National
ന്യൂഡൽഹി: ലോക്സഭാ അംഗസംഖ്യ നിലവിലുള്ള 543ൽ നിന്ന് 850 ആയി ഉയർത്തുന്നതിനുള്ള 131-ാം ഭരണഘടനാ ഭേദഗതി ബില്ലിന്റെയും മണ്ഡല പുനർനിർണയത്തിനുള്ള ഭേദഗതി ബില്ലിന്റെയും പകർപ്പ് എംപിമാർക്ക് കൈമാറി. 16 മുതൽ മൂന്ന് ദിവസത്തെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ബില്ലുകൾ അവതരിപ്പിക്കും.
പുതിയ ഭേദഗതി പ്രകാരം സംസ്ഥാനങ്ങളിൽ നിന്ന് 815 പേരെയും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്ന് 35 പേരെയും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കാം. നിലവിലെ നിയമമനുസരിച്ച് 2026ന് ശേഷമുള്ള ആദ്യ സെൻസസിന് ശേഷം മാത്രമേ മണ്ഡല പുനർനിർണയം നടത്താൻ സാധിക്കുമായിരുന്നുള്ളൂ.
എന്നാൽ, ആർട്ടിക്കിൾ 82ൽ ഭേദഗതി വരുത്തുന്നതോടെ പുതിയ സെൻസസിനായി കാത്തുനിൽക്കാതെ തന്നെ 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്താൻ കേന്ദ്ര സർക്കാരിനു സാധിക്കും.
മണ്ഡല പുനർനിർണയത്തിനായുള്ള "ഡീലിമിറ്റേഷൻ ബിൽ 2026’ പ്രകാരം സുപ്രീംകോടതി മുൻ ജഡ്ജിയോ നിലവിലെ ജഡ്ജിയോ അധ്യക്ഷനായ മണ്ഡല പുനർനിർണയ കമ്മീഷനെ കേന്ദ്രത്തിന് ഔദ്യോഗിക വിജ്ഞാപനത്തിലൂടെ രൂപീകരിക്കാം.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ, ബന്ധപ്പെട്ട സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഓഫീസർ എന്നിവർ ഇതിൽ അംഗങ്ങളായിരിക്കും. കൂടാതെ, ഓരോ സംസ്ഥാനത്തുനിന്നും അഞ്ച് എംപിമാരും അഞ്ച് എംഎൽഎമാരും ഉൾപ്പെടുന്ന സംഘത്തെ സഹായികളായി ഉൾപ്പെടുത്താൻ സാധിക്കും.
എന്നാൽ, ഇവർക്ക് ഡീലിമിറ്റേഷൻ കമ്മീഷന്റെ ഏതൊരു തീരുമാനത്തിലും വോട്ട് രേഖപ്പെടുത്തുന്നതിനുള്ള അധികാരം ഉണ്ടായിരിക്കില്ല. മണ്ഡല പുനർനിർണയ കമ്മീഷൻ എടുക്കുന്ന തീരുമാനങ്ങൾ ഗസറ്റിൽ പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ അവയ്ക്ക് നിയമസാധുത ഉണ്ടായിരിക്കും.
പിന്നീട് ഒരു കോടതിയിലും അതിനെ ചോദ്യംചെയ്യാൻ കഴിയില്ല. എങ്കിലും, നിലവിലുള്ള സർക്കാരുകൾ പിരിച്ചുവിടുന്നതുവരെ പ്രതിനിധികളുടെ കാര്യത്തിൽ മാറ്റമുണ്ടാകില്ലെന്നും ഉപതെരഞ്ഞെടുപ്പുകൾ പഴയ രീതിയിൽത്തന്നെ തുടരുമെന്നും ബില്ലിൽ വ്യക്തമാക്കുന്നു.
ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും ആകെ സീറ്റുകളുടെ മൂന്നിലൊന്ന് വനിതകൾക്കായി സംവരണം ചെയ്യുന്ന വ്യവസ്ഥയും ബില്ലിലുണ്ട്.
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിലും ഇതേ അനുപാതത്തിൽ വനിതാ സംവരണം ബാധകമാകും. ഓരോ തെരഞ്ഞെടുപ്പിലും സംവരണ സീറ്റുകൾ മാറിവരുന്ന രീതിയിലായിരിക്കും ക്രമീകരിക്കുക.
National
ന്യൂഡൽഹി: ഐടി നിയമങ്ങളിൽ ഭേദഗതികൾ വരുത്തി സമൂഹമാധ്യമ ഉപയോക്താക്കൾക്കുമേൽ കൂടുതൽ പിടിമുറുക്കാൻ കേന്ദ്രസർക്കാർ.
2021ലെ ഐടി നിയമങ്ങളിൽ ഭേദഗതി വരുത്തി വാർത്താപ്രസാധകർക്കു ബാധകമാകുന്ന കടുത്ത നിയന്ത്രണങ്ങൾ സമൂഹമാധ്യമ ഇൻഫ്ലുവൻസർമാർക്കും വാർത്താ ഉള്ളടക്കങ്ങൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുന്ന ഉപയോക്താക്കൾക്കും ബാധകമാക്കാനാണു നീക്കം. ഇതുമായി ബന്ധപ്പെട്ടുള്ള ഭേദഗതികളുടെ കരട് ഐടി മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കി.
ബ്രോഡ്കാസ്റ്റിംഗിനുമേൽ നിലവിലുള്ള നിയന്ത്രണങ്ങൾ വാർത്തകളും സമകാലിക സംഭവങ്ങളും പോസ്റ്റ് ചെയ്യുന്ന പ്രസാധകരല്ലാത്ത ഉപയോക്താക്കൾക്കുമേലും ബാധകമാക്കാനാണു കേന്ദ്രത്തിന്റെ നീക്കം.
സർക്കാരിന് അനഭിമതമായ ഓണ്ലൈൻ ഉള്ളടക്കങ്ങൾ നീക്കം ചെയ്യപ്പെടുന്നതിനു ഭേദഗതികൾ കാരണമാകുമെന്നാണ് നീക്കത്തെ വിമർശിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.
ഐടി നിയമത്തിനു കീഴിൽ രൂപീകരിക്കപ്പെട്ട ഇന്റർ ഡിപ്പാർട്ട്മെന്റൽ സമിതിയുടെ വ്യാപ്തി വിപുലമാക്കാനും കരട് ഭേദഗതി ലക്ഷ്യമിടുന്നുണ്ട്.
