Kerala
കൊച്ചി: വാണിജ്യ എല്പിജി സിലിണ്ടറിന് വില കൂട്ടിയതില് പ്രതിഷേധിച്ച് ഗ്യാസ് സിലിണ്ടര് വച്ചുള്ള ശവമഞ്ചവുമായി മൂവാറ്റുപുഴയില് പ്രതിഷേധം. മൂവാറ്റുപുഴ കേരള ഹോട്ടല് ആന്ഡ് റസ്റ്ററന്റ് അസോസിയേഷന് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ മാര്ച്ച് നടത്തിയത്.
വെള്ളൂര്കുന്നത്തെ കെഎച്ച്ആര്എ ഓഫീസിന് മുന്നില് നിന്നും കെഎസ്ആര്ടിസി ബസ് സ്റ്റാന്ഡ് വരെയാണ് വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടര് വച്ചുള്ള ശവമഞ്ചവുമായി പ്രതിഷേധ മാര്ച്ച് നടത്തിയത്. തുടര്ന്ന് കെഎച്ച്ആര്എ സംസ്ഥാന സെക്രട്ടറി സി.കെ അനിലിന്റെ നേതൃത്വത്തില് പ്രതിഷേധ യോഗവും നടന്നു.
അതേസമയം, വാണിജ്യ ഗ്യാസ് വില വര്ധനവിനെതിരെ കെഎച്ച്ആര്എയുടെ നേതൃത്വത്തില് നടക്കുന്ന കടയടപ്പ് സമരത്തില് വലഞ്ഞിരിക്കുകയാണ് നഗരത്തിലെ ജനങ്ങള്. മൂവാറ്റുപുഴയില് കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്. കൊച്ചി നഗരത്തില് സമൃദ്ധി, ഇന്ദിര കാന്റീനുകള് അടക്കം അടച്ചിട്ടിരിക്കുകയാണ്. ഓണ്ലൈന് ഡെലിവറിയും നിര്ത്തി വച്ചിരിക്കുകയാണ്.
Kerala
കൊച്ചി: എറണാകുളം വടക്കന് പറവൂരില് പോലീസും സമരാനുകൂലികളും തമ്മില് വാക്കേറ്റം. വടക്കന് പറവൂര് കച്ചേരിപ്പടിയില് സമരാനുകൂലികള് കെഎസ്ആര്ടിസി ബസ് തടഞ്ഞതോടെയാണ് വാക്കേറ്റം ഉണ്ടായത്. ഇതിന് പിന്നാലെ സ്വകാര്യ ബസുകളും വാഹനങ്ങളും തടഞ്ഞു.
ഇതിനെ തുടന്ന് സ്വകാര്യ ബസുകള് ഓട്ടം നിര്ത്തി. തുറന്ന കടകള് സമരാനുകൂലികള് പോലീസിന്റെ സാന്നിദ്ധ്യത്തില് അടപ്പിച്ചു. സമരക്കാര് പിന്വാങ്ങിയതോടെ നിലവില് സ്ഥിതിഗതികള് ശാന്തമാണ്. എറണാകുളം ജില്ലയില് വടക്കന് പറവൂരില് മാത്രമാണ് പ്രതിഷേധമുണ്ടായത്.
കൊച്ചി നഗരത്തില് സാധാരണ രീതിയില് ബസുകള് സര്വീസ് നടത്തുന്നുണ്ട്. എന്നാല് ചില സ്വകാര്യ ബസുകള് സര്വീസ് നടത്തുന്നില്ല. ഹര്ത്താലില് പങ്കെടുക്കില്ലെന്ന് വ്യാപാര വ്യവസായ ഏകോപന സമിതി നേരത്തെ അറിയിച്ചിരുന്നു. അതിനാല് കടകളും തുറന്നു പ്രവര്ത്തിക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: വെങ്ങാനൂരിൽ കടകളുടെ പൂട്ട് തകർത്ത് മോഷണം നടത്തിയ ആളെ പിടികൂടി. പനങ്ങോട് രമേഷ് മന്ദിരത്തിൽ രമേഷ് കുമാർ (55) ആണ് പിടിയിലായത്.
