Sports
പാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ ആദ്യ പാദ സെമിയിൽ പിഎസ്ജിക്ക് ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ബയേൺ മ്യൂണിക്കിനെ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചു.
പിഎസ്ജിക്ക് വേണ്ടി ഖ്വിച്ച ക്വാരാറ്റ്സ്ഖേലിയയും ഒസ്മാൻ ഡെംപെലെയും രണ്ട് ഗോളുകൾ വീതവും ജാവോ നെവെസ് ഒരു ഗോളും നേടി. ഹാരി കെയ്നും മൈക്കൽ ഒലിസെയും ഡയോട്ട് ഉപമെക്കാനോയും ലൂയിസ് ഡയസും ആണ് ബയേണിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
മെയ് ആറിനാണ് രണ്ടാം പാദ സെമിഫൈനൽ. മ്യൂണിക്കിലെ അലയൻസ് അരീനയാണ് വേദി.
Sports
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ ക്വാര്‍ട്ടറില്‍ 2-1ന്റെ ജയം നേടിയെങ്കിലും സ്പാനിഷ് കരുത്തരായ എഫ്സി ബാഴ്സലോണ പുറത്ത്.
ആദ്യപാദത്തില്‍ 2-0ന്റെ ജയം നേടിയ അത്ലറ്റിക്കോ മാഡ്രിഡ്, ഇരുപാദങ്ങളിലുമായി 3-2ന്റെ ജയത്തോടെ സെമിയിലെത്തി. ലാമിന് യമാല്‍ (4), ഫെറാന്‍ ടോറസ് (24) എന്നിവരാണ് രണ്ടാംപാദത്തില്‍ ബാഴ്സയ്ക്കായി വല കുലുക്കിയത്. അഡെമോള ലുക്ക്മാനായിരുന്നു (31) അത്ലറ്റിക്കോയുടെ ഗോള്‍ നേട്ടക്കാരന്‍.
സെമിയില്‍ ഇംഗ്ലീഷ് ക്ലബ് ആഴ്സണല്‍ എഫ്സിയാണ് അത്ലറ്റിക്കോ മാഡ്രിഡിന്റെ എതിരാളികള്‍. പോര്‍ച്ചുഗല്‍ ക്ലബ് സ്പോര്‍ട്ടിംഗിനെയാണ് ആഴ്സണല്‍ എഫ്സി ക്വാര്‍ട്ടറില്‍ കീഴടക്കിയത്.
ലണ്ടനില്‍ നടന്ന രണ്ടാംപാദം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ആദ്യപാദത്തിലെ 1-0ന്റെ ജയമാണ് ഗണ്ണേഴ്സിനു സെമി ടിക്കറ്റ് നല്‍കിയത്.
Sports
മ്യൂണിക്: കാല്‍പ്പന്തിന്റെ ചൂടിനാല്‍ സിരകള്‍ ത്രസിച്ച പോരാട്ടത്തില്‍ ജര്‍മന്‍ വമ്പന്മാരായ എഫ്സി ബയേണ്‍ മ്യൂണിക് ത്രില്ലര്‍ ജയത്തോടെ സെമി ഫൈനലില്‍. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ രണ്ടാംപാദ ക്വാര്‍ട്ടറില്‍ സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡിനെ ലേറ്റ് ഗോളിന്റെ ബലത്തില്‍ 4-3നു ബയേണ്‍ കീഴടക്കി. ഇരുപാദങ്ങളിലുമായി 6-4ന്റെ ജയത്തോടെ എഫ്സി ബയേണ്‍ മ്യൂണിക് സെമിയില്‍. ആദ്യപാദത്തില്‍ ബയേണ്‍ 2-1ന്റെ ജയം നേടിയിരുന്നു.
ഗുലര്‍ മാജിക്
ഒരു ഗോളിന്റെ കടവുമായി രണ്ടാംപാദ ക്വാര്‍ട്ടറിന് ഇറങ്ങിയ റയല്‍ മാഡ്രിഡിനായി ആദ്യ മിനിറ്റില്‍തന്നെ ആര്‍ദ ഗുലര്‍ ഗോള്‍ നേടി. ബയേണ്‍ ഗോള്‍ കീപ്പര്‍ അഡ്വാന്‍സ് ചെയ്തെത്തി നടത്തിയ പാസ് വഴിതെറ്റിയെത്തിയത് ഗുലറിന്റെ നേര്‍ക്ക്. നൊടിയിടയില്‍ കാവലില്ലാത്ത പോസ്റ്റിലേക്ക് ഗുലറിന്റെ ഉജ്വല ഫിനിഷിംഗ്. എന്നാല്‍, ആറാം മിനിറ്റില്‍ അലക്സാണ്ടര്‍ പവ്ലോവിച്ച് ബയേണിനായി ഗോള്‍ നേടി. 29-ാം മിനിറ്റില്‍ ഉജ്വല ഫ്രീകിക്കിലൂടെ ഗുലര്‍ വീണ്ടും റയലിനെ മുന്നിലെത്തിച്ചു. അതോടെ അഗ്രഗേറ്റ് 3-3. എന്നാല്‍, 38-ാം മിനിറ്റില്‍ ക്ലിനിക്കല്‍ ഫിനിഷിംഗിലൂടെ ഹാരി കെയ്ന്‍ ബയേണിന്റെ രണ്ടാം ഗോള്‍ നേടി. അതിനുള്ള മറുപടി കിലിയന്‍ എംബപ്പെയിലൂടെ 42-ാം മിനിറ്റില്‍ റയല്‍ നല്കി.
ബയേണ്‍ ഫിനിഷിംഗ്
ഹോം ഗ്രൗണ്ടില്‍ 3-2നു പിന്നിലാണെങ്കിലും അഗ്രഗേറ്റില്‍ ഇരുപാദങ്ങളിലുമായി 4-4ന്റെ സമനിലയുമായാണ് ബയേണ്‍ രണ്ടാം പകുതി ആരംഭിച്ചത്. ലീഡിനായി ഇരുഭഗവും കണിഞ്ഞു ശ്രമിച്ചു. എന്നാല്‍, ഗോള്‍ കീപ്പര്‍മാരുടെ മിന്നും പ്രകടനം വലകുലുങ്ങാതെ കാത്തു. 87-ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡിലൂടെ എഡ്വാര്‍ഡൊ കമവിംഗ മാര്‍ച്ചിംഗ് ഓര്‍ഡര്‍ കൈപ്പറ്റി. 90-ാം മിനിറ്റില്‍ ജമാല്‍ മുസിയാലയുടെ അസിസ്റ്റില്‍ ലൂയിസ് ഡിയസ് ബയേണിന്റെ മൂന്നാം ഗോള്‍ നേടി. സ്റ്റോപ്പേജ് (90+4) ടൈമില്‍ ഹാരി കെയ്ന്റെ അസിസ്റ്റില്‍ മൈക്കല്‍ ഒലിസ് ബയേണിന്റെ ഹോംജയം പൂര്‍ണമാക്കി.
സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്‍മെയ്നാണ് ബയേണിന്റെ എതിരാളികള്‍. ഇരുപാദങ്ങളിലുമായി പിഎസ്ജി 4-0ന് ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂള്‍ എഫ്സിയെയാണ് കീഴടക്കിയത്. ആദ്യപാദത്തില്‍ 2-0ന്റെ ജയം നേടിയ പിഎസ്ജി, രണ്ടാംപാദത്തിലും അത് ആവര്‍ത്തിച്ചു. ഉസ്മാന് ഡെംബെലെയായിരുന്നു (72, 90+1) രണ്ടാംപാദത്തില്‍ പിഎസ്ജിക്കായി ഗോള്‍ നേടിയത്.
Sports
ബാഴ്സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ആദ്യപാദ ക്വാര്‍ട്ടറില്‍ അത്ലറ്റിക്കോ മാഡ്രിഡിന് എതിരായ മത്സരത്തില്‍ പെനാല്‍റ്റി അനുവദിച്ചില്ലെന്ന പരാതിയുമായി എഫ്സി ബാഴ്സലോണ.
