Sports
ദുബായ്: ഏഷ്യാ കപ്പ് വനിതാ ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ ഇന്ന് കിരീട പ്രതീക്ഷയിൽ ആദ്യ മത്സരത്തിനിറങ്ങും. ഗ്രൂപ്പ് എയിൽ തായ്ലന്ഡാണ് എതിരാളി.
പ്രതീക്ഷ x ആശങ്ക:
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ വനിതാ ട്വന്റി20 ഏഷ്യാ കപ്പിൽ ഏറ്റവും ആധിപത്യം പുലർത്തിയ ടീമാണ് ഇന്ത്യ. 2016-17 മുതൽ നടന്ന അഞ്ച് ടൂർണമെന്റുകളിൽ മൂന്നിലും കിരീടം ചൂടി. എന്നാൽ നിലവിലെ പ്രകടനം ആത്മവിശ്വാസത്തേക്കാൾ ആശങ്കകളാണ് ഉയർത്തുന്നത്.
ഈ വർഷം കളിച്ച 16 ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഒന്പതിലും ഇന്ത്യ പരാജയപ്പെട്ടു. വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരേയുണ്ടായ തോൽവി ടീമിനെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താക്കുകയും ചെയ്തു.
ചാമ്പ്യന്മാർ:
മികച്ച താരങ്ങളുടെ സംഘമാണ് ഇന്ത്യ. ബാറ്റിംഗിൽ മറ്റ് ടീമുകൾക്ക് വെല്ലുവിളിയുയർത്തുന്ന താരസന്പത്ത്. ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, ഷഫാലി വർമ, ഓൾറൗണ്ട് മികവിൽ ദീപ്തി ശർമ, ഫിനീഷറായി റിച്ച ഘോഷ്. ഏത് സ്കോറും പിന്തുടരാൻ ആത്മവിശ്വാസം. എത്ര അപകടകാരികളായ ബൗളർമാരെയും അനായാസം നേരിടാൻ മികവുള്ളവർ.
ഏഷ്യാ കപ്പിൽ നിന്നും ഏഷ്യൻ ഗെയിംസിൽ നിന്നും വിശ്വസ്തയായ ബാറ്റർ ജെമീമ റോഡ്രിഗസ് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയാണ്. പകരം പ്രതിക റാവലിനെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും മിഡിൽ ഓർഡറിൽ ഇന്ത്യ പരീക്ഷിക്കപ്പെടും.
ബാഡ് ബൗളിംഗ്:
അതേസമയം, ബൗളിംഗിൽ സുഖകരമല്ല നീലപ്പടയുടെ പ്രകടനം. മികച്ച ബൗളർമാർ പലരുണ്ട്. ബൗളർമാരുടെ സ്ഥിരതയില്ലാഴ്മയാണ് ഇന്ത്യയെ വലയ്ക്കുന്നത്.
സ്പിൻ ആക്രമണത്തിന് നേതൃത്വം നൽകുന്നത് ഓൾറൗണ്ടർ ദീപ്തി ശർമയാണ്. ശ്രീ ചരണി, രാധ യാദവ്, പ്രേമ റാവത്ത് എന്നിവരും കരുത്താകും.
രേണുക സിംഗ് ഠാക്കൂറിനൊപ്പം ക്രാന്തി ഗൗഡ്, അരുന്ധതി റെഡ്ഡി, നന്ദനി ശർമ എന്നിവർ പേസ് ആക്രമണത്തിന് ചുക്കാൻ പിടിക്കും.
തായ്ലന്ഡ്:
ഹോങ്കോംഗിനെതിരായ ആദ്യ മത്സരത്തിൽ നേടിയ വിജയം തായ്ലന്ഡിന് ആത്മവിശ്വാസം പകരും. ഒന്പത് വിക്കറ്റ് നഷ്ടത്തിൽ 120 റണ്സ് സ്കോർ മാത്രമാണ് തായ്ലന്ഡിന് നേടാനായതെങ്കിലും മികച്ച ബൗളിംഗിലൂടെഹോങ്കോംഗിനെ ഏഴ് വിക്കറ്റിന് 114 റണ്സിൽ ഒതുക്കാൻ അവർക്ക് സാധിച്ചു.
ഗ്രൂപ്പ് എ:
തായ്ലന്ഡ്, ഹോങ്കോംഗ്, പാക്കിസ്ഥാൻ എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ മാറ്റുരയ്ക്കുന്നത്. ടൂർണമെന്റിൽ ആകെ എട്ട് ടീം. വനിതാ ട്വന്റി20 ഏഷ്യാ കപ്പിനുശേഷം ഒക്ടോബറിൽ ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യ മത്സരിക്കും.
International
ബാങ്കോക്ക്: തോക്കുപയോഗം നിയന്ത്രിക്കാൻ കർശന നിയമങ്ങൾ കൊണ്ടുവരുമെന്ന് തായ്ലൻഡ് പ്രധാനമന്ത്രി അനുതിൻ ചാൺവിരക്കുൾ. കൗമാരക്കാരന്റെ വെടിവയ്പ്പിൽ ഒന്പതു പേർ കൊല്ലപ്പട്ട പശ്ചാത്തലത്തിലാണിത്.
പൊതുസ്ഥലങ്ങളിൽ തോക്ക് കൊണ്ടുനടക്കുന്നത് നിരോധിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. നിയമം പ്രാബല്യത്തിലായാൽ പോലീസിനു മാത്രമേ പൊതുസ്ഥലത്തു തോക്കുമായി വരാൻ അനുതി ഉണ്ടാകൂ.
കഴിഞ്ഞ ദിവസം ബാങ്കോക്ക് പ്രാന്തത്തിലാണ് ലോകശ്രദ്ധനേടിയ വെടിവയ്പ് അരങ്ങേറിയത്. പതിനാലുകാരൻ സ്വന്തം മുത്തശ്ശനെയും മുത്തശ്ശിയെയും വീട്ടിൽവച്ചു വെടിവച്ചുകൊന്നു. തുടർന്ന് മുന്പ് പഠിച്ച സ്കൂളിലെത്തി അഞ്ച് അധ്യാപകരെയും ഒരു പന്ത്രണ്ടുകാരിയെയും വകവരുത്തി. പിന്നീട് സ്വയം വെടിവച്ചു മരിച്ചു. പരിക്കേറ്റ 22 പേരിൽ 14 പേർ ആശുപത്രിയിൽ തുടരുകയാണ്.
തെക്കുകിഴക്കനേഷ്യയിൽ ഏറ്റവും കൂടുതൽ പേർ തോക്ക് കൈവശം വയ്ക്കുന്ന രാജ്യങ്ങളിലൊന്നാണ് തായ്ലൻഡ്. സിവിലിയന്മാരുടെ കൈവശം ഏതാണ് ഒരു കോടിയിലധികം തോക്കുകളുണ്ടെന്നാണ് അനുമാനം. ഇതിൽ 40 ലക്ഷവും നിയമവിരുദ്ധമായി കൈവശം വയ്ക്കുന്നതാണ്.
International
തായ്ലാൻഡ്: തായ്ലാൻഡിൽ ബാങ്കോക്കിന് വടക്കുള്ള സ്കൂളിൽ വിദ്യാർഥി നടത്തിയ വെടിവെപ്പിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വെള്ളിയാഴ്ച നോന്താബുരി പ്രവിശ്യയിലെ ബാംഗ് ക്രൂയി ജില്ലയിലുള്ള ഡെബ്സിറിൻ നോന്താബുരി സ്കൂളിലാണ് ദാരുണമായ സംഭവം നടന്നത്.