ഓണ്ലൈൻ ഉള്ളടക്കത്തിനെതിരേ ലഭിക്കുന്ന പരാതികളിൽ മാത്രമല്ല, പരാതി ലഭിക്കാതെതന്നെ മന്ത്രാലയം നേരിട്ടു ശിപാർശ ചെയ്യുന്ന വിഷയങ്ങളും വിലയിരുത്തുവാനുള്ള അധികാരം ഭേദഗതിയിലൂടെ ഇന്റർ ഡിപ്പാർട്ട്മെന്റൽ സമിതിക്കു ലഭിക്കും.
ഇത്തരം ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്യാനോ പരിഷ്കരിക്കാനോ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും ഭേദഗതി അധികാരം നൽകുന്നുണ്ട്. കരട് ഭേദഗതികളിൽ ഈമാസം 14 വരെ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാം.
Kerala
കൊച്ചി: ലോകായുക്ത നിയമ ഭേദഗതി ശരിവച്ച് ഹൈക്കോടതി. ചില മാറ്റങ്ങളോടെ ഭരണഘടനാ ഭേദഗതി അംഗീകരിക്കുകയാണെന്ന് കോടതി ഉത്തരവിട്ടു. നിയമ ഭേദഗതി ചോദ്യംചെയ്ത് രമേശ് ചെന്നിത്തലയടക്കമുള്ള പ്രതിപക്ഷ നേതാക്കള് നൽകിയ ഹര്ജികള് ഹൈക്കോടതി തള്ളി.
ലോകായുക്ത കുറ്റക്കാരൻ എന്ന് വിധിച്ചാലും ഇനി പൊതുപ്രവര്ത്തകന് തത്സ്ഥാനത്ത് തുടരാനാകുമെന്നതടക്കമുള്ള ഭേദഗതികളാണ് പുതിയ നിയമ ഭേദഗതിയിലുള്ളത്. ലോകായുക്തയുടെ അധികാരം കുറയ്ക്കുന്നതാണ് ബില്ലെന്ന ആരോപണം നേരത്തെ തന്നെ ഉയര്ന്നിരുന്നു.
വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയ ലോകായുക്ത നിയമ ഭേദഗതി ബില്ലിന് നേരത്തെ രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നു. കേരള സര്ക്കാര് കൊണ്ടുവന്ന ലോകായുക്ത ബില്ലിന് അനുമതി നൽകാതെ ഗവര്ണര് ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്ക് വിടുകയായിരുന്നു. ലോക്പാൽ ബില്ലിന് സമാനമാണ് ലോകായുക്ത ബില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി ഭവൻ ബില്ലിന് അംഗീകാരം നല്കിയത്.
നിയമ ഭേദഗതി അംഗീകാരമാകുന്നതോടെ ലോകായുക്ത നിയമത്തിലെ 14ാം വകുപ്പാണ് ഇല്ലാതാകുന്നത്. പുതിയ ഭേദഗതി അനുസരിച്ച്, മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത വിധികളിൽ നിയമസഭയാകും അപ്പലേറ്റ് അതോറിറ്റി. സമാനമായ രീതിയിൽ, മന്ത്രിമാർക്കെതിരായ വിധികളിൽ മുഖ്യമന്ത്രിയും എംഎൽഎമാർക്കെതിരായ വിധികളിൽ സ്പീക്കറുമാകും അപ്പലേറ്റ് അതോറിറ്റി.
Kerala
കൊച്ചി: എഫ്സിആർഎ ഭേദഗതി നിയമം കൊണ്ടുവരുന്നത് ചില മതവിഭാഗങ്ങളെ ലക്ഷ്യമിട്ടാണെന്ന് മുതിർന്ന സിപിഎം നേതാവ് വൃന്ദ കാരാട്ട്.
മതവിഭാഗങ്ങൾ നടത്തുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാനും ഏറ്റെടുക്കാനും നിയമത്തിലൂടെ സാധിക്കും. എന്തുകൊണ്ടാണ് ഇതേക്കുറിച്ച് തൃശൂരിലെത്തിയപ്പോൾ മോദി സംസാരിക്കാതിരുന്നതെന്നും എറണാകുളം പ്രസ് ക്ലബ്ബിലെ മീറ്റ് ദ ലീഡേഴ്സ് പരിപാടിയിൽ വൃന്ദ ചോദിച്ചു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾക്കും ആദിവാസികൾക്കുമെതിരേയുള്ള ആക്രമണങ്ങൾ വർധിക്കുകയാണ്. ജാതിവ്യവസ്ഥ തിരികെ കൊണ്ടുവരാൻ ശ്രമം നടക്കുന്നു. കേരളത്തിലെ ജനങ്ങൾക്ക് അവകാശപ്പെട്ട ഫണ്ടുകൾ എന്തിനു നിഷേധിക്കുന്നുവെന്നതിന് പ്രധാനമന്ത്രി മോദി മറുപടി പറയണം. ഭരണഘടനയെ തകർക്കാനാണ് മോദിയുടെ ശ്രമം.
ഗ്രാമീണ ജനതയ്ക്ക് ജീവശ്വാസമായിരുന്ന ദേശീയ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാൻ കേന്ദ്രം ശ്രമിക്കുകയാണെന്നും വൃന്ദ കാരാട്ട് ആരോപിച്ചു.
അദാനിയും അംബാനിയും അമേരിക്കയും അടങ്ങുന്നതാണ് മോദിയുടെ എ ടീം. മോദിയുടെ വാ പൂട്ടി താക്കോൽ ട്രംപിനു കൊടുത്തപോലെയായെന്നും വൃന്ദ കാരാട്ട് കുറ്റപ്പെടുത്തി.
പല വിഷയങ്ങളിലും ബിജെപിയും കോൺഗ്രസും ചക്കിക്കൊത്ത ചങ്കരനെപ്പോലെയാണ്. ഡീൽ എന്നു പേരിട്ട നുണനിർമാണ യന്ത്രവുമായാണു ബിജെപിയും കോൺഗ്രസ് നേതാക്കളും സഞ്ചരിക്കുന്നതെന്നും വൃന്ദ കാരാട്ട് കുറ്റപ്പെടുത്തി.
National
ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ ലോക്സഭയിൽ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (എഫ്സിആർഎ ഭേദഗതി 2026 അപകടകരവും ക്രൂരവുമെന്ന് വ്യാപക പരാതി. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും എൻജിഒകളുടെയും ആസ്തികൾ വളഞ്ഞ വഴിയിലൂടെ സർക്കാർ ഏറ്റെടുക്കാനും വിനിയോഗിക്കാനും അനുവദിക്കുന്ന ബില്ലിലെ വ്യവസ്ഥകൾ ദുഷ്ടലാക്കോടെയാണെന്നാണ് ആക്ഷേപം.
