Sports
കോതമംഗലം: അമേരിക്കയിൽ നടക്കുന്ന അണ്ടർ-20 ലോക ജൂണിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു ട്രിപ്പിൾജംപിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ എം. ധനുഷ് രാജ് മത്സരിക്കും. ബികോം രണ്ടാംവർഷ വിദ്യാർഥിയായ ധനുഷ് കണ്ണൂർ സ്വദേശിയാണ്.
ഓഗസ്റ്റ് അഞ്ചുമുതൽ ഒന്പത് വരെ അമേരിക്കയിലെ ഒറിഗൺ സർവകലാശാലയിലെ ഹേവാർഡ് ഫീൽഡ് യൂജിനിലാണു മത്സരം. എം.എ. ജോർജാണ് ധനുഷ് രാജിന്റെ മുഖ്യപരിശീലകൻ.
Movies
നടൻ ധനുഷും രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കുന്നവെന്ന അഭ്യൂഹം ശക്തമാകുന്നു. താരത്തിന്റെ പുതിയ പ്രസംഗമാണ് ഇതിനുള്ള സൂചനകൾ നൽകിയത്. രായൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിച്ചതിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങൾ താരത്തിന് നേരിടേണ്ടി വന്നിരുന്നു. പിന്നാലെയാണ് ഇതിന് മറുപടിയുമായെത്തിയ പ്രംസഗത്തിൽ ധനുഷ് പലകാര്യങ്ങളും പറഞ്ഞത്.
രായനേക്കാൾ യോഗ്യതയുള്ള മറ്റു ചിത്രങ്ങൾ ഉണ്ടായിരുന്നുവെന്ന ചില ആരാധകരുടെയും പ്രേക്ഷകരുടെയും അഭിപ്രായങ്ങളെയും നിരാശകളെയും താൻ പൂർണമായും ബഹുമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
‘‘ഇപ്പോൾ അടുത്തിടെ രായൻ സിനിമയ്ക്ക് ദേശീയ അവാർഡ് ലഭിക്കുകയുണ്ടായി. ആ വർഷം ഈ സിനിമയേക്കാൾ യോഗ്യതയുള്ള പല ചിത്രങ്ങളും തീർച്ചയായും ഉണ്ടായിരുന്നു. ആ സിനിമകളുടെ ആരാധകർ അതിലുള്ള തങ്ങളുടെ നിരാശയും എതിർപ്പും പ്രകടിപ്പിച്ചു. അതിനെ ഞാൻ പൂർണമായും മാനിക്കുന്നു, തീർച്ചയായും ബഹുമാനിക്കുന്നു. ‘അത് ഒരു കനാകാലം’ റിലീസായ സമയം... അന്ന് ഞാൻ വളരെ ചെറിയൊരു പയ്യനാണ്. തീർച്ചയായും ഈ സിനിമയ്ക്ക് എനിക്ക് ദേശീയ അവാർഡ് ലഭിക്കുമെന്ന് പലരും പറഞ്ഞു.
ചെറിയ പയ്യനായതുകൊണ്ട് ഞാനും വലിയ ആഗ്രഹത്തോടെ കാത്തിരുന്നു, പക്ഷേ എനിക്ക് ലഭിച്ചില്ല. അതിനുശേഷം പുതുപ്പേട്ടൈ, ഇതിന് ഉറപ്പായും ദേശീയ അവാർഡ് കിട്ടുമെന്ന് എല്ലാവരും പറഞ്ഞു, നിങ്ങളും പറഞ്ഞു. പക്ഷെ അപ്പോഴും കിട്ടിയില്ല.
അതിനുശേഷം 'മൂന്ന്' (3), 'മയക്കം എന്നെ', 'മരിയാൻ', 'രാഞ്ജന', 'വടചെന്നൈ', 'കർണൻ', ഇത്രയും സിനിമകൾക്ക് ദേശീയ അവാർഡ് ലഭിക്കുമെന്ന് ഒരുപാട് പേർ സംസാരിച്ചു, ചർച്ച ചെയ്തു. പക്ഷേ കിട്ടിയില്ല, അതിനുള്ള സമയം ആയിരുന്നില്ല. ചില കാര്യങ്ങൾ നമ്മൾ എത്രതന്നെ പരിശ്രമിച്ചാലും സ്വന്തമാക്കാൻ കഴിയില്ല. അത് താനേ സംഭവിക്കണം, നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല.
ഇത്തവണ എന്തുകൊണ്ട് അത് സംഭവിച്ചു, എന്തുകൊണ്ട് ലഭിച്ചു? ആ സിനിമ എങ്ങനെയുമാകട്ടെ, പക്ഷേ ആ സിനിമയ്ക്ക് വേണ്ടിയുള്ള ഞങ്ങളുടെ അധ്വാനം സത്യസന്ധമായ അധ്വാനമായിരുന്നു. ഒരു തമിഴൻ എന്ന നിലയിൽ എനിക്ക് ഇനിയും രണ്ട് ദേശീയ അവാർഡുകൾ കൂടി ലഭിച്ചിട്ടുണ്ട്. അതിനെ തട്ടിത്തെറിപ്പിക്കരുത്, തട്ടി പ്രോത്സാഹിപ്പിക്കൂ.
‘എന്തിനാണ് ഈ സിനിമയ്ക്കൊക്കെ ദേശീയ അവാർഡ് കിട്ടിയത്’ എന്ന് സംസാരിക്കുന്ന ഇത്രയും പേരിൽ ഒരു 10 ശതമാനം എങ്കിലും, ‘ഇത്രയും നല്ല സിനിമകൾ ചെയ്തിട്ടും ഇവന് എന്തുകൊണ്ട് ദേശീയ അവാർഡ് കിട്ടിയില്ല’ എന്ന് സംസാരിച്ചിരുന്നെങ്കിൽ... ഇത്തരം സമയങ്ങളിൽ നമുക്ക് ചെറിയൊരു വിഷമമുണ്ടാകും. ഇങ്ങനെയുള്ള വെല്ലുവിളികളെ നമ്മൾ എങ്ങനെ നേരിടും? എന്തുകൊണ്ടാണ് നമുക്ക് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഓർക്കുമ്പോൾ മനസ്സ് അല്പം തളർന്നുപോകും. ആ സമയത്തൊക്കെ നമ്മൾ ചുറ്റുമുള്ളവരിൽ നിന്ന് തന്നെ പ്രചോദനം കണ്ടെത്തണം.