സ്കൂളിലെ ഒരു വിദ്യാർത്ഥിയാണ് വെടിയുതിർത്തതെന്ന് പോലീസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടവരുടെയോ പരിക്കേറ്റവരുടെയോ കൃത്യമായ എണ്ണം ഇതുവരെ ലഭ്യമായിട്ടില്ലെന്ന് പ്ലായ് ബാംഗ് സബ് ഡിസ്ട്രിക്റ്റ് പോലീസ് തലവൻ ലെഫ്റ്റനന്റ് കേണൽ പസാകോൺ ചൈതവിവോംഗ് അറിയിച്ചു. സംഭവത്തെത്തുടർന്ന് വിദ്യാർഥികളെ സ്കൂളിൽ നിന്ന് സുരക്ഷിതമായി പുറത്തെത്തിച്ചു. ആംബുലൻസുകളും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകി വരികയാണ്.
ഈ വർഷം ഫെബ്രുവരിയിൽ തെക്കൻ തായ്ലാൻഡിലെ ഹാറ്റ് യായ് ജില്ലയിലെ ഒരു സ്കൂളിലുണ്ടായ വെടിവെപ്പിൽ ഒരു അധ്യാപകൻ കൊല്ലപ്പെടുകയും വിദ്യാർഥിക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ തായ് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
International
ഭൂതകാലത്തിന്റെ ഏടുകളിൽ മറഞ്ഞുകിടന്ന, അത്യപൂർവമായ പുരാവസ്തുക്കൾ കണ്ടെത്തിയിരിക്കുന്ന ഗവേഷകർ. പ്രാചീന ഭാരതവുമായി ബന്ധമുള്ള അപൂർവ കണ്ടെത്തൽ, ഇരു ഭൂപ്രദേശങ്ങൾ തമ്മിലുണ്ടായിരുന്ന ബന്ധത്തെ അനാവരണം ചെയ്യുന്നു. ഏറെ പ്രത്യേകതകളുള്ള പുരാമുദ്രകൾ ഗവേഷകർക്ക് അദ്ഭുതമായി. ഇതുവരെയുണ്ടായിരുന്ന പല നിഗമനങ്ങളും ഇനി പൊളിച്ചെഴുതേണ്ടിവരും.
പടിഞ്ഞാറൻ തായ്ലൻഡിലെ പുരാവസ്തു ഗവേഷണകേന്ദ്രത്തിൽനിന്നാണ് ഏകദേശം 2,000 വർഷം പഴക്കമുള്ള രണ്ട് സ്വർണമോതിരങ്ങൾ കണ്ടെത്തിയത്. ഇതിലൊന്നിന് പ്രാചീന ഇന്ത്യയിലെ ബ്രാഹ്മി ലിപിയുമായി ബന്ധമുണ്ടെന്നതാണ് ചരിത്ര-ശാസ്ത്ര ലോകത്തെ ആവേശത്തിലാക്കുന്നത്.
തായ്ലൻഡിലെ ഫെച്ചാബുരി പ്രവിശ്യയിലുള്ള ദോൺ യായ് തോങ് എന്ന പുരാവസ്തു ഖനന പ്രദേശത്തുനിന്നാണ് മനുഷ്യ അസ്ഥികൂടങ്ങൾക്കൊപ്പം സ്വർണമോതിരങ്ങൾ കണ്ടെടുത്തതെന്ന് തായ് ഗവൺമെന്റിന്റെ ഫൈൻ ആർട്സ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.
മോതിരത്തിലെ രഹസ്യ ലിഖിതം
കണ്ടെത്തിയ രണ്ട് മോതിരങ്ങളിലൊന്നിന്, പുരാതന ഇന്ത്യൻ എഴുത്തുരീതിയായ ബ്രാഹ്മി ലിപിയിലുള്ള അക്ഷരങ്ങൾ കൊത്തിവച്ചിട്ടുണ്ട്. പ്രാഥമിക വിശകലനങ്ങൾക്കുശേഷം വിദഗ്ധർ ലിഖിതം വായിച്ചെടുത്തത്, പുസരഖിതസ - എന്നാണ്. ഇന്ത്യൻ ജ്യോതിശാസ്ത്ര പ്രകാരം ഏറ്റവും സവിശേഷവും ഐശ്വര്യപ്രദവുമായി കണക്കാക്കപ്പെടുന്ന, പുഷ്യനക്ഷത്രവുമായി ബന്ധപ്പെട്ടതാണ് ഈ വാക്ക്. പുഷ്യ നക്ഷത്രത്താൽ സംരക്ഷിക്കപ്പെടുന്നവൻ - എന്നാണ് ഈ വാക്കിന്റെ അർഥം.
രണ്ടാമത്തെ സ്വർണമോതിരത്തിൽ അടയാളങ്ങളോ കൊത്തുപണികളോ ഉണ്ടായിരുന്നില്ല. രണ്ടു മോതിരങ്ങളും അക്കാലത്ത് ഇന്ത്യയിൽനിന്നും വ്യാപാരത്തിനായി എത്തിയ വൈശ്യവിഭാഗത്തിൽപ്പെട്ട ഏതെങ്കിലും ധനാഢ്യനായ വ്യാപാരിയുടേതാകാം എന്നാണ് ഗവേഷകർ അനുമാനിക്കുന്നത്.
International
ബാങ്കോക്ക്: വടക്കുകിഴക്കൻ തായ്ലൻഡിൽ 11കാരൻ ട്രക്ക് ഇടിച്ചുകയറി എട്ട് ബുദ്ധ സന്യാസിമാർക്ക് ദാരുണാന്ത്യം. തീർഥാടനത്തിനായി നടന്നുപോവുകയായിരുന്ന ബുദ്ധ സന്യാസിമാർക്കിടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്.
വടക്കുകിഴക്കൻ തായ്ലൻഡിലെ മുക്ദാഹാൻ പ്രവിശ്യയിലാണ് സംഭവം. നിയന്ത്രണംവിട്ട ട്രക്ക് പാഞ്ഞുവരുന്നത് കണ്ട് സന്യാസിമാർ റോഡിൽ നിന്ന് ഇറങ്ങിനിന്നെങ്കിലും ട്രക്ക് ഇവർക്കുമേൽ പാഞ്ഞുകയറുകയായിരുന്നു.
ആകെ 35 പേരാണ് തീർഥാടക സംഘത്തിലുണ്ടായിരുന്നത്. ഇതിൽ അഞ്ചുപേർ അപകടസ്ഥലത്ത് തന്നെ മരിച്ചു. മൂന്നുപേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പരിക്കേറ്റ 14 പേർ ചികിത്സയിലാണ്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: വിദേശ വനിതകളെ മനുഷ്യക്കടത്തിലൂടെ തലസ്ഥാനത്ത് എത്തിച്ച് പെൺവാണിഭം നടത്തിവന്ന സംഘത്തെ തുമ്പ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് തായ്ലൻഡ് സ്വദേശിനികളും രണ്ട് മലയാളികളുമാണ് പോലീസിന്റെ പിടിയിലായത്.
അണ്ടൂർക്കോണം പറമ്പിപ്പാലം ടി.എ. മൻസിലിൽ ആസിഫ് (28), പോത്തൻകോട് കീഴ് തോന്നയ്ക്കൽ അഞ്ചു ഭവനിൽ അദീഷ് കൃഷ്ണൻ (28) എന്നിവരും, തായ്ലാൻഡ് സ്വദേശികളായ സിരിലക്ക് (42), സുകന്യ (29) എന്നിവരുമാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു.
