Kerala
കൊച്ചി: കോഴിക്കടയുടെ മറവില് ലഹരി വില്പ്പന നടത്തിയ യുവാക്കള് പിടിയില്. കോതമംഗലം സ്വദേശി അഭിജിത് സുകു, ഇടപ്പള്ളി സ്വദേശി മുഹമ്മദ് ഇജാസ് എന്നിവരെയാണ് എംഡിഎംഎയുമായി ഡാന്സാഫ് സംഘം പിടികൂടിയത്.
കുന്നുംപുറത്ത് പ്രവര്ത്തിക്കുന്ന കോഴിക്കട കേന്ദ്രീകരിച്ചാണ് ഇവര് ലഹരി വില്പ്പന നടത്തിയിരുന്നത്. കൊലക്കേസിലും നിരവധി ലഹരി കേസുകളിലും പ്രതിയായ അഭിജിത്താണ് ലഹരിമരുന്ന് കടയിലേക്ക് എത്തിക്കുന്നത്.
കടയില് വച്ച് ഇത് ഉപയോഗിച്ച ശേഷമാണ് ഇവര് വില്പ്പന നടത്തിയിരുന്നത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര് കാളിരാജ് മഹേഷ് കുമാറിന്റെ നിര്ദേശപ്രകാരമാണ് ഡാന്സാഫ് സംഘം റെയ്ഡ് നടത്തിയത്.
പ്രതികളുടെ ഫോണില് നിന്ന് ഡ്രഗ് ഡീലിംഗുമായി ബന്ധപ്പെട്ട നിരവധി തെളിവുകള് കണ്ടെടുത്തതായി പോലീസ് അറിയിച്ചു. സംഭവത്തില് കൂടുതല് വിപുലമായ അന്വേഷണം നടന്നുവരികയാണ്.
Kerala
തൃശൂർ: ദേശീയപാതയിൽ ചുവന്നമണ്ണിലെ അക്വാഡക്റ്റിന്റെ തൂണിലേക്ക് കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ടു സ്ത്രീകൾ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. പെരിഞ്ഞനം പഞ്ചായത്ത് ഓഫീസിനു കിഴക്ക് നടയ്ക്കൽ വീട്ടിൽ വാസുവിന്റെ ഭാര്യ രാജലക്ഷ്മി (78), തൃശൂർ ചൊവ്വൂർ ചെറുവത്തൂർ ചിറയത്ത് വാസുവിന്റെ ഭാര്യ വിലാസിനി (76) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ ശ്രീഹരി (24), ബാബു(52), ഷീജ (50) എന്നിവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷീജയുടെ നില ഗുരുതരമാണ്. ശ്രീഹരിയാണ് വാഹനമോടിച്ചിരുന്നത്.
ഇന്നലെ വൈകുന്നേരം ആറോടെ തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. പെരിഞ്ഞനത്തുനിന്ന് പാലക്കാട് തത്തമംഗലത്തു പോയി മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവർ. റോഡിനു മുകളിലൂടെ വെള്ളം കൊണ്ടുപോകുന്ന അക്വാഡക്റ്റിന്റെ (നീർപ്പാലം) തൂണിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. നിയന്ത്രണംവിട്ട കാർ റോഡിനു നടുവിലുള്ള കോണ്ക്രീറ്റ് ബാരിക്കേഡിൽ ഇടിച്ച് 30 മീറ്ററോളം മുന്നോട്ടു നീങ്ങിയാണ് തൂണിൽ ഇടിച്ചത്. റോഡരികിൽ സ്ഥാപിച്ചിരുന്ന സൂചനാ ബോർഡും കാർ ഇടിച്ചു തകർത്തു.പീച്ചി പോലീസ്, ദേശീയപാത റിക്കവറി വിഭാഗം തുടങ്ങിയവർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
National
ഹൈദരാബാദ്: തെലുങ്കാനയിലെ സംഗറെഡ്ഡിയിൽ ഭക്ഷണത്തിന്റെ പണത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ രണ്ട് പേർക്ക് വെട്ടെറ്റു. സഹോദരന്മാരായ ഉദയ് (27), അജയ് (19) എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിന് പിന്നാലെ പ്രതി ജീവ രത്നം എന്നയാൾ ഒളിവിലാണ്.