ഇയാൾ വെങ്ങാനൂർ, പനങ്ങോട് ഭാഗത്ത് കടകളുടെ പൂട്ട് പൊളിച്ച് പണം മോഷ്ടിച്ചു. കോവളം പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി രണ്ടിന് പുലർച്ചെ പനങ്ങോടുള്ള ടിവി റിപ്പയറിംഗ് ഷോപ്പിലെയും അടുത്തുള്ള ഹെയർ ഡ്രസിംഗ് ഷോപ്പിലെയും ഷട്ടറിന്റെ പൂട്ടുപൊളിക്കുകയും, ടിവി റിപ്പയറിംഗ് ഷോപ്പിൽ നിന്ന് 15000 രൂപയും ഹെയർ ഡ്രസിംഗ് ഷോപ്പിൽ നിന്ന് 20000 രൂപയും പ്രതി മോഷ്ടിച്ചു.
പിടിയിലായ രമേഷ് കുമാർ കോവളം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Business
കോട്ടയം: കൊടുംചൂടില് കേരളം ഉരുകിവിയര്ക്കുമ്പോള് അല്പമൊന്നു കൂളാകാനും ഒന്നുറങ്ങാനും എയര് കണ്ടീഷണര് വാങ്ങിയേ തീരൂ എന്നതാണ് സാഹചര്യം. മയമില്ലാത്ത താപവുമായി ഏപ്രില് വന്നതോടെ ഈ മാസം എസിക്ക് കേരളത്തില് റിക്കാര്ഡ് വില്പനയാണ്.
വില മൂവായിരം രൂപ പോയ വാരം കൂടിയ സാഹചര്യത്തിലും വില്പന കുറഞ്ഞില്ലെന്നു മാത്രമല്ല, ഏറെ ഡീലര്മാര്ക്കും എയര് കണ്ടീഷനര് സ്റ്റോക്കില്ലാത്ത വിധം വിറ്റു തീര്ന്നു. എസി വാങ്ങിയാല് തന്നെ അത് മുറികളില് പിടിപ്പിച്ചുതരാന് ടെക്നീഷർക്കു സാധിക്കുന്നില്ല. ഇതിനായി രണ്ടാഴ്ച വരെ കാലാവധിയാണ് ഇവര് ചോദിക്കുന്നത്.
സംസ്ഥാനത്ത് പ്രതിവര്ഷം മൂന്നേകാല് ലക്ഷം എസികളാണ് ശരാശരി വിറ്റഴിയുന്നത്. അതില് രണ്ടു ലക്ഷവും വിറ്റഴിയുന്നത് ഫെബ്രുവരി, മാര്ച്ച്, ഏപ്രില് മാസങ്ങളിലാണ്. ചൂട് പരിധി വിട്ടതോടെ ഈ മാസം മാത്രം ഒരു ലക്ഷം യൂണിറ്റുകളാണ് സംസ്ഥാനത്ത് വിറ്റഴിഞ്ഞത്. എസി സ്റ്റോക്കില്ലാത്തതിനാല് ചില ഷോപ്പുകളില് മുന്കൂര് ബുക്കിംഗ് നടന്നുവരുന്നു. അടുത്തയാഴ്ച പുതിയ സ്റ്റോക്ക് വരുമ്പോള് വാങ്ങാമെന്ന ധാരണയില് അഡ്വാന്സ് കൊടുത്തു കാത്തിരിക്കുന്നവരുമുണ്ട്.
രാജ്യത്ത് കേരളത്തിലാണ് ആദ്യം വേനല്ക്കാലം ആരംഭിക്കുന്നതെന്നതിനാല് ഫെബ്രുവരിയോടെ എസി വില്പനയ്ക്കും ചൂടുപിടിക്കും. ഉത്സവ സീസണുകളില് ആദ്യത്തേത് ഓണമായതിനാല് രാജ്യത്തെ ഉത്സവകാല ബിസിനസിനു തുടക്കം കുറിക്കുന്നതും കേരളത്തിലാണ്. ഇന്ത്യയിലെ ആകെ എസി വില്പന 45 ലക്ഷമാണെന്നിരിക്കെ അതിന്റെ എട്ടു ശതമാനവും കേരളത്തിലാണ്.