ഇപ്പോൾ നമുക്കൊക്കെ നമ്മുടെ വീട്ടിൽ തന്നെ ഇൻസ്പിറേഷൻ ഉണ്ട്. എന്റെ മകൻ ലിംഗ ചെറിയ കുട്ടിയായിരുന്നപ്പോൾ ഞാൻ അവന്റെ കൂടെ ഇരുന്ന് വിഡിയോ ഗെയിം കളിക്കുമായിരുന്നു. രണ്ട് ഗെയിം ഞാൻ ജയിക്കും, ഒരു ഗെയിം അവനെ ജയിക്കാൻ വിട്ടുകൊടുക്കും. അങ്ങനെ കുറച്ചുനാൾ പോയി. ഒരു ദിവസം ഞാൻ വിചാരിച്ചു, ‘ഇന്ന് കളിയിലുടനീളം ഞാൻ തന്നെ ജയിക്കും, അവൻ എന്താണ് ചെയ്യുന്നതെന്ന് നോക്കാം.’ അന്ന് ദിവസം മുഴുവൻ ഞാൻ ജയിച്ചുകൊണ്ടേയിരുന്നു, അവൻ തോറ്റുകൊണ്ടുമിരുന്നു. ഒരു ഘട്ടത്തിൽ എനിക്ക് ക്ഷീണമായി.
ഞാൻ പതുക്കെ എഴുന്നേറ്റ് ‘മതിപ്പാ, ബാക്കി നാളെ കളിക്കാം’ എന്ന് പറഞ്ഞു. ഉടനെ അവൻ ‘എവിടെ എഴുന്നേൽക്കുന്നു? അവിടെ ഇരിക്ക്’ എന്ന് പറഞ്ഞു. ‘എന്താ?’ എന്ന് ഞാൻ ചോദിച്ചപ്പോൾ, "ഞാൻ ഇതുവരെ ജയിച്ചില്ലല്ലോ!" എന്നായിരുന്നു അവന്റെ മറുപടി.
അത് കണ്ടപ്പോൾ എനിക്ക് മനസിലായി, എത്ര പ്രശ്നങ്ങൾ വന്നാലും എന്തൊക്കെ തടസ്സങ്ങൾ നമ്മളെ ബാധിച്ചാലും ജയിക്കുന്നത് വരെ പോരാടി നോക്കണം എന്ന് ഞാൻ അവനിൽ നിന്നാണ് പഠിച്ചത്!
നമ്മുടെ തല അജിത്ത് സർ പറഞ്ഞതുപോലെയാണ്: ‘നീ തോറ്റു എന്ന് നീ തന്നെ സമ്മതിക്കാത്തിടത്തോളം കാലം നിന്നെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല!’ ഇവിടെ ഇത്രയും പേർ ഒത്തുചേർന്നിരിക്കുകയാണ്. ഇത്രയധികം ആളുകൾക്ക് ഒരിടത്ത് ഒത്തുകൂടാൻ കഴിയുന്നുണ്ടല്ലോ, ആ ഐക്യത്തിന് ഒരു ശക്തിയുണ്ട്. ആ ശക്തിയെ നിങ്ങൾ പോസിറ്റീവായ വഴിയിൽ ഉപയോഗിക്കണം. ആ പവറിന് നിങ്ങൾ ഒരു നല്ല ലക്ഷ്യം നൽകണം. വെറുതെ കണ്ടുമുട്ടി, ഫോട്ടോ എടുത്തു, ഓഡിയോ ലോഞ്ച് കണ്ടു, ജന്മദിനത്തിന് കണ്ടു എന്ന് പറഞ്ഞു നിർത്തിപ്പോകാതെ, നിങ്ങളെല്ലാവരും ചേർന്ന് ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യണം.
നിങ്ങളുടെ നാടുകളിൽ, നിങ്ങളുടെ അയൽപക്കത്ത് ആർക്കൊക്കെ എന്തൊക്കെ സഹായങ്ങളാണ് വേണ്ടതെന്ന് മനസിലാക്കി നിങ്ങളെല്ലാവരും കൈകോർത്താൽ നിങ്ങൾക്ക് സാധിക്കും. നിങ്ങൾക്ക് കഴിയുന്ന നന്മകൾ അവരിലേക്ക് എത്തിക്കണം. നിങ്ങളെ ഓർത്ത് എനിക്ക് ഇനിയും ഒരുപാട് അഭിമാനം തോന്നണം. നിങ്ങൾ അത് ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു.
ഇത്രയും പേർ, ഇത്രയും കുടുംബങ്ങൾ ഇവിടെ വന്നിട്ടുണ്ട്. എല്ലാവരും ഉത്തരവാദിത്തത്തോടെ, സുരക്ഷിതരായി വീട്ടിൽ തിരികെയെത്തണം. ബൈക്കിൽ ഫോളോ ചെയ്യരുത്, ഓവർടേക്ക് ചെയ്യരുത്, പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കരുത്. "എന്തൊരു നല്ല പിള്ളേരാടാ ഇത്!" എന്ന് ജനങ്ങളെക്കൊണ്ട് പറയിപ്പിക്കുന്ന രീതിയിൽ എനിക്ക് നല്ല പേര് നേടിത്തന്ന് വേണം നിങ്ങൾ മടങ്ങാൻ. ഭംഗിയായി, സമാധാനത്തോടെ സ്വന്തം വീടുകളിലേക്ക്, കുടുംബത്തിലേക്ക് മടങ്ങുക.
ഞങ്ങൾക്ക് സംരക്ഷണം നൽകിയ പൊലീസ് സുഹൃത്തുക്കൾക്കും ബൗൺസർമാർക്കും എന്റെ നന്ദി. ഈ ചടങ്ങ് ഇത്രയും മനോഹരമായി നടക്കാൻ രാപ്പകലില്ലാതെ അധ്വാനിച്ച എല്ലാവർക്കും നന്ദി. കോളജിൽ സ്ഥലം അനുവദിച്ചു തന്ന ഐശ്വര്യ ഗണേഷ് സാറിനും നന്ദി.
നിങ്ങളുടെ പിന്തുണയില്ലാതെ ഇത് നടക്കില്ലായിരുന്നു. അദ്ദേഹം ഇതിനായി പണം ഒന്നും വാങ്ങാതെയാണ് ഇതെല്ലാം ചെയ്തു തന്നത്. ഇവിടെ സേവനം ചെയ്ത ഡോക്ടർമാർക്കും നഴ്സുമാർക്കും എന്റെ നന്ദി. പ്രത്യേകിച്ച് എന്റെ കൺമണി രാജ, സുബ്രഹ്മണ്യം, ശിവ എന്നിവർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി.
