National
ന്യൂഡൽഹി: പാക് ഭീകരസംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ കമാൻഡറായ ബിലാൽ ആരിഫ് സറാഫിയെ കുടുംബാംഗം വെടിവച്ചുകൊന്നു. ശനിയാഴ്ച പാക്കിസ്ഥാനിൽ നടന്ന ഈദ് പ്രാർഥനകൾക്കുശേഷമാണു സംഭവമെന്നാണു പുറത്തുവരുന്ന റിപ്പോർട്ട്.
മുരിദ്കെയിലെ മർകസിന് സമീപം നശിപ്പിക്കപ്പെട്ട ലഷ്കർ- ഇ-തൊയ്ബ ആസ്ഥാനത്തിന് സമീപമാണ് സംഭവം. കൊലപാതകത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. കുടുംബത്തിനുള്ളിലെ തർക്കങ്ങളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു രഹസ്യാന്വേഷണ വൃത്തങ്ങൾ നൽകുന്ന വിവരം. കൊലപാതകത്തിൽ പങ്കുള്ള ചിലരെ പിടികൂടിയെന്നും വിവരമുണ്ട്.
ലഷ്കർ- ഇ-തൊയ്ബയുടെ പാക്കിസ്ഥാനിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ മുരിദ്കെ സെന്ററിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിലെ പ്രധാന കണ്ണിയാണ് കൊല്ലപ്പെട്ട ബിലാൽ ആരിഫ് സറഫി.
Kerala
കോഴിക്കോട്: ഹൈദരാബാദിൽ മലയാളി വ്യാപാരിയെ വെടിവച്ച് വീഴ്ത്തിയശേഷം കൊള്ളയടിച്ചു. കോഴിക്കോട് സ്വദേശി വി.പി. റിൻഷദിനെയാണ് കൊള്ളയടിച്ചത്. കാലിൽ വെടിവച്ചു വീഴ്ത്തിയശേഷമായിരുന്നു സംഭവം.
റിൻഷദിന്റെ കൈവശമുണ്ടായിരുന്ന ആറുലക്ഷം രൂപയും അക്രമികൾ കവർന്നു. വ്യാപാര ഇടപാട് നടക്കാത്തതിനെത്തുടർന്ന് പണം സിഡിഎം കൗണ്ടർ വഴി ബാങ്കിൽ നിക്ഷേപിക്കാനെത്തിയതായിരുന്നു റിൻഷദ്. ഈ സമയത്താണ് രണ്ടംഗസംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്.
എതിർത്തപ്പോൾ അക്രമികൾ റിൻഷദിന്റെ കാലിൽ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പണം അടങ്ങിയ ബാഗും ബൈക്കിന്റെ താക്കോലും കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ റിൻഷദിന്റെ ബന്ധുവിന് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
District News
കൂരാച്ചുണ്ട്: പഞ്ചായത്തിലെ 12,13 വാർഡുകളിൽ കാട്ടുപന്നികളെ വെടിവച്ച് കൊന്നത് പഞ്ചായത്തിന്റെ അറിവോടെയല്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ അറിയിച്ചു.ഒന്പതിന് ചേർന്ന പുതിയ ഭരണസമിതിയുടെ ആദ്യ യോഗത്തിൽ രണ്ട്, നാല്, അഞ്ച് വാർഡുകളിലെ കാട്ടുപന്നികളെ വെടിവച്ചു കൊല്ലണമെന്നായിരുന്നു തീരുമാനമെടുത്തത്.
എന്നാൽ 12,13 വാർഡുകളിൽ കാട്ടുപന്നികളെ വെടിവച്ച് കൊല്ലുന്ന കാര്യം ബോർഡിനു മുൻപാകെ ആരും ഉന്നയിച്ചിട്ടില്ല. തുടർന്ന് സുരക്ഷാ മുൻകരുതലുകൾ എടുത്തുകൊണ്ടാണ് രണ്ട്, നാല്, അഞ്ച് വാർഡുകളിൽ കാട്ടുപന്നികളെ വെടിവച്ച് കൊന്നു.
എന്നാൽ ശനിയാഴ്ച രാത്രി 12,13 വാർഡുകളിലെ കാട്ടുപന്നികളെ കൊന്നതാരാണെന്ന് വ്യക്തമല്ല.
ഇതിനായി എത്തിയ ഷൂട്ടർമാർക്ക് ലൈസൻസ് ഉണ്ടോ എന്ന് പരിശോധിച്ചിട്ടില്ല. ഏതോ ഒരു വിഭാഗം പഞ്ചായത്തിന്റെ സമ്മതമോ അറിവോ ഇല്ലാതെ കാട്ടുപന്നികളെ കൊന്നതിന്റെ ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും ഉത്തരവുകളെ പൂർണമായും അവഗണിച്ചുകൊണ്ടാണ് ഈ വാർഡുകളിൽ കാട്ടുപന്നികളെ കൊന്നിട്ടുള്ളതെന്നും പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ അറിയിച്ചു.
