. കടുത്ത കടബാധ്യതയുള്ള സംസ്ഥാനങ്ങളുടെ ഗണത്തിലാണ് കേരളം ഉൾപ്പെട്ടിരിക്കുന്നത്. 23.1 എന്ന വളരെ കുറഞ്ഞ സ്കോർ നിലവിലെ കടുത്ത കടഭാരത്തെയാണ് സൂചിപ്പിക്കുക. എഫ്എച്ച്ഐ രണ്ടും കട ഭാരം വർധിച്ചതായും വായ്പാ തിരിച്ചടവ് ഉത്തരവാദിത്വങ്ങൾ ക്രമം വിട്ട് കൂടിവരുന്നതായും വിലയിരുത്തിയിരിക്കുന്നു. കടം-ആഭ്യന്തര ഉത്പാദന റേഷ്യോ വളരെ ഉയർന്ന് 34 ശതമാനത്തിന് മുകളിലെത്തിയിരിക്കുന്നു. ഘടനാപരമായി സന്പദ് വ്യവസ്ഥയെ ഞെരുക്കത്തിലാക്കുന്ന ഈ കടക്കെണി സംസ്ഥാനത്തിന്റെ സാന്പത്തിക പുരോഗതിക്ക് തടസമായി തുടരുന്നു.
കടവും സുസ്ഥിരത ഉറപ്പാക്കലും
കടമെടുത്ത് വർധിത തോതിൽ പ്രോത്സാഹിപ്പിച്ചുവരുന്ന ഉപഭോഗ മോഡൽ-വികസന സംസ്കാരം സുസ്ഥിര വികസനത്തെ തുടരെ അവഗണിച്ചുപോരുന്നു. 11.3 എന്ന ഏറ്റവും താഴ്ന്ന സ്കോറാണ് ഈ സൂചികയിൽ കേരളത്തിനു ലഭിച്ചത്. അതായത്, സുസ്ഥിര കേരള വികസന-നിർമാണ വാഗ്ദാന പ്രഘോഷണങ്ങളെ സർക്കാർ കാറ്റിൽ പറത്തിയിരിക്കുന്നു. രണ്ടാമത്തെ എഫ്എച്ച്ഐ ഈ രംഗത്ത് വളരെ ചെറിയ മുന്നേറ്റം സൂചിപ്പിക്കുന്നുണ്ട്. എങ്കിലും പിന്നിട്ട ദശാബ്ദ കാലഘട്ടത്തിൽ കടഭാരവളർച്ച തുടരെ സാന്പത്തികവളർച്ചയേക്കാൾ ഉയർന്ന തോതിൽ ആയത് ധന-കട സന്തുലിതാവസ്ഥയെ തകിടം മറിച്ചു. അതായത്, വരുമാന വർധനയേക്കാൾ ഉയർന്ന നിരക്കിൽ കടങ്ങൾ വർധിച്ചു. ചുരുക്കത്തിൽ, സാന്പത്തിക സുസ്ഥിരതയെ കട-ഭാരം തുടരെ ദുർബലപ്പെടുത്തിവരുന്നു.
പിന്നിട്ട പത്ത് വർഷങ്ങളിലൂടെ
2015-25 കാലഘട്ടത്തിൽ സാമൂഹികക്ഷേമവും ഉപഭോഗച്ചെലവ് പ്രോത്സാഹിപ്പിക്കലുകളും വർധിച്ചു. ബജറ്റിനു പുറമേയുള്ള വായ്പകൾ വലിയ തോതിൽ വർധിച്ചു. ഉദാ: കിഫ്ബി, സർക്കാർ ആർബിഐ കടപ്പത്രങ്ങൾ, ബോണ്ടുകൾ. വ്യവസായ വികസനവും സാന്പത്തികവളർച്ചയും അവഗണിക്കപ്പെട്ടു.
2020-22 സാന്പത്തികവർഷങ്ങളിൽ കോവിഡിന്റെ പ്രത്യാഘാതമെന്നോണം ധനസ്ഥിതി തകരാറിലായി, വരുമാനം കുറഞ്ഞു, വായ്പകൾ നിർബാധം വർധിച്ചു.