പിന്നെ നിങ്ങൾക്ക് നന്ദി പറയേണ്ടതുണ്ടോ? ഇനിയും ഇനിയും എന്നെ ഓടിച്ചുകൊണ്ടിരിക്കുന്ന നിങ്ങൾക്ക്... എന്റെ നെഞ്ചകം തൊട്ട നന്ദി!.’’ ധനുഷ് പറഞ്ഞു.
Movies
തെന്നിന്ത്യൻ സിനിമയിൽ അമ്പരപ്പിക്കുന്ന പരീക്ഷണങ്ങളുമായി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന പ്രതിഭയാണ് ധനുഷ്. നടനായും സംവിധായകനായും നിർമാതാവായും തിളങ്ങിനിൽക്കുന്ന താരം സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവച്ച ഏറ്റവും പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ ഇപ്പോൾ തെന്നിന്ത്യയിലാകെ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. DxV എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ഈ മിസ്റ്ററി പ്രോജക്റ്റിന്റെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്. നിഗൂഢതകൾ ഒളിപ്പിച്ചുവച്ച പോസ്റ്റർ ഇതിനോടകം തന്നെ ആരാധകർക്കിടയിൽ വലിയ ഹൈപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്.
സിനിമയുടെ പ്രമേയത്തെക്കുറിച്ചു സൂചനകൾ നൽകുന്നതാണ് ഇപ്പോൾ പുറത്തുവന്ന പോസ്റ്റർ. കടലിൽ നടക്കുന്ന ഒരു വമ്പൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള പോസ്റ്ററിൽ, ഭൂതകാലത്തിലെ ഭീമാകാരമായ യുദ്ധക്കപ്പലുകൾ ആധുനിക സാങ്കേതികവിദ്യയുടെ കരുത്തായ ഫൈറ്റർ ജെറ്റുകളുമായി നേർക്കുനേർ ഏറ്റുമുട്ടുന്ന ദൃശ്യമാണുള്ളത്. ടൈം ട്രാവലോ അതോ സയൻസ് ഫിക്ഷൻ ത്രില്ലറോ ആകാം ചിത്രമെന്ന സൂചന പോസ്റ്റർ നൽകുന്നുണ്ട്. പോസ്റ്ററിനൊപ്പം ധനുഷ് കുറിച്ച, പണിന്തവരെ വിട്ടു വൈപ്പാൻ, പകൈത്തവരെ നാട്ടു വൈപ്പാൻ (അനുകൂലിക്കുന്നവരെ അദ്ദേഹം വെറുതെ വിടും, ശത്രുക്കളെ തകർത്തുകളയും) - എന്ന മാസ് ഡയലോഗ് കൂടിയായപ്പോൾ ആരാധകരുടെ ആവേശം ഇരട്ടിച്ചു.
ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് ആരായിരിക്കും എന്നതിനെച്ചൊല്ലി കോളിവുഡിൽ വലിയ ചർച്ചകളാണു നടക്കുന്നത്. പോസ്റ്ററിലെ DxV എന്നതിലെ D ധനുഷിനെയും V പ്രശസ്ത സംവിധായകൻ വെങ്കട്ട് പ്രഭുവിനെയുമാണ് സൂചിപ്പിക്കുന്നതെന്നാണ് സിനിമാലോകത്തെ പ്രധാന സംസാരം. മുൻപ് ശിവകാർത്തികേയനെ നായകനാക്കി വെങ്കട്ട് പ്രഭു ചെയ്യാനിരുന്ന ടൈം ട്രാവൽ സയൻസ് ഫിക്ഷൻ പ്രോജക്റ്റിലേക്ക് ഒടുവിൽ ധനുഷ് എത്തുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ധനുഷിന്റെ പ്രിയ സംവിധായകൻ വെട്രിമാരൻ തന്നെയാണ് ഈ ചിത്രത്തിനു പിന്നിലെന്നും ചിലർ വാദിക്കുന്നുണ്ട്. സംവിധായകൻ ആരായാലും ഇതൊരു അന്താരാഷ്ട്ര നിലവാരമുള്ള സിനിമാറ്റിക് അനുഭവമായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
Movies
വിഘ്നേഷ് രാജയുടെ സംവിധാനത്തിൽ ധനുഷ് നായകനായെത്തിയ കര തിയറ്ററുകളിൽ മികച്ച പ്രതികരണം നേടുമ്പോൾ, ചിത്രത്തിലെ മറക്കാനാകാത്ത ഷൂട്ടിംഗ് അനുഭവം പങ്കുവയ്ക്കുകയാണ് നായിക മമിത ബൈജു
ധനുഷിനൊപ്പമുള്ള തീവ്രമായ ഒരു രംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ സംഭവത്തെക്കുറിച്ചാണ് താരം മനസുതുറന്നത്. രാത്രിയിൽ ചിത്രീകരിച്ച രംഗത്തിൽ ധനുഷിന്റെ കോളറിൽ പിടിച്ച് ദേഷ്യപ്പെടേണ്ടി വന്നപ്പോൾ അറിയാതെ പിടുത്തം മുറുകിപ്പോയെന്നും ഉടൻ തന്നെ താൻ ക്ഷമ ചോദിച്ചുവെന്നും മമിത പറഞ്ഞു.
എന്നാൽ, ഇല്ലമ്മ, നിങ്ങൾ ചെയ്തത് ശരിയാണ്, ഈ രംഗത്തിന് അത് ആവശ്യമാണ് - എന്നായിരുന്നു ധനുഷിന്റെ മറുപടി. തന്നെ ഏറെ കംഫർട്ട് ആക്കിയാണ് ആ രംഗം പൂർത്തിയാക്കിയതെന്നും മമിത കൂട്ടിച്ചേർത്തു.
മികച്ച ധനുഷ് ചിത്രമെന്നാണ് കരയ്ക്കു ലഭിക്കുന്ന റിപ്പോർട്ടുകൾ. വൈൽസ് ഇന്റർനാഷണൽ ഫിലിംസ് നിർമിച്ച ആക്ഷൻ ചിത്രത്തിൽ ജയറാം, സുരാജ് വെഞ്ഞാറമൂട്, കരുണാസ് തുടങ്ങിയ വലിയ താരനിര അണിനിരക്കുന്നുണ്ട്.
