കോതമംഗലം: നഗരത്തിലെ ലിങ്ക് റോഡ് ഇടിഞ്ഞ് ഗർത്തം രൂപപ്പെട്ടത് അപകടക്കെണിയാകുന്നു. എഎം റോഡിൽനിന്ന് കോൺഗ്രസ് ഓഫീസ് വഴി ദേശീയപാതയിലേക്കെത്തുന്ന ലിങ്ക് റോഡിന്റെ അവസാന ഭാഗത്ത് കലുങ്കിനോടു ചേർന്നാണ് റോഡ് ഇടിഞ്ഞിട്ടുള്ളത്.
കലുങ്കിന്റെ സംരക്ഷണഭിത്തിയും തകർന്നിട്ടുണ്ട്. ടാറിംഗിന്റെ അടിയിൽ മണ്ണിടിഞ്ഞിരിക്കുന്നതിനാൽ വാഹനങ്ങൾ അരികു ചേർത്താൽ കുഴിയിലോ തോട്ടിലോ പതിക്കും. റോഡ് ഇടിഞ്ഞ് ഒരാഴ്ച കഴിഞ്ഞിട്ടും ഇഷ്ടിക വച്ചു മുന്നറിയിപ്പ് നൽകിയിരിക്കുന്നതല്ലാതെ അപകട സാഹചര്യം ഒഴിവാക്കാൻ നടപടിയുണ്ടായിട്ടില്ല.
വേനൽക്കാലമായതിനാൽ ഒഴുക്കു നിലച്ച തോട്ടിൽ മാലിന്യം കുന്നുകൂടിയിരിക്കുകയാണ്. ഇവിടെ മാലിന്യം തള്ളുന്നത് തടയാൻ നഗരസഭാധികൃതർ നിരീക്ഷണ കാമറകൾ സ്ഥാപിക്കാണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.