2022-23, 2023-25കളിലെ എഫ്എച്ച്ഐ ഒന്നും രണ്ടും പഠനങ്ങൾ പ്രകാരം ധനകാര്യ ആരോഗ്യസ്ഥിതി വഷളായി. ഘടനാപരമായിട്ടുള്ള പ്രശ്ന പരിഹാര പ്രവർത്തനങ്ങൾ വളരെ ദുർബലമായ തോതിലാണ് സർക്കാർ ഏർപ്പാടാക്കിയത്. ഫലമോ, 2025-26 സാന്പത്തികവർഷത്തിലും ധനകാര്യ ആരോഗ്യ സ്ഥിതിഗതികൾ ഗുരുതമായി തുടർന്നു, കടഭാരം വർധിച്ചു, റവന്യു കുറവുകൾ കൂടി, ഭരണ നടത്തിപ്പ് ചെലവുകൾ ദുർവഹമായി. ഇപ്രകാരം ധനകാര്യ രോഗാതുരത തുടർന്നുപോന്നു.
Business
കൊച്ചി: മുത്തൂറ്റ് ഫിന്കോര്പ് ലിമിറ്റഡ് (എംഎഫ്എല്), ഉപകമ്പനികളായ മുത്തൂറ്റ് മൈക്രോഫിന് ലിമിറ്റഡ് (എംഎംഎല്), മുത്തൂറ്റ് ഹൗസിംഗ് ഫിനാന്സ് ലിമിറ്റഡ് (എംഎച്ച്എഫ്എല്) എന്നിവയുടെ 2025-26 സാമ്പത്തികവര്ഷത്തിലെ നാലാം പാദത്തിലെ സംയോജിത സാമ്പത്തികഫലങ്ങള് പ്രഖ്യാപിച്ചു.
സംയോജിത ആസ്തി 73,448.82 കോടി രൂപയും സംയോജിത അറ്റാദായം 1,847.62 കോടി രൂപയും രേഖപ്പെടുത്തി. ഇക്കാലയളവിലെ സംയോജിത വരുമാനം 11,227.80 കോടി രൂപയാണ്.
മുത്തൂറ്റ് ഫിന്കോര്പിന്റെ മാത്രം പ്രകടനവും മികച്ചതായി. 2026 മാര്ച്ച് വരെയുള്ള കണക്കുകള്പ്രകാരം കമ്പനി തനിച്ച് കൈകാര്യം ചെയ്യുന്ന ആസ്തി 56,185.10 കോടി രൂപയും അറ്റാദായം 1,640.21 കോടി രൂപയും രേഖപ്പെടുത്തി. ഇക്കാലയളവിലെ വരുമാനം 8,364.28 കോടി രൂപയാണ്.
2025-26 സാമ്പത്തികവര്ഷത്തിലെ നാലാം പാദത്തില് മുത്തൂറ്റ് ഫിന്കോര്പ് ലിമിറ്റഡ് ശക്തമായ മുന്നേറ്റം തുടര്ന്നു. ഇക്കാലയളവില് കമ്പനിയുടെ സംയോജിത അറ്റാദായം 664.03 കോടി രൂപയും വരുമാനം 3,355.97 രൂപയും രേഖപ്പെടുത്തി.
കഴിഞ്ഞ വര്ഷത്തെ അപേക്ഷിച്ച് വരുമാനം വാര്ഷികാടിസ്ഥാനത്തില് 31.91 ശതമാനവും അറ്റാദായം 203.89 ശതമാനവും വര്ധിച്ചതായി ചെയര്മാനും മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോണ് മുത്തൂറ്റ് പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാന്പത്തിക സ്ഥിതി സംബന്ധിച്ചു ധവളപത്രം പുറപ്പെടുവിക്കാൻ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭായോഗം തീരുമാനിച്ചു.
ആദ്യ മന്ത്രിസഭായോഗത്തിൽ സംസ്ഥാനത്തിന്റെ സാന്പത്തിക സ്ഥിതി പഠിക്കാൻ ധവളപത്രം പുറത്തിറക്കാൻ തീരുമാനിക്കുമെന്നു നേരത്തെ ’ദീപിക’ റിപ്പോർട്ട് ചെയ്തിരുന്നു. ഉദ്യോഗസ്ഥരെ കൂടാതെ സാന്പത്തിക വിദഗ്ധർ അടങ്ങിയ ടീം ആകും സംസ്ഥാനത്തിന്റെ സാന്പത്തിക സ്ഥിതി പരിശോധിച്ചു ധവളപത്രം ഇറക്കുകയെന്നു മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് ഭരണത്തിൽ സംസ്ഥാനത്തിന്റെ പൊതുകടവും കുടിശികകളും വൻതോതിൽ ഉയർന്നെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. വൈകാതെ സംസ്ഥാനത്തിന്റെ സാന്പത്തിക നില സംബന്ധിച്ച ധവളപത്രം നിയമസഭയുടെ മേശപ്പുറത്തു വയ്ക്കുകയാണ് ലക്ഷ്യം.