ജി.വി. പ്രകാശ് കുമാർ (പൊല്ലാതവൻ, വാത്തി എന്നീ ചിത്രങ്ങൾക്ക് ശേഷം ധനുഷും പ്രകാശും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്) ആണ് സംഗീതം. വൈകാരിക രംഗങ്ങളിലും ആക്ഷനിലും ധനുഷ് മികച്ച പ്രകടനം കാഴ്ചവച്ചുവെന്ന് പ്രേക്ഷകർ വിലയിരുത്തുന്നു.
ആദ്യ പകുതിയേക്കാൾ ആവേശം നിറയ്ക്കുന്ന രണ്ടാം പകുതിയാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് പ്രേക്ഷകർ പറയുന്നു.
Movies
വിഘ്നേഷ് രാജ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം കരയില് സൂപ്പര് താരം ധനുഷിന്റെ അമ്മയായി വേഷമിട്ടതിന്റെ അനുഭവം പങ്കുവച്ച് ഡബ്ബിംഗ് ആര്ട്ടിസ്റ്റും നടിയുമായ ശ്രീജാ രവി.
ഏപ്രില് 30-ന് ചിത്രം ലോകമെമ്പാടും പ്രദര്ശനത്തിനെത്താനിരിക്കെ നല്കിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്. ധനുഷിനെപ്പോലൊരു നടന്റെ അമ്മയായി അഭിനയിക്കുന്നതു വലിയ വെല്ലുവിളിയായിരുന്നുവെന്നും തുടക്കത്തില് തനിക്ക് ഏറെ ഭയമുണ്ടായിരുന്നുവെന്നും ശ്രീജ പറഞ്ഞു.
ധനുഷിനൊപ്പം കെ.എസ്. രവികുമാറിനെപ്പോലെയുള്ള മുതിര്ന്ന കലാകാരന്മാര് കൂടി ഒപ്പമുണ്ടായിരുന്നതു പരിഭ്രമം വര്ധിപ്പിച്ചു. ഇത്തരം പ്രതിഭകള്ക്കൊപ്പം അഭിനയിക്കുമ്പോള് ഉള്ളില് ഒരുതരം വിറയല് അനുഭവപ്പെട്ടിരുന്നുവെന്നും എന്നാല്, ഇത്തരമൊരു മികച്ച അവസരം നല്കിയതിനു സംവിധായകന് വിഘ്നേഷ് രാജയോട് കടപ്പെട്ടിരിക്കുന്നുവെന്നും ശ്രീജ കൂട്ടിച്ചേര്ത്തു.
ചിത്രത്തിലെ ധനം എന്ന തന്റെ കഥാപാത്രത്തിനു മികച്ച ലുക്ക് നല്കിയതില് മേക്കപ്പ് ടീമിന് വലിയ പങ്കുണ്ടെന്ന് ശ്രീജ പറഞ്ഞു. ഡബ്ബിംഗ് രംഗത്തെ തന്റെ നീണ്ടകാലത്തെ പരിചയസമ്പത്ത് ധനം എന്ന കഥാപാത്രത്തിന്റെ വൈകാരികമായ പ്രകടനങ്ങളെ കൂടുതല് സ്വാഭാവികമാക്കാന് സഹായിച്ചിട്ടുണ്ടെന്നും ശ്രീജ പറഞ്ഞു.
മമിത ബൈജു നായികയാകുന്ന ചിത്രത്തില് സുരാജ് വെഞ്ഞാറമൂട്, ജയറാം, കരുണാസ് തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്നുണ്ട്. വേല്സ് ഫിലിം ഇന്റര്നാഷണലാണ് ചിത്രം നിര്മിക്കുന്നത്.
Movies
നടൻ ധനുഷുമായുള്ള ബന്ധം ഇല്ലാതായതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമെന്ന് സംവിധായകനും നയൻതാരയുടെ ഭർത്താവുമായ വിഗ്നേഷ് ശിവൻ.
ധനുഷ് തനിക്ക് അച്ഛനെപ്പോലെയാണെന്നും നയൻതാരയുമായുള്ള നിയമപ്രശ്നത്തെത്തുടർന്ന് ധനുഷുമായുള്ള വ്യക്തിബന്ധം നഷ്ടമായതിൽ താനിന്ന് ഖേഃദിക്കുന്നുവെന്നും വിഘ്നേഷ് ശിവൻ പറഞ്ഞു.
''എനിക്ക് ധനുഷ് സാറിനെ ഒരുപാട് ഇഷ്ടമാണ്. ജീവിതത്തിലെ വലിയ ആളായാണ് അദ്ദേഹത്തെ കാണുന്നത്. അദ്ദേഹത്തിന്റെ പിറന്നാൾ ജൂലായ് 28-നാണ്. അതേ ദിവസമാണ് എന്റെ അച്ഛൻ മരിച്ചത്. അച്ഛന്റെ സാന്നിധ്യമാണ് എനിക്ക് അദ്ദേഹത്തിൽ അനുഭവപ്പെടുന്നത്.
അദ്ദേഹത്തെ ഞാൻ അങ്ങനെയാണ് കാണുന്നത്. പിന്നെ നമ്മൾ പോലുമറിയാതെ ചിലതൊക്കെ സംഭവിക്കും. സാഹചര്യങ്ങൾ അങ്ങനെയായിപ്പോകും. നല്ല ബന്ധത്തിലിരിക്കുന്ന ഒരാളുമായി ആ ബന്ധം അവസാനിപ്പിക്കുന്നത് നാണക്കേട് ആയി കാണുന്നു. വളരെ മനോഹരമായ നിമിഷങ്ങൾ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. പക്ഷേ അതെല്ലാം അവസാനിച്ചു.
ആ ബന്ധം ഇല്ലാതായതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം. അതിൽ എനിക്ക് ലജ്ജ തോന്നുന്നു. എപ്പോഴോ എവിടെയോ ഒരു തെറ്റ് സംഭവിച്ചിരിക്കണം. കൃത്യമായ പ്രശ്നമുണ്ടായ ശേഷം രണ്ട് പേർ പിരിയുകയാണെങ്കിൽ ആ പ്രശ്നത്തിന് പിന്നീട് പരിഹാരം കണ്ടെത്താൻ കഴിയും. എന്നാൽ പ്രശ്നങ്ങളെ ഇല്ലാതെ പിരിയുന്ന അവസ്ഥ വരുമ്പോൾ അതെങ്ങനെ പരിഹരിക്കും. അദ്ദേഹത്തെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. അദ്ദേഹത്തെപ്പോലെ ജോലി ചെയ്യുന്ന ആൾ ഈ ലോകത്തിലില്ല എന്നു തന്നെ പറയേണ്ടി വരും.