ബോക്സിനുള്ളില്‍വച്ച് അത്ലറ്റിക്കോയുടെ റൈറ്റ് ബാക്കായ മാര്‍ക്ക് പബിലിന്റെ കൈയില്‍ പന്ത് കൊണ്ടെന്നും അപ്പീല്‍ നടത്തിയെങ്കിലും റഫറി വിഎആര്‍ പരിശോധിച്ചില്ലെന്നുമാണ് യുവേഫയ്ക്ക് നല്കിയ പരാതിയില്‍ ബാഴ്സലോണ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
Sports
പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്മെയ്ന് ആദ്യപാദ ക്വാര്‍ട്ടറില്‍ ജയം. ഹോം ഗ്രൗണ്ടായ പാര്‍ക്ക് ഡെസ് പ്രിന്‍സസില്‍ അരങ്ങേറിയ മത്സരത്തില്‍ പിഎസ്ജി 2-0ന് ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂള്‍ എഫ്സിയെ തോല്‍പ്പിച്ചു.
ഇരുപാദങ്ങളിലുമായി ആയിരുന്നു രണ്ട് ഗോള്‍. കഴിഞ്ഞ സീസണിലെ നോക്കൗട്ട് ഘട്ടത്തില്‍ ഹോം ഗ്രൗണ്ടില്‍ പരാജയപ്പെട്ടതിന്റെ കണക്കും പിഎസ്ജി വീട്ടി.
10-ാം മിനിറ്റില്‍ പിഎസ്ജിയുടെ ഡെസിരെ ഡൗവിന്റെ ഗോള്‍ ശ്രമം പരാജയപ്പെട്ടതോടെയാണ് മത്സരത്തിനു ചൂടുപിടിച്ചത്. തൊട്ടടുത്ത മിനിറ്റില്‍ ഡൗ ലിവര്‍പൂളിന്റെ വലകുലുക്കി. ഡൗവിന്റെ വലംകാല് ഷോട്ട് ലിവര്‍പൂള്‍ ഗോള്‍വലയില്‍ വിശ്രമിച്ചു.
65-ാം മിനിറ്റില്‍ പിഎസ്ജി ലീഡ് ഉയര്‍ത്തി. ജാവൊ നെവെസിന്റെ അസിസ്റ്റില്‍ ഖ്വിച ക്വാരത്സ്ഖേലിയയായിരുന്നു പിഎസ്ജിക്കായി ലക്ഷ്യംനേടിയത്.
സലയെ കളിപ്പിച്ചില്ല
ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സലയെ കോച്ച് അര്‍നെ സ്ലോട്ട് സൈഡ് ബെഞ്ചില്‍ ഇരുത്തിയതും ശ്രദ്ധേയം. ഇക്കാര്യത്തെക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍, രണ്ടാംപാദത്തിനായി സലയുടെ ഊര്‍ജം കാത്തുവച്ചതാണെന്നായിരുന്നു സ്ലോട്ടിന്റെ മറുപടി.
Sports
ബാഴ്സലോണ: അര്‍ജന്റൈന്‍ താരം ജൂലിയന്‍ ആല്വരസിന്റെ മിന്നും ഫ്രീകിക്ക് ഗോളും അലക്സാണ്ടര്‍ സോര്‍ലോത്തിന്റെ ക്ലിനിക്കല്‍ ഫിനിഷിംഗും ചേര്‍ന്നപ്പോള്‍ എഫ്സി ബാഴ്സലോണയുടെ കാമ്പ് നൗവില്‍ 2-0ന് അത്ലറ്റിക്കോ മാഡ്രിഡിനു ജയം.
യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ ക്വാര്‍ട്ടറില്‍ ബാഴ്സലോണയുടെ തട്ടകത്തില്വച്ചാണ് അത്ലറ്റിക്കോ അസാധ്യമെന്നു കരുതിയ ജയം സ്വന്തമാക്കിയത്. ബാഴ്സയുടെ മാര്‍ക്കസ് റാഷ്ഫോഡിനും ലാമിന് യമാലിനുമെല്ലാം കാഴ്ചക്കാരാകേണ്ടിവന്നു.
44-ാം മിനിറ്റില്‍ പൗ കുബാര്‍സി നേരിട്ടു ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ എഫ്സി ബാഴ്സലോണയുടെ അംഗബലം പത്തിലേക്കു ചുരുങ്ങി. തുടര്‍ന്ന് 45-ാം മിനിറ്റില്‍ ഉജ്വല ഫ്രീകിക്കിലൂടെ ആല്‍വരസ് അത്ലറ്റിക്കോയെ മുന്നിലെത്തിച്ചു. സ്പാനിഷ് ക്ലബ്ബുകളുടെ ഏറ്റുമുട്ടലിന്റെ ആദ്യപാദം അത്ലെറ്റിയുടെ ലീഡോടെ വിസില്‍ മുഴങ്ങി.
50-ാം മിനിറ്റില്‍ എഫ്സി ബാഴ്സലോണയുടെ മാര്‍ക്കസ് റാഷ്ഫോഡിന്റെ ഗോള്‍ശ്രമം സൈഡ് നെറ്റില്‍ കുടുങ്ങി. 53-ാം മിനിറ്റില്‍ റാഷ്ഫോഡിന്റെ ഫ്രീകിക്ക് അത്ലറ്റിക്കോ ഗോള്‍ കീപ്പര്‍ ഹ്വാന്‍ മുസ്സോ തട്ടിത്തെറിപ്പിച്ചു. 70-ാം മിനിറ്റില്‍ ജൂലിയാനോ സിമിയോനെയുടെ അത്ലെറ്റി ലീഡ് ഉയര്‍ത്തി. മാറ്റിയോ റഗേരിയുടെ ക്രോസില്‍ അലക്സാണ്ടര്‍ സോര്‍ലോത്ത് ബോക്സിനു നടുവില്‍നിന്നു തൊടുത്ത ഷോട്ട് ബാഴ്സലോണയുടെ വലകുലുക്കി.
ആല്‍വരസ്, മുസ്സോ
ജൂലിയന്‍ ആല്വരസിന്റെ ഫ്രീകിക്ക് ഗോളാണ് ബാഴ്സയ്ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ അത്ലറ്റിക്കോയ്ക്കു സഹായകമായത്. ആല്‍വരസാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. വലയ്ക്കു മുന്നില്‍ അത്ലറ്റിക്കോ ഗോള്‍ കീപ്പര്‍ ഹ്വാന്‍ മുസ്സോയുടെ മിന്നും രക്ഷപ്പെടുത്തലും ബാഴ്സയുടെ ആക്രമണങ്ങള്‍ വിഫലമാക്കി. ഏഴ് സേവുകളാണ് മുസ്സോ നടത്തിയത്. ഗോള്‍ ഷോട്ടിലും (3-7), ഷോട്ട് ശ്രമത്തിലും (5-18) എഫ്സി ബാഴ്സലോണയ്ക്കായിരുന്നു മുന്‍തൂക്കം.
Sports
മാഡ്രിഡ്/ലിസ്ബണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ആദ്യപാദ ക്വാര്‍ട്ടറില്‍ ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ലീഡേഴ്സായ ആഴ്സണല്‍ എഫ്സിക്കും ജയം.
എഫ്സി ബയേണ്‍ മ്യൂണിക്ക്, സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡിനെയാണ് കീഴടക്കിയത്. മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗൊ ബര്‍ണബ്യുവില്‍ അരങ്ങേറിയ മത്സരത്തില്‍ 2-1ന് ആയിരുന്നു ബയേണ്‍ മ്യൂണിക്കിന്റെ ജയം.