കുളത്തൂർ കട്ടേല ഭാഗത്തുള്ള ഒരു വാടകക്കെട്ടിടം കേന്ദ്രീകരിച്ചായിരുന്നു സംഘം അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. വിദേശത്ത് നിന്ന് സ്ത്രീകളെ എത്തിച്ച് ഇവിടെ പെൺവാണിഭം നടത്തുന്നതായി തുമ്പ പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ നിരീക്ഷണങ്ങൾക്കൊടുവിൽ, കേന്ദ്രത്തിൽ മിന്നൽ പരിശോധന നടത്തിയാണ് പ്രതികളെ പോലീസ് വലയിലാക്കിയത്. അറസ്റ്റിലായ വിദേശ വനിതകളെ ഏത് മാർഗത്തിലൂടെയാണ് എത്തിച്ചതെന്നും, ഈ മനുഷ്യക്കടത്ത് ശൃംഖലയ്ക്ക് പിന്നിൽ മറ്റ് പ്രമുഖർക്ക് പങ്കുണ്ടോ എന്നും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
Sports
ബാങ്കോക്ക്: തായ്ലൻഡ് ഓപ്പൺ ബൗഡ്മിന്റണിൽ ഇന്ത്യയുടെ സാത്വിക്ക് രംഗിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യം സെമിയിൽ കടന്നു. ഇന്ന് നടന്ന പുരുഷ ഡബിൾസ് വിഭാഗം ക്വാർട്ടറിൽ ജപ്പാന്റെ തമുക്കി നൊമൂറ-യുയ്ച്ചി ഷിമോഗാമി സഖ്യത്തെയാണ് ഇന്ത്യൻ സഖ്യം തോൽപ്പിച്ചത്.
നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ജയം. സ്കോർ: 21-12, 21-13.
ശനിയാഴ്ചയാണ് സെമി ഫൈനൽ പോരാട്ടം. സെമിയിൽ മലേക്ഷ്യയുടെ ഗോഹ് സെ ഫെയ്-നൂർ ഇസുദ്ദീൻ സഖ്യമാണ് സാത്വിക്-ചിരാഗ് സഖ്യത്തിന്റെ എതിരാളികൾ.
International
ദുബായി: ഇന്ത്യയിലേക്ക് വരുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെ ആക്രമണം. മൂന്ന് കപ്പലുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. കപ്പലുകളിൽ പ്രൊജക്ടെലുകൾ പതിച്ചതായി സമുദ്രസുരക്ഷാ ഏജൻസികൾ വ്യക്തമാക്കി.
ഇന്ത്യയിലേക്ക് വരികയായിരുന്ന തായ് ചരക്ക് കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. യുഎഇയിൽ നിന്ന് ഗുജറാത്തിലേക്ക് വരികയായിരുന്നു തായ് പതാകയുള്ള ചരക്ക് കപ്പൽ. പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതത്തിന് ഇറാൻ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
തായ് പതാകയുള്ള ചരക്ക് കപ്പൽ ആക്രമിക്കപ്പെട്ടതായി തായ്ലൻഡ് നാവികസേന സ്ഥിരീകരിച്ചിട്ടുണ്ട്. 23 തായ് ജീവനക്കാർ കപ്പലിലുണ്ടായിരുന്നതായും നാവികസേന വ്യക്തമാക്കി. ആക്രമണത്തിന് പിന്നാലെ 20 ജീവനക്കാരെ ഒമാൻ നാവികസേന രക്ഷപ്പെടുത്തിയിരുന്നു.
ബാക്കിയുള്ള മൂന്ന് പേർക്കായുള്ള രക്ഷാപ്രവർത്തനം തുടരുന്നതായും ഒമാൻ നാവികസേന അറിയിച്ചു. തായ്ലൻഡ് നാവികസേന ആക്രമണം നടന്ന കപ്പലിന്റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
International
പട്ടായ: ബ്രിട്ടീഷ് ഫാഷന് ആൻഡ് കോസ്മെറ്റിക് കമ്പനിയായ അസോസിന്റെ സഹസ്ഥാപകനും ശതകോടീശ്വരനുമായ ക്വെന്റിന് ഗ്രിഫിത്ത് (58) മരിച്ചനിലയില്.
തായ്ലൻഡിലെ പട്ടായയിലുള്ള തന്റെ അപ്പാര്ട്മെന്റിന്റെ 17-ാം നിലയിലെ ബാല്ക്കണിയില്നിന്നു ഗ്രിഫിത്ത് താഴേക്കു വീഴുകയായിരുന്നു. അദ്ദേഹത്തിന്റെ മുറി അകത്തുനിന്നു പൂട്ടിയിരിക്കുകയാണെന്നും മോഷണശ്രമങ്ങളുടെ സൂചന ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.
അന്വേഷണം പുരോഗമിക്കുകയാണെന്നും മരണത്തില് എന്തെങ്കിലും ദുരൂഹതയുണ്ടെങ്കില് കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു. വിശദമായ പോസ്റ്റുമോര്ട്ടത്തിനുശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാന് കഴിയൂവെന്നും പോലീസ് അറിയിച്ചു.
2000ത്തില് നിക്ക് റോബര്ട്ട്സണിനും ആന്ഡ്രൂ റെഗനും ഡെബോറ തോര്പ്പിനുമൊപ്പമാണ് ലണ്ടന് ആസ്ഥാനമായി ഗ്രിഫിത്ത് അസോസ് എന്ന ഫാഷന് കമ്പനി തുടങ്ങിയത്.
Special News
ലോകത്തിലെ ഏറ്റവും അപൂര്വവും വിലപിടിപ്പുള്ളതുമായ കാപ്പികളിലൊന്നാണ് തായ്ലന്ഡില് ഉത്പാദിപ്പിക്കുന്ന ബ്ലാക്ക് ഐവറി കോഫി. സാധാരണ കാപ്പിയേക്കാള് കയ്പ് കുറവും ചോക്ലേറ്റിന്റെ സ്വാദുമാണ് ഈ കാപ്പിയെ പ്രിയപ്പെട്ടതാക്കുന്നത്. ആരെയും അടിമകളാക്കുന്ന കാപ്പിയുടെ സ്വാദിന്റെ പിന്നിലെ രഹസ്യം എന്താണെന്നു കണ്ടുപിടിച്ചിരിക്കുകയാണ് ഗവേഷകര്. ആനയുടെ വയറ്റിലെ ബാക്ടീരിയകളാണ് മനംമയക്കുന്ന സ്വാദിന്റെ പിന്നിലെന്നു പുതിയ പഠനങ്ങള് തെളിയിക്കുന്നു.