കേരളത്തിലെ വേനല് താപനില ഓരോ വര്ഷവും വര്ധിക്കുന്ന സാഹചര്യത്തില് എസി വില്പന ഇനിയും ഏറിവരും. എല്ലാ മുറികളിലും എസി വയ്ക്കാതെ കഴിയാന് സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതിനാല് വരുമാനം പരിഗണിക്കാതെ തവണവ്യവസ്ഥയിലും എസി വാങ്ങുന്നവരുടെ എണ്ണം കൂടിവരുകയാണ്.
മുന്പ് ഒരു ടണ് ശേഷിയുടെ എസികളായിരുന്ന പകുതിയിലേറെയും വില്പന. തണുക്കാന് കൂടുതല് സമയമെടുക്കും തോറും വൈദ്യുതി ഉപയോഗം വര്ധിക്കുന്നതിനാല് ഈയിടെയായി ഒന്നര ടണ് ശേഷിയുടെ എസിയാണ് കൂടുതല് വിറ്റഴിയുന്നത്. മുന് വര്ഷത്തേക്കാള് 15 ശതമാനം വളര്ച്ചാനിരക്കാണ് ഈ ബിസിനസിലുള്ളത്. രണ്ടു വര്ഷം മുന്പ് 20,000 രൂപയ്ക്കടുത്തു വിലയുണ്ടായിരുന്ന എസികള്ക്ക് നിലവില് 34,000 രൂപയ്ക്കടുത്താണു വില.
കേരളത്തില് എസി വില്പന ഇക്കൊല്ലം ആയിരം കോടി കടക്കാനുള്ള സാധ്യതയാണ് നിലവിലുള്ളത്. വൈദ്യുതി ഉപയോഗം കുറയ്ക്കാന് ഫൈവ്, ഫോര് സ്റ്റാര് എസി യൂണിറ്റുകള്ക്കാണ് ആവശ്യക്കാരേറെയും. കേരളത്തില് താപനിലയും ഉഷ്ണവും ഇങ്ങനെ പരിധി വിട്ടാല് വാര്ഷിക വില്പന ഇരട്ടിയാകുമെന്നാണ് സൂചന.
സാമ്പത്തികശേഷിയില് ഇടത്തരക്കാര് വരെ ഒന്നോ രണ്ടോ യൂണിറ്റ് എസി വാങ്ങാന് താത്പര്യപ്പെടുന്നതും വില്പന ഉയരാന് കാരണമായി. നിലവില് 28,000 കോടി രൂപയാണ് രാജ്യത്തെ എസി വിപണി.
District News
കൊല്ലം: വൃത്തിയും വെടിപ്പുമില്ലാതെ വേനൽക്കാലത്ത് മുളച്ചുപൊങ്ങുന്ന ജ്യൂസ് കടകൾക്കെതിരെ വടിയെടുത്ത് ഭക്ഷ്യസുരക്ഷാവകുപ്പ്.ഐസ് ഫാക്ടറികൾ, കുടിവെള്ള, ശീതളപാനീയ ശാലകൾ എന്നിവിടങ്ങളിലെല്ലാം വ്യാപക പരിശോധന പുരോഗമിക്കുകയാണ്.
കഴിഞ്ഞ മാർച്ച് ഒന്നു മുതൽ 18 വരെ 289 പരിശോധകളാണ് നടത്തിയത്. 32 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും (തിരുത്തൽ നോട്ടീസ്) 17 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും (പിഴയടയ്ക്കാൻ അറിയിപ്പ്) നൽകി.
ജ്യൂസ്, സർബത്ത്, ശീതളപാനീയം എന്നിവയുടെ 48 സർവൈലൻസ് സാംപിളുകളും പാക്കേജ് ഡ്രിങ്കിംഗ് വാട്ടറുകളുടെ 12 സർവൈലൻസ് സാംപിളുകളും ജ്യൂസുകളുടെ മൂന്നു സ്റ്റാറ്റ്യൂട്ടറി സാന്പിളുകളും ശേഖരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തിരുവനന്തപുരം ഗവ.അനലിസ്റ്റ്സ് ലാബിലേക്ക് അയച്ചു.