വിഐപി(വേലയില്ലാ പട്ടധാരി) യുടെ ഷൂട്ടിങ്ങിനിടെ ഞാൻ അദ്ദേഹത്തിനൊപ്പം രണ്ടുവർഷത്തോളമുണ്ടായിരുന്നു. അദ്ദേഹം കഴിച്ചശേഷം മാത്രമേ ഞാൻ ഭക്ഷണം കഴിച്ചിരുന്നുള്ളൂ. എനിക്ക് അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും സ്നേഹവും ഒരിക്കലും മാറാൻ പോകുന്നില്ല.
മരണം വരെയും അങ്ങനെ തന്നെയാകും. ഞാൻ ഇപ്പോൾ ജീവിക്കുന്ന ജീവിതത്തിൽ ധനുഷ് സാർ എനിക്ക് വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയാണ്.’’ വിഘ്നേഷ് ശിവൻ ലവ് ഇൻഷുറൻസ് കമ്പനി പ്രൊമോഷനുമായി ബന്ധപ്പെട്ട് ഗോപിനാഥിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
നയൻതാരയുടെ ജീവിതവും വിഘ്നേഷ് ശിവനുമായുള്ള പ്രണയവും വിവാഹവും പശ്ചാത്തലമാക്കിയൊരുങ്ങിയ നയൻതാര: ബിയോണ്ട് ദ ഫെയറി ടെയ്ൽ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടാണ് ഇവർ ധനുഷുമായി ഉടക്കിയത്.
ഇരുവരുടേയും വിവാഹത്തിന് പിന്നാലെയിറങ്ങിയ നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയുടെ ട്രെയിലറിൽ, ധനുഷ് നിർമിച്ച നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള മൂന്നു സെക്കൻഡ് വിഡിയോയും ഉണ്ടായിരുന്നു. ഇതിന്റെ പകർപ്പവകാശം തങ്ങൾക്കാണെന്ന് കാണിച്ച് ധനുഷിന്റെ നിർമാണക്കമ്പനി നയൻതാരയ്ക്ക് 10 കോടിയുടെ വക്കീൽ നോട്ടീസ് അയച്ചു.
തുടർന്ന് ധനുഷിനെതിരെ രൂക്ഷമായ പ്രതികരണവുമായി നയൻതാര രംഗത്തെത്തിയിരുന്നു. ധനുഷിനെ സമൂഹ മാധ്യമങ്ങളിലൂടെ രൂക്ഷമായി വിമർശിച്ച് അന്ന് വിഘ്നേഷും എത്തി. എന്നാൽ ഈ വിഷയത്തിൽ പരസ്യമായി മറുപടി നൽകാൻ ധനുഷ് തയാറായിരുന്നില്ല.
Movies
താരങ്ങളായ ധനുഷും മൃണാള് താക്കൂറും തമ്മിലുളള പ്രണയവും വിവാഹ വാര്ത്തയുമൊക്കെയാണ് കുറച്ചുനാളുകളായി സോഷ്യല് മീഡിയയിലെ ചര്ച്ചാവിഷയം. ഫെബ്രുവരി 14 വാലന്റൈന്സ് ദിനത്തില് ഇവര് വിവാഹിതരാകും എന്ന റിപ്പോര്ട്ടുകളും പുറത്തുവന്നിരുന്നു. ആ ദിനവും ഒന്നും സംഭവിക്കാതെ കടന്നുപോയി.
ഒടുവില് ഈ ഗോസിപ്പുകളോടു പ്രതികരിച്ച് മൃണാള് തന്നെ രംഗത്ത് എത്തിയിരിക്കുന്നു. ഇത്തരം വാര്ത്തകളെ തമാശയോടെയാണ് താന് കണ്ടതെന്ന്, ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില് മൃണാള് പറഞ്ഞു.
ശരിയായ സമയത്ത് തന്റെ പങ്കാളിയെ കണ്ടെത്തുമെന്നും പത്ത് കോടി ചെലവാക്കിയാലും എനിക്കിത്ര പബ്ലിസിറ്റി കിട്ടില്ലെന്നും അതുകൊണ്ടുതന്നെ ഗോസിപ്പുകള് പടച്ചുവിട്ടവര്ക്ക് നടി നന്ദിയും പറഞ്ഞു.
അവരുടെ കണക്കുകൂട്ടലില് എന്റെ കല്യാണം ഇപ്പോള് നടന്നുകൊണ്ടിരിക്കുകയാണ്. ശരിയായ സമയത്ത് എന്റെ പങ്കാളിയെ ഞാൻ കണ്ടെത്തും. ഇതുവരെ എനിക്ക് ഒരു പിആര് ടീം ഇല്ലായിരുന്നു. എന്റെ മേൽവിലാസം വരെ പ്രചരിച്ചതോടെ കാര്യങ്ങൾ നിയന്ത്രിക്കാൻ എനിക്കൊരു ടീമിനെ നിയമിക്കേണ്ടി വന്നു.
എന്നെത്തന്നെ സംരക്ഷിക്കാനാണ് ഞാൻ അതു ചെയ്തത്. ഞാൻ മൂന്നു കോടിയോ, ആറു കോടിയോ, പത്തു കോടിയോ ചിലവാക്കിയാൽ പോലും എനിക്ക് ഇത്രയും വലിയ പബ്ലിസിറ്റി ലഭിക്കില്ലെന്ന് ഞാൻ മനസിലാക്കി. അതുകൊണ്ട് ഈ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച എല്ലാവർക്കും വലിയ നന്ദി- മൃണാൾ പറഞ്ഞു.
മൃണാള് നായികയായ സണ് ഓഫ് സര്ദാര് 2വിന്റെ പ്രീമിയറില് നിന്നുള്ള ധനുഷും മൃണാളും അടുത്തിടപഴകുന്ന ഒരു വീഡിയോയാണ് ഗോസിപ്പുകളുടെ തുടക്കം. എന്നാല് ധനുഷ് തന്റെ നല്ല സുഹൃത്ത് മാത്രമാണെന്നാണ് അന്ന് റിപ്പോര്ട്ടുകളോടു താരം പ്രതികരിച്ചത്. മൃണാളിന്റെ പിറന്നാള് ആഘോഷത്തിനും ധനുഷ് പങ്കെടുത്തിരുന്നു. പിന്നീട് ധനുഷ് നായകനായ തേരെ ഇഷ്ക് മേമിന്റെ സക്സസ് പാര്ട്ടിയിലും മൃണാള് അതിഥിയായി എത്തിയിരുന്നു. ഇതും ഗോസിപ്പിന് ആക്കം കൂട്ടിയിരുന്നു.