പൊതുസമൂഹത്തിന്റെയും, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെയും ഭരണഘടനാപരമായ സ്വാതന്ത്ര്യത്തിലേക്കുള്ള എക്സിക്യൂട്ടീവിന്റെ അതിരുകടന്ന കടന്നാക്രമണത്തിനാണു വിവാദ ഭേദഗതി വഴിതെളിക്കുകയെന്ന് കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ലൈസൻസ് നൽകുന്ന കേന്ദ്രസർക്കാർ തന്നെ ലൈസൻസ് പുതുക്കാതിരിക്കുകയോ നഷ്ടപ്പെടുത്തുകയോ ചെയ്തശേഷം പുതിയ അഥോറിറ്റി വഴി ന്യൂനപക്ഷങ്ങളുടെയും മറ്റ് എൻജിഒകളുടെയും സ്ഥാപനങ്ങളും ആസ്തികളും ഏറ്റെടുത്തു നിയന്ത്രിക്കാനുള്ള സർക്കാരിന്റെ നീക്കം സാമാന്യനീതിയുടെ നിഷേധമാകുമെന്ന് നിയമ വിദഗ്ധർ ദീപികയോട് വിശദീകരിച്ചു.
ലൈസൻസ് നഷ്ടപ്പെടുന്ന എൻജിഒകളുടെ സ്വത്തുക്കളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് പുതിയ അഥോറിറ്റി സൃഷ്ടിക്കുന്നത് ഉൾപ്പെടെ ശക്തമായ നിയന്ത്രണ ചട്ടക്കൂടാണു നിർദിഷ്ട ബില്ലിലെ വ്യവസ്ഥ. ഒരു സംഘടനയുടെ രജിസ്ട്രേഷൻ റദ്ദാക്കുകയോ പുതുക്കി ലഭിക്കാതിരിക്കുകയോ നിലവിലില്ലാതിരിക്കുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ വിദേശ സംഭാവനകളിൽനിന്നു സൃഷ്ടിക്കപ്പെട്ട ആസ്തികൾ ഏറ്റെടുക്കാനും കൈകാര്യം ചെയ്യാനും വിനിയോഗിക്കാനും നിയുക്ത അഥോറിറ്റിക്കു ബില്ലിൽ അധികാരം നൽകുന്നുണ്ട്. പൊതു ആവശ്യങ്ങൾക്കായി ആസ്തികൾ ഉപയോഗിക്കാനോ കൈമാറ്റം ചെയ്യാനോ വിനിയോഗിക്കാനോ ബില്ലിൽ അഥോറിറ്റിക്ക് അധികാരം നൽകിയിട്ടുണ്ട്.
ന്യൂനപക്ഷങ്ങളുടെ അടക്കമുള്ള അത്തരം ആസ്തികൾ സ്ഥിരമായോ താത്കാലികമായോ ഏറ്റെടുത്തു സർക്കാരിൽ നിക്ഷിപ്തമാക്കാൻ ബിൽ നിർദേശിക്കുന്നു. ഫലത്തിൽ, എഫ്സിആർഎ ലൈസൻസ് റദ്ദാക്കപ്പെടുന്ന തീയതി മുതൽ ഫണ്ടുകളും ആസ്തികളും അഥോറിറ്റിയുടെ നിയന്ത്രണത്തിലാകും.
വിദേശ ഫണ്ട് ദുരുപയോഗം ചെയ്യുന്നത് തടയാനാണു ഭേദഗതിയെന്നാണു ബിൽ അവതരിപ്പിച്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞത്. നിർബന്ധിത മതപരിവർത്തനം ഉൾപ്പെടെ രാജ്യതാത്പര്യത്തിനു വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകൾക്കെതിരേ നടപടിയെടുക്കാൻ പുതിയ ഭേദഗതി സർക്കാരിനെ പ്രാപ്തമാക്കുമെന്നാണ് മന്ത്രി അവകാശപ്പെട്ടത്. വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിനായി ലാഭേച്ഛയില്ലാത്ത സംഘടനകൾ എഫ്സിആർഎ ചട്ടക്കൂടിനുള്ളിൽ രജിസ്റ്റർ ചെയ്യണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസൻസ് സസ്പെൻഡ് ചെയ്യാനും സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ വിദേശ ഫണ്ടുകളിൽനിന്നു സൃഷ്ടിച്ച ആസ്തികൾ കൈമാറ്റം ചെയ്യുന്നതും വിനിയോഗിക്കുന്നതു തടയാനും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. രജിസ്ട്രേഷൻ വീണ്ടെടുക്കുന്നതിൽ പരാജയപ്പെട്ടാൽ സ്ഥാപനം ശാശ്വതമായി ഏറ്റെടുക്കാനും കഴിയും.
കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി എംപിമാരിൽ ഭൂരിപക്ഷവും ഇല്ലാതിരുന്നപ്പോഴാണ് ബുധനാഴ്ച വിവാദ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്.
National
ന്യൂഡൽഹി: വിദേശ ധനസഹായം ഉപയോഗിച്ചു നിർബന്ധിത മതപരിവർത്തനം നടത്തുന്നവരെയും വിദേശ ഫണ്ട് ദുരുപയോഗം ചെയ്യുന്നവരെയും ലക്ഷ്യമിട്ടാണു വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബിൽ അവതരിപ്പിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ പറഞ്ഞു.
ബില്ല് അപകടം ചെയ്യുമെന്ന് പ്രതിപക്ഷം ആരോപിച്ചെങ്കിലും, നിർബന്ധിത മതപരിവർത്തനത്തിൽ ഏർപ്പെടുന്നവർക്കും വ്യക്തിഗത നേട്ടത്തിനായി വിദേശ ധനസഹായം ദുരുപയോഗം ചെയ്യുന്നവർക്കും ബില്ല് അപകടകരമാണെന്നാണു കേന്ദ്രമന്ത്രി മറുപടി നൽകിയത്.