ഡിയസ്, കെയ്ന്‍
ഒമ്പതാം മിനിറ്റില്‍ റയല്‍ മാഡ്രിഡിന്റെ ഗോള്‍ മുഖത്ത് ഹാരി കെയ്നും ദയോട്ട് ഉപമെകാനോയും ചേര്‍ന്ന് ഭീതിപടര്‍ത്തി. കെയ്ന്റെ ക്രോസില്‍ ഉപമെകാനോ തൊടുത്ത ഷോട്ട് റയല്‍ മാഡ്രിഡിന്റെ കാരേറസ് ഗോള്‍ലൈന്‍ രക്ഷപ്പെടുത്തലിലൂടെ തടഞ്ഞു. 28-ാം മിനിറ്റില്‍ ബയേണിന്റെ സെര്‍ജ് ഗ്നാബ്രിയുടെ പോയിന്റ് ബ്ലാങ്ക് ഷോട്ട് റയല്‍ ഗോള്‍ കീപ്പര്‍ ആന്‍ഡ്രി ലുനിന് രക്ഷപ്പെടുത്തി. തൊട്ടടുത്ത മിനിറ്റില്‍ കിലിയന്‍ എംബപ്പെയിലൂടെ റയല്‍ മാഡ്രിഡിന്റെ ആക്രമണം. 32-ാം മിനിറ്റില്‍ ബയേണിന്റെ ജോഷ്വ ഹിമ്മിച്ചിന്റെ ഗോള്‍ ഷോട്ടും ലക്ഷ്യം കണ്ടില്ല.
ബയേണിന്റെ ഇടവിടാതെയുള്ള ആക്രമണം 41-ാം മിനിറ്റില്‍ ലക്ഷ്യംകണ്ടു. ഗ്നാബ്രിയുടെ അസിസ്റ്റില്‍ ബയേണിന്റെ ലൂയിസ് ഡിയസ് ബോക്സിന്റെ മധ്യഭാഗത്തുനിന്നു തൊടുത്ത ഷോട്ട് റയല്‍ മാഡ്രിഡിന്റെ വലയില്‍. 1-0ന് ബയേണ്‍ മുന്നില്‍.
ബയേണ്‍ മ്യൂണിക്ക് ലീഡ് ഉയര്‍ത്തുന്നതു കണ്ടാണ് രണ്ടാം പകുതി തുടങ്ങിയത്. 46-ാം മിനിറ്റില്‍ ഹാരി കെയ്ന്‍ ബോക്സിനു പുറത്തുനിന്നു തൊടുത്ത ഷോട്ട് ഗോള്‍ വലയുടെ വലത് താഴേത്തട്ടില്‍ വിശ്രമിച്ചു. മൈക്കല്‍ ഒലിസിന്റെ അസിസ്റ്റിലായിരുന്നു ഹാരി കെയ്ന്റെ ഗോള്‍. സീസണില്‍ ഹാരി കെയ്ന്റെ 49-ാം ഗോള്‍. ചാമ്പ്യന്‍സ് ലീഗില്‍ 11-ാമത്തെയും.
ഗോള്‍ മടക്കാനുള്ള റയല്‍ മാഡ്രിഡിന്റെ ശ്രമം 74-ാം മിനിറ്റില്‍ ഫലം കണ്ടു. ട്രെന്റ് അലക്സാണ്ടര്‍ അര്‍നോള്‍ഡിന്റെ ക്രോസില്‍നിന്ന് കിലിയന്‍ എംബപ്പെ മാഡ്രിഡിന്റെ ആശ്വാസ ഗോള്‍ നേടി.
മത്സരം പൂര്‍ണമായി ബയേണിന്റെ നിയന്ത്രണത്തിലായിരുന്നു. മത്സരത്തില്‍ 52 ശതമാനം പന്ത് നിയന്ത്രിച്ചത് ജര്‍മന്‍ സംഘം. എന്നാല്‍, ഗോള്‍ ഷോട്ടില്‍ (9-8) റയല്‍ മാഡ്രിഡ് മുന്നിട്ടുനിന്നു. ആക്രമണത്തിന്റെ തോത് അളക്കുന്ന കോര്‍ണര്‍ കിക്കില്‍ (11-8) ബയേണിനായിരുന്നു മുന്‍തൂക്കം.
സേവിംഗില്‍ മികച്ച പ്രകടനം (9-5) ബയേണിന്റെതായിരുന്നു. ഗോള്‍ വലയ്ക്കു മുന്നില്‍ മാനുവല്‍ നോയര്‍ റയല്‍ മാഡ്രിഡ് താരങ്ങളായ വിനീഷ്യസ് ജൂണിയറിന്റെയും എംബപ്പെയുടെയും ഗോള്‍ ശ്രമങ്ങള്‍ക്കു തടയിട്ടു.
Sports
ലിസ്ബൺ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിന്റെ ആദ്യപാദത്തിൽ ആഴ്സണലിന് ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ സ്പോർട്ടിംഗ് ലിസ്ബണെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
ആഴ്സണലിന് വേണ്ടി കായ് ഹാവെർട്ട്സ് ആണ് ഗോൾ നേടിയത്. മത്സരത്തിന്റെ ഇഞ്ചുറി സമയത്താണ് ആഴ്സണൽ താരം ഗോൾ കണ്ടെത്തിയത്.
ഈ മാസം 15നാണ് രണ്ടാം പാദ മത്സരം. ലണ്ടനിലെ എമിറേറ്റ്സ് സ്റ്റേഡിയമാണ് വേദി.
Sports
മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ റയൽ മാഡ്രിഡിനെതിരെ ബയേൺ മ്യൂണിക്കിന് ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബയേൺ വിജയിച്ചത്.
ബയേണിന് വേണ്ടി ലൂയിസ് ഡയസും ഹാരി കെയ്നും ആണ് ഗോളുകൾ നേടിയത്. കൈലിയൻ എംബാപ്പെയാണ് റയലിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
ഈ മാസം 15 നാണ് രണ്ടാം പാദ മത്സരം. മ്യൂണിക്കിലെ അലയൻസ് അരീനയാണ് വേദി.
Sports
പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ 2025-26 സീസണ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ഇന്ന് ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്മെയ്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സംഘമായ ലിവര്‍പൂള്‍ എഫ്സിയെ നേരിടും. ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.30നാണ് കിക്കോഫ്.
ഇന്നു നടക്കുന്ന മറ്റൊരു പോരാട്ടത്തില്‍ സ്പാനിഷ് ക്ലബ്ബുകളായ എഫ്സി ബാഴ്സലോണയും അത്ലറ്റിക്കോ മാഡ്രിഡും തമ്മില്‍ കൊമ്പുകോര്‍ക്കും. ബാഴ്സലോണയുടെ തട്ടകത്തിലാണ് ഈ സ്പാനിഷ് പോരാട്ടം.
ബാഴ്സ Vs അത്ലറ്റിക്കോ
അഞ്ചു തവണ യൂറോപ്യന്‍ ചാമ്പ്യന്മാരായ എഫ്സി ബാഴ്സലോണ, മൂന്നു പ്രാവശ്യം ഫൈനല്‍ കളിച്ച അത്ലറ്റിക്കോ മാഡ്രിഡിനെ സ്വന്തം തട്ടകത്തില്‍ നേരിടും. യൂറോപ്യന്‍ പോരാട്ടത്തില്‍ ഇരുടീമും നേര്‍ക്കുനേര്‍ ഇറങ്ങിയതെല്ലാം ക്വാര്‍ട്ടര്‍ ഫൈനല്‍ ഘട്ടത്തിലായിരുന്നു എന്നതാണ് ശ്രദ്ധേയം. 2013-14ലും 2015-16ലും ബാഴ്സയെ മറികടന്ന് അത്ലറ്റിക്കോ മുന്നേറി.
പിഎസ്ജി Vs ലിവര്‍പൂള്‍
ആദ്യ പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ പാരീസില്‍വച്ച് പിഎസ്ജി ലിവര്‍പൂളിനെ നേരിടും. നിലവിലെ ചാമ്പ്യന്മാരാണ് പിഎസ്ജി. ലിവര്‍പൂള്‍ ആറ് തവണ യൂറോപ്യന്‍ കിരീടം നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ഇരുടീമും പ്രീക്വാര്‍ട്ടറില്‍ ഏറ്റുമുട്ടിയിരുന്നു. അന്ന് ഷൂട്ടൗട്ടിലൂടെ പിഎസ്ജി ജയം നേടിയതിന്റെ കണക്ക് തീര്‍ക്കാനുള്ള ശ്രമം ലിവര്‍പൂള്‍ നടത്തും.