Movies
ധനുഷിനെ നായകനാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയും. ചിത്രത്തിൽ ധനുഷിനൊപ്പം തന്നെ പ്രധാനവേഷത്തിലാണ് മെഗാസ്റ്റാറും എത്തുക.
ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസ് ആയി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമിക്കുന്നത്. മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ അമരന് ശേഷം രാജ്കുമാർ പെരിയസാമി ഒരുക്കുന്ന ചിത്രമാണിത്. എട്ടു വർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കാൻ പോകുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
2018ൽ റാം ഒരുക്കിയ ‘പേരൻപ്’ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അവസാനമായി തമിഴിൽ എത്തിയത്.
ധനുഷ്, മമ്മൂട്ടി എന്നിവർ കൂടാതെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സായ് പല്ലവി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ശ്രീലീലയും പ്രധാന സ്ത്രീ കഥാപാത്രത്തിന് ജീവൻ നൽകും.
മാരി 2 എന്ന ചിത്രത്തിന് ശേഷം ധനുഷ്- സായ് പല്ലവി ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 13 വർഷത്തിന് ശേഷം മമ്മൂട്ടിയും ധനുഷും ഒന്നിച്ചെത്തുന്നു എന്നതും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. 2013 ൽ മലയാളത്തിൽ പുറത്തു വന്ന മമ്മൂട്ടി- ദിലീപ് ചിത്രം കമ്മത്ത് ആൻഡ് കമ്മത്തിൽ ധനുഷ് അതിഥി വേഷത്തിൽ എത്തിയിരുന്നു.
തെന്നിന്ത്യൻ മ്യൂസിക് സെൻസേഷൻ സായ് അഭയങ്കർ ആണ് D55നു സംഗീതമൊരുക്കുന്നത്. സായ് സംഗീതമൊരുക്കുന്ന ആദ്യ ധനുഷ് ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. പിആർഒ വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.
Movies
ധനുഷുമായുള്ള വിവാഹവാർത്ത നിഷേധിച്ച് നടി മൃണാൾ ഠാക്കൂർ. ധനുഷ് തനിക്ക് സഹോദരനെപ്പോലെയാണെന്നും പ്രൊഫഷണൽ ബന്ധം മാത്രമേയുള്ളൂവെന്നും മൃണാൾ പറഞ്ഞു.
ഫെബ്രുവരി 14- വലൈന്റൈൻസ് ദിനത്തിൽ ഇരുവരും വിവാഹിതരാകുമെന്ന് വാർത്തകൾ പരന്നിരുന്നു. പ്രമുഖ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്ത വാർത്തകൾ പൂർണ്മായും നിഷേധിച്ചുകൊണ്ടാണ് താരത്തിന്റെ ഔദ്യോഗിക ഫാൻ പേജ് രംഗത്തെത്തിയത്.
ധനുഷും ഞാനും തമ്മിലുള്ള അഭ്യൂഹങ്ങൾ വെറും കെട്ടുകഥയാണ്; ഇതാണ് എന്റെ സത്യം...എന്റെ ജോലിയിലൂടെയാകണം ഞാൻ അറിയപ്പെടേണ്ടതെന്ന് ഞാൻ എപ്പോഴും വിശ്വസിക്കുന്നു, ഗോസിപ്പുകളിലൂടെയല്ല. എന്നാൽ ഇന്ന്, ഞാൻ എഴുതാത്ത കഥകളിലും, ഞാൻ നടത്താത്ത സംഭാഷണങ്ങളിലും, ഞാൻ എടുക്കാത്ത തീരുമാനങ്ങളിലും എന്റെ പേര് വലിച്ചിഴയ്ക്കപ്പെടുന്നത് ഞാൻ കാണുകയാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു വിവാഹ വിവാദം ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ഒരു കാര്യം ഞാൻ വ്യക്തമാക്കട്ടെ, ധനുഷ് എനിക്ക് എന്നും ഒരു സഹോദരനെപ്പോലെയാണ്. ഞങ്ങൾക്കിടയിലുള്ളത് കേവലം പരസ്പര ബഹുമാനവും പ്രഫഷനൽ ബന്ധവും മാത്രമാണ്, അതിനപ്പുറം ഒന്നുമില്ല. ഒരു സ്ത്രീയുടെ കഠിനാധ്വാനത്തെ അംഗീകരിക്കുന്നതിന് പകരം അവളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് കഥകൾ മെനയാൻ ആളുകൾക്ക് ഇത്ര ആവേശം എന്താണെന്ന് ഞാൻ അത്ഭുതപ്പെടാറുണ്ട്.
എനിക്ക് എന്തെങ്കിലും മറയ്ക്കാനുള്ളതുകൊണ്ടല്ല ഞാൻ നിശബ്ദത പാലിക്കുന്നത്, മറിച്ച് എന്റെ സ്വകാര്യ ജീവിതത്തിന് പൊതുസമൂഹത്തിന്റെ അംഗീകാരം ആവശ്യമില്ലെന്ന് ഞാൻ വിശ്വസിക്കുന്നത് കൊണ്ടാണ്.
ഓഡിഷനുകളിലൂടെയും, നിരസിക്കലുകളിലൂടെയും, ഉറക്കമില്ലാത്ത രാത്രികളിലൂടെയും, തളരാത്ത ആത്മവിശ്വാസത്തിലൂടെയും കഠിനാധ്വാനം ചെയ്താണ് ഞാൻ ഇന്ന് ഈ നിലയിലെത്തിയത്. ആ യാത്രയെ വെറുമൊരു കിംവദന്തിയിലേക്ക് ചുരുക്കുന്നത് അനീതിയാണ്
സോഷ്യൽ മീഡിയ എല്ലാവർക്കും ശബ്ദം നൽകുന്നുണ്ട്, എന്നാൽ അത് വലിയൊരു ഉത്തരവാദിത്തം കൂടി ആവശ്യപ്പെടുന്നു. കുറച്ച് ക്ലിക്കുകളും ലൈക്കുകളും ഷെയറുകളും നിരുപദ്രവകരമെന്ന് തോന്നിയേക്കാം, പക്ഷേ അവ യഥാർത്ഥ മനുഷ്യരെ ബാധിക്കുന്ന തെറ്റായ വാർത്തകളാണ് സൃഷ്ടിക്കുന്നത്. ഞാൻ വീണ്ടും വ്യക്തമാക്കുന്നു, ഈ പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു സത്യവുമില്ല. നന്ദി.’’ മൃണാൾ ഠാക്കൂറിന്റെ വാക്കുകൾ.