ബില്ല് അവതരിപ്പിക്കുന്നതിനെ എതിർത്ത കോണ്ഗ്രസ് അംഗം മനീഷ് തിവാരി, ഭരണഘടനാപരമായ സംരക്ഷണങ്ങളൊന്നുമില്ലാതെ സർക്കാരിന് വിപുലമായ അധികാരം ബില്ല് നൽകുമെന്ന് ആരോപിച്ചു. ന്യൂനപക്ഷ സ്ഥാപനങ്ങളെ കേന്ദ്രസർക്കാരിന്റെ വരുതിയിലാക്കാനുള്ള നീക്കമാണു ഭേദഗതിയെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
കേന്ദ്രസർക്കാർ പുറത്തുവിടുന്ന കണക്കനുസരിച്ച് 16,000 സ്ഥാപനങ്ങൾക്കാണ് എഫ്സിആർഎ ലൈസൻസുള്ളത്. എൻജിഒകൾ, ട്രസ്റ്റുകൾ, സൊസൈറ്റികൾ തുടങ്ങി വിദേശ സംഭാവന സ്വീകരിക്കുന്ന സ്ഥാപനങ്ങൾക്കാണ് ഇത്തരത്തിൽ ലൈസൻസ് ലഭിക്കുക. ഇത്തരത്തിൽ വിദേശഫണ്ട് സ്വീകരിക്കുന്നതിന് 2011ലാണ് കേന്ദ്രസർക്കാർ ആദ്യമായി വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്സിആർഎ) കൊണ്ടുവരുന്നത്.
വിദേശ ഫണ്ട് രാജ്യസുരക്ഷയെ ബാധിക്കാതിരിക്കാൻ സുതാര്യത ലക്ഷ്യം വച്ചായിരുന്നു കേന്ദ്രസർക്കാർ നടപടി. പിന്നീട് 2016, 2018, 2020 തുടങ്ങിയ വർഷങ്ങളിൽ വിവിധ ഭേദഗതികൾ നിയമത്തിൽ വരുത്തി.
National
ന്യൂഡൽഹി: ഡിജിറ്റൽ ഡാറ്റാ സംരക്ഷണത്തിലൂടെ (ഡിപിഡിപി) വിവരാവകാശ നിയമത്തിൽ (ആർടിഐ) ഭേദഗതി വരുത്തിയതു സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീംകോടതി.
വിഷയം സങ്കീർണവും അതീവ സംവേദനക്ഷമതയുമുള്ളതാണെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഭേദഗതി സ്റ്റേ ചെയ്യാൻ വിസമ്മതിച്ചത്.
വിഷയം ഇരുഭാഗങ്ങളിലെയും മൗലികാവകാശങ്ങളെ സ്പർശിക്കുന്നതാണെന്നു വ്യക്തമാക്കിയ പരമോന്നത കോടതി വിഷയത്തിൽ പ്രതികരണം തേടി കേന്ദ്രസർക്കാരിനു നോട്ടീസ് അയച്ചിട്ടുണ്ട്.
ഡിപിഡിപിയുടെ വിവിധ വ്യവസ്ഥകൾ വിവരാവകാശ നിയമപ്രകാരം തേടുന്ന ‘വ്യക്തിഗത’ സ്വഭാവമുള്ള വിവരങ്ങൾ തടഞ്ഞുവയ്ക്കുന്നതിനു കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി വിവരാവകാശ പ്രവർത്തകരും സംഘടനകളും സമർപ്പിച്ച ഹർജികളാണു കോടതി പരിഗണിച്ചത്.
ഡിപിഡിപിയുടെ വിവിധ വ്യവസ്ഥകൾ ആർടിഐയുടെ ഭേദഗതിക്കു കാരണമാകുന്നതിനാൽ ഡിപിഡിപിയുടെ ഭരണഘടനാസാധുതയെയും ഹർജികളിൽ ചോദ്യം ചെയ്തു.
ഹർജിക്കാരിലൊരാൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് ആർടിഐയും സ്വകാര്യതയും തമ്മിൽ സന്തുലിതമാക്കുന്നതിനുള്ള ചട്ടക്കൂട് ഇതിനോടകം സുപ്രീംകോടതി തയാറാക്കിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയെങ്കിലും പുതിയ നിയമചട്ടക്കൂട് പുതിയതും ആഴത്തിലുമുള്ള വിശകലനത്തിനു വിധേയമാക്കണമെന്ന് ബെഞ്ച് വ്യക്തമാക്കി. വിഷയം സുപ്രീംകോടതി ഇനി മാർച്ചിൽ പരിഗണിക്കും.
National
ന്യൂഡൽഹി: ദേശീയപാതകളിൽ ടോളുകൾ ഒഴിവാക്കുന്ന വാഹനങ്ങൾക്ക് ഫിറ്റ്നസ് പുതുക്കൽ, ഉടമസ്ഥാവകാശ കൈമാറ്റം, പെർമിറ്റുകൾ എടുക്കുക തുടങ്ങിയ കാര്യങ്ങൾക്ക് ഇനിമുതൽ തടസം നേരിടും.
ദേശീയപാതകളിൽ ടോൾ അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നത് തടയാൻ കേന്ദ്രസർക്കാർ മോട്ടോർ വാഹനനിയമത്തിൽ ഭേദഗതി വരുത്തിയതാണ് പുതിയ മാറ്റത്തിനു കാരണം.
നിശ്ചയിച്ചിട്ടുള്ള തുകയടയ്ക്കാതെ ടോൾ ഗേറ്റ് കടക്കുന്ന വാഹങ്ങൾക്ക് ആ തുക അടച്ച് ബാധ്യത ഒഴിവാക്കുന്നതുവരെ ഇനിമുതൽ എൻഒസി ലഭിക്കില്ല.
Leader Page
സർക്കാർ നടപ്പാക്കുന്ന ഭൂപതിവ് ചട്ടഭേദഗതി ഹൈറേഞ്ച് ജനതയെ ഒന്നടങ്കം കുറ്റവാളികളായി ചിത്രീകരിക്കുന്നതിനു തുല്യമാണെന്ന് ആക്ഷേപം ശക്തമാകുന്നു. സർക്കാർ പതിച്ചുനൽകിയ ഭൂമിയിൽ കെട്ടിടവും വീടുമൊക്കെ നിർമിച്ച ജനങ്ങൾ എന്തോ കുറ്റം ചെയ്തു എന്ന മട്ടിലാണ് ഇപ്പോൾ ക്രമവത്കരിക്കാൻ നിർദേശം വന്നിരിക്കുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. മറ്റു ജില്ലകളിലെപ്പോലെ എല്ലാവിധ അവകാശങ്ങൾക്കും അർഹതപ്പെട്ട ജനതയെയാണ് സർക്കാർ ഇങ്ങനെ തരം താഴ്ത്തിയിരിക്കുന്നതെന്നാണ് വിമർശനം.