എൽഡിഎഫ് മാർച്ച് ഇന്ന്
കൂരാച്ചുണ്ട്: പഞ്ചായത്ത് പ്രസിഡന്റിന്റെ ഉത്തരവ് അനുസരിച്ച് 12, 13 വാർഡുകളിൽ കാട്ടുപന്നികളെ വെടിവച്ചു കൊന്നതിനെതിരേ പോലീസിലും ഫോറസ്റ്റ് വകുപ്പിനും പരാതി നൽകിയ കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടിയിൽ പ്രതിഷേധവുമായി എൽഡിഎഫ് കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റി രംഗത്ത്. ഇന്ന് രാവിലെ പത്തിന് പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് ജനകീയ മാർച്ച് നടത്തുമെന്ന് എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
NRI
മിനസോട്ട: മിനസോട്ടയിൽ എൻഫോഴ്സ്മെന്റ് (ഐസിഇ) ഉദ്യോഗസ്ഥന്റെ വെടിയേറ്റ് റെനി നിക്കോൾ ഗുഡ് എന്ന യുവതി മരിച്ച സംഭവത്തിൽ അന്വേഷണം എഫ്ബിഐ ഏറ്റെടുത്തത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവച്ചു.
മിനസോട്ട പോലീസിനെ അന്വേഷണത്തിൽ നിന്ന് മാറ്റിനിർത്തിക്കൊണ്ട് എഫ്ബിഐ അധികാരം കൈപ്പിടിയിലൊതുക്കിയതിനെതിരേ മിനസോട്ട ഗവർണർ ടിം വാൾസും മേയർ ജേക്കബ് ഫ്രേയും രംഗത്തെത്തി. ഇത് അധികാര ദുർവിനിയോഗമാണെന്ന് അവർ ആരോപിച്ചു.
സംഭവത്തെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെ ഇര എന്ന് വിശേഷിപ്പിച്ചത് ഡെമോക്രാറ്റുകളെ ചൊടിപ്പിച്ചു. ഭരണകൂടത്തിന്റെ തീവ്രമായ കുടിയേറ്റ നയമാണ് കൊലപാതകത്തിന് കാരണമെന്ന് ഹക്കീം ജെഫ്രീസ് തിരിച്ചടിച്ചു.
ഇമിഗ്രേഷൻ ഏജന്റായ ജോനാഥൻ റോസ് ആണ് വെടിവയ്പ് നടത്തിയത്. തെളിവുകളിലേക്ക് പ്രവേശനം നിഷേധിച്ചതിനാൽ മിനസോട്ട ബ്യൂറോ ഓഫ് ക്രിമിനൽ അപ്രഹെൻഷൻ (ബിസിഎ) അന്വേഷണത്തിൽ നിന്ന് പിന്മാറി.
ഫെഡറൽ ഏജന്റുമാർ നടത്തുന്ന ഇത്തരം വെടിവയ്പുകളിൽ നീതി ലഭിക്കാൻ ജൂറി വിചാരണ വേണമെന്ന് നിയമവിദഗ്ധർ ആവശ്യപ്പെടുന്നു.
International
ധാക്ക: ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമം തുടരുന്ന ബംഗ്ലദേശിൽ ഒരു ഹിന്ദു യുവാവിനെ കൂടി കൊലപ്പെടുത്തി. റാണാ പ്രതാപ് (45) എന്നയാളെയാണ് തിങ്കളാഴ്ച വൈകുന്നേരം ജഷോർ ജില്ലയിലെ ഗ്രാമത്തിൽ വെടിവച്ച് കൊലപ്പെടുത്തിയത്.
മൂന്നാഴ്ചയ്ക്കിടെ ബംഗ്ലദേശിൽ കൊല്ലപ്പെടുന്ന നാലാമത്തെ ഹിന്ദു മതസ്ഥനാണ് റാണാ പ്രതാപ്. അരൂവ ഗ്രാമത്തിലാണ് റാണാ പ്രതാപിന്റെ വീട്. തിങ്കളാഴ്ച വൈകുന്നേരം 5.45ഓടെ അജ്ഞാതരായ ചിലർ റാണാ പ്രതാപിന് നേരെ വെടിവയ്ക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഒന്നിലേറെ തവണ വെടിയേറ്റ ഇയാൾ സ്ഥലത്തു തന്നെ മരിച്ചുവീണു. സംഭവത്തെ തുടർന്ന് ഗ്രാമത്തിൽ സംഘർഷാവസ്ഥ തുടരുകയാണ്.