പ്രീക്വാര്‍ട്ടറില്‍ ചെല്‍സിയെ 2-8നാണ് പിഎസ്ജി വീഴ്ത്തിയത്.
ഈ സീസണിനുശേഷം ലിവര്‍പൂള്‍ വിടുമെന്നു പ്രഖ്യാപിച്ച മുഹമ്മദ് സലയുടെ പ്രകടനം നിര്‍ണായകമാകും. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ 50 ഗോള്‍ നേടിയ ആദ്യ ആഫ്രിക്കന്‍ കളിക്കാരനാണ് ഈജിപ്തില്‍നിന്നുള്ള സല.
Sports
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ഫുട്ബോള്‍ 2025-26 സീസണിന്റെ ആദ്യപാദ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്നു തുടക്കം. സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡും ജര്‍മന്‍ വമ്പന്മാരായ എഫ്സി ബയേണ്‍ മ്യൂണിക്കും തമ്മിലാണ് ക്വാര്‍ട്ടറിലെ ഹെവിവെയ്റ്റ് പോരാട്ടം.
ഇന്ത്യന്‍ സമയം ഇന്ന് അര്‍ധരാത്രി 12.30ന് റയല്‍ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗൊ ബര്ണബ്യുവിലാണ് മത്സരം അരങ്ങേറുന്നത്.
എംബപ്പെ Vs കെയ്ന്‍
ലോക ഫുട്ബോളിലെ രണ്ട് മികച്ച ഗോള്‍ സ്കോറര്‍മാര്‍ നേര്‍ക്കുനേര്‍ ഇറങ്ങുന്ന മത്സരമാണ് റയല്‍ മാഡ്രിഡ് x എഫ്സി ബയേണ്‍ മ്യൂണിക്. 2025-26 സീസണില്‍ റയല്‍ മാഡ്രിഡിനായി ഫ്രഞ്ച് താരം കിലിയന്‍ എംബപ്പെ 36 മത്സരങ്ങളില്‍നിന്ന് 38 ഗോള്‍ സ്വന്തമാക്കിയിട്ടുണ്ട്.
സീസണിലെ ഗോള്‍വേട്ടയില്‍ എംബപ്പെയേക്കാള് മുന്നില്‍ ബയേണിന്റെ ഇംഗ്ലീഷ് താരം ഹാരി കെയ്നാണ്. ഈ സീസണില്‍ 40 മത്സരങ്ങളില്‍നിന്ന് 48 ഗോള്‍ ബയേണ്‍ മ്യൂണിക്കിന്റെ ജഴ്സിയില്‍ ഹാരി കെയ്ന്‍ നേടി.
കിലിയന്‍ എംബപ്പെക്കൊപ്പം വിനീഷ്യസ് ജൂണിയര്‍, വാല്‍വെര്‍ഡെ, അര്‍ദ ഗുലര്‍, റൂഡിഗര്‍ തുടങ്ങിയവരും എംബപ്പെയ്ക്കൊപ്പമുണ്ട്. ഹാരി കെയ്നൊപ്പം ലൂയിസ് ഡിയസ്, സെര്‍ജ് ഗ്നാബ്രി, ഒലിസ്, ഹിമ്മിച്ച് തുടങ്ങിയ സംഘവുമുണ്ട്.
റിക്കാര്‍ഡ് ക്വാര്‍ട്ടര്‍
യൂറോപ്യന്‍/യുവേഫ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ച ടീമുകളാണ് റയല്‍ മാഡ്രിഡും ബയേണ്‍ മ്യൂണിക്കും. റയല്‍ മാഡ്രിഡിന്റെ 41-ാം ക്വാര്‍ട്ടര്‍ പോരാട്ടമാണ്. ബയേണ്‍ മ്യൂണിക്കിന്റെ 36-ാമത്തേതും.
എന്നാല്‍, ചാമ്പ്യന്‍സ് ലീഗ് കാലഘട്ടത്തില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഏറ്റവും കൂടുതല്‍ കളിച്ചത് ബയേണ്‍ മ്യൂണിക്കാണ്, 24. റയല്‍ മാഡ്രിഡ് 22 തവണ കളിച്ചിട്ടുണ്ട്.
ബയേണിന് എതിരായ അവസാന ഒമ്പത് ഏറ്റുമുട്ടലിലും റയല്‍ മാഡ്രിഡ് ജയം നേടി എന്നതും ശ്രദ്ധേയം. ഹോം ഗ്രൗണ്ടായ സാന്റിയാഗൊ ബര്‍ണബ്യുവില്‍ അവസാനം കളിച്ച എട്ട് മത്സരങ്ങളില്‍ ഏഴിലും എഫ്സി ബയേണ്‍ മ്യൂണിക്ക് പരാജയപ്പെട്ടു. ഒരു സമനില മാത്രമാണ് നേടാനായത്.
ഇന്നു നടക്കുന്ന മറ്റൊരു മത്സരത്തിൽ ഇംഗ്ലീഷ് ക്ലബ് ആഴ്സണൽ എഫ്സി പോർച്ചുഗലിൽനിന്നുള്ള സ്പോർട്ടിംഗുമായി ഏറ്റുമുട്ടും.
യുവേഫ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ മുഖാമുഖമിറങ്ങിയ ടീമുകളാണ് റയല്‍ മാഡ്രിഡും എഫ്സി ബയേണ്‍ മ്യൂണിക്കും. ഇന്നു നടക്കുന്നത് ഇരുടീമും തമ്മിലുള്ള 29-ാം പോരാട്ടം. കഴിഞ്ഞ 28 ഏറ്റുമുട്ടലുകളില്‍ റയല്‍ മാഡ്രിഡ് 13 ജയം സ്വന്തമാക്കി. 11 തവണ ബയേണ്‍ മ്യൂണിക് വെന്നിക്കൊടിപാറിച്ചു. നാലു മത്സരങ്ങള്‍ സമനിലയായി.
Sports
ബാഴ്സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ എഫ്സി ബാഴ്സലോണയുടെ വിന്റേജ് ക്ലാസിക്ക്.
ആദ്യപാദ പ്രീക്വാര്‍ട്ടറിലെ എവേ പോരാട്ടത്തില്‍ 1-1നു തങ്ങളെ സമനിലയില്‍ കുടുക്കിയ ഇംഗ്ലീഷ് ക്ലബ് ന്യൂകാസില്‍ യുണൈറ്റഡിനെ, സ്വന്തം തട്ടകത്തിലെ രണ്ടാംപാദത്തില്‍ 7-2ന് എഫ്സി ബാഴ്സലോണ തകര്‍ത്തെറിഞ്ഞു. ഇരുപാദങ്ങളിലുമായി 8-3ന്റെ ആധികാരിക ജയത്തോടെ ബാഴ്സ ക്വാര്‍ട്ടറില്‍.
റാഫീഞ്ഞ (6, 72), റോബര്‍ട്ട് ലെവന്ഡോവ്ക്സി (56, 61) എന്നിവര്‍ ബാഴ്സയ്ക്കായി ഇരട്ടഗോള്‍ സ്വന്തമാക്കി. മാര്‍ക്ക് ബെര്‍നല്‍ (18), ലാമിന് യമാല്‍ (45+7 പെനാല്‍റ്റി), ഫെര്‍മിന്‍ ലോപ്പസ് (51) എന്നിവരും ബാഴ്സയ്ക്കായി വലകുലുക്കി.