1958ലും 1960ലും 1964ലും ഇന്ത്യൻ നിയമവ്യവസ്ഥ അനുസരിച്ച് നിയമവും ചട്ടവും അനുസരിച്ച് മാറ്റിപ്പാർപ്പിച്ചവരെ അല്ലെങ്കിൽ ഇവിടെ ജീവിക്കാനെത്തിയവരെ സർക്കാർ സ്ഥിരപ്പെടുത്തി. ഇവരാണ് ഇപ്പോൾ സർക്കാരിനു മുന്നിൽ അപരാധികളായിരിക്കുന്നത്.
എന്നാൽ, ഈ നൂലാമാലകൾക്കെല്ലാം തുടക്കമിട്ടത് സർക്കാരിന്റെ തന്നെ പിടിപ്പുകേടും. 2010ലെ ഒരു കേസും 2016ൽ അതിലുണ്ടായ കോടതിവിധിയുമാണ് നിർമാണങ്ങളെ കുരുക്കിലാക്കിയത്. 1964ൽ സംസ്ഥാനത്തെ ഉദ്യോഗസ്ഥർ ചമച്ചു മന്ത്രിസഭയുടെ അംഗീകാരം നേടിയ ചട്ടത്തിലെ വ്യവസ്ഥകൾ ഹൈറേഞ്ചുകാർ ലംഘിച്ചുവെന്നാണ് 2016ൽ സർക്കാർ കോടതിയിൽ അറിയിച്ചത്. പട്ടയഭൂമി കൃഷിക്കും വീടിനുമല്ലാതെ ഉപയോഗിക്കാൻ അനുവാദമില്ലെന്നായിരുന്നു സർക്കാർ വാദം. നിയമങ്ങളും ചട്ടങ്ങളും വ്യവസ്ഥകളും അനുസരിച്ച് ബന്ധപ്പെട്ട ഓഫീസുകളിൽ അപേക്ഷയും ഫീസും പ്ലാനും ചെലാനും പണവും അടച്ച് അധികാരിയുടെ പരിശോധനകളും എല്ലാം പൂർത്തിയാക്കി വീടും കെട്ടിടങ്ങളും നിർമിച്ചവരെ കോടതിയിലെ ഒറ്റ വാദംകൊണ്ട് സർക്കാർ പ്രതിക്കൂട്ടിലാക്കി. റവന്യു വകുപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ധനകാര്യ വകുപ്പിനും ചുങ്കവും പതാരവും നൽകിയിരുന്നവരെയാണ് ഇങ്ങനെ കുഴപ്പത്തിലാക്കിയത്.
പുതിയ ചട്ടം ദുരുദ്ദേശ്യമോ?
1964ലെ ഭൂപതിവുചട്ടമനുസരിച്ച് കേരളത്തിൽ വ്യാപകമായി സർക്കാർ ഭൂമി പതിച്ചു നൽകിയിട്ടുണ്ട്. ഹൈറേഞ്ചിലാണ് കൂടുതൽ ഭൂമി പതിച്ചു നൽകിയിട്ടുള്ളത്. അതിന് പ്രത്യേക സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളുണ്ട്. രാജ്യത്ത് നിലനിന്നിരുന്ന ഭക്ഷ്യക്ഷാമം പരിഹരിക്കുകയെന്ന മുഖ്യ ഉദ്ദേശ്യം ഈ ഭൂപതിവിനുണ്ടായിരുന്നു. ലക്ഷ്യം വ്യക്തമാക്കുന്നതുപോലെ കൃഷിക്കും അവർക്കു താമസിക്കാൻ വീടു വയ്ക്കാനുമാണ് അന്ന് ഭൂമി നൽകിയത്. അപ്പോൾ ഈ ഭൂമിയുടെ ഗുണകരമായ ഉപയോഗത്തിനു വ്യാപാരശാലകളും പള്ളിക്കൂടങ്ങളും ആശുപത്രിയും ഫാക്ടറിയും മറ്റും വേണ്ടിവരുമെന്ന് കാണാനുള്ള ദീർഘവീക്ഷണം അന്നുണ്ടായിരുന്നവർക്ക് ഇല്ലാതെപോയതു തെറ്റായെങ്കിൽ മാപ്പുകൊടുക്കാമല്ലോ. അതിനുശേഷം പ്രദേശം നഗരമായും ടൗണുകളായും വളർന്നപ്പോൾ ആവശ്യമായ കൂട്ടിച്ചേർക്കലുകൾ നടത്തി ജനങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനുള്ളതാണ്. അല്ലാതെ നിയമത്തിന്റെ മറപിടിച്ച് ജനങ്ങളെ വേട്ടയാടാനുള്ള അധികാരമല്ല ജനങ്ങൾ നൽകിയിരിക്കുന്നത്.
താരിഫ് വിലയുടെ 50 ശതമാനം വരെ പിഴ ഈടാക്കി നിർമാണം ക്രമവത്കരിക്കാനുള്ള നീക്കം കൊള്ളയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഭൂ പതിവു ചട്ടത്തിലെ ഭേദഗതി അനുസരിച്ച് 7-6- 2024 വരെയുള്ള നിർമാണങ്ങൾ ഭൂമിയുടെ താരിഫ് വിലയുടെ 50 ശതമാനം വരെ പിഴ ചുമത്തി ക്രമവത്കരിക്കുമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്. സെന്റിന് ഏഴു മുതൽ 15 ലക്ഷം രൂപ വരെ താരിഫ് വിലയുള്ള ഭൂമി ഹൈറേഞ്ചിലുണ്ട്.
താരിഫ് വില നിശ്ചയിച്ചത് സർക്കാരാണ്. അതിന്റെ മാനദണ്ഡം ടൗണുകളുടെ വ്യാപാരസാധ്യതയാണ്. ടൗണുകൾ ഉണ്ടായത് സർക്കാരിന്റെ ഇപ്പോഴത്തെ വിവക്ഷ അനുസരിച്ച അനധികൃത നിർമാണങ്ങളിലൂടെയാണ്. ഉദാഹരണത്തിന്, കട്ടപ്പന ടൗണിൽ വ്യാപാരസാധ്യത വർധിച്ചതനുസരിച്ച് സെന്റിനു 10 ലക്ഷം രൂപ താരിഫ് വില ഉണ്ട്. സർക്കാർ പറയുന്നതുപോല അനധികൃത നിർമാണങ്ങൾ ഉണ്ടായതിനാലാണ് അതു സംഭവിച്ചത്. അതിന്റെ ഗുണം സർക്കാർ ഏറ്റെടുക്കുന്നത് വഞ്ചനയാണ്. ചട്ടമനുസരിച്ച് കെട്ടിടം നിലനില്ക്കുന്ന സ്ഥലവും കെട്ടിടം നിർമിക്കാതെ വ്യവസായത്തിനായി ഉപയോഗിക്കുന്ന തുറസായ സ്ഥലവും വ്യാപാരനിർമിതിയിൽ പെടും.