ഇവയുടെ പരിശോധനാഫലം ലഭിക്കുന്ന മുറയ്ക്ക്, നിയമലംഘനം ബോധ്യപ്പെട്ടാൽ തുടർനടപടികൾ സ്വീകരിക്കും. തുറന്ന നിലയിൽ വെള്ളം കൊണ്ടുപോവുക, വെയിൽ ഏൽക്കുന്ന തരത്തിൽ കുപ്പിവെള്ളം തൂക്കിയിട്ട് വിൽപ്പന നടത്തുക എന്നിവയ്ക്ക് പിഴ ഈടാക്കും.
വേണം ലൈസൻസ്
റോഡുവക്കിലായാലും കടകളിലായാലും ജ്യൂസ് അല്ലെങ്കിൽ ശീതള പാനീയങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ ലൈസൻസോ രജിസ്ട്രേഷനോ നിർബന്ധമാണ്. ഇത്തരം സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന വെള്ളം, ഐസ് എന്നിവ നിശ്ചിത ഗുണനിലവാരത്തിലുള്ളതും സുരക്ഷിതവുമായിരിക്കണം.
കൂടാതെ, ജോലിക്കാരുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സ്ഥാപനത്തിൽ ഉണ്ടായിരിക്കണം. ഭക്ഷ്യസുരക്ഷാവകുപ്പ് അംഗീകരിച്ച ഏതെങ്കിലും അനലിറ്റിക്കൽ ലാബിൽ പരിശോധിച്ച് വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കണം.
ഈ റിപ്പോർട്ടും കടയിൽ സൂക്ഷിക്കേണ്ടതുണ്ട്. വെള്ളം ഉൾപ്പെടെ കടയിൽ സൂക്ഷിക്കുന്ന സാധനങ്ങൾ ഫുഡ്ഗ്രേഡ് പാത്രത്തിൽ അടച്ചു സൂക്ഷിക്കണം.
മുറിച്ച പഴങ്ങളും മറ്റും അധികസമയം ഫ്രീസറിൽ വയ്ക്കരുതെന്നും നിർദേശിക്കുന്നുണ്ട്.
ഗുണനിലവാരമുള്ള പഴങ്ങൾ മാത്രമേ ജ്യൂസിന് ഉപയോഗിക്കാവൂ.
കേടുവന്നതും പഴകിയതും പൂപ്പൽ വന്നതുമായ ഒന്നും ഉപയോഗിക്കാൻ പാടില്ലെന്നും നിർദേശങ്ങളിലുണ്ട്.
District News
മാവേലിക്കര: ബസ് ഓടിക്കൊണ്ടിരിക്കേ ഡ്രൈവര് കുഴഞ്ഞുവീണ് കെഎസ്ആര്ടിസി ബസ് കടകളിലേക്ക് ഇടിച്ചുകയറി. ഡ്രൈവര് മരിച്ചു. ചെന്നിത്തല മുപ്പത്തഞ്ചില് സി. പ്രദീപ്(51) ആണ് മരിച്ചത്. ഹരിപ്പാട് - പത്തനിതിട്ട സംസ്ഥാന പാതയില് മാവേലിക്കര നടയ്ക്കാവില് ഇന്നലെ രാവിലെ 8.22 ഓടെയാണ് സംഭവം. ബസ് ഓടിക്കൊണ്ടിരിക്കേ പ്രദീപ് ബസിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു.
