ഭുവനേശ്വർ: വിവാഹ മോചനത്തിന് വിസമ്മതിച്ചെന്ന് ആരോപിച്ച് ഭർത്താവിനെ വെടിവച്ച് കൊന്ന കോസിൽ ഭാര്യയും കാമുകനുമടക്കം അഞ്ചു പേർ അറസ്റ്റിൽ. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ ഒഡീഷ ജാജ്പുർ സ്വദേശി സൗമ്യ രഞ്ജൻ സമാൽ (23) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ സമാലിന്റെ ഭാര്യ ശുഭശ്രീ ബെഹ്റ(23), കാമുകൻ തപൻ ഖില്ലാർ(26), ഇയാളുടെ സഹോദരി പ്രിതിപ്രവ പ്രിയദർശിനി, സുരാജ്, അങ്കിത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.സുരാജും അങ്കിത്തുമാണ് പ്രതികൾക്ക് തോക്ക് നിർമിച്ചുനൽകിയതെന്ന് പോലീസ് പറഞ്ഞു.
ശുഭശ്രീയും ഭർത്താവും കുറച്ച് നാളായി അകൽച്ചയിലായിരുന്നു. യുവതി അടുത്തിടെ സമാലിനോട് വിവാഹമോചനം ആവശ്യപ്പെട്ടു. എന്നാൽ സമാൽ വിവാഹമോചനത്തിന് വിസമ്മതിച്ചു. തുടർന്ന് കാമുകന്റെ സഹായത്തോടെ കൊലപാതകം നടത്തുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സൗമ്യ രഞ്ജൻ സമാലിനെ ബൈക്കിലെത്തിയ അജ്ഞാതൻ വെടിവെച്ച് കൊലപ്പെടുത്തിയത്. റോഡിൽ വെച്ച് വെടിയേറ്റ യുവാവിനെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ്.
Tags : arrest murder police case shot dead