ഒന്നും രണ്ടും പിണറായി സർക്കാരുകൾ വിവിധ വിഭാഗങ്ങൾക്കു നൽകാനുള്ള കുടിശിക 1.5 ലക്ഷം കോടി രൂപ എങ്കിലും വരുമെന്നാണു വിലയിരുത്തൽ. പെൻഷൻ കന്പനിക്ക് കുടിശിക ഇനത്തിൽ മാത്രം 15,000 കോടി രൂപയെങ്കിലും നൽകാനുണ്ട്.
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ, ഡിആർ കുടിശികയും ശന്പള പരിഷ്കരണം, ലീവ് സറണ്ടർ കുടിശികകൾ വഴി ഏകദേശം 50,000 കോടി രൂപയുടെ കുടിശികയുണ്ടെന്നാണ് ജീവനക്കാരുടെ സംഘടനകൾ നൽകിയിട്ടുള്ള കണക്ക്.
Kerala
കൊച്ചി: തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ (ടിഡിബി) സാമ്പത്തിക മാനേജ്മെന്റിൽ ഹൈക്കോടതി പോരായ്മകള് കണ്ടെത്തി.
ബോര്ഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിലുടനീളം കേന്ദ്രീകൃത കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് സംവിധാനം നടപ്പിലാക്കുന്നത് ഉള്പ്പെടെയുള്ള കാര്യങ്ങള്ക്ക് അടിയന്തരമായി കോടതി നിര്ദേശം നല്കി. കൈവശമുള്ള ഡിജിറ്റല് വിവരങ്ങള് പുതിയ സംവിധാനത്തിലേക്കു മാറ്റുന്നതിനായി ഡാറ്റാ മൈഗ്രേഷന് പ്ലാന് തയാറാക്കണം.
പഴയ സോഫ്റ്റ്വേറുകള് ഘട്ടങ്ങളായി ഒഴിവാക്കണം. അതിനുമുമ്പ് അതിലെ വിവരങ്ങള് സുരക്ഷിതമായി ബാക്കപ് ചെയ്യണം. ജീവനക്കാര്ക്ക് ആവശ്യമായ പരിശീലനം നല്കണമെന്നും ജസ്റ്റീസുമാരായ വി. രാജാ വിജയരാഘവന്, കെ.വി.ജയകുമാര് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് നിര്ദേശിച്ചു.
2025 സെപ്റ്റംബര് 29ന് ആഗോള അയ്യപ്പസംഗമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ ഓഡിറ്റ് ചെയ്ത അക്കൗണ്ടുകള് സംബന്ധിച്ച ശബരിമല സ്പെഷല് കമ്മീഷണറുടെ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് സ്വമേധയാ സ്വീകരിച്ച ഹര്ജി പരിഗണിക്കുകയായിരുന്നു കോടതി.
അപ്പയ്യസംഗമത്തിന്റെ കണക്കുകളില് ബോര്ഡിന്റെ ഓഡിറ്ററായ വിജയന് ആന്ഡ് അസോസിയേറ്റ്സ് വലിയ പൊരുത്തക്കേടുകള് കണ്ടെത്തിയിരുന്നു. സംസ്ഥാന സര്ക്കാരിന്റെയും ബോര്ഡിന്റെയും സ്പോണ്സര്ഷിപ്പുകള് വഴി മാത്രമേ ധനസഹായം ലഭിക്കൂ എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണു ഹൈക്കോടതിയുടെ അംഗീകാരത്തോടെ പരിപാടി നടത്തിയത്. നിശ്ചിതസമയത്തിനുള്ളില് ഓഡിറ്റ് റിപ്പോര്ട്ടുകള് ഹാജരാക്കുന്നതില് പരാജയപ്പെട്ടതിനെത്തുടര്ന്ന് ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന് കോടതി മുമ്പ് നിര്ദേശിച്ചിരുന്നു.