ബസ് നിയന്ത്രംവിട്ടു പോകുന്നതു ശ്രദ്ധയില്പ്പെട്ട യാത്രികരില് ഒരാളാണ് സ്റ്റിയറിംഗ് തിരിച്ച് കടകളുടെ ഭാഗത്തേക്ക് ബസ് ഇടിച്ചുകയറ്റി നിര്ത്തിയത്. പ്രദീപിനെ ഉടന്തന്നെ മാവേലിക്കര ജില്ലാ ആശുപത്രിയിലും പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ബസില് ഇരുപതോളം യാത്രക്കാര് ഉണ്ടായിരുന്നു. പത്തനംതിട്ട-ആലപ്പുഴ ചെയിന് സര്വീസ് നടത്തുന്ന മാവേലിക്കര ഡിപ്പോയുടെ ആര്ഇഎ 885 വാഹനമാണ് അപകത്തില്പ്പെട്ടത്. പത്തനംതിട്ടയില്നിന്ന് മാവേലിക്കരയിലേക്കു വരികയായിരുന്നു. യാത്രക്കാരിലാര്ക്കുംതന്നെ സാരമായ പരിക്കുകളില്ലെന്നാണ് പ്രഥമിക വിവരം. പ്രദീപിന് മുന്പ് ഹദയാഘാതം ഉണ്ടായിട്ടുള്ളതായി കെഎസ്ആര്ടിസി അധികൃതര് അറിയിച്ചു. മാവേലിക്കര നടയ്ക്കാവ് തോപ്പില് ഒപ്റ്റിക്കല്സ്, ഫോര് ഐസ്, കനറാ ബാങ്ക് എന്നിവ പ്രവര്ത്തിക്കുന്ന കടകളുടെ മുന്പിലേക്കാണ് ബസ് ഇടിച്ചുകയറിയത്.
സ്ഥാപനങ്ങളുടെ ബോര്ഡുകളും മതിലും തകര്ന്നിട്ടുണ്ട്. ചെന്നിത്തല മുൻപഞ്ചായത്ത് വൈസ്പ്രസിസിഡന്റ് ജയകുമാരിയാണ് ഭാര്യ.
മക്കൾ: അക്ഷയ് പ്രദീപ്, ആർഷ പ്രദീപ്. മരുമകൻ: സൂരജ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിനു വീട്ടുവളപ്പിൽ.
National
പാറ്റ്ന: മത്സ്യ, മാംസ വില്പന കടകൾ കുട്ടികളിൽ അക്രമവാസനയുണ്ടാക്കുകയും മതവികാരത്തെ വ്രണപ്പെടുത്തുകയും ചെയ്യുമെന്ന വിചിത്ര വാദവുമായി ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ.
സ്കൂളുകൾക്കും മതസ്ഥാപനങ്ങൾക്കും സമീപം പ്രവർത്തിക്കുന്ന മത്സ്യ, മാംസ, കോഴി വില്പനകടകൾ നിരോധിക്കും. ഇത്തരം കടകൾ മതവികാരത്തെ വ്രണപ്പെടുത്തുമെന്നും കുട്ടികളിൽ അക്രമവാസനയുണ്ടാക്കുമെന്നും സിൻഹ ആരോപിച്ചു.
നിതീഷ് കുമാർ മന്ത്രിസഭയിൽ നഗരവികസന വകുപ്പിന്റെ ചുമതല മുതിർന്ന ബിജെപി നേതാവായ സിൻഹയ്ക്കാണ്. നമ്മൾ പുതിയ ബിഹാർ സൃഷ്ടിക്കുകയാണ്. സർക്കാരിന്റെ എല്ലാ നടപടികളിലും ഇത് പ്രതിഫലിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആളുകൾക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള അവകാശത്തിന് എതിരല്ല.
എന്നാൽ, അത്തരം വസ്തുക്കൾ തുറസായ സ്ഥലത്ത്, പ്രത്യേകിച്ച് മതസ്ഥാപനങ്ങളുടെ പരിസരത്ത് വിൽക്കുന്നത് മതവികാരങ്ങളെ വൃണപ്പെടുത്തും. കുട്ടികളിൽ അക്രമവാസനകൾ തടയാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തുനിന്ന് ഇവ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്- സിൻഹ പറഞ്ഞു.
Kerala
കൊച്ചി: പറവൂര് നഗരസഭയിലെ പൊതു കാനയിലേക്ക് അനധികൃതമായി പൈപ്പുകള് സ്ഥാപിച്ച് മാലിന്യം ഒഴുക്കിയ വ്യാപാര സ്ഥാപനങ്ങള്ക്ക് പിഴ. പൊതു കാനയിലേക്ക് മാലിന്യം ഒഴുക്കുന്നതിനായി അനധികൃതമായി സ്ഥാപിച്ച പൈപ്പുകള് നീക്കം ചെയ്യാന് നഗരസഭ ആരോഗ്യ വിഭാഗം നടപടികള് ആരംഭിച്ചു.