ആനയുടെ ഉദരത്തിലെ മാജിക്
തായ്ലന്ഡിലെ ഒരു എലിഫന്റ് സാംഗ്ച്വറിയിലാണ് ഈ പ്രത്യേക കാപ്പി ഉത്പാദിപ്പിക്കുന്നത്. അറബിക്ക ഇനത്തില്പ്പെട്ട കാപ്പിപ്പഴങ്ങള് ആനകള്ക്കു ഭക്ഷണമായി നല്കുന്നു. ആനയുടെ ദഹന പ്രക്രിയ കഴിഞ്ഞു പുറത്തുവരുന്ന പിണ്ടത്തില്നിന്നു കാപ്പിക്കുരുക്കള് വേര്തിരിച്ചെടുത്ത് വൃത്തിയാക്കി വറുത്തെടുത്താണ് ബ്ലാക്ക് ഐവറി കോഫി തയാറാക്കുന്നത്. ടോക്കിയോ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സയന്സിലെ അസോസിയേറ്റ് പ്രഫസര് തകുജി യമഡയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവേഷണത്തിനു പിന്നില്. കാപ്പിപ്പഴം കഴിക്കുന്ന ആനകളുടെയും അല്ലാത്തവയുടെയും ദഹനവ്യവസ്ഥ അവര് നിരീക്ഷിച്ചു.
കയ്പ്പ് കുറയ്ക്കും ബാക്ടീരിയ
കാപ്പിക്കുരുവില് അടങ്ങിയിരിക്കുന്ന പെക്റ്റിന് എന്ന ഘടകമാണ് സാധാരണഗതിയില് കാപ്പി വറുക്കുമ്പോള് അതിനു കയ്പ്പ് നല്കുന്നത്. എന്നാല്, ആനയുടെ വയറ്റിലുള്ള പ്രത്യേകതരം ബാക്ടീരിയകള് ഈ പെക്റ്റിനെ വന്തോതില് വിഘടിപ്പിക്കുന്നു. പെക്റ്റിന്റെ അളവ് കുറയുന്നതോടെ, കുരു വറുത്തെടുക്കുമ്പോള് കയ്പ്പ് അനുഭവപ്പെടുന്നില്ല. ഇതാണ് ബ്ലാക്ക് ഐവറി കോഫിക്ക് രുചി നല്കുന്നത്.
വൈവിധ്യമാര്ന്ന ബാക്ടീരിയകള്
കാപ്പിപ്പഴം കഴിക്കുന്ന ആനകളുടെ വയറ്റില് വൈവിധ്യമാര്ന്ന ബാക്ടീരിയകള് കാണപ്പെടുന്നുണ്ടെന്നും ഗവേഷകര് കണ്ടെത്തി. കാപ്പിപ്പഴം കഴിക്കുന്നത് ഈ ബാക്ടീരിയകളുടെ വളര്ച്ചയെ സഹായിക്കുന്നുണ്ടാകാം എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. മൃഗങ്ങളുടെ ദഹന പ്രക്രിയയും സൂക്ഷ്മജീവികളും ഭക്ഷണത്തിന്റെ രുചിയില് എങ്ങനെയൊക്കെ മാറ്റം വരുത്തുന്നു എന്നതിലേക്കാണ് ഈ പഠനം വിരല് ചൂണ്ടുന്നത്. കൃത്രിമമായി ഇത്തരത്തിലുള്ള ബാക്ടീരിയകളെ ഉപയോഗിച്ച് പുതിയ രുചികളിലുള്ള കാപ്പിയും മറ്റ് പുളിപ്പിച്ച ഭക്ഷണങ്ങളും നിര്മിക്കാന് ഈ കണ്ടെത്തല് സഹായിച്ചേക്കാം.
സിവെറ്റ് കോഫി
ഇതുപോലെ പ്രസിദ്ധമായ മറ്റൊരു വിഭാഗം കോഫിയാണ് സിവെറ്റ് കോഫി. ഇതിനെ കൊപ്പി ലുവാക് എന്നും വിളിക്കുന്നു. മേൽപ്പറഞ്ഞ രീതിതന്നെയാണ് ഇവിടെയും ഉപയോഗിക്കുന്നത്. പഴുത്ത കാപ്പിപ്പഴങ്ങൾ വെരുകിനെക്കൊണ്ടു തീറ്റിക്കും. പിന്നീട് വെരുകിന്റെ കാഷ്ഠത്തിൽനിന്നു വേർതിരിച്ചെടുക്കുന്ന കുരുക്കൾ വറുത്തെടുത്തു കാപ്പിപ്പൊടി തയാറാക്കുന്നു. ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പികളിലൊന്നാണ് ഇത്. കർണാടകയിലെ കുടകിൽ സിവെറ്റ് കോഫി ഉത്പാദിപ്പിക്കുന്നുണ്ട്.
International
ബാങ്കോക്ക്: തായ്ലൻഡിൻ വീണ്ടും ക്രെയിൻ അപകടം. ഇന്നലെ തലസ്ഥാനമായ ബാങ്കോക്കിനടുത്ത് ഉയരപ്പാത നിർമാണത്തിന് ഉപയോഗിച്ചിരുന്ന ക്രെയിൻ താഴത്തെ റോഡിലെ വാഹനങ്ങൾക്കു മുകളിലേക്കു തകർന്നുവീണ് രണ്ടു പേർ മരിച്ചു.
ബുധനാഴ്ച വടക്കുകിഴക്കൻ തായ്ലൻഡിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുകളിൽ കൂറ്റൻ ക്രെയിൻ വീണ് 32 പേർ മരിക്കുകയും 66 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. നിലവിലുള്ള റെയിൽപാതയ്ക്കു മുകളിൽ മറ്റൊരു പാത നിർമിക്കുന്നതിനിടെയായിരുന്നു അപകടം.
ഇറ്റാലിയൻ-തായ് ഡെവലപ്മെന്റ് പിസിഎൽ എന്ന നിർമാണ കന്പനിയുടെ ക്രെയിനുകളാണ് രണ്ടു സംഭവങ്ങളിലും തകർന്നത്.
അടുത്തടുത്തുണ്ടായ സമാന അപകടങ്ങളുടെ പശ്ചാത്തലത്തിൽ നിർമാണമേഖലയിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുമെന്ന് തായ് പ്രധാനമന്ത്രി അനുതിൻ ചാൺവിരക്കുൾ പറഞ്ഞു.
International
ബാങ്കോക്ക്: തായ്ലാൻഡിൽ ട്രെയിനിന് മുകളിൽ ക്രെയിൻ തകർന്നുവീണുണ്ടായ അപകടത്തിൽ 28 പേർ മരിച്ചു. 64 പേർക് പരിക്കേറ്റു.
നിർമാണം നടക്കുന്ന സ്ഥലത്തുണ്ടായിരുന്ന ക്രെയിനാണ് തകർന്ന് വീണത്. ക്രെയിൻ വീണതിന് പിന്നാലെ ട്രെയിനിലെ ചില ബോഗികളിൽ തീപിടിത്തമുണ്ടാവുകയും ചെയ്തു.
195 യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്. രക്ഷാപ്രവർത്തകർ ട്രെയിനിൽ നിന്നും മുഴുവൻ യാത്രക്കാരേയും പുറത്തിറക്കി. അപകടത്തിൽ പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടം സംബന്ധിച്ച് അന്വേഷണം നടത്താൻ തായ്ലാൻഡ് സർക്കാർ ഉത്തരവിട്ടുണ്ട്.
ബാങ്കോക്കിൽ നിന്ന് വടക്ക്-കിഴക്കൻ പ്രവിശ്യയായ ഉബോൺ റാചാതാനിയിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ചൈനയുടെ സാങ്കേതിക സഹായത്തോടെ നിർമിക്കുന്ന ആകാശ റെയിലിന്റെ നിർമാണത്തിന് വേണ്ടിയാണ് ക്രെയിൻ കൊണ്ട് വന്നത്.