ദേവസ്വം ബോര്ഡിന്റെ ഓഡിറ്ററോടു വര്ഷങ്ങളായി നടത്തിയ ഓഡിറ്റുകളില് ശ്രദ്ധയില്പ്പെട്ട അപാകതകള്, പോരായ്മകള്, വീഴ്ചകള് എന്നിവ വിശദമാക്കി റിപ്പോര്ട്ട് നല്കാനും നിർദേശിക്കുകയുണ്ടായി.
സാമ്പത്തിക അച്ചടക്കം, സുതാര്യത, ഉത്തരവാദിത്വം എന്നിവയെ ബാധിക്കുന്ന പോരായ്മകളും വീഴ്ചകളും ചൂണ്ടിക്കാണിക്കുന്നവയാണ് റിപ്പോര്ട്ടെന്നു കോടതി കണ്ടെത്തി.
ആസ്തികള്, ബാധ്യതകള്, നിയമപരമായ കുടിശികകള് എന്നിവയുള്പ്പെടെ ബോര്ഡിന്റെ യഥാര്ഥ സാമ്പത്തികസ്ഥിതി നിര്ണയിക്കാന് കഴിയാത്തതും ജിഎസ്ടി, ആദായനികുതി ഫയലിംഗുകളിലെ കാലതാമസം ഉള്പ്പെടെ റിപ്പോര്ട്ടിലുണ്ട്.
Business
സാമ്പത്തികരംഗം കീഴ്മേൽ മറിയുമോയെന്ന ആശങ്ക ഓഹരിവിപണിയെ മാത്രമല്ല, രാജ്യത്തിന്റെ സമ്പദ്ഘടനയിലും വിള്ളലുളവാക്കാം. നിക്ഷേപകരുടെ പറുദീസയെന്ന ആ കാലഘട്ടത്തിൽ നിന്നും അല്പം പിരിമുറുക്കം നിറഞ്ഞ ദിനങ്ങളാവും ഇനി ഇടപാടുകാർക്കു മുന്നിലുള്ളത്. പാചകവാതക വിലയിൽ വരുത്തിയ മാറ്റവും വില്പന നിയന്ത്രണങ്ങളും ഇതിന്റെ ആദ്യ സൂചനയാണ്. പെട്രോൾ ഡീസൽ വിലകളിൽ പത്ത് രൂപയ്ക്ക് മുകളിലെ വർധനയ്ക്ക് സാഹചര്യമെങ്കിലും അത് തടയാനുള്ള ക്രമീകരണങ്ങൾക്ക് തിരക്കിട്ട നീക്കം കേന്ദ്രത്തിൽ നിന്നും പ്രതീക്ഷിക്കാം.
രൂപയുടെ മൂല്യത്തകർച്ച സർവകാല റിക്കാർഡിലേക്കു വിരൽചൂണ്ടുമ്പോൾ നാണയപ്പെരുപ്പം തലയുയർത്തുമെന്നത് പുതിയ ഭീഷണിയാവും. ഇതിന്റെ മുന്നോടിയായി ഓഹരി ഇൻഡെക്സുകൾ മൂന്നു ശതമാനം തളർന്നു. സെൻസെക്സ് 2368 പോയിന്റും നിഫ്റ്റി സൂചിക 728 പോയിന്റും ഇടിഞ്ഞു. രണ്ടാഴ്ചകളിൽ ബിഎസ്ഇ 3895 പോയിന്റും എൻഎസ്ഇ 1120 പോയിന്റും നഷ്ടത്തിലാണ്.
ബാധ്യത പണമാക്കാനുള്ള തത്രപ്പാടിലാണു വിദേശ ഇടപാടുകാർ. ഹോളി പ്രമാണിച്ച് ഒരു ദിവസം വിപണി അവധിയായിരുന്നു. വിദേശ ഫണ്ടുകൾ നാല് ദിവസങ്ങളിൽ വിറ്റത് 21,831.19 കോടിയുടെ ഓഹരികൾ. ആഭ്യന്തര ഫണ്ടുകൾ വാങ്ങലുകാരായി മൊത്തം 32,786.92 കോടിയുടെ ഓഹരികൾ ശേഖരിച്ചു.