ബയേണ്‍ 4-1 അറ്റ്ലാന്റ
ഇറ്റാലിയന്‍ ക്ലബ് അറ്റ്ലാന്റയ്ക്ക് എതിരായ ആദ്യപാദ പ്രീക്വാര്‍ട്ടറിലെ പ്രകടനം ആവര്‍ത്തിച്ച് ജര്‍മന്‍ വമ്പന്മാരായ എഫ്സി ബയേണ്‍ മ്യൂണിക്. ആദ്യപാദത്തില്‍ 6-1നു ജയിച്ച ബയേണ്‍, സ്വന്തം തട്ടകത്തിലെ രണ്ടാംപാദത്തില്‍ 4-1നും വെന്നിക്കൊടി പാറിച്ചു. ഇതോടെ ഇരുപാദങ്ങളിലുമായി 10-2ന്റെ ജയം ബയേണ്‍ ആഘോഷിച്ചു.
രണ്ടാം പാദത്തില്‍ ഹാരി കെയ്ന്‍ (25, 54 പെനാല്‍റ്റി) ബയേണിനായി ഇരട്ട ഗോള്‍ നേടി. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് താരം 50 ഗോള്‍ തികച്ചു. ചാമ്പ്യന്‍സ് ലീഗില്‍ 50 ഗോള്‍ നേടുന്ന ആദ്യ ഇംഗ്ലീഷ് താരമാണ് ഹാരി കെയ്ന്‍.
ലിവര്‍പൂള്‍, അത്ലറ്റിക്കോ
ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ 1-0നു തുര്‍ക്കി ക്ലബ്ബായ ഗലറ്റ്സറെയോടു പരാജയപ്പെട്ട ഇംഗ്ലീഷ് ടീം ലിവര്‍പൂള്‍ എഫ്സി, രണ്ടാംപാദത്തിലെ ജയത്തിലൂടെ ക്വാര്‍ട്ടറില്‍. സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ 4-0നായിരുന്നു ലിവര്‍പൂളിന്റെ ജയം. മത്സരത്തില്‍ ലിവര്‍പൂളിനായി ഗോള്‍ നേടിയ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സല, ചാമ്പ്യന്‍സ് ലീഗില്‍ 50 ഗോള്‍ സ്വന്തമാക്കുന്ന ആദ്യ ആഫ്രിക്കക്കാരന് എന്ന ചരിത്രം കുറിച്ചു.
ആദ്യപാദത്തിലെ ജയത്തിന്റെ (5-2) ബലത്തില്‍ സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡ് ഇംഗ്ലീഷ് ക്ലബ് ടോട്ടന്‍ഹാമിനെ മറികടന്ന് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. രണ്ടാംപാദത്തില്‍ ടോട്ടന്‍ഹാം 3-2ന്റെ ജയം നേടി. എന്നാല്‍, ഇരുപാദങ്ങളിലുമായി അത് ലറ്റിക്കോ 7-5നു മുന്നിട്ടുനിന്നു.
ക്വാര്‍ട്ടര്‍ ലൈനപ്പ്
ക്വാര്‍ട്ടറില്‍ സൂപ്പര്‍ പോരാട്ടത്തിനാണ് വഴി തെളിഞ്ഞിരിക്കുന്നത്. റയല്‍ മാഡ്രിഡ് x ബയേണ്‍ മ്യൂണിക്, പിഎസ്ജി x ലിവര്‍പൂള്‍, ബാഴ്സലോണ x അത്ലറ്റിക്കോ മാഡ്രിഡ്, സ്പോര്‍ട്ടിംഗ് x ആഴ്സണല്‍ എന്നതാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പ്. ഏപ്രില്‍ എട്ട്, ഒമ്പത് തീയതികളിലാണ് ആദ്യപാദ ക്വാര്‍ട്ടര്‍.
Sports
ലണ്ടന്‍/മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റി എഫ്സിയെ കീഴടക്കി റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍. പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയെ ഇരുപാദ പ്രീക്വാര്‍ട്ടറിലുമായി 5-1നാണ് റയല്‍ മാഡ്രിഡ് തകര്‍ത്തെറിഞ്ഞത്.
സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം പാദത്തില്‍ വിനീഷ്യസ് ജൂണിയറിന്റെ ഇരട്ടഗോളിലൂടെ റയല്‍ മാഡ്രിഡ് 2-1ന്റെ ജയം സ്വന്തമാക്കി. സ്വന്തം തട്ടകത്തില്‍നടന്ന ആദ്യപാദത്തില്‍ ഫെഡെറിക്കോ വാല്‍വെര്‍ഡെയുടെ ഹാട്രിക്കിലൂടെ റയല്‍ 3-0ന്റെ ജയം നേടിയിരുന്നു.
20-ാം മിനിറ്റില്‍ ബെര്‍ണാഡൊ സില്‍വ ചുവപ്പുകാര്‍ഡ് കണ്ടതോടെ സ്വന്തം കാണികള്‍ക്കു മുന്നില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ അംഗബലം പത്തായി ചുരുങ്ങി. പെനാല്‍റ്റി ബോക്സിനുള്ളില്‍ വിനീഷ്യസ് ജൂണിയറിന്റെ ഷോട്ട് ‘കൈകാര്യം’ ചെയ്തതിനായിരുന്നു ചുവപ്പ് കാര്‍ഡ്. തുടര്‍ന്നു ലഭിച്ച പെനാല്‍റ്റി കിക്ക് 22-ാം മിനിറ്റില്‍ വിനീഷ്യസ് ജൂണിയര്‍ വലയിലാക്കി. എന്നാല്‍, 41-ാം മിനിറ്റില്‍ എര്‍ലിംഗ് ഹാലണ്ടിന്റെ ഗോളിലൂടെ സിറ്റി ഒപ്പമെത്തി. സ്റ്റോപ്പേജ് ടൈമിലായിരുന്നു (90+3) വിനീഷ്യസിന്റെ രണ്ടാം ഗോള്‍.
രണ്ടാം പകുതിയില്‍ റയലിനായി പകരക്കാരുടെ ബെഞ്ചില്‍നിന്ന് കിലിയന്‍ എംബപ്പെ കളത്തിലെത്തി. പരിക്കിനെത്തുടര്‍ന്ന് ഒരു മാസത്തോളം പുറത്തിരുന്നശേഷമായിരുന്നു എംബപ്പെ മൈതാനത്തെത്തിയത്. മത്സരത്തില്‍ 22 ഷോട്ട് മാഞ്ചസ്റ്റര്‍ സിറ്റി പായിച്ചു. എന്നാല്‍, പെപ് ഗ്വാര്‍ഡിയോളയുടെ കുട്ടികള്‍ക്ക് ഉദ്ദേശിച്ച ഫലം കിട്ടിയില്ല.
► പിഎസ്ജി 8-2 ചെല്‍സി
ഇംഗ്ലീഷ് ക്ലബ് ചെല്‍സിയെ തറപറ്റിച്ച് നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്മെയ്ന് ക്വാര്‍ട്ടറില്‍. ആദ്യപാദത്തില്‍ 5-2നു സ്വന്തം തട്ടകത്തില്‍ ജയം നേടിയ പിഎസ്ജി, ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ അരങ്ങേറിയ രണ്ടാംപാദത്തില്‍ 3-0ന്റെ ജയമാഘോഷിച്ചു. ഇതോടെയാണ് ഇരുപാദങ്ങളിലുമായി 8-2ന്റെ ഏകപക്ഷീയ ജയത്തോടെ പിഎസ്ജി ക്വാര്‍ട്ടര്‍ ബുക്ക് ചെയ്തത്. ഖ്വിച ക്വരാറ്റ്സ്ഖേലിയ (6), ബ്രാഡ് ലി ബര്‍കോള (14), സെന്നി മയുലു (62) എന്നിവരുടെ വകയായിരുന്നു സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ പിഎസ്ജിയുടെ ഗോള്‍ നേട്ടക്കാര്‍.
ആഭ്യന്തര, യൂറോപ്യന്‍ പോരാട്ടങ്ങളിലെ ഇരുപാദ പോരാട്ടങ്ങളില്‍ ചെല്‍സി എട്ട് ഗോള്‍ വഴങ്ങുന്നത് ചരിത്രത്തില്‍ ഇതാദ്യം. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിക്ക് ഒപ്പവും ചെല്‍സി എത്തി.