International
ബാങ്കോക്ക്: തായ്ലൻഡിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ 22 പേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റു. നാഖോൺ രാറ്റ്ച്ചാസിമ പ്രവിശ്യയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
ബാങ്കോങ്കിൽ നിന്ന് ഉബോൺ രാറ്റ്ച്ചാതാനി പ്രവിശ്യയിലേക്ക് പോയ ട്രെയിനിന്റെ മുകളിലേയ്ക്ക് ക്രെയിൻ വീണതിനെ തുടർന്നാണ് ട്രെയിൻ പാളംതെറ്റിയത്. നിർമാണ പ്രവർത്തനത്തിന് ഉപയോഗിച്ചിരുന്ന ക്രെയിനാണ് ട്രെയിനിന്റെ മുകളിലേയ്ക്ക് വീണത്.
പാളം തെറ്റിയതിനെ തുടർന്ന് ട്രെയിന് തീപിടിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനം നടക്കുകയാണ്.
International
ബാങ്കോക്ക്: അയൽരാജ്യങ്ങളായ തായ്ലൻഡും കംബോഡിയയും മൂന്നാഴ്ചത്തെ യുദ്ധത്തിനൊടുവിൽ വെടി നിർത്തി. ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാർ ഇതു സംബന്ധിച്ച ധാരണയിൽ ഒപ്പുവച്ചു.
ഇന്നലെ ഉച്ചയ്ക്ക് വെടിനിർത്തൽ നിലവിൽ വന്നശേഷം സംഘർഷങ്ങളുണ്ടായില്ലെന്നാണ് റിപ്പോർട്ട്. വെടിനിർത്തൽ 72 മണിക്കൂർ പിന്നിട്ടാൽ തായ്ലൻഡിന്റെ കസ്റ്റഡിയിലുള്ള 18 കംബോഡിയൻ സൈനികരെ മോചിപ്പിക്കും.
അതിർത്തിയിൽ ഉടൻ യുദ്ധം നിർത്താനും പലായനം ചെയ്ത സിവിലിയന്മാരെ മടങ്ങിയെത്താൻ അനുവദിക്കാനുമുള്ള ധാരണയാണ് ഇന്നലെ ഉണ്ടായത്. യുദ്ധത്തിൽ 101 പേർ കൊല്ലപ്പെട്ടതിനു പുറമേ ഇരു രാജ്യങ്ങളുടെയും അതിർത്തിപ്രദേശങ്ങളിൽനിന്ന് അര ലക്ഷം പേർ ഒാടിപ്പോവുകയും ചെയ്തിരുന്നു.
ചൈന, യുഎസ്, ആസിയാൻ രാജ്യങ്ങൾ എന്നിവരുടെ മധ്യസ്ഥതയാണ് വെടിനിർത്തലിനു വഴിവച്ചത്. വെടിനിർത്തൽ പാലിക്കുന്നുണ്ടോയെന്ന് ആസിയാൻ സമിതി നിരീക്ഷിക്കും.
അതിർത്തിയുടെ പേരിൽ ഒരു നൂറ്റാണ്ടായി ശത്രുത പുലർത്തുന്ന തായ്ലൻഡും കംബോഡിയയും ഈ വർഷം ഇതു രണ്ടാം തവണയാണ് യുദ്ധത്തിലേർപ്പെടുന്നത്. ജൂലൈയിൽ അഞ്ചു ദിവസം നീണ്ട യുദ്ധം അമേരിക്കൻ പ്രസിഡന്റ് ട്രംപ് ചുങ്കഭീഷണി മുഴക്കി അവസാനിപ്പിച്ചിരുന്നു. അതേസമയം, ഈ മാസം ആദ്യം തുടങ്ങിയ ഇത്തവണത്തെ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നേരിട്ടിടപെട്ടില്ല.
അത്യാധുനിക വ്യോമസേനയും വിപുലമായ സൈന്യവുമുള്ള തായ്ലൻഡിന്റെ ആക്രമണത്തിൽ കംബോഡിയയ്ക്കു വലിയ നഷ്ടമുണ്ടായിട്ടുണ്ട്. സൈനികർ പിന്തിരിഞ്ഞോടിയതോടെ അതിർത്തി പ്രദേശങ്ങൾ പലതും കംബോഡിയയ്ക്കു നഷ്ടമായി.
National
ന്യൂഡൽഹി: ഗോവയിലെ നിശാ ക്ലബിന് തീപിടിച്ച് 25 പേര് മരിച്ച സംഭവത്തില് പ്രധാന പ്രതികളും ക്ലബ്ബുടമകളുമായ സഹോദരങ്ങള് അറസ്റ്റില്.
സംഭവത്തിന് പിന്നാലെ തായ്ലൻഡിലേക്ക് കടന്നിരുന്ന ഇവരെ അറസ്റ്റ് ചെയ്ത് ഇന്ത്യയില് എത്തിക്കുകയായിരുന്നു. ഇവരെ പിടികൂടാന് ഇന്റർ പോള് ബ്ലൂ കോര്ണര് നോട്ടീസ് പുറപെടുവിച്ചിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥർ തയ്ലൻഡിൽ എത്തി ഇവരെ രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരാനുള്ള നടപടികൾ പൂർത്തിയാക്കുകയായിരുന്നു.
ഡിസംബര് ആറിന് അര്ധ രാത്രി 11ഓടെയാണ് ഗോവ പനാജിക്ക് സമീപം അർപോറ ഗ്രാമത്തിലെ നിശാ ക്ലബിന് തീപിടിക്കുന്നത്.
അപകടത്തില് 25 പേര് മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. സംഭവത്തെകുറിച്ച് അന്വേഷണം തുടങ്ങിയപ്പോഴാണ് സുരക്ഷാ മാനദണ്ഡങ്ങള് പാലിച്ചിരുന്നില്ല എന്ന് വ്യക്തമായത്. ഇതോടെ ഉടമകളിലോരാളെയും മാനേജറെയും മറ്റ് നാലു ജിവനക്കാരെയും അറസ്റ്റു ചെയ്തിരുന്നു.
International
ബാങ്കോക്ക്: ഗോവ നിശാക്ലബ് ദുരന്തത്തിലെ മുഖ്യപ്രതികളായ ലുത്ര സഹോദരന്മാരെ തായ്ലൻഡ് ഉടൻ ഇന്ത്യക്കു കൈമാറിയേക്കില്ല. ഗൗരവ് ലുത്രയുടെയും സൗരഭ് ലുത്രയുടെയും കേസ് തായ് കോടതി പരിശോധിക്കും. ബാങ്കോക്ക് കോടതി അടുത്ത നടപടി തീരുമാനിക്കുമെന്ന് തായ് അധികൃതർ അറിയിച്ചു.
ദുരന്തത്തിനു പിന്നാലെ തായ്ലൻഡിലേക്കു കടന്ന ലുത്ര സഹോദരന്മാരെ ഇന്ത്യൻ ഇടപെടലിനെത്തുടർന്ന് ഫുക്കറ്റിൽനിന്നു കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ത്യൻ എംബസി ഇവർക്കെതിരായ എല്ലാ രേഖകളും തായ്ലൻഡിനു കൈമാറുകയും ചെയ്തു. പ്രതികളെ കൈമാറണമെന്ന് ഔദ്യോഗികമായി ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ബാങ്കോക്കിലെ പ്രാദേശിക കോടതി ഇവരുടെ കേസ് പരിഗണിക്കുമെന്നാണ് അറിയുന്നത്.