രൂപ തളരുമെന്നു കഴിഞ്ഞവാരം സൂചിപ്പിച്ചത് ശരിവച്ച് റിക്കാർഡ് തകർച്ചയിലാണ്. രൂപ 91.02 ൽ നിന്നും 92.15 ലെ പ്രതിരോധം തകർത്ത് 92.30ലേക്ക് ഇടിഞ്ഞെങ്കിലും ക്ലോസിംഗിൽ 91.90ലാണ്. ഡെയ്ലി ചാർട്ട് വിലയിരുത്തിയാൽ ഫോറെക്സ് മാർക്കറ്റിൽ രൂപ 93.10-93.25 ലേക്ക് സഞ്ചരിക്കാം.
പശ്ചിമേഷ്യൻ സംഘർഷം ക്രൂഡ് ഓയിൽ വില ഉയർത്തുന്നത് രൂപയെ ദുർബലമാക്കും. മൊത്തം ക്രൂഡ് ഓയിൽ, എൽഎൻജി ഇറക്കുമതിയിൽ ഏകദേശം 46 ശതമാനവും അവിടെനിന്നാണ്. എണ്ണ 20 മാസത്തെ ഉയർന്ന നിരക്കായ 88.67 ഡോളറിലെത്തി, പിന്നിട്ടവാരം വില 20 ശതമാനം ഉയർന്നു.
2008ൽ രേഖപ്പെടുത്തിയ 147 ഡോളറാണ് ക്രൂഡിന്റെ റിക്കാർഡ് വില, അതേ സമയം റഷ്യ-യുക്രെയ്ൻ യുദ്ധാരംഭത്തിൽ നിരക്ക് 139 ഡോളർ വരെ ഉയർന്നിരുന്നു. അന്നു യുദ്ധവേളയിൽ രൂപയുടെ മൂല്യം 79.62ൽനിന്നും 82.94ലേക്ക് ഇടിഞ്ഞു. ഇതിനിടയിൽ ഇന്ത്യൻ നേവി ഹോർമുസ് കടലിടുക്കിലുള്ള ഇന്ത്യൻ പതാകയുള്ള കപ്പലുകളെ എത്തിക്കാനുള്ള ദൗത്യത്തിന് ഒരുങ്ങി, നേരത്തേ ഇറാൻ നേവിയുടെ കപ്പലിനു നാം അഭയം നൽകിയതിനാൽ ഇന്ത്യയുടെ നീക്കം വിജയിക്കുമെന്നു പ്രത്യാശിക്കാം. ആഭ്യന്തര ഇന്ധന ക്ഷാമത്തെ താത്കാലികമായി തടയാൻ ഈ നീക്കം ഉപകരിക്കും.
നിഫ്റ്റി സൂചികയുടെ സാങ്കേതിക വശങ്ങൾ ദുർബലമായതിനാൽ തിരുത്തൽ സാധ്യത തുടരുന്നു, മുൻവാരം സൂചിപ്പിച്ച 24,742 ആദ്യ സപ്പോർട്ട് തകർത്ത് 24,324ലേക്ക് ഇടിഞ്ഞെങ്കിലും രണ്ടാം സപ്പോർട്ടായ 24,123 നിലനിർത്തി. വിപണി 50 ദിവസങ്ങളിലെ ശരാശരിയായ 25,700ലെ താങ്ങ് ഫെബ്രുവരി രണ്ടാം പകുതിയിൽ നഷ്ടപ്പെട്ട അവസരത്തിൽ സൂചന നൽകിയതാണു മുന്നിലുള്ള ദുർബലാവസ്ഥയെ കുറിച്ച്.
നിഫ്റ്റി 25,178ൽനിന്നും ഓപ്പണിംഗ് വേളയിൽ തന്നെ തളർന്നു. മുൻനിര ഓഹരികളിലെ വില്പന തരംഗത്തിൽ വാരാന്ത്യം 24,450ലാണ്. നിഫ്റ്റിക്ക് ആദ്യ താങ്ങ് 24,167 പോയിന്റിലാണ്, ഇതു നഷ്ടപ്പെട്ടാൽ 23,884-23,162ലേക്കു തിരുത്തലിനു സാധ്യത. നിലവിൽ തിരക്കിട്ടുള്ള ബയിംഗിന് ഓപ്പറേറ്റർമാർ നീക്കം നടത്തില്ലെങ്കിലും മധ്യപൂർവേഷ്യ ശാന്തമായാൽ ഫണ്ടുകൾ രംഗത്ത് ഇറങ്ങാം.