ന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾക്കെതിരെ ബംഗ്ലാദേശിൽ അതിക്രമം രൂക്ഷമാകുന്നതിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് വീണ്ടും കൊലപാതകം.
National
ഗാസിയാബാദ്: യുപിയിൽ റിട്ടയേഡ് വ്യോമസേന ഉദ്യോഗസ്ഥനെ ബൈക്കിലെത്തിയ അക്രമികൾ വെടിവച്ചു കൊലപ്പെടുത്തി. യോഗേഷ് (58)ആണു കൊല്ലപ്പെട്ടത്. ബാഗ്പത് ജില്ലക്കാരനാണ് ഇദ്ദേഹം.
മൂന്നു മാസം മുന്പാണ് യോഗേഷ് വ്യോമസേനയിൽനിന്നു വിരമിച്ചത്. ഇതിനുശേഷം ഗാസിയാബാദിവെ അശോക് വിഹാർ കോളനിയിലായിരുന്നു താമസിച്ചിരുന്നത്.
ഇന്നലെ രാവിലെ പ്രാദേശിക മാർക്കറ്റിലേക്കു പോകവേയാണ് യോഗേഷിനെ അക്രമികൾ കൊലപ്പെടുത്തിയത്.
യോഗേഷുമായി വാക്കുതർക്കത്തിലേർപ്പെട്ട അക്രമികൾ അദ്ദേഹത്തെ ദേഹോദ്രവം ഏൽപ്പിച്ചശേഷം തലയ്ക്കു വെടിവയ്ക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ യോഗേഷ് മരിച്ചു.
National
ചണ്ഡിഗഡ്: അധോലോക സംഘത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ മുൻ സംഘാംഗം ഇന്ദർ പ്രീത് സിംഗ് എന്ന പാരി (35) വെടിയേറ്റു മരിച്ചു.
തിങ്കളാഴ്ച രാത്രി ടിംബർ മാർക്കറ്റിനു സമീപമായിരുന്നു സംഭവം. അധോലോക സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലയ്ക്കു പിന്നിലെന്നു പോലീസ് സംശയിക്കുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പാരി എസ്യുവിയിൽ പ്രൈവറ്റ് ക്ലബ് നടത്തിവരികയായിരുന്നു.
വാഹനം മാർക്കറ്റിനു സമീപത്തുനിന്നു നീങ്ങിത്തുടങ്ങിയപ്പോൾ പാരിക്കൊപ്പമുണ്ടായിരുന്ന ആൾ ക്ലോസ് റേഞ്ചിൽ പാരിക്കുനേർക്കു വെടിയുതിർത്തു. പിന്നാലെയെത്തിയ മറ്റൊരു വാഹനത്തിൽനിന്ന് ഒരാൾ ഇറങ്ങിവന്ന് വീണ്ടും വെടിയുതിർത്ത് പാരിയുടെ മരണം ഉറപ്പുവരുത്തിയശേഷം രക്ഷപ്പെടുകയായിരുന്നു. പത്തു വെടിയുണ്ടകളാണ് വാഹനത്തിൽനിന്നു കണ്ടെടുത്തത്.
പിന്നീട് ഹരി ബോക്സർ എന്ന പേരിലുള്ള വ്യാജ ഫേസ്ബുക് അക്കൗണ്ടിൽനിന്ന് അർസൂ ബിഷ്ണോയി എന്നയാൾ കൊലപാതകത്തിന്റെ ഉത്തവാദിത്വം ഏറ്റെടുത്തു. ലോക്കൽ ക്ലബ്ബുകളിൽനിന്ന് പാരി കോടിക്കണക്കിനു രൂപ കവർച്ച ചെയ്തിട്ടുണ്ടെന്നും ഇതിനു പ്രതികാരമായാണ് കൊല നടത്തിയതെന്നുമാണ് പോസ്റ്റിലുള്ളത്.
Kerala
പാലക്കാട്: മലയാളി സൈനിക ഉദ്യോഗസ്ഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് യാക്കര കടുംതുരുത്തി സ്വദേശി സനു ശിവരാമനെയാണ് (47) മരിച്ച നിലയിൽ കണ്ടെത്തിയത്.
കോയമ്പത്തൂർ സൂലൂർ എയർഫോഴ്സ് സ്റ്റേഷനിലെ ഡിഫൻസ് സെക്യൂരിറ്റി വിങ്ങിലെ ഉദ്യോഗസ്ഥനാണ്. ഇന്ന് രാവിലെയാണ് കൈയിലുണ്ടായിരുന്ന തോക്കിൽ നിന്നും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് കോയമ്പത്തൂർ സുലൂർ പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം പാലക്കാടേക്ക് എത്തിച്ചു.