► ആഴ്സണല്‍ 3-1 ലെവര്കൂസെന്
രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ ഇംഗ്ലീഷ് ക്ലബ് ആഴ്സണല്‍ 2-0ന് ജര്‍മന്‍ ക്ലബ്ബായ ബയേര്‍ ലെവര്‍കൂസെനെ തോല്‍പ്പിച്ചു. സ്വന്തം മൈതാനമായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എബെറെച്ചി ഈസെ (36), ഡെക്ലാന് റൈസ് (63) എന്നിവരായിരുന്നു ഗണ്ണേഴ്സിനായി വല കുലുക്കിയത്. ലെവര്കൂസെന്റെ തട്ടകത്തില്‍നടന്ന ആദ്യപാദത്തില്‍ ഇരുടീമും 1-1 സമനിലയില്‍ പിരിഞ്ഞിരുന്നു.
ക്വാര്‍ട്ടറില്‍ സ്പോര്‍ട്ടിംഗ് ആണ് ആഴ്സണലിന്റെ എതിരാളികള്‍.
Sports
ലിസ്ബൺ: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോൾ ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച തിരിച്ചുവരവിലൂടെ പോര്‍ച്ചുഗല്‍ ക്ലബ് സ്പോര്‍ട്ടിംഗ് ക്വാര്‍ട്ടറില്‍.
നോര്‍വീജിയന്‍ ക്ലബ്ബായ ബോഡോ ഗ്ലിംന്റിനോട് ആദ്യപാദത്തില്‍ 3-0ന്റെ തോല്‍വി വഴങ്ങിയ സ്പോര്‍ട്ടിംഗ്, സ്വന്തം തട്ടകത്തില്‍ നടന്ന രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ 5-0ന്റെ ജയം സ്വന്തമാക്കി.
ഇതോടെ ഇരുപാദങ്ങളിലുമായി 5-3ന്റെ ജയത്തോടെ പോര്‍ച്ചുഗല്‍ ക്ലബ് ക്വാര്‍ട്ടറില്‍.
Sports
ഇസ്താംബുൾ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ലിവർപൂളിനെതിരെ ഗലത്സരയ്ക്ക് ജയം. ചൊവ്വാഴ്ച നടന്ന ആദ്യ പാദ പ്രീക്വാർട്ടർ ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ഗലത്സരയ് വിജയിച്ചത്.
മരിയോ ലെമിനയാണ് ഗലത്സരയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്. മത്സരത്തിന്റെ ഏഴാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്.
ഈ മാസം 18നാണ് രണ്ടാം പാദ പ്രീക്വാർട്ടർ. ലിവർപൂളിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിലാണ് മത്സരം നടക്കുക.
Sports
സൂറിച്ച്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2025-26 സീസണ് പ്രീക്വാര്‍ട്ടര്‍ ലൈനപ്പായി. യൂറോപ്പിലെ വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും റയല്‍ മാഡ്രിഡും തമ്മിലാണ് സൂപ്പര്‍ പോരാട്ടം.
മാഞ്ചസ്റ്റര്‍ സിറ്റിയും റയല്‍ മാഡ്രിഡും തുടര്‍ച്ചയായ അഞ്ചാം സീസണിലും നോക്കൗട്ടില്‍ കൊമ്പുകോര്‍ക്കുന്നു എന്നതാണ് ശ്രദ്ധേയം. കിലിയന്‍ എംബപ്പെയും എര്‍ലിംഗ് ഹാലണ്ടും നേര്‍ക്കുനേര്‍ ഇറങ്ങുന്ന പോരാട്ടമാണ് റയല്‍ മാഡ്രിഡ് x മാഞ്ചസ്റ്റര്‍ സിറ്റി.
ചെല്‍സി x പിഎസ്ജി
മറ്റൊരു സൂപ്പര്‍ പ്രീക്വാര്‍ട്ടര്‍ പോരാട്ടം ഇംഗ്ലീഷ് ക്ലബ് ചെല്‍സിയും നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്‍മെയ്നും തമ്മിലാണ്. മാര്‍ച്ച് 11നാണ് പ്രീക്വാര്‍ട്ടറിന്റെ ആദ്യ പാദം. മാര്‍ച്ച് 18ന് രണ്ടാംപാദം അരങ്ങേറും. ആഴ്സണൽ ലെവർകൂസെനെ നേരിടും.
പ്രീക്വാര്‍ട്ടര്‍ ലൈനപ്പ്
പിഎസ്ജി x ചെല്‍സി
ബോഡോ x സ്പോര്‍ട്ടിംഗ്
ആഴ്സണല്‍ x ലെവര്കൂസെന്
ലിവര്‍പൂള്‍ x ഗലറ്റ്സരെ
ബാഴ്സലോണ x ന്യൂകാസില്‍
അത്ലറ്റിക്കോ x ടോട്ടന്‍ഹാം
ബയേണ്‍ x അറ്റ്ലാന്റ
റയല്‍ മാഡ്രിഡ് x മാഞ്ചസ്റ്റര്‍ സിറ്റി
Sports
ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് പ്ലേഓഫിന്റെ രണ്ടാം പാദത്തിൽ ഇറ്റാലിയൻ ടീമായ അറ്റലാന്റയ്ക്ക് തകർപ്പൻ ജയം. ബുധനാഴ്ച നടന്ന മത്സരത്തിൽ ജർമൻ ക്ലബായ ബൊറൂസിയ ഡോർട്ട്മുണ്ടിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചു.
ജിയാൻലൂക്ക സ്കമാക്ക, ഡെവിഡെ സപ്പാകോസ്റ്റ, മരിയോ പസാലിക്ക്, ലാസർ സമാർഡ്സിക്ക് എന്നിവരാണ് അറ്റലാന്റയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. കരീം അഡെയെമിയാണ് ബൊറൂസിയയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
ആദ്യ പാദത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ട അറ്റലാന്റ രണ്ടാം പാദത്തിൽ ശക്തമായി തിരിച്ചുവരുകയായിരുന്നു. ഇരു പാദങ്ങളിലുമായി അറ്റലാന്റ 4-3ന് പ്ലേഓഫ് സ്വന്തമാക്കി. പ്ലേഓഫ് വിജയത്തോടെ അറ്റലാന്റ് ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കുന്ന അവസാന 16 ടീമുകളിൽ ഒന്നായി.
Sports
ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് പ്ലേഓഫിന്റെ രണ്ടാം പാദത്തിൽ അത്ലറ്റിക്കോ മാഡ്രിഡിന് ഗംഭീര ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ബെൽജിയം ക്ലബായ ക്ലബ് ബ്രഗിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു.
ചൊവ്വാഴ്ചത്തെ മത്സരത്തിൽ അത്ലറ്റിക്കോയ്ക്ക് വേണ്ടി അലക്സാണ്ടർ സോർലോത്ത് ഹാട്രിക്കും ജോണി കർഡോസോ ഒരു ഗോളും നേടി. ജോയൽ ഒർഡോണസാണ് ക്ലബ് ബ്രഗിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
ഇരു പാദങ്ങളിലുമായി അത്ലറ്റിക്കോ മാഡ്രിഡ് 7-4ന് പ്ലേഓഫ് സ്വന്തമാക്കി. പ്ലേഓഫ് വിജയത്തോടെ ന്യൂകാസിൽ ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കുന്ന അവസാന 16 ടീമുകളിൽ ഒന്നായി.
Sports
ലിസ്ബണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2025-26 പ്ലേ ഓഫിന്റെ ആദ്യ റൗണ്ടില്‍ പോര്‍ച്ചുഗല്‍ ക്ലബ് ബെന്‍ഫികയെ തോല്‍പ്പിച്ച് സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് കണക്കു തീര്‍ത്തു.