അതായത്, 20 സെന്റിലുള്ള കെട്ടിടത്തിന് 50 സെന്റ് മൈതാനമായോ വാഹന പാർക്കിംഗിനായോ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതും വ്യാപാരനിർമതിയായി കണക്കാക്കും. അങ്ങനെ കണക്കാക്കുന്പോൾ 70 സെന്റിന്റെ താരിഫ് വിലയുടെ 50 ശതമാനം പിഴയടച്ചു വേണം നിർമാണം ക്രമവത്കരിക്കാൻ. സെന്റിനു പത്തു ലക്ഷം രൂപ വിലയുള്ള 70 സെന്റ് ഭൂമി ക്രമവത്കരിക്കണമെങ്കിൽ ഏഴുകോടി രൂപയുടെ 50 ശതമാനം മൂന്നര കോടി രൂപ അടയ്ക്കണം. 7-6-2024നു ശേഷം നിർമിച്ചിട്ടുള്ള കെട്ടിടങ്ങളുടെ ഭാവിയും ഇരുളടഞ്ഞതാണ്. 3,000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടുകളും ക്രമീകരിക്കേണ്ടതാണെങ്കിൽ അപേക്ഷ വാങ്ങി ഫീസില്ലാതെ ക്രമവത്കരിക്കുമെന്നും ചട്ടത്തിൽ പറയുന്നു. ഇതിലെ യുക്തി ദുരൂഹമാണ്. 1964ലെ ചട്ടത്തിൽ വീടു വയ്ക്കാൻ അനുമതിയുണ്ടെന്നു പറയുന്ന സർക്കാർ 3,000 ചതുരശ്ര അടിയിൽ കൂടുതൽ വലിപ്പുമുള്ള വീട് വെറുതെ ക്രമവത്കരിക്കുമെന്നു പറയുന്നതിൽ യുക്തിരാഹിത്യമുണ്ട്. 1964ലെ ചട്ടത്തിൽ വീടിന്റെ വലിപ്പം പറഞ്ഞിട്ടില്ല.
സർക്കാരിനു ചാകര
വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കാനുള്ള അപേക്ഷ സമർപ്പിക്കാൻ ഒരുവർഷം വരെ സമയം അനുവദിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ഇതു നീട്ടി നൽകുകയും ചെയ്യും. പരമാവധി എട്ടുമാസമാണ് ഈ സർക്കാരിനുള്ളത്. അടുത്ത തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തുന്നവരാണ് ഇതു കൈകാര്യം ചെയ്യേണ്ടത്. ഭേദഗതിയെ എതിർക്കുന്ന ഇപ്പോഴത്തെ പ്രതിപക്ഷം അടുത്ത തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ ഈ ഭേദഗതി നടപ്പാക്കുമെന്നു വേണം അനുമാനിക്കാൻ. മറിച്ചൊന്ന് അവർ പറഞ്ഞിട്ടില്ല. ഇപ്പോഴത്തെ സർക്കാരിനു ജനങ്ങൾ തുടർച്ച നൽകിയാൽ നയങ്ങൾക്കുള്ള അംഗീകാരമായി കണക്കാക്കാം.
ദുരന്തം വന്നുകയറി; ഭൂവുടമകൾ പുറത്തായി
1964ലെ ഭൂപതിവു ചട്ടം നിലവിലായതോടെ ദുരന്തവും വന്നു കയറി. 1964ലെ ഭൂപതിവു ചട്ടപ്രകാരം സർക്കാർ ഭൂമി (കൈവശഭൂമി) പതിച്ചു നൽകി അതിൽ ജീവിക്കുന്നവർ മുഴുവൻ ഇപ്പോൾ പടിക്കു പുറത്തായി. പുതിയ നിയമം പ്രാബല്യത്തിലായെന്നു സർക്കാർ പറയുന്ന 07-06-2024വരെയുള്ള മുഴുവൻ നിർമാണങ്ങളും ക്രമവത്കരിക്കേണ്ടി വന്നിരിക്കുന്നു.
വീടുകൾ ഉൾപ്പെടെ നിർമിച്ചിട്ടുള്ളവർ ക്രമപ്പെടുത്തി ലഭിക്കാൻ 50 രൂപ മുദ്രപത്രത്തിൽ സത്യവാങ്മൂലം നൽകി അപേക്ഷിക്കണം. വീടുവയ്ക്കാൻവേണ്ടി മാത്രം പതിച്ചു നൽകിയിരിക്കുന്ന ഭൂവുടമകൾ അപേക്ഷ നൽകേണ്ടതില്ല. വീടുവയ്ക്കാൻ മാത്രം ഭൂമി പതിച്ചു നൽകിയിരിക്കുന്നത് ഭൂരഹിതർക്കും ആദിവാസി ജനവിഭാഗങ്ങൾക്കുമാണ്. മറ്റുള്ളവർക്ക് കൃഷിക്കും വീടിനും ഭൂമിയുടെ ഗുണകരമായ ഉപയോഗത്തിനുമാണ് ഭൂമി പതിച്ചു നൽകിയിട്ടുള്ളത്. അങ്ങനെയുള്ളവരുടെ വീടും ക്രമവത്കരിക്കണം. ഫീസ് ഇല്ല. 50 രൂപ മുദ്രപത്രത്തിൽ സത്യവാങ്മൂലം നൽകി അപേക്ഷിക്കണം. അതായത്, ഇന്നലെ വരെ ഇവിടെ ജീവിച്ചവർ എല്ലാം പുതിയ ജീവിതം തുടങ്ങണം. ക്രമപ്പെടുത്തൽ നിലവിൽ വരുന്നതോടെ ക്രമപ്പെടുത്താത്ത എല്ലാ നിർമിതികളും അനധികൃതമായി മാറും. ഇതോടെ അനധികൃത നിർമാണങ്ങൾ അതായത്, അനധികൃത നിർമാണങ്ങൾ നിലനിൽക്കുന്ന ഭൂമി ഉൾപ്പെടെ ക്രയവിക്രയം ചെയ്യാൻ സാധിക്കാത്ത അവസ്ഥയാകും. പട്ടയമില്ലാത്ത ഭൂമിയിൽ അനധകൃതമായി കെട്ടിടമോ വീടോ നിർമിച്ചവർക്കു മാത്രമേ പ്രതിസന്ധി ഉള്ളൂ എന്ന തെറ്റായ ധാരണ ആളുകൾക്കിടയിലുണ്ടായിട്ടുണ്ട്. അത്തരം നിർമിതികളെക്കുറിച്ച് പുതിയ ചട്ടത്തിൽ പ്രതിപാദ്യമില്ല. പട്ടയമുള്ള കെട്ടിടങ്ങളുടെ കാര്യത്തിലാണ് ഭേദഗതി നിയമം ബാധകമായിട്ടുള്ളത്.