ബോംബെ സെൻസെക്സ് 81,287ൽനിന്നും വില്പന സമ്മർദത്തിൽ 79,683ലെ രണ്ടാം സപ്പോർട്ട് മറികടന്ന് 78,988ലേക്ക് ഇടിഞ്ഞു. വാരാന്ത്യ ക്ലോസിംഗിൽ സൂചിക 78,918 പോയിന്റിലാണ്. ഈവാരം പ്രതിരോധം 80,089ലാണ്. വില്പന സമ്മർദം തുടരുന്നതിനാൽ 78,367- 77,816ലേക്ക് നീങ്ങാം.
ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 5278 ഡോളറിൽനിന്ന് 5416 വരെ കയറിയ വേളയിൽ ഡോളർ സൂചിക കരുത്ത് നേടിയതു നിക്ഷേപകരെ സ്വർണത്തിൽ വില്പനക്കാരാക്കി. ഇതോടെ നിരക്ക് 5025 ലേക്ക് ഇടിഞ്ഞെങ്കിലും ക്ലോസിംഗിൽ 5171ലാണ്. 98.25ൽ നിലകൊള്ളുന്ന യുഎസ് ഡോളർ സൂചികയുടെ ചലനങ്ങൾ നിരീക്ഷിച്ചാൽ 100.25-101.25 ലേക്കു നീങ്ങാമെന്നതു സ്വർണം വിറ്റ് ഡോളർ ശേഖരിക്കാൻ ഒരു വിഭാഗം ഓപ്പറേറ്റർമാരെ പ്രേരിപ്പിക്കാം.
ഇന്ത്യയിൽ എംസിഎക്സിൽ സ്വർണം ഏപ്രിൽ അവധി 1,69,880 രൂപയിലാണ്. പത്ത് ഗ്രാം സ്വർണം 1.84 ലക്ഷം രൂപയിലേക്ക് ഉയരാൻ സാധ്യത, ലാഭമെടുപ്പിനു നീക്കം നടത്തിയാൽ 1.58 ലക്ഷം രൂപയിലെ താങ്ങ് പുതിയ ബയിംഗിന് അവസരം നോക്കുന്നവരെ ആകർഷിക്കാം
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ പണമിടപാടുകളെക്കുറിച്ചും അന്വേഷണം. തിരുവല്ലയിലെ സ്വകാര്യ ബാങ്കിൽ നിക്ഷേപിച്ച രണ്ടര കോടി രൂപ നഷ്ടമായിട്ടും തന്ത്രി പരാതി നൽകാത്തതിൽ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ബാങ്ക് പൊട്ടിയിട്ടും തന്ത്രി ഇക്കാര്യത്തിൽ ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും കണ്ടെത്തി. ചോദ്യം ചെയ്തപ്പോഴൊന്നും തന്ത്രി എസ്ഐടിയോട് ഇക്കാര്യം പറഞ്ഞില്ല. വെള്ളപ്പൊക്കത്തിൽ കുറച്ചു പണം നഷ്ടമായ കാര്യമൊക്കെ പറഞ്ഞു. പക്ഷേ പൊട്ടിയ ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല.
ഇതോടെയാണ് രണ്ടര കോടിയെ ചുറ്റിപ്പറ്റി എസ്ഐടി അന്വേഷണം തുടങ്ങിയത്. കൂടുതൽ അന്വേഷണത്തിനായി കണ്ഠരര് രാജീവരരെ അന്വേഷണ സംഘം നേരത്തെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകൾ, മറ്റ് പ്രതികളുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത തേടുന്നതിനാണ് തന്ത്രിയെ കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്.
Kerala
കൊച്ചി: എംഇഎസ് ചെയര്മാന് ഫസല് ഗഫൂറിനെ ചോദ്യം ചെയ്യാന് ഇഡി. എംഇഎസ് സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്.
ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം.വിദേശയാത്രക്ക് പോകാന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഫസല് ഗഫൂറിനെ വിമാനത്താവള അധികൃതര് മടക്കി അയച്ചിരുന്നു.
നേരത്തെ രണ്ട് തവണ ഇഡി നോട്ടീസ് നൽകിയിട്ടും ഫസൽ ഗഫൂർ ചോദ്യം ചെയ്യലിനു ഹാജരായിരുന്നില്ല. ഇതേതുടർന്നു ഇഡി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.