വിനീഷ്യസ് ജൂണിയര്‍ 50-ാം മിനിറ്റില്‍ നേടിയ ഗോളില്‍ 1-0നായിരുന്നു റയല്‍ മാഡ്രിഡിന്റെ എവേ ജയം. മൂന്ന് ആഴ്ച മുമ്പ് ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ ഇതേ ഗ്രൗണ്ടില്‍വച്ച് 4-2ന് റയല്‍ പരാജയപ്പെട്ടിരുന്നു. അതോടെയാണ് നേരിട്ട് പ്രീക്വാര്‍ട്ടറിലേക്കുള്ള ടിക്കറ്റ് റയല്‍ മാഡ്രിഡിനു ലഭിക്കാതിരുന്നതും പ്ലേ ഓഫ് കളിക്കേണ്ടിവന്നതും.
വംശീയാധിക്ഷേപം
മത്സരത്തില്‍ ബ്രസീല്‍ താരം വിനീഷ്യസ് ജൂണിയര്‍ വംശീയാധിക്ഷേപം നേരിട്ടു. ഗോള്‍ നേടിയശേഷം കോര്‍ണര്‍ ഫ്ളാഗിന്റെ അടുത്തെത്തി വിനീഷ്യസ് നടത്തിയ ആഹ്ലാദ പ്രകടനം ബെന്‍ഫിക ആരാധകരെ ചൊടിപ്പിച്ചു. അതോടെ ആരാധകര്‍ ബോട്ടിലും മറ്റു സാധനങ്ങളും ഗ്രൗണ്ടിലേക്കു വലിച്ചെറിഞ്ഞു. അതോടെ, റഫറി മത്സരം നിര്‍ത്തിവച്ചു. ഇതിനിടെ ബെന്‍ഫിക താരം ജിയാന്‍ലൂക്ക പ്രെസ്റ്റിയാനി വാപൊത്തിപ്പിടിച്ച് വിനീഷ്യസിനോടായി എന്തോ പറഞ്ഞു. ഉടനടി റഫറിയുടെ അടുത്തേക്ക് ഓടിയ വിനീഷ്യസ്, പ്രെസ്റ്റിയാനി തന്നെ വംശീയമായി അധിക്ഷേപിച്ചതായി റിപ്പോര്‍ട്ട് ചെയ്തു.
മത്സരശേഷം ബെന്‍ഫിക കോര്‍ണര്‍ ഫ്ളാഗിനടുത്തുവച്ചുള്ള തന്റെ ഗോളാഘോഷ ചിത്രം വിനീഷ്യസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. “വംശീയവാദികള്‍ എല്ലാറ്റിനുമുപരി ഭീരുക്കളാണ്. അവര്‍ എത്രത്തോളം ദുര്ബലരാണെന്നു കാണിക്കാന്‍ ഷര്‍ട്ട് കൊണ്ട് വായ മൂടുന്നു. ഇന്നു സംഭവിച്ചതൊന്നും എന്റെ ജീവിതത്തിലും കുടുംബത്തിനും പുതിയതല്ല. ഒരു ഗോള്‍ നേടിയതിന്റെ ആഘോഷത്തിന് എനിക്ക് എന്തുകൊണ്ട് മഞ്ഞക്കാര്‍ഡ് ലഭിച്ചെന്ന് ഇപ്പോഴും അറിയില്ല’’ - വിനീഷ്യസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
Sports
ഇസ്താംബുള്‍/മൊണാക്കോ: യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ പ്ലേ ഓഫില്‍ ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിനെ തുര്‍ക്കി സംഘമായ ഗലറ്റ്സറെ വീഴ്ത്തി. ഹോം ഗ്രൗണ്ടില്‍ ഗലറ്റ്സറെ 5-2ന് യുവന്റസിനെ തകര്‍ത്തെറിഞ്ഞു.
നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്മെയ്ന് ഏവേ പോരാട്ടത്തില്‍ 3-2ന് മൊണാക്കോയെ തോല്‍പ്പിച്ചു.
18 മിനിറ്റിനുള്ളില്‍ മൊണാക്കോ 2-0ന്റെ ലീഡ് നേടി. എന്നാല്‍, ഡെസിരെ ഡൗ (29, 67) ഇരട്ടഗോളും അച്റാഫ് ഹക്കിമി (41) ഒരു ഗോളും നേടിയതോടെ പിഎസ്ജി 3-2ന്റെ ജയത്തോടെ രക്ഷപ്പെട്ടു.
മറ്റൊരു മത്സരത്തില്‍ ജര്‍മന്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് 2-0ന് ഇറ്റലിയില്‍നിന്നുള്ള അറ്റ്ലാന്റയെ തോല്‍പ്പിച്ചു.
Sports
ബോദ (നോര്‍വെ): യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട തോല്‍വി വഴങ്ങി ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റി എഫ്സി.
എവേ പോരാട്ടത്തില്‍ നോര്‍വീജിയന്‍ ക്ലബ്ബായ ബോദ ഗ്ലിംന്റിനോട് 3-1നായിരുന്നു പെപ് ഗ്വാര്‍ഡിയോളയുടെ ശിഷ്യന്മാര് തോറ്റത്. 58 മിനിറ്റിനുള്ളില്‍ ആതിഥേയര്‍ 3-0ന്റെ ലീഡ് സ്വന്തമാക്കി.
കാസ്പര്‍ വര്സ്റ്റ് ഹോഗ് (22, 24) ഇരട്ട ഗോളും ജെന്‍സ് ഹ്യൂഗ് (58) ഒരു ഗോളും സ്വന്തമാക്കി. റയാന് ചെര്‍ക്കിയുടെ (60) വകയായിരുന്നു സിറ്റിയുടെ ഗോള്‍.
62-ാം മിനിറ്റില്‍ റോഡ്രി ചുവപ്പ് കാര്‍ഡ് കണ്ടതോടെ സിറ്റിയുടെ അംഗബലം 10ലേക്ക് ചുരുങ്ങുകയും പോരാട്ടത്തിനു കടിഞ്ഞാണ്‍ വീഴുകയും ചെയ്തു.
2019ല്‍ ടോട്ടന്‍ഹാം ഹോട്ട്സ്പുറിന്റെ സണ്‍ ഹ്യൂങ് മിന് 10 മിനിറ്റിനുള്ളില്‍ രണ്ടു ഗോള്‍ നേടിയതിനുശേഷം, മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരേ ചാമ്പ്യന്‍സ് ലീഗില്‍ അതിവേഗം ഇരട്ട ഗോള്‍ നേടുന്ന താരമായി കാസ്പര്‍ ഹോഗ്.
പിഎസ്ജിയെ വീഴ്ത്തി
നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്‍മെയ്നെ (പിഎസ്ജി) ഹോം മത്സരത്തില്‍ പോര്‍ച്ചുഗല്‍ ക്ലബ്ബായ സ്പോര്‍ട്ടിംഗ് സിപി ഞെട്ടിച്ചു. കൊളംബിയന്‍ സ്ട്രൈക്കര്‍ ലൂയിസ് സുവാരസിന്റെ (74, 90) ഇരട്ടഗോള്‍ ബലത്തിലായിരുന്നു സ്പോർട്ടിംഗിന്റെ ജയം. ഖ്വിച ക്വാരത്സ്ഖേലിയയുടെ (79) വകയായിരുന്നു പിഎസ്ജിയുടെ ഗോള്‍.
ഏഴ് മത്സരങ്ങളില്‍നിന്ന് 13 പോയിന്റുമായി പിഎസ്ജി ലീഗ് ടേബിളില്‍ അഞ്ചാമതും സ്പോര്‍ട്ടിംഗ് ആറാമതുമാണ്.
Sports
മിലാന്: യുവേഫ ചാമ്പ്യന്‍സ് ലീഗ് 2025-26 സീസണില്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കുന്ന ആദ്യടീമായി ഇംഗ്ലീഷ് ക്ലബ് ആഴ്സണല്‍ എഫ്സി.