നഗരത്തിലെ പൊതു കാനകളില് കക്കൂസ് മാലിന്യവും ഭക്ഷണാവശിഷ്ടങ്ങളും ഒഴുകുന്നതായ പരാതിയെ തുടര്ന്നാണ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര് പരിശോധന നടത്തിയത്. ഇതിന്റെ ഭാഗമായി മെയിന് റോഡില് മുന്സിപ്പല് കവല മുതല് ചേന്ദമംഗലം കവല വരെയുള്ള ഇരുവശത്തെയും കാനകളുടെ മൂടി തുറന്നു പരിശോധന നടത്തി.
ആദ്യഘട്ട പരിശോധനയില് നമ്പൂരിയച്ചന് ആലിന് സമീപമുള്ള പൊതു കാനയിലേക്ക് മാലിന്യം ഒഴുക്കാനായി സ്ഥാപിച്ച രണ്ടുസ്ഥാപനങ്ങളുടെ പൈപ്പുകള് കണ്ടെത്തി. നഗരസഭ നിയമങ്ങള് ലംഘിച്ചതിന്റെ അടിസ്ഥനത്തില് ഇവര്ക്കെതിരെ പിഴ ചുമത്തുകയും നോട്ടീസ് നല്കുകയും ചെയ്തു.
നോട്ടീസില് വ്യക്തമാക്കിയ നിശ്ചിത സമയപരിധിക്കുള്ളില് പൈപ്പുകള് നീക്കം ചെയ്തില്ലെങ്കില് സ്ഥാപനങ്ങളുടെ ലൈസന്സ് റദ്ദാക്കുന്നത് അടക്കമുള്ള കര്ശന നടപടികളിലേക്ക് നീങ്ങുമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്കി.
District News
കൊച്ചി: ക്വീന്സ് വാക്ക്വേയില് മാര്ച്ച് വരെ അറ്റകുറ്റപ്പണികളുടെ ഭാഗമായി കടകള് അടച്ചിടും. കൊച്ചി നഗരത്തിലെ നെറ്റ് ലൈഫിന് ഏറെ ശ്രദ്ധ നേടിയ ഇടമാണ് ക്വീന്സ് വാക്ക്വേയും ഫുഡ് ഹബ്ബും. ബ്യൂട്ടിഫിക്കേഷന് ഓഫ് ക്വീന്സ് വാക്ക്വേ പദ്ധതിയുടെ ഭാഗമായി ആദ്യം നല്കിയിരുന്ന കരാര് പൂര്ത്തിയായതിനാലാണ് കടകള് അടച്ചത്.
ഇതിനൊപ്പം വാക്ക്വേയില് വാഹനങ്ങളില് എത്തി കച്ചവടം ചെയ്യുന്നവര്ക്കെതിരെ ഗോശ്രീ ഐലന്ഡ്സ് ഡെവലപ്മെന്റ് അഥോറിറ്റി - ജിഡ നടപടി എടുത്തിരുന്നു. ഇതോടെ ക്വീന്സ് വാക്ക്വേയില് ആളുകള് കുറഞ്ഞു. അതേസമം, മൂന്നു വര്ഷത്തെ ടെന്ഡര് കാലാവധി അവസാനിച്ചതോടെയാണ് ജനുവരി നാലു മുതല് വാക്ക്വേയിലെ കടകളും ഹോട്ടലുകളും അടച്ചത്.
പുതിയ കരാറുകാരുടെ തീരുമാനത്തിന് അനുസരിച്ചാണ് ഇനി കടകള് തുറന്നു പ്രവര്ത്തിപ്പിക്കുക. വാക്ക്വേയുടെ പരിപാലനത്തിനായി ഒന്നര ലക്ഷം രൂപയാണ് ജിഡ ചെലവാക്കിയിരുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വരുമാനം ലഭിക്കുന്നതിനുമായാണ് 2022 മുതല് 2025 വരെ ജിഡ കരാര് നല്കിയത്.
