കോതമംഗലം മൺസൂൺ ഫെസ്റ്റിവൽ മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
കോതമംഗലം: കോതമംഗലം മൺസൂൺ ഫെസ്റ്റിവൽ – മൺസൂൺ മാജിക്കിന് തട്ടേക്കാട് മിനി സ്വിറ്റ്സർലൻഡിൽ തുടക്കമായി. മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ഷിബു തെക്കുംപുറം എംഎൽഎ അധ്യക്ഷത വഹിച്ചു.
കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോമി തെക്കേക്കര, പി.എ.എം. ബഷീർ, പൊതുപ്രവർത്തകരായ എ.ടി. പൗലോസ്, മുഹമ്മദ് ഇക്ബാൽ, എൻ.സി. ചെറിയാൻ, എൽദോസ് ബേബി, ശ്രീജിത്ത് ശിവൻ എന്നിവർ പങ്കെടുത്തു. ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച ടൂർ ഡി കോതമംഗലം സൈക്ലത്തൺ ശ്രദ്ധേയമായി.
മഴ അനുഭവത്തിനായി കോതമംഗലത്തേക്ക് വരൂ എന്ന പ്രമേയത്തിലാണ് മൺസൂൺ ഫെസ്റ്റ്. എംഎൽഎയുടെ 100 ദിന കർമപരിപാടിയുടെ ഭാഗമായാണ് ഫെസ്റ്റിവൽ ആസൂത്രണം ചെയ്തിരിക്കുന്നത്. മഴപ്പാട്ട് സന്ധ്യ, ബൈക്ക് റൈഡ്, ഓഫ് റോഡ് ജീപ്പ് ഡ്രൈവ്, ഷൂട്ട് ദി റെയിൻ, ട്രെക്കിംഗ് ട്രയൽ, മഴനൃത്ത മത്സരം തുടങ്ങി മഴയും പ്രകൃതിയും പ്രമേയമാക്കിയ വൈവിധ്യമാർന്ന പരിപാടികളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. നാട്ടുരുചികളുടെ മേളയും നടക്കും.
അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് മാമലക്കണ്ടത്തുനിന്ന് ഓഫ് റോഡ് ജീപ്പ് റൈഡ് ആരംഭിക്കും. ആറിന് രാവിലെ ഏഴിന് ഉരുളൻതണ്ണിയിൽ നിന്ന് ട്രെക്കിംഗ് ട്രയൽ നടക്കും. എട്ടിന് വൈകുന്നേരം നാലിന് പ്രധാന വേദിയിൽ മഴനൃത്ത മത്സരം സംഘടിപ്പിക്കും. ഒമ്പതിന് രാവിലെ ഒമ്പത് മുതൽ കോതമംഗലം ടൂറിസം സർക്യൂട്ടിലെ വിവിധ കേന്ദ്രങ്ങളിലൂടെ ബൈക്ക് റൈഡ് നടക്കും.മഴനൃത്ത മത്സരത്തിൽ കോളജ്, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ ടീമുകൾക്ക് പങ്കെടുക്കാം. ട്രെക്കിംഗ്, ബൈക്ക് റൈഡ്, സൈക്കിൾ റൈഡ് എന്നിവയ്ക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷനായി 8589995060 ബന്ധപ്പെടണം.
സമാപന സമ്മേളനം ഒമ്പതിന് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും.
Tags : Nattuvishesham Districtnews Kothamangalam Monsoon Fest