അടിസ്ഥാന മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട വശങ്ങൾ ഉൾപ്പെടെ പരിശോധിച്ചാകും കോടതി നടപടിയെടുക്കുക എന്നാണറിയുന്നത്. ലുത്ര സഹോദരന്മാർക്കായി മുതിർന്ന അഭിഭാഷകൻ ജാവേദ് മിറിന്റെ നേതൃത്വത്തിൽ അഭിഭാഷക സംഘം ബങ്കോക്കിലെത്തിയിട്ടുണ്ട്. നിയമപരവും നയതന്ത്രപരവുമായ പരിഗണനകൾ പരിശോധിക്കുന്നതിനാൽ ഇരുവരും ഉടൻ ഇന്ത്യയിലേക്ക് മടങ്ങാൻ സാധ്യതയില്ലെന്നാണ് എംബസി വൃത്തങ്ങൾ നൽകുന്ന സൂചന.
ഇതിനിടെ, ബിർച്ച് ബൈ റോമിയോ ലെയ്ൻ നിശാക്ലബിനെതിരായ സിവിൽ കേസ് ബോംബെ ഹൈക്കോടതി പൊതുതാത്പര്യ ഹർജിയാക്കി മാറ്റി. നിശാക്ലബ്ബ് ദുരന്തത്തിന് ആരെങ്കിലും ഉത്തരവാദികളാകണമെന്നു നിരീക്ഷിച്ചാണ് പൊതുതാത്പര്യ ഹർജിയായി കോടതി കേസ് മാറ്റിയത്. പ്രാദേശിക പഞ്ചായത്ത് നിശാക്ലബിനെതിരേ സ്വമേധയാ കേസെടുത്തില്ലെന്നുമാത്രമല്ല പരാതികൾ ലഭിച്ചിട്ടും നടപടിയെടുത്തില്ലെന്നും ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് ചൂണ്ടിക്കാട്ടി.
നിശാക്ലബ്ബിനു നൽകിയ അനുമതികൾ സംബന്ധിച്ച് വിശദമായ മറുപടി നൽകാൻ ഡിവിഷൻ ബെഞ്ച് ഗോവ സർക്കാരിനോടു നിർദേശിച്ചു. നിശാക്ലബ്ബ് പ്രവർത്തിച്ചിരുന്ന ഭൂമിയുടെ ഉടമകളായ പ്രദീപ് ഘാഡി അമോങ്കറും സുനിൽ ദിവ്കറുമാണ് ക്ലബിനെതിരേ ഹർജി നൽകിയത്. ഹർജിക്കാരുടെ അഭിഭാഷകനായ രോഹിത് ബ്രാസ് ഡി സായെ കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചു. വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഇദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു.
International
ബാങ്കോക്ക്: അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ വെടിനിർത്തൽ അവകാശവാദം തള്ളിക്കളഞ്ഞ് തായ്ലൻഡും കംബോഡിയയും ഇന്നലെയും ഏറ്റുമുട്ടൽ തുടർന്നു. വെള്ളിയാഴ്ച രാത്രി ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരുമായി ഫോണിൽ സംസാരിച്ചുവെന്നും ഇരുവരും വെടിനിർത്തലിനു സമ്മതിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
എന്നാൽ തായ്, കംബോഡിയ സേനകൾ ഇന്നലെ രാവിലെ മുതൽ പരസ്പരം ആക്രമണം നടത്തി. തായ് യുദ്ധവിമാനങ്ങൾ ഹോട്ടലിലും പാലത്തിലും ബോംബിട്ടതായി കംബോഡിയ ഇന്നലെ അറിയിച്ചു. കംബോഡിയയുടെ റോക്കറ്റ് ആക്രമണത്തിൽ ഒട്ടേറെ സിവിലിയന്മാർക്കു പരിക്കേറ്റതായി തായ്ലൻഡും അറിയിച്ചു.
തിങ്കളാഴ്ച ആരംഭിച്ച യുദ്ധത്തിൽ ഇരു രാജ്യങ്ങളിലുമായി 21 പേരാണു കൊല്ലപ്പെട്ടത്. അതിർത്തി പ്രദേശങ്ങളിലെ ഏഴു ലക്ഷം പേർ പലായനം ചെയ്തു.
തായ്ലൻഡും കംബോഡിയയും തമ്മിൽ ജൂലൈയിലുണ്ടായ ഏറ്റുമുട്ടൽ അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഇടപെട്ട് നിർത്തിയിരുന്നു. ഇറക്കുമതിച്ചുങ്കം വർധിപ്പിക്കുമെന്ന ട്രംപിന്റെ ഭീഷണിക്കു മുന്നിൽ ഇരു രാജ്യങ്ങളും വെടിനിർത്താൻ സമ്മതിക്കുകയായിരുന്നു.
ഇത്തവണത്തെ യുദ്ധവും ഒന്നു ഫോൺ വിളിച്ചാൽ തീരാവുന്നതേയുള്ളൂവെന്നാണ് ട്രംപ് പറഞ്ഞത്. ഇതിനു പിന്നാലെയാണ് അദ്ദേഹം പ്രധാനമന്ത്രിമാരുമായി സംസാരിച്ചതും വെടി നിർത്തി എന്നവകാശപ്പെട്ടതും.
എന്നാൽ, കംബോഡിയൻ സേന പിന്മാറാതെ വെടിനിർത്തൽ ഉണ്ടാവില്ലെന്ന് ട്രംപിനോടു വ്യക്തമാക്കിയതായി തായ് പ്രധാനമന്ത്രി അനുതിൻ ചാൺവിരക്കുൾ അറിയിച്ചു. ഇന്നലെ രാവിലത്തെ സൈനികനടപടി ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനായി പോരാട്ടം തുടരുമെന്ന് കംബോഡിയൻ നേതൃത്വവും പറഞ്ഞു.
National
പനാജി: ഗോവയിലെ അർപോറയിൽ നിശാ ക്ലബിന് തീപിടിച്ച് 25 പേര് മരിച്ച സംഭവത്തിലെ പ്രധാന പ്രതികളും ക്ലബ്ബുടമകളുമായ ലുത്ര സഹോദരന്മാർ അറസ്റ്റിൽ. തായ്ലൻഡിൽ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
തീപിടിച്ച ഉടൻ ഗോവയില് നിന്ന് തായ്ലൻഡിലേയ്ക്ക് കടന്ന ഇവരെ പിടികൂടാന് ഇന്റർപോൾ ബ്ലൂ കോര്ണര് നോട്ടീസ് പുറപ്പെവിച്ചിരുന്നു. തായ്ലൻഡ് പോലീസ് അറസ്റ്റ് ചെയ്ത ഇവരെ ഉടന് ഇന്ത്യയിലേക്കയക്കും.
ഡിസംബര് ആറിന് രാത്രി 11 ഓടെയാണ് പനാജിക്ക് സമീപം അർപോറ ഗ്രാമത്തിലെ നിശാക്ലബിന് തീപിടിക്കുന്നത്. അപകടത്തില് 25 പേര് മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയപ്പോഴാണ് സുരക്ഷാ മാനദണ്ഡങ്ങള് പാലിച്ചിരുന്നില്ല എന്ന് വ്യക്തമായത്.