ലീഗ് റൗണ്ടിലെ ഏഴാം മത്സരത്തില്‍ നിലവിലെ ഫൈനലിസ്റ്റുകളായ ഇന്റര്‍ മിലാനെ അവരുടെ തട്ടകത്തില്‍വച്ച് 3-1നു കീഴടക്കിയാണ് പീരങ്കിപ്പട നോക്കൗട്ടില്‍ പ്രവേശിച്ചത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടേബിള്‍ ടോപ്പര്‍മാരായ ഗണ്ണേഴ്സ് ചാമ്പ്യന്‍സ് ലീഗ് സീസണില്‍ കളിച്ച ഏഴ് മത്സരത്തിലും ജയം നേടിയെന്നതും ശ്രദ്ധേയം.
മിലാനില്‍ നടന്ന മത്സരത്തില്‍ ഗബ്രിയേല്‍ ജീസസിന്റെ (10, 31) ഇരട്ടഗോളാണ് ആഴ്സണലിന് ആധികാരിക ജയം സമ്മാനിച്ചത്. വിക്ടര്‍ ഗ്യോകെരെസിന്റെ (84) വകയായിരുന്നു മൂന്നാം ഗോള്‍. 18-ാം മിനിറ്റില്‍ പീറ്റര്‍ സൂസിക്ക് ഇന്റര്‍ മിലാനുവേണ്ടി ഒരു ഗോള്‍ മടക്കി. ഗബ്രിയേല്‍ ജീസസിന്റെ ആദ്യ ഗോളില്‍ ആഴ്സണല്‍ ലീഡ് എടുത്തതിനു പിന്നാലെയായിരുന്നു സൂസിക്ക് തിരിച്ചടിച്ചത്.
ലീഗ് ചാമ്പ്യന്‍ പട്ടം
36 ടീമുകള്‍ മത്സരിക്കുന്ന, എട്ട് മത്സരങ്ങള്‍ വീതമുള്ള ലീഗ് റൗണ്ടില്‍ ആഴ്സണലിന് ഒരു മത്സരംകൂടി ശേഷിക്കുന്നുണ്ട്. അടുത്ത വ്യാഴാഴ്ച പുലര്‍ച്ചെ കസാക്കിസ്ഥാന്‍ ക്ലബ്ബായ കൈരാട്ടിനെതിരേയാണ് ആഴ്സണലിന്റെ അവസാന മത്സരം. അന്ന് സമനില നേടിയാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി ഗണ്ണേഴ്സിനു ലീഗ് റൗണ്ട് പൂര്‍ത്തിയാക്കാം.
ചരിത്രത്തില്‍ ആദ്യമായാണ് ആഴ്സണല്‍ ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായി ഏഴ് മത്സരങ്ങളില്‍ ജയം നേടുന്നത്. ഇംഗ്ലീഷ് ടീമുകളില്‍ ഏറ്റവും കൂടുതല്‍ തുടര്‍ജയം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്സിയുടെ (10) പേരിലാണ്.
Sports
കോല്‍ക്കത്ത: ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബായ മോഹൻ ബഗാൻ സൂപ്പർ ജയ്ന്റ്സിന് കടുത്ത ശിക്ഷ. 2027/28 സീസണ് വരെയുള്ള അടുത്ത രണ്ട് എഎഫ്സി ക്ലബ് മത്സരങ്ങളിൽനിന്ന് മോഹൻ ബഗാനെ അയോഗ്യരാക്കി.
സെപാഹാൻ എസ്സിയുമായുള്ള മത്സരത്തിനായി ഇറാനിലേക്ക് യാത്ര ചെയ്യാൻ താരങ്ങൾ വിസമ്മതിച്ചതിനെത്തുടർന്നാണ് നടപടി. ഏഷ്യൻ ഫുട്ബോൾ കോണ്‍ഫെഡറേഷൻ ഡിസിപ്ലിനറി, എത്തിക്സ് കമ്മിറ്റി ഇന്നലെ ചേർന്ന യോഗത്തിലാണ് നടപടി. വിലക്കിന് പുറമെ ക്ലബ് 100,729 ഡോളർ പിഴയായും നൽകണം.
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് താരങ്ങൾ ഇറാനിലേക്ക് പോകാൻ തയാറാകാതിരുന്നത്.
തുടർച്ചയായ രണ്ടാം വർഷമാണ് സമാനമായ കാരണങ്ങളാൽ മോഹൻ ബഗാൻ എഎഫ്സി ചാന്പ്യൻസ് ലീഗ് ടുവിൽ നിന്ന് പിന്മാറുന്നത്. കഴിഞ്ഞ സീസണിൽ ട്രാക്ടർ എഫ്സിക്കെതിരായ മത്സരത്തിൽനിന്നും ക്ലബ് പിന്മാറിയിരുന്നു.
Sports
റയല്‍ മാഡ്രിഡ് മുഖ്യപരിശീലകന്‍ സാബി അലോണ്‍സോയുടെ ഇരിപ്പിടത്തില്‍ കൂടുതല്‍ സമ്മര്ദമായിരിക്കുകയാണ് ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് എതിരായ ഹോം പരാജയം.
ചാമ്പ്യന്‍സ് ലീഗ് 2025-26 സീസണില്‍ ആറ് മത്സരങ്ങളില്‍ നാല് ജയവും രണ്ട് തോല്‍വിയുമാണ് റയലിന്റെ പ്രകടനം.
സ്പാനിഷ് ലാ ലിഗയില്‍ 16 മത്സരങ്ങളില്‍ 11 ജയം, മൂന്ന് സമനില, രണ്ട് തോല്‍വി എന്നിങ്ങനെ 36 പോയിന്റുമായി രണ്ടാമതാണ് ടീം. 2025-26 സീസണില്‍ വിവിധ കോമ്പറ്റീഷനുകളിലായി അവസാനം കളിച്ച എട്ട് മത്സരങ്ങളില്‍ രണ്ട് ജയം മാത്രമാണ് റയലിനു നേടാന്‍ സാധിച്ചത്.
മാനേജര്‍ സ്ഥാനത്തുനിന്ന് സാബിയെ നീക്കണമെന്ന ആവശ്യം ഇതിനോടകം ശക്തമായിട്ടുണ്ട്.
Sports
ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ എഫ്സി ബാഴ്സലോണയെ തകർത്ത് ചെൽസി. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെൽസി വിജയിച്ചത്.
എസ്റ്റേവയോയും ലിയാം ഡെലാപുമാണ് ചെൽസിക്ക് വേണ്ടി ഗോളുകൾ നേടിയത്. ബാഴ്സ താരം ജൂൽസ് കോണ്ടെയുടെ ഓൺ ഗോളും ചെൽസിയുടെ ഗോൾപട്ടികയിലുണ്ട്.
വിജയത്തോടെ ചെൽസിക്ക് 10 പോയിന്റായി. ആദ്യ റൗണ്ടിലെ പോയിന്റ് ടേബിളിൽ ചെൽസി അഞ്ചാം സ്ഥാനത്താണ്.
Sports
മാഞ്ചസ്റ്റർ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ജർമൻ ടീമായ ബൊറൂസിയ ഡോർട്ട്മുണ്ടിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് സിറ്റി തോൽപ്പിച്ചത്.
സിറ്റിക്ക് വേണ്ടി ഫിൽ ഫോഡൻ രണ്ട് ഗോളുകളും എർലിംഗ് ഹാലണ്ട് റയാൻ ചെർക്കി എന്നിവർ ഓരോ ഗോൾ വീതവും നേടി. ബൊറൂസിയയ്ക്ക് വേണ്ടി വാൾഡിമർ ആന്റൻ ആണ് ഗോൾ സ്കോർ ചെയ്തത്.
ജയത്തോടെ ലീഗ് പ്രാഥമിക ഘട്ടത്തിന്റെ പോയിന്റ് ടേബിളിൽ മാഞ്ചസ്റ്റർ സിറ്റി നാലാം സ്ഥാനത്തെത്തി. നിലവിൽ 10 പോയിന്റാണ് സിറ്റിക്കുള്ളത്.