ഈ കരാര് അവസാനിച്ചതോടെ മാസം 16 ലക്ഷം രൂപയ്ക്കാണ് പുതിയ കരാര് നല്കിയിരിക്കുന്നത്. നേരത്തെ ഒരു മാസത്തേക്കു മൂന്ന് ലക്ഷം രൂപയായിരുന്നു കരാര്. ഡിസംബര് അഞ്ചിനു കടകള് ഒഴിയാന് നേരത്തെ നോട്ടീസ് നല്കിയിരുന്നു. കടകള് ഒഴിയാന് കടയുടമകള് സമയം ആവശ്യപ്പെട്ടതോടെയാണ് ജനുവരി വരെ നീട്ടിയത്.
Kerala
കൊച്ചി: ബ്രോഡ്വേയില് ഉണ്ടായ തീപിടിത്തത്തില് നഷ്ടം 30 ലക്ഷമെന്നു നിഗമനം. ചൊവ്വാഴ്ച പുലര്ച്ചെ 12.30 ഓടെയാണ് തീപിടിത്തമുണ്ടായത്. ബ്രോഡ്വേയിലെ ശ്രീധര് തിയേറ്ററിനു സമീപമുള്ള കൊളുത്തറ ബസാറിലെ ഫാന്സി സാധനങ്ങള്, കളിപ്പാട്ടങ്ങള് എന്നിവ വില്ക്കുന്ന അഞ്ച് സ്ഥാപനങ്ങളാണ് കത്തി നശിച്ചത്.
ഹാപ്പി ടോയ്സ് എന്ന കടയുടെ താഴത്തെ നിലയില്നിന്നാണ് ആദ്യം തീ കത്തിപ്പടര്ന്നത് പിന്നാലെ മറ്റ് കടകളിലേക്കും തീ പടരുകയായിരുന്നു. ക്രിസ്മസ്-പുതുവത്സരാഘോഷത്തിന്റെ ഭാഗമായി വന് തിരക്ക് അനുഭവപ്പെടുന്ന മേഖല കൂടിയാണ് കൊളുത്തറ ബസാര്. അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടല്കൊണ്ട് തീപിടിത്തത്തിന്റെ ആഘാതം കുറയ്ക്കാനായത്.
എറണാകുളം ക്ലബ് റോഡിലെ ഫയര്ഫോഴ്സിനെയാണ് ആദ്യം വിവരം അറിയിച്ചത്. ഇവിടെനിന്നു രണ്ടു യൂണിറ്റുകളും ഗാന്ധി നഗറില്നിന്നു മൂന്നു യൂണിറ്റുകളും ആലുവ, മട്ടാഞ്ചേരി, വൈപ്പിന്, തൃക്കാക്കര, ഏലൂര്, നോര്ത്ത് പറവൂര്, അരൂര്, പട്ടിമറ്റം എന്നിവിടങ്ങളില്നിന്ന് ഓരോ യൂണിറ്റും വീതം എത്തിയാണ് തീയണച്ചത്.
ഷോര്ട്ട് സര്ക്യൂട്ട് ആണ് തീപിടിക്കാനുള്ള കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല് കെഎസ്ഇബി ഇതു തള്ളി. കടകളുടെ സമീപമുള്ള മാലിന്യക്കൂമ്പാരത്തില്നിന്നാകും തീ പടര്ന്നത് എന്നാണ് കെഎസ്ഇബി അധികൃതര് പറയുന്നത്.
ബ്രോഡ് വേയിലെ തീപിടിത്തം ആദ്യ സംഭവമല്ല. നേരത്തെയും പലവട്ടം ബ്രോഡ്വേയിൽ തീപിടിത്തം ഉണ്ടായിട്ടുണ്ട്. ഇതിനു ശേഷവും കാര്യമായ മുൻകരുതൽ എടുക്കുന്നില്ലെന്നാണ് ആക്ഷേപം.