ജീവ 10 രൂപയുടെ കറി ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ജീവനക്കാർ പത്ത് രൂപക്ക് കറി നൽകാൻ വിസമ്മതിച്ചതോടെ തർക്കം ഉണ്ടാവുകയും ഇയാൾ കൈവശമുള്ള വാൾ എടുത്ത് ഉദയെയും അജയെയും വെട്ടി പരിക്കേൽപ്പിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.
ഒളിവിൽ കഴിയുന്ന ജീവക്കായുള്ള തിരച്ചിൽ നടന്നുവരുകയാണ്. സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.
Kerala
കോഴിക്കോട്: കോഴിക്കോട് രണ്ടിടങ്ങളിലായി രണ്ടു പേര്ക്ക് പാമ്പ് കടിയേറ്റു. കോഴിക്കോട് താമരശേരിയിൽ ചെമ്പ്ര പുലിയാറക്കുന്ന് ശിൽപ്പയ്ക്കാണ് (20) പാമ്പ് കടിയേറ്റത്. വീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങിയപ്പോൾ വാട്ടർ ടാങ്കിന് സമീപത്തുവച്ചാണ് കടിയേറ്റത്. രാത്രി 7.30 ഓടെയായിരുന്നു സംഭവം.
താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ശിൽപ്പയെ മെഡിക്കൽ കോളജിലേക്ക് മാറ്റി. കോഴിക്കോട് ഉള്ള്യേരിയില് യുവാവിന് പാമ്പ് കടിയേറ്റു. ഉള്ള്യേരി പുതിയോട്ടില് സുധീഷി(42)നെയാണ് വീട്ടുമുറ്റത്തുവച്ച് പാമ്പ് കടിച്ചത്. സുധീഷിനെ കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് പാമ്പിന്റെ കടിയേറ്റത്.
District News
കണ്ണൂർ: ഓൺലൈൻ പണമിടപാട് തട്ടിപ്പു കേസിൽ സഹകരണ സംഘം പ്രസിഡന്റായ കോൺഗ്രസ് നേതാവ് ഉൾപ്പടെ രണ്ടു പേർ അറസ്റ്റിൽ. കണ്ണൂർ ഡിസിസി സെക്രട്ടറിയും കണ്ണർ ലേബർ ബാങ്ക് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റുമായ കല്ലിക്കോടൻ രാഗേഷ്, സെക്രട്ടറി കെ. ജിതേഷ് എന്നിവരെയാണ് തമിഴ്നാട് സൈബർ ക്രൈം ഡെപ്യൂട്ടി സൂപ്രണ്ട് ആർ.വി. ഗൗതമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
തമിഴ്നാട് സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ സെന്ററിൽ തമിഴ്നാട് സ്വദേശി ബാലമുരുഗൻ (25) എന്നയാൾ നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് നടപടി. 1.67 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിൽ കല്ലിക്കോടൻ രാഗേഷ് പ്രസിഡന്റായ സൊസൈറ്റിയിൽ പണം എത്തിയതായി അന്വേഷണത്തിൽ സ്ഥിരീകരിച്ചിരുന്നു. നാഷണൽ സൈബർ ക്രൈം വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്ന സൊസൈറ്റിയിലെ അക്കൗണ്ടിലേക്ക് അനധികൃതമായി പണം എത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ടൗൺ പോലീസും കേസെടുത്തിരുന്നു.
ഞായറാഴ്ചയാണ് കല്ലിക്കോടൻ രാഗേഷിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ടൗൺ പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. ഇതിനു പിന്നാലെ സൊസൈറ്റി സെക്രട്ടറി ജിതേഷിനെ നഗരത്തിനടുത്ത ചെട്ടിപ്പീടികയിലെ വീട്ടിലെത്തിയും കസ്റ്റഡിയിലെടുത്തു. ട്രാൻസിറ്റ് വാറണ്ടിന്റെ ഭാഗമായി ഇരുവരെയും ഇന്നലെ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ശേഷം കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് (ഒന്ന്) കോടതിയിൽ ഹാജരാക്കി ടൗൺ പോലീസ് തമിഴ്നാട് പോലീസിന് കൈമാറി.