പുതിയ പട്ടയക്കാർക്കും പണികിട്ടി
1964ലെ ചട്ടപ്രകാരം ഭൂമി ലഭിച്ചവർക്കായിരുന്നു ഇതുവരെ നിർമാണവിലക്ക് ഉണ്ടായിരുന്നത്. എന്നാൽ 7-6-24 മുതൽ 1993ലെ സ്പെഷൽ റൂൾ അനുസരിച്ചു (പുതിയ പട്ടയം) പതിച്ചു നൽകിയിട്ടുള്ള ഭൂമിക്കും നിയന്ത്രണം ബാധകമാക്കിയിട്ടുണ്ട്. ഭൂവിഷയം സങ്കീർണമാക്കപ്പെട്ടതോടെ ഭൂമിയുടെ കൊടുക്കൽ വാങ്ങലുകളും പണയപ്പെടുത്തലുകളും ഉൾപ്പെടെയുള്ള കാര്യങ്ങൾ അവതാളത്തിലാകും. കെട്ടിടവും ഭൂമിയും ഈടുനൽകി ധനകാര്യ സ്ഥാപനങ്ങളിൽനിന്നു വായ്പ എടുത്തിട്ടുള്ളവരുടെ വസ്തു ക്രമവത്കരിച്ചില്ലെങ്കിൽ മൂല്യം ഇല്ലാതാകും.
Editorial
നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന പ്രശ്നങ്ങൾക്കും സമയബന്ധിതമായി പരിഹാരം കാണാൻ സർക്കാർ തയാറാകണം. എത്രയും പെട്ടെന്ന് അത്തരം നടപടികളിലേക്കു പോയാലേ മുഖ്യമന്ത്രി പ്രകടിപ്പിച്ച ശുഭാപ്തിവിശ്വാസം ഫലപ്രാപ്തിയിലെത്തൂ.
ഭൂപതിവ് നിയമ ഭേദഗതിയുടെ ചട്ടങ്ങൾ മന്ത്രിസഭ അംഗീകരിച്ചതോടെ മലയോരജനതയ്ക്കു പ്രതീക്ഷയേറി. എന്നാൽ, കർഷകർക്കു വേണ്ടത് ഉപാധിരഹിത പട്ടയമാണെന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാകരുത്. ഭേദഗതി നിയമം പ്രാബല്യത്തിൽ വന്ന 2024 ജൂൺ ഏഴു വരെ ഇത്തരം ഭൂമിയിലെ വകമാറ്റിയുള്ള വിനിയോഗങ്ങൾ ക്രമീകരിക്കുന്നതിന് ഈ ഭേദഗതി സഹായകമാകും.
അതോടൊപ്പം പതിച്ചുനല്കിയ ആവശ്യങ്ങൾക്കല്ലാതെ ഭൂമി മറ്റാവശ്യങ്ങൾക്കുപയോഗിക്കാൻ വ്യവസ്ഥകളോടെ അനുമതി നല്കാനും ഇനി സാധിക്കും. ഇടതുമുന്നണിയുടെ ഒരു തെരഞ്ഞെടുപ്പുവാഗ്ദാനം പാലിച്ച സന്തോഷമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്ത മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമപ്രവർത്തകരെ കണ്ട മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളിൽ കണ്ടത്.
പട്ടയം ലഭിച്ച ഭൂമി ജീവനോപാധിക്കായി സ്വതന്ത്രമായി ഉപയോഗിക്കാനാകണമെന്നതാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, പട്ടയഭൂമി സ്വതന്ത്രമായി വിനിയോഗിക്കാനുള്ള അവകാശം അതിന്റെ ഉടമകള്ക്കു കിട്ടണമെങ്കിൽ ഇനിയും കടമ്പകളുണ്ട്. പുതിയ ചട്ടങ്ങൾ നിലവിൽ വന്നത് ഒട്ടേറെ നിയമപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നുണ്ടെങ്കിലും പതിവുഭൂമിയിൽ ഇനിയും നിർമാണപ്രവർത്തനങ്ങൾ നടത്തണമെങ്കിൽ പുതിയ ചട്ടങ്ങൾ വേറെയും വേണ്ടിവരും.
രണ്ടു ചട്ടങ്ങളാണ് സർക്കാർ കൊണ്ടുവരുന്നത്. ഒന്നാമത്തേത് പതിവുഭൂമിയിൽ ഇതുവരെ ഉണ്ടായിട്ടുള്ള വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുന്നതിനുള്ളതാണ്. കൃഷിക്കും ഗൃഹനിർമാണത്തിനും മറ്റുമായി പതിച്ചുനൽകിയ ഭൂമി പ്രധാനമായും ജീവനോപാധി ലക്ഷ്യമാക്കിയുള്ള മറ്റ് വിനിയോഗത്തിന് അനുവദിക്കുന്നതിനുള്ള ചട്ടങ്ങളാണ് രണ്ടാമത്തേത്.
ഇതിൽ ഒന്നാമത്തെ ചട്ടത്തിനാണു മന്തിസഭ അംഗീകാരം നൽകിയിരിക്കുന്നത്. രണ്ടാമത്തെ ചട്ടം തുടർച്ചയായി പരിഗണിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. 1960ലെ ഭൂപതിവ് നിയമമാണ് 2023ൽ നിയമസഭ ഏകകണ്ഠമായി ഭേദഗതി ചെയ്തത്. 2024 ഏപ്രിൽ 27ന് ഗവർണർ ബിൽ അംഗീകരിച്ചു. 1960ലെ ഭൂപതിവ് നിയമം, 1964ലെ ഭൂപതിവു ചട്ടങ്ങൾ എന്നിവ നിലനിൽക്കുമ്പോൾതന്നെ, 1993ൽ ഒരു പ്രത്യേക നിയമം (കേരള ലാൻഡ് അസൈൻമെന്റ്സ് സ്പെഷൽ റൂൾസ്) കൊണ്ടുവന്നിരുന്നു.