കടകൾക്കു സമീപം മാലിന്യങ്ങൾ കൂടിക്കിടന്നതാണ് ഇത്തവണത്തെ തീപിടിത്തത്തിനു കാരണമെന്നാണ് വിലയിരുത്തൽ. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു നടപടിയെടുക്കുമെന്നു കോർപറേഷൻ മേയർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു.
Kerala
കൊച്ചി: ബ്രോഡ്വേയിൽ ഇന്ന് പുലർച്ചെ ഉണ്ടായ തീപിടിത്തത്തിൽ 12 കടകൾ കത്തിനശിച്ചു. ഫാൻസി, കളിപ്പാട്ട കടകളാണ് കത്തിനശിച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.
ബ്രോഡ്വേയിലുള്ള സിറ്റി ബസാർ എന്ന കടയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഇവിടെ ഉണ്ടായിരുന്ന ശുചീകരണ തൊഴിലാളിയാണ് തീപിടിത്തമുണ്ടായത് കണ്ടത്ത്. ഇയാൾ ഉടൻ തന്നെ വിവരം അഗ്നിശമനസേനയെ അറിയിക്കുകയായിരുന്നു.
ഫയർഫോഴ്സിന്റെ 12 യൂണിറ്റുകൾ എത്തി രണ്ട് മണിക്കൂറോളം നീണ്ടുനിന്ന പരിശ്രമങ്ങൾക്കൊടിവിലാണ് തീ അണയ്ക്കാൻ സാധിച്ചത്. സിറ്റി ബസാറിനു സമീപമുണ്ടായിരുന്ന മാലിന്യ കൂമ്പാരത്തിൽനിന്നുമാണ് തീപടർന്നതെന്നാണ് പ്രാഥമിക വിവരം. തീപിടിത്തത്തിൽ ആളപായമില്ല.
Kerala
കണ്ണൂർ: തളിപ്പറമ്പിലെ ഷോപ്പിംഗ് കോംപ്ലക്സിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമായെന്ന് ജില്ലാ കളക്ടർ അരുൺ കെ. വിജയൻ. 50 കടകൾ കത്തിനശിച്ചെന്നും തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുമായി 15 ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന് കാരണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും നഷ്ടപരിഹാരം പിന്നീട് കണക്കാക്കുമെന്നും കളക്ടർ അറിയിച്ചു.
കെട്ടിടങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോയെന്ന് പരിശോധിക്കും. രക്ഷാപ്രവർത്തനത്തിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും കളക്ടർ വ്യക്തമാക്കി. 100 ഓളം കടകൾ പ്രവർത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിലാണ് തീ പിടിച്ചത്. തീപിടിത്തത്തിൽ കോടികളുടെ നഷ്ടം സംഭവിച്ചെന്നും അധികൃതർ പറഞ്ഞു.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പിടിച്ച ഉടൻ തന്നെ കടകളിലുണ്ടായവരെയും ജീവനക്കാരെയും ഒഴിപ്പിക്കാനായതിനാൽ ആളപായമുണ്ടായില്ല. സംഭവം നടന്ന് 15 മിനിറ്റിനുള്ളിൽ തന്നെ തളിപ്പറമ്പിൽ നിന്ന് അഗ്നിരക്ഷാ സേനയുടെ രണ്ടു യൂണിറ്റ് എത്തിയെങ്കിലും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു.
ചുരുങ്ങിയ സമയത്തിനുള്ളിൽ യൂണിറ്റുകളിലെ വെള്ളം തീർന്നതും തിരിച്ചടിയായി. തുടർന്ന് കണ്ണൂർ, പയ്യന്നൂർ, മട്ടന്നൂർ, പെരിങ്ങോം എന്നിവിടങ്ങളിൽ നിന്നായി കൂടുതൽ ഫയർ യൂണിറ്റുകൾ എത്തി. ടാങ്കർ ലോറികളിലും മറ്റും വെള്ളമെത്തിച്ച് ഫയർ എൻജിനുകളിലേക്ക് വെള്ളം നിറച്ചാണ് വീണ്ടും തീയണയ്ക്കൽ തുടർന്നതെന്ന് ജില്ലാ ഫയർഫോഴ്സ് മേധാവി അരുൺ ഭാസ്ക്കർ പറഞ്ഞു.