മാവേലിക്കര: ബസ് ഓടിക്കൊണ്ടിരിക്കേ ഡ്രൈവര്‍ കുഴഞ്ഞുവീണ് കെഎസ്ആര്‍ടിസി ബസ് കടകളിലേക്ക് ഇടിച്ചുകയറി. ഡ്രൈവര്‍ മരിച്ചു. ചെന്നിത്തല മുപ്പത്തഞ്ചില് സി. പ്രദീപ്(51) ആണ് മരിച്ചത്. ഹരിപ്പാട് - പത്തനിതിട്ട സംസ്ഥാന പാതയില്‍ മാവേലിക്കര നടയ്ക്കാവില്‍ ഇന്നലെ രാവിലെ 8.22 ഓടെയാണ് സംഭവം. ബസ് ഓടിക്കൊണ്ടിരിക്കേ പ്രദീപ് ബസിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു.
ബസ് നിയന്ത്രംവിട്ടു പോകുന്നതു ശ്രദ്ധയില്‍പ്പെട്ട യാത്രികരില്‍ ഒരാളാണ് സ്റ്റിയറിംഗ് തിരിച്ച് കടകളുടെ ഭാഗത്തേക്ക് ബസ് ഇടിച്ചുകയറ്റി നിര്‍ത്തിയത്. പ്രദീപിനെ ഉടന്‍തന്നെ മാവേലിക്കര ജില്ലാ ആശുപത്രിയിലും പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ബസില്‍ ഇരുപതോളം യാത്രക്കാര്‍ ഉണ്ടായിരുന്നു. പത്തനംതിട്ട-ആലപ്പുഴ ചെയിന്‍ സര്‍വീസ് നടത്തുന്ന മാവേലിക്കര ഡിപ്പോയുടെ ആര്‍ഇഎ 885 വാഹനമാണ് അപകത്തില്‍പ്പെട്ടത്. പത്തനംതിട്ടയില്‍നിന്ന് മാവേലിക്കരയിലേക്കു വരികയായിരുന്നു. യാത്രക്കാരിലാര്ക്കുംതന്നെ സാരമായ പരിക്കുകളില്ലെന്നാണ് പ്രഥമിക വിവരം. പ്രദീപിന് മുന്‍പ് ഹദയാഘാതം ഉണ്ടായിട്ടുള്ളതായി കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. മാവേലിക്കര നടയ്ക്കാവ് തോപ്പില്‍ ഒപ്റ്റിക്കല്‍സ്, ഫോര്‍ ഐസ്, കനറാ ബാങ്ക് എന്നിവ പ്രവര്‍ത്തിക്കുന്ന കടകളുടെ മുന്പിലേക്കാണ് ബസ് ഇടിച്ചുകയറിയത്.
സ്ഥാപനങ്ങളുടെ ബോര്‍ഡുകളും മതിലും തകര്‍ന്നിട്ടുണ്ട്. ചെന്നിത്തല മുൻപഞ്ചായത്ത് വൈസ്പ്രസിസിഡന്റ് ജയകുമാരിയാണ് ഭാര്യ.
മക്കൾ: അക്ഷയ് പ്രദീപ്, ആർഷ പ്രദീപ്. മരുമകൻ: സൂരജ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിനു വീട്ടുവളപ്പിൽ.
Tags : nattu vishesham KSRTC bus crashes shops