ഇതോടെ ഉടമകളിലൊരാളെയും മാനേജറെയും മറ്റ് നാലു ജിവനക്കാരെയും അറസ്റ്റു ചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പ്രധാന ഉടമകളായ ഗൗരവ് ലുത്ര സൗരഭ് ലുത്ര എന്നിവര് തായ്ലൻഡിസലേയ്ത്ത് കടന്നുവെന്ന വിവരം ലഭിക്കുന്നത്. തുടര്ന്ന് നടത്തിയ പരിശോധനയില് അപകടം നടന്ന് ഒന്നര മണിക്കൂറിനുള്ളിൽ ഇരുവരും ഫുക്കറ്റിലേക്ക് കടന്നതായി വ്യക്തമായി.
തുടര്ന്ന് ഗോവ പൊലീസ് സിബിഐയുടെ സഹായത്തോടെ ഇന്റർപോളിനെ വിവരം അറിയിച്ച് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് തായ്ലൻഡ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
സംഭവത്തില് ഇനിയും പ്രതികളുണ്ടെന്നാണ് ഗോവ പൊലീസ് നൽകുന്ന വിവരം. നിശാക്ലബ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ഉടമയായ ബ്രിട്ടീഷ് പൗരനെയും കേസില് പ്രതി ചേർത്തിട്ടുണ്ട്. സംഭവത്തിലെ സുരക്ഷാ വീഴ്ച്ചകളെകുറിച്ച് വിശദമായ ജുഡീഷ്യല് അന്വേഷണം പുരോഗമിക്കുകയാണ്.
International
സുറിൻ: തായ്ലൻഡും കംബോഡിയയും തമ്മിലുള്ള ഏറ്റുമുട്ടൽ അയവില്ലാതെ തുടരുന്നു. ഇരുരാജ്യങ്ങളിലും പതിനായിരങ്ങൾ താൽകാലിക ഷെൽട്ടറുകളിൽ അഭയം പ്രാപിച്ചിരിക്കുകയാണ്.
ദുരിതബാധിത മേഖലകളിൽനിന്ന് 4,00000 പേരെ ഒഴിപ്പിച്ചിട്ടുണ്ടെന്നും 700 സ്കൂളുകൾ അടഞ്ഞുകിടന്നുവെന്നും തായ് സൈനിക വക്താവ് അറിയിച്ചു.
കംബോഡിയയിൽ 1,27000 ഗ്രാമീണരെ ഒഴിപ്പിക്കുകയും നൂറുകണക്കിന് സ്കൂളുകൾ അടച്ചിടുകയും ചെയ്തു. തായ്ലൻഡിൽ നടക്കുന്ന 33ാമത് സൗത്ത് ഈസ്റ്റ് ഏഷ്യൻ ഗെയിംസിൽനിന്നു കംബോഡിയ മുഴുവൻ ടീമംഗങ്ങളെയും പിൻവലിച്ചു.
തീരുമാനത്തിൽ ഖേദമുണ്ടെങ്കിലും മൽസരാർഥികളുടെ കുടുംബങ്ങൾക്ക് അവരുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്ന് കംബോഡിയൻ ഒളിംപിക് കമ്മിറ്റി വിശദീകരിച്ചു.
അതേസമയം, യുഎസിൽനിന്നു വിഷയത്തിൽ പ്രതികരണങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും എല്ലാ സീമകളും ലംഘിക്കപ്പെട്ടതിനാൽ മൂന്നാം കക്ഷിയുടെ മാധ്യസ്ഥ്യം സ്വീകരിക്കില്ലെന്നും തായ് വിദേശകാര്യ വക്താവ് പറഞ്ഞു.
International
ബാങ്കോക്ക്: കംബോഡിയ-തായ്ലൻഡ് അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. അഞ്ചു പേർ കൊല്ലപ്പെട്ടതോടെ അതിർത്തി ഗ്രാമങ്ങളിൽനിന്ന് ആളുകൾ കൂട്ടത്തോടെ പലായനം ചെയ്തുതുടങ്ങി. ജൂലൈയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ഗുരുതരമായ ഏറ്റുമുട്ടലാണിത്.
കംബോഡിയ ഇന്നലെ അതിർത്തിയിൽ വ്യോമാക്രമണം ആരംഭിച്ചു. വ്യോമാക്രമണം നടന്നതായി തായ്ലാന്ഡ് സ്ഥിരീകരിച്ചു. കംബോഡിയന് സൈനിക താവളങ്ങള്ക്കു നേരേ തായ്ലാന്ഡും വ്യോമാക്രമണം നടത്തി.
അതിർത്തിപ്രദേശങ്ങളിൽനിന്ന് അന്പതിനായിരത്തിലധികം ആളുകൾ പലായനം ചെയ്തതായി തായ് സൈന്യം പറഞ്ഞു, അതേസമയം, അതിർത്തി ഗ്രാമങ്ങളിലെ താമസക്കാരെ ഒഴിപ്പിച്ചതായി കംബോഡിയൻ മന്ത്രി നെത് ഫീക്ത്ര പറഞ്ഞു.
തങ്ങൾ സംഘർഷം ആഗ്രഹിച്ചിരുന്നില്ലെന്നും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ ആവശ്യമായ മാർഗങ്ങൾ സ്വീകരിക്കുമെന്നും തായ്ലൻഡ് പ്രധാനമന്ത്രി അനുതിൻ ചരൺവിരാകുൽ പറഞ്ഞു. തായ് അധിനിവേശക്കാർ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നാണ് കംബോഡിയ മുൻ നേതാവ് ഹുൻ സെൻ ആരോപിക്കുന്നത്.
ഞായറാഴ്ചയാണ് അതിർത്തിയിൽ വീണ്ടും സംഘർഷം ആരംഭിച്ചത്. കംബോഡിയൻ സൈന്യത്തിന്റെ വെടിവയ്പിൽ രണ്ട് സൈനികർക്കു പരിക്കേറ്റതായും സൈന്യം തിരിച്ചടിച്ചതായും തായ്ലൻഡ് പറയുന്നു. തായ് സൈന്യമാണ് ആദ്യം വെടിയുതിർത്തതെന്നും തിരിച്ചടിക്കുകയായിരുന്നെന്നുമാണ് കംബോഡിയ പറയുന്നത്.
National
പനാജി: ഗോവയില് 25 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തം നടന്ന നിശാക്ലബ്ബിന്റെ ഉടമകള് തായ്ലാന്ഡിലേക്ക് കടന്നതായി പോലീസ്. സൗരഭ് ലുത്ര, സഹോദരന് ഗൗരവ് എന്നിവരാണ് ഞായറാഴ്ച അപകടം നടന്നയുടന്തന്നെ തായ്ലാന്ഡിലേക്ക് മുങ്ങിയത്.
ഇവരുടെ ഉടമസ്ഥതയിലുള്ള അര്പോറയിലെ "ബിര്ച്ച് ബൈ റോമിയോ ലേന്' എന്ന നിശാക്ലബ്ബില് ഞായറാഴ്ചയാണ് തീപിടിത്തമുണ്ടായത്.
ഞായറാഴ്ച പുലര്ച്ചെ അഞ്ചരയോടെ ഇന്ഡിഗോ വിമാനത്തില് ഇരുവരും തായ്ലാന്ഡിലെ ഫുക്കറ്റിലേക്ക് പോയതായാണ് പോലീസ് നല്കുന്ന വിവരം. തിങ്കളാഴ്ച ഇരുവരേയും തേടി പോലീസ് ഡല്ഹിയിലെ വസതിയിലെത്തിയെങ്കിലും അവിടെ കാണാനുണ്ടായിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് രാജ്യംവിട്ടതായി മനസിലായത്.