Movies
തമിഴ് സർക്കാരിന്റെ ചലച്ചിത്ര അവാർഡുകളിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ പ്രഖ്യാപനം മമ്മൂട്ടി ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്.
2016 മുതൽ 2022 വരെയുള്ള അവാർഡുകളിൽ മികച്ച നടനുള്ള പട്ടികയിൽ നിന്നും മമ്മൂട്ടി തഴയപ്പെട്ടുവെന്നാണ് വ്യാപകവിമർശനം.
പേരൻപ് എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം ഏറെ പ്രേക്ഷകപ്രശംസ നേടിയതായിരുന്നു. 2018ൽ മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത ചിത്രമാണ് പേരൻപ്. രാജ്യാന്തര തലത്തിൽ വരെ മികച്ച അഭിപ്രായം നേടിയ ചിത്രമായിരുന്നു പേരൻപ്.
സ്പാസ്റ്റിക്ക് പാരാലിസിസ് എന്ന അവസ്ഥ ബാധിച്ച മകളുടെയും അവളെ വളർത്തുന്ന അച്ഛന്റെയും കഥ പറഞ്ഞ ചിത്രത്തിൽ അമുദൻ എന്ന അച്ഛനായാണ് മമ്മൂട്ടി എത്തിയത്.
2018ലെ മികച്ച നടനായി തെരഞ്ഞെടുത്തത് ധനുഷിനെ ആയിരുന്നു. വട ചെന്നൈയിലെ പ്രകടനത്തിനായിരുന്നു ധനുഷിന് പുരസ്കാരം. ധനുഷിനേക്കാൾ പുരസ്കാരത്തിന് യോഗ്യൻ മമ്മൂട്ടിയാണെന്നും പേരൻപിൽ മമ്മൂട്ടിയുടെ മകളായെത്തിയ സാധന മികച്ച പ്രകടനം കാഴ്ചവച്ചിട്ടും പുരസ്കാരത്തിന് പരിഗണിച്ചില്ലെന്നും സമൂഹമാധ്യമങ്ങളിൽ ആരാധകർ വിമർശിക്കുന്നു.
മികച്ച ചിത്രമായിട്ടും പേരന്പിന് ഒരു പുരസ്കാരവും നൽകിയില്ലെന്നും വിമർശനം ഉയരുന്നുണ്ട്. 2016 മുതൽ 2022 വരെയുള്ള വർഷങ്ങളിലെ പുരസ്കാരങ്ങളാണ് സംസ്ഥാന സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചത്.
അഞ്ച് വർഷത്തെ മികച്ച നടിക്കുള്ള പുരസ്കാരങ്ങൾ മലയാളി താരങ്ങൾ സ്വന്തമാക്കിയപ്പോൾ മറ്റ് പ്രധാന വിഭാഗങ്ങളിലും മലയാളികൾ ഇടംപിടിച്ചു.
മികച്ച ഹാസ്യ നടിക്കുള്ള പുരസ്കാരത്തിന് ഉര്വശി അർഹയായി. മികച്ച പ്രതിനായകനായി റഹ്മാനും തെരഞ്ഞെടുക്കപ്പെട്ടു. വൈക്കം വിജയലക്ഷ്മി, വര്ഷാ രഞ്ജിത്ത് എന്നിവര് മികച്ച ഗായികമാരായി.
Movies
തിരുപ്പതി ക്ഷേത്രത്തിൽ നടൻ ധനുഷിന് സുരക്ഷയൊരുക്കി മക്കളായ യാത്രയും ലിംഗയും. ആൾക്കൂട്ടവും തിരക്കും നിയന്ത്രിക്കാനാകാതെ വന്നതോടെയാണ് അച്ഛന് ചുറ്റും സംരക്ഷണമൊരുക്കി മക്കൾ നിന്നത്.
ധനുഷിനൊപ്പം സുരക്ഷയൊരുക്കി നടക്കുന്ന യാത്രയുടെയും ലിംഗയുടെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ധനുഷ് ക്ഷേത്രത്തിലൂടെ നടക്കുമ്പോൾ ചുറ്റും വലിയ ആൾക്കൂട്ടം ഉണ്ടാകുന്നുണ്ട്. ഇതോടെ രണ്ടുമക്കളും ഇരുവശങ്ങളിലുമായി നിന്ന് സുരക്ഷകവചം ഒരുക്കുകയായിരുന്നു. ധനുഷിന് അരികിലേക്ക് സെൽഫി എടുക്കാനും മറ്റുമായി വരുന്നവരെ മാറ്റിനിർത്തുന്ന മക്കളുടെ വീഡിയോ ആണ് പുറത്തുവന്നത്. തിരക്കിനിടയിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്ന ധനുഷിനെയും വീഡിയോയിൽ കാണാം.
രജനികാന്തിന്റെ മകൾ ഐശ്വര്യ രജനികാന്തിനെയാണ് ധനുഷ് വിവാഹം ചെയ്തത്. ഇവർക്ക് യാത്ര, ലിംഗ എന്നിങ്ങനെ രണ്ട് മക്കളാണുള്ളത്.2022ലാണ് ധനുഷും ഐശ്വര്യയും വേർപിരിഞ്ഞത്. വിവാഹ ബന്ധം വേർപെടുത്തിയാലും മക്കളുടെ കാര്യത്തിൽ ഇവർ ഒന്നിക്കാറുണ്ട്.
Movies
എക്കോയെ പ്രശംസിച്ച് നടൻ ധനുഷ്. ചിത്രം ഒരു മാസ്റ്റർപീസാണെന്നാണ് ധനുഷ് പറഞ്ഞത്. ചിത്രത്തെ പ്രശംസിച്ചതിനൊപ്പം അതിലെ പ്രധാന കഥാപാത്രമായ ബിയാന മോമിനെയും താരം അഭിനന്ദിച്ചു.