സൊസൈറ്റിയുടെ മുൻ പ്രസിഡന്റിന്റെ പേരിൽ ആരംഭിച്ച അക്കൗണ്ടിലേക്കാണ് പണം എത്തിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് വേളയിൽ 1.67 കോടി രൂപയോളമാണ് അക്കൗണ്ടിലെത്തിയത്. സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസം നടത്തിയ സൈ-ഹണ്ടിന്റെ ഭാഗമായും സൊസൈറ്റിക്കെതിരെ കേസ് എടുത്തിരുന്നു.
കഴിഞ്ഞ ഡിസംബർ മാസം മൂന്നു ദിവസങ്ങളിലായി 45,64,031 രൂപയും ബാങ്കിലെ അക്കൗണ്ടിൽ എത്തിയതായും കണ്ടെത്തിയിരുന്നു.
Kerala
നിലമ്പൂര്: ഗൂഡല്ലൂർ ദേവർഷോലയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് പേർ മരിച്ചു. അയ്യപ്പൻ ലിംഗരാജ്, രവി എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാത്രി ഇരുവരും വീട്ടിൽ എത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആക്രമണത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പതിവായി കാട്ടാന ശല്യം ഉള്ള നാടാണ് ദേവർഷോല.
District News
പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിൽ കത്തിക്കുത്തിൽ രണ്ടുപേർക്ക് പരിക്ക്.കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയാണ് സംഭവം. കൈപ്പാങ്കണ്ടി ഹമീദ്, അനിയൻ സൂപ്പി എന്നിവരെയാണ് സൂപ്പിയുടെ മകളുടെ ഭർത്താവ് കടിയങ്ങാട് പുറവൂർ സ്വദേശി അലി കുത്തി പരിക്കേൽപ്പിച്ചത്. സൂപ്പിയുടെ വീട്ടിൽ കയറിയാണ് ആക്രമണം നടത്തിയത്.
കുത്തേറ്റ ഹമീദിന്റെ കുടൽ പുറത്തുവന്ന നിലയിലായിരുന്നു. ഹമീദിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും സൂപ്പിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിനുശേഷം അലി വാഹനത്തിൽ കടന്നുകളഞ്ഞു. കുടുംബ വഴക്കിനെ തുടർന്ന് ഇതിനു മുന്പും അലി വീട് ആക്രമിച്ചിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. സംഭവത്തിൽ പെരുവണ്ണാമൂഴി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
District News
ആലുവ: ആലുവയിലെ വാടകവീട്ടിൽ നിന്ന് മൂന്ന് കിലോ കഞ്ചാവും അഞ്ച് മില്ലിഗ്രാം എംഡിഎംഎയും ഒരു എൽഎസ്ഡി സ്റ്റാമ്പുമായി യുവതി ഉൾപ്പെടെ രണ്ട് പേർ എക്സൈസിന്റെ പിടിയിലായി.
ആലുവ ചെങ്ങമനാട് പനയക്കടവ് കര കോടോപ്പിള്ളി വാസിദ് (31), മലപ്പുറം തിരൂർ വളവന്നൂർ വരന്പനാല കര മേച്ചേരി വീട്ടിൽ മാജിത ഫർസാന (22) എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ ജോമോൻ ജോർജിന്റെ നേതൃത്വത്തിൽ എടത്തലയിലെ വാടകവീട്ടിൽ നിന്ന് പിടികൂടിയത്.
എടത്തല സർവീസ് സഹകരണ ബാങ്ക് കെട്ടിടത്തിന് എതിർവശം കൊല്ലംകുടി യൂസഫ് എന്നയാളുടെ ഉടമസ്ഥതിയിലുള്ളതാണ് വാടകമുറി. ഇവരുടെ കൈയിൽ നിന്നും ഇവർ ഉപയോഗിച്ചിരുന്ന കാറിൽ നിന്നുമായാണ് മയക്കുമരുന്ന് ലഭിച്ചത്. ഇരുവരെയും റിമാൻഡ് ചെയ്തു.
Kerala
കോഴിക്കോട്: രാമനാട്ടുകരയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് രണ്ടുപേർക്ക് കുത്തേറ്റു.
റമീസ് റഹ്മാൻ, റഹീസ് എന്നിവർക്കാണ് കുത്തേറ്റ്. ഇവരെ ആക്രമിച്ച അക്ബർ സംഭവത്തിന് പിന്നാലെ ഓടി രക്ഷപെട്ടു. ഇയാളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.