ഞായറാഴ്ച അര്ധരാത്രി പന്ത്രണ്ട് കഴിഞ്ഞാണ് അപകടമുണ്ടായത്. ഇതുസംബന്ധിച്ച വിവരം ലഭിച്ച് മണിക്കൂറുകള്ക്കകംതന്നെ ഇരുവരും മുങ്ങിയിരുന്നെന്നാണ് പോലീസ് ഇറക്കിയ പ്രസ്താവനയില് വ്യക്തമാക്കുന്നത്.
Kerala
കൊച്ചി: സംസ്ഥാനത്ത് പക്ഷിക്കടത്ത്. നെടുമ്പാശേരി വിമാനത്താവളത്തില് ഇന്ന് പുലര്ച്ചെയാണ് 11 അപൂര്വയിനം പക്ഷികളെ കസ്റ്റംസ് പിടികൂടിയത്. തായ്ലന്ഡില് നിന്നാണ് ഇവയെ കൊച്ചിയിലേക്ക് കടത്തിയത്.
ക്വലാലംപുരില് നിന്ന് എത്തിയ യാത്രക്കാരായ കുടുംബത്തെ എക്സിറ്റ് പോയിന്റില് വച്ചു പിടികൂടുകയായിരുന്നു. ചെക്കിന് ബാഗേജില് ഒളിപ്പിച്ചിരുന്ന പക്ഷികളെ വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെ പട്ടികയില് പെടുന്നതാണ്.
കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കുടുംബത്തെയും പക്ഷികളെയും പിന്നീട് വനം വകുപ്പിന് കൈമാറി. വനം വകുപ്പ് ഇവരെ വിശദമായി ചോദ്യം ചെയ്തു വരുന്നു. പക്ഷികളെ എത്തിച്ചത് കച്ചവട ലക്ഷ്യത്തോടെയാണോയെന്നും അന്വേഷിക്കുന്നുണ്ട്.
Movies
മാർക്കോ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയത്തിനു ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് പോൾ ജോർജ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിന്റെ ചിത്രീകരണം തായ്ലൻഡിൽ ആരംഭിച്ചു.
മൂന്നാഴ്ച്ചയോളം നീണ്ടുനിൽക്കുന്നതാണ് തായ്ലൻഡിലെ ചിത്രീകരണം. തുടർന്ന് കേരളത്തിലേക്കു ഷിഫ്റ്റ് ചെയ്യപ്പെടുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇടുക്കിയിൽ പുനരാരംഭിക്കും.
ആന്റണി പെപ്പെ , ജഗദീഷ്, കബീർദുഹാൻ സിംഗ് ഉൾപ്പടെ ഈ സിനിമയിലെ പ്രധാന താരങ്ങളൊക്കെ തായ്ലൻഡ് ഷെഡ്യൂളിൽ പങ്കെടുക്കുന്നുണ്ട്. പ്രധാനമായും ആക്ഷൻ രംഗങ്ങളാണ് ഇവിടെ ചിത്രീകരിക്കുന്നത്.
‘ഓംഗ്-ബാക്ക്’ എന്ന സിനിമയുടെ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെയുമായി അണിചേർന്നാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. ഓംഗ്-ബാക്ക് എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി വന്ന പോംഗ് എന്ന ആനയും കാട്ടാളന്റെ ഭാഗമാകുന്നുണ്ട്.
അജനീഷ് ലോകനാഥാണ് ഈ ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രം പ്രദർശനത്തിനെത്തുക.
സംഭാഷണം - ഉണ്ണി ആർ., ഛായാഗ്രഹണം - രണ ദേവ്. എഡിറ്റിംഗ് - ഷമീർ മുഹമ്മദ്. കലാസംവിധാനം സുനിൽ ദാസ്. മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ, സ്റ്റിൽസ് - അമൽ സി. സദർ. ക്രിയേറ്റീവ് പ്രൊഡ്യൂസർ - ഡിപിൽദേവ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - ജുമാന ഷെരീഫ്. പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ. പിആർഒ- വാഴൂർ ജോസ്.
International
ബാങ്കോക്ക്: അതിർത്തി തർക്കത്തെ തുടർന്ന് ഏഷ്യൻ രാജ്യങ്ങളായ തായ്ലൻഡിനും കംബോഡിയയ്ക്കും ഇടയിൽ സംഘർഷം. തായ് ഗ്രാമങ്ങളിലേക്ക് കംബോഡിയ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ ഒമ്പത് സാധാരണക്കാര് കൊല്ലപ്പെട്ടെന്ന് തായ്ലന്ഡ് സൈന്യം വ്യക്തമാക്കി. 14 പേര്ക്ക് പരിക്കേറ്റതായും സൈന്യം അറിയിച്ചു.
തിരിച്ചടി ആയി കംബോഡിയയുടെ സൈനിക കേന്ദ്രങ്ങളിൽ യുദ്ധ വിമാനങ്ങൾ ഉപയോഗിച്ച് തായ്ലൻഡ് ആക്രമണം നടത്തി. തായ്ലൻഡ് അതിർത്തി അടയ്ക്കുകയും ചെയ്തു.
പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ മുതലാണ് അതിര്ത്തിയില് സംഘര്ഷം രൂക്ഷമായത്. ഇരുരാജ്യങ്ങളും തമ്മില് ഏറെക്കാലമായി തര്ക്കത്തിലുള്ള സുരിന് പ്രവിശ്യയിലെ താ മുന് തോം ടെംപിളിന് സമീപമാണ് ആദ്യത്തെ ആക്രമണം ഉണ്ടായത്.
ഇവിടേക്ക് കംബോഡിയ പീരങ്കി ആക്രമണവും റോക്കറ്റ് ആക്രമണവും നടത്തി. പിന്നാലെ തായ് സൈന്യം പ്രത്യാക്രമണം നടത്തുകയായിരുന്നു.
TRAVEL
ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനായി തായ്ലൻഡ് വിസ നിയമങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് വിസ രഹിത പ്രവേശനം അനുവദിക്കുകയും, നിലവിലുള്ള വിസയുടെ കാലാവധി വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് വലിയ പ്രയോജനകരമാകും. വിസ നടപടികൾ ലളിതമാക്കുന്നത് തായ്ലൻഡിലേക്കുള്ള യാത്ര എളുപ്പമാക്കും.
പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ, ബാങ്കോക്ക്, ഫൂക്കറ്റ്, പട്ടായ തുടങ്ങിയ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്ക് കൂടുതൽ ആളുകളെത്തും. സാമ്പത്തിക മേഖലയ്ക്ക് ഉണർവ്വ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. തായ്ലൻഡിന്റെ മനോഹരമായ ബീച്ചുകൾ, ക്ഷേത്രങ്ങൾ, രുചികരമായ ഭക്ഷണം, ആകർഷകമായ രാത്രി ജീവിതം എന്നിവ ലോകമെമ്പാടുമുള്ള സഞ്ചാരികളെ എന്നും ആകർഷിക്കുന്നുണ്ട്.
വിസ നിയമങ്ങളിലെ ഈ ഇളവുകൾ തായ്ലൻഡിലെ ടൂറിസം വ്യവസായത്തിന് വലിയ ഉത്തേജനം നൽകുമെന്നാണ് പ്രതീക്ഷ. യാത്രാ നിരക്കുകളിലും താമസ സൗകര്യങ്ങളിലും ഈ മാറ്റം പ്രതിഫലിച്ചേക്കാം, അതിനാൽ യാത്ര പ്ലാൻ ചെയ്യുന്നവർ ഈ വിവരങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്.