ഈ നിയമങ്ങൾ ഒന്നിനോടൊന്നു പൊരുത്തപ്പെടാത്തതും ചിലയിടങ്ങളിൽ അവ്യക്തതകൾ നിറഞ്ഞതുമായിരുന്നു. ഇത് കോടതികളിൽ നിരവധി കേസുകൾക്കും തർക്കങ്ങൾക്കും വഴിവച്ചു. ഈ നിയമപരമായ സങ്കീർണതകൾ ലഘൂകരിക്കാനും നിയമങ്ങൾ കൂടുതൽ വ്യക്തമാക്കാനുംവേണ്ടിയാണ് ഭേദഗതി ആവശ്യമായി വന്നത്.
കർഷകരുടെ പ്രധാന ആവശ്യം കൃഷിക്കും ഭവനനിർമാണത്തിനും മാത്രം എന്ന പട്ടയവ്യവസ്ഥകൾ ഒഴിവാക്കണമെന്നും പരിഗണനയിലിരിക്കുന്ന അപേക്ഷകളിൽ പട്ടയം നൽകുന്പോൾ ഉപാധിരഹിതമായി നൽകണമെന്നുമാണ്. ഇതിന് ഇപ്പോഴത്തെ ചട്ടങ്ങൾ മാത്രം മതിയാകില്ല. പട്ടയവ്യവസ്ഥകൾ പാലിച്ച് ഇതുവരെ നിർമാണപ്രവർത്തനം നടത്താതിരുന്നവർ ഇനി നിർമാണം നടത്താൻ ഉദ്ദേശിക്കുന്നുവെങ്കിൽ വൻ തുക ഫീസ് അടയ്ക്കണമെന്ന നിർദേശവും കർഷകവിരുദ്ധമാണ്.
പട്ടയഭൂമിയിൽ ഭാവിയിൽ നിർമാണം നടത്തേണ്ടവർ ഉദ്യോഗസ്ഥരുടെ ഔദാര്യത്തിനുവേണ്ടി കാത്തുനിൽക്കേണ്ട അവസ്ഥ ഉണ്ടാകരുത്. ചെറുകിട കർഷകർക്കു പട്ടയഭൂമി മറ്റാവശ്യത്തിന് ഉപയോഗിക്കാൻ കഴിയുകയും വേണം. പട്ടയഭൂമിയിലെ എല്ലാ നിയന്ത്രണങ്ങളും എടുത്തുകളണമെന്ന ആവശ്യമാണ് കർഷകർക്കുള്ളത്.
മന്ത്രിസഭ പാസാക്കിയ ചട്ടങ്ങളിൽ പതിവുഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ചവരെ കുറ്റക്കാരായിക്കണ്ട് ഫീസ് ഈടാക്കാനുള്ള ചട്ടങ്ങളാണുള്ളതെന്ന് മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ പി.ജെ. ജോസഫ് എംഎൽഎയും, കരട് ഭൂപതിവ് നിയമഭേദഗതി ഇടുക്കിയിലെ ജനങ്ങളുടെ കഴുത്തില് വീണ്ടും കുരുക്ക് മുറുക്കുന്ന നടപടിയാണെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎയും വിമർശിച്ചിട്ടുണ്ട്.
പട്ടയഭൂമിയില് നിര്മാണപ്രവൃത്തികള് പൂര്ണമായും നിയമപരമായി നിരോധിക്കുന്നതാണ് നിയമ ഭേദഗതിയെന്നും മാത്യു കുഴൽനാടൻ ആരോപിക്കുന്നുണ്ട്. ഇവരുടെ വിമർശനം സംബന്ധിച്ച് സർക്കാർ ഗൗരവത്തിൽ പരിശോധന നടത്തുകയും അപാകതയുണ്ടെങ്കിൽ പരിഹരിക്കുകയും വേണം. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ സമയബന്ധിതമായി തയാറാകണം.
എത്രയും പെട്ടെന്ന് അത്തരം നടപടികളിലേക്ക് പോയാലേ മുഖ്യമന്ത്രി പ്രകടിപ്പിച്ച ശുഭാപ്തിവിശ്വാസം ഫലപ്രാപ്തിയിലെത്തൂ. ക്രമവത്കരണം സംബന്ധിച്ച നിബന്ധനകൾക്കും കൃത്യത ഉണ്ടാകേണ്ടതുണ്ട്. കെട്ടിടം ക്രമവത്കരിക്കാനുള്ള അധികാരിയെയും ഭൂമി തരംമാറ്റാനുള്ള അധികാരിയെയും നിശ്ചയിക്കണം. കെട്ടിടം നിർമിക്കുന്നതിനുള്ള അധികാരം നൽകുന്നത് നിലവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എൻജിനിയറിംഗ് വിഭാഗമാണ്.
ഭൂമി തരംമാറ്റേണ്ടത് റവന്യു വകുപ്പും. നിലവിൽ നിർമിച്ചിരിക്കുന്ന കെട്ടിടങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യു വകുപ്പും ഫീസും നികുതിയും കൈപ്പറ്റിയിട്ടുള്ളതാണ്. അത്തരം നിർമിതികൾക്കാണ് ഇനിയും ക്രമവത്കരണ അപേക്ഷയും പ്രത്യേക ഫീസും നൽകേണ്ടിവരുന്നതെന്ന വസ്തുതയും കണക്കിലെടുക്കണം.
ഒരുതവണ കെട്ടിടനികുതി ഇനത്തില് തുക ഈടാക്കിയശേഷം വീണ്ടും ഫീസ് ഈടാക്കാനുള്ള നീക്കം സര്ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന് ഇടുക്കിയിലെയും മലയോരപ്രദേശത്തെയും ജനങ്ങളെ പിഴിയുന്നതാണെന്നും ആരോപണമുണ്ട്. പ്രതിപക്ഷ കക്ഷികളും ഈ വിഷയം നേരിട്ടു ബാധിക്കുന്നവരും ചൂണ്ടിക്കാണിക്കുന്ന അപാകതകൾ രാഷ്ട്രീയം മാറ്റിവച്ച് പരിഗണിക്കാൻ സർക്കാർ തയാറായില്ലെങ്കിൽ മലയോരത്തെ ജനങ്ങളുടെ സന്തോഷം ക്ഷണികമായി മാറും.