മലയാള സിനിമയായ എക്കോ ഒരു മാസ്റ്റർപീസ് ആണ്. നടി ബിയാന മോമിൻ എല്ലാ ഉന്നത ബഹുമതികൾക്കും അർഹയാണ്. ലോകോത്തര നിലവാരമുള്ള പ്രകടനം. എന്നായിരുന്നു ധനുഷിന്റെ പോസ്റ്റ്. ധനുഷിന് നന്ദിയുമായി ചിത്രത്തിന്റെ അണിയറപ്രവർത്തകരുമെത്തി. ഇത് ഞങ്ങൾക്ക് വളരെ സന്തോഷം നൽകുന്നുവെന്ന് എക്കോ ടീം നന്ദി പറഞ്ഞുപങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി
Movies
ധനുഷിന്റെ തേരേ ഇഷ്ക് മേം പുതിയ ചിത്രത്തിന്റെ ട്രെയിലർ റിലീസ് പരിപാടിക്കിടയിൽ തെന്നിന്ത്യൻ സൂപ്പർതാരം ധനുഷ് പ്രണയത്തെക്കുറിച്ചു പറഞ്ഞത് വൈറലായി. ഐശ്വര്യ രജനികാന്തുമായുള്ള പ്രണയം, വിവാഹം, വിവാഹമോചനം എന്നീ അവസ്ഥകളിലൂടെ കടന്നുപോയ താരം പറയുന്ന മറുപടി എന്തായിരിക്കുമെന്ന് ആരാധകർ വീർപ്പടക്കിയിരിക്കുകയായിരുന്നു.
ആനന്ദ് എൽ. റായ് സംവിധാനം ചെയ്ത് ധനുഷും കൃതി സനോണും പ്രധാന വേഷങ്ങളിൽ എത്തുന്ന "തേരേ ഇഷ്ക് മേം' റൊമാന്റിക്-ആക്ഷൻ ഡ്രാമയാണ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്.
ചടങ്ങിൽ ധനുഷിനോടും കൃതി സനോണിനോടും പ്രണയത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടിനെക്കുറിച്ച് ചോദിച്ചു. മറുപടി പറയാൻ ഇരുവരും മടിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ധനുഷ് പറഞ്ഞു, "എനിക്കറിയില്ല.' താങ്കൾക്ക് അത് എളുപ്പം വിശദീകരിക്കാൻ കഴിയുമെന്ന് തമാശരൂപേണ ആരോ പ്രതികരിച്ചപ്പോൾ ധനുഷിന്റെ മറുപടി ഇങ്ങനെയായിരുന്നു: "പ്രണയം വിലമതിക്കാനാകാത്ത വികാരമാണെന്ന് ഞാൻ കരുതുന്നു.'
ധനുഷിന്റെ ഓൺസ്ക്രീൻ കഥാപാത്രമായ ശങ്കർ അതിനോട് യോജിക്കില്ലെന്ന് കൃതി പറഞ്ഞപ്പോൾ, "ഞാൻ അദ്ദേഹത്തെപ്പോലെയല്ലെന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ...' എന്നും താരം കൂട്ടിച്ചേർത്തു. താരത്തിന്റെ മറുപടികേട്ട് എല്ലാവരും കൈയടിക്കുകയും ആഘോഷിക്കുകയും ചെയ്തു.
18 വർഷത്തെ ദാമ്പത്യം
ധനുഷിന്റെയും ഇതിഹാസതാരം രജനികാന്തിന്റെ മകൾ ഐശ്വര്യ രജനികാന്തിന്റെയും വിവാഹം 2004 ൽ ചെന്നൈയിലാണു നടന്നത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഐശ്വര്യക്ക് ധനുഷിനേക്കാൾ പ്രായക്കൂടതലും ഉണ്ടായിരുന്നു. അത്യാഡംബര പൂർണമായിരുന്നു ചടങ്ങുകൾ. 18 വർഷത്തെ ദാമ്പത്യത്തിനു ശേഷം, വേർപിരിയാനുള്ള തീരുമാനം ഇരുവരും ഒരുമിച്ചാണ് അറിയിച്ചത്. സംയുക്ത പ്രസ്താവന പുറത്തിറക്കുകയായിരുന്നു.
"സുഹൃത്തുക്കൾ, ദമ്പതികൾ, മാതാപിതാക്കൾ, അഭ്യുദയകാംക്ഷികൾ എന്നീ നിലകളിൽ 18 വർഷത്തെ ഒരുമിച്ചുള്ള ജീവിതം. വളർച്ചയുടെയും മനസിലാക്കലിന്റെയും പൊരുത്തപ്പെടലിന്റെയും പൊരുത്തപ്പെടുത്തലിന്റെയും യാത്രയായിരുന്നു. ഇന്ന്, വഴികൾ വേർപിരിയുന്ന ഒരു സ്ഥലത്താണ് ഞങ്ങൾ നിൽക്കുന്നത്. ഞങ്ങൾ വേർപിരിയുന്നു. ദയവായി ഞങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കുകയും ആവശ്യമായ സ്വകാര്യത നൽകുകയും ചെയ്യുക.'- എന്നായിരുന്നു പ്രസ്താവന.
Movies
ധനുഷ് നായകനായെത്തുന്ന പാന് ഇന്ത്യൻ ചിത്രം കുബേരയുടെ ട്രെയിലർ എത്തി. ധനുഷ്, നാഗാർജുന, രശ്മിക മന്ദാന എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഹാപ്പി ഡെയ്സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശേഖർ കമ്മുലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ട് ഗെറ്റപ്പിലാണ് ധനുഷ് എത്തുന്നത്.
ഭിക്ഷാടനം നടത്തി ജീവിതം മുന്നോട്ടുപോകുന്ന മനുഷ്യൻ പെട്ടന്നൊരു സാഹചര്യത്തിൽ കോടീശ്വരനായി മാറുന്നതാണ് കഥ.
<iframe width="100%" height="390" src="https://www.youtube.com/embed/Eyl4sQFkQiM" title="Kuberaa Official Trailer – Tamil | Dhanush | Nagarjuna | Rashmika Mandanna | Sekhar Kammula | DSP" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" referrerpolicy="strict-origin-when-cross-origin" allowfullscreen></iframe>
മേഡ് ഇൻ ഹെവൻ, സഞ്ജു, പദ്മാവത് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ പ്രശസ്തനായ ജിം സർഭും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദേവി ശ്രീ പ്രസാദാണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്.
നാഗ ചൈതന്യ, സായ് പല്ലവി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഒരുങ്ങിയ ലവ് സ്റ്റോറി എന്ന സിനിമയ്ക്കു ശേഷം ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളുടെ കീഴിൽ സുനിൽ നാരംഗ്, പുഷ്കർ രാം മോഹൻ റാവു എന്നിവരാണ് കുബേര നിർമിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ തോട്ട തരണി, ഛായാഗ്രാഹകൻ നികേത് ബൊമ്മി, എഡിറ്റർ കാർത്തിക ശ്രീനിവാസ്, കോ റൈറ്റർ ചൈതന്യ പിംഗളി, പബ്ലിസിറ്റി ഡിസൈനർ കബിലൻ. ചിത്രം ജൂൺ 20ന് തിയറ്ററുകളിലെത്തും.