DxV പോസ്റ്റർ.
തെന്നിന്ത്യൻ സിനിമയിൽ അമ്പരപ്പിക്കുന്ന പരീക്ഷണങ്ങളുമായി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന പ്രതിഭയാണ് ധനുഷ്. നടനായും സംവിധായകനായും നിർമാതാവായും തിളങ്ങിനിൽക്കുന്ന താരം സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവച്ച ഏറ്റവും പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ ഇപ്പോൾ തെന്നിന്ത്യയിലാകെ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. DxV എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ഈ മിസ്റ്ററി പ്രോജക്റ്റിന്റെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്. നിഗൂഢതകൾ ഒളിപ്പിച്ചുവച്ച പോസ്റ്റർ ഇതിനോടകം തന്നെ ആരാധകർക്കിടയിൽ വലിയ ഹൈപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്.
സിനിമയുടെ പ്രമേയത്തെക്കുറിച്ചു സൂചനകൾ നൽകുന്നതാണ് ഇപ്പോൾ പുറത്തുവന്ന പോസ്റ്റർ. കടലിൽ നടക്കുന്ന ഒരു വമ്പൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള പോസ്റ്ററിൽ, ഭൂതകാലത്തിലെ ഭീമാകാരമായ യുദ്ധക്കപ്പലുകൾ ആധുനിക സാങ്കേതികവിദ്യയുടെ കരുത്തായ ഫൈറ്റർ ജെറ്റുകളുമായി നേർക്കുനേർ ഏറ്റുമുട്ടുന്ന ദൃശ്യമാണുള്ളത്. ടൈം ട്രാവലോ അതോ സയൻസ് ഫിക്ഷൻ ത്രില്ലറോ ആകാം ചിത്രമെന്ന സൂചന പോസ്റ്റർ നൽകുന്നുണ്ട്. പോസ്റ്ററിനൊപ്പം ധനുഷ് കുറിച്ച, പണിന്തവരെ വിട്ടു വൈപ്പാൻ, പകൈത്തവരെ നാട്ടു വൈപ്പാൻ (അനുകൂലിക്കുന്നവരെ അദ്ദേഹം വെറുതെ വിടും, ശത്രുക്കളെ തകർത്തുകളയും) - എന്ന മാസ് ഡയലോഗ് കൂടിയായപ്പോൾ ആരാധകരുടെ ആവേശം ഇരട്ടിച്ചു.
ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് ആരായിരിക്കും എന്നതിനെച്ചൊല്ലി കോളിവുഡിൽ വലിയ ചർച്ചകളാണു നടക്കുന്നത്. പോസ്റ്ററിലെ DxV എന്നതിലെ D ധനുഷിനെയും V പ്രശസ്ത സംവിധായകൻ വെങ്കട്ട് പ്രഭുവിനെയുമാണ് സൂചിപ്പിക്കുന്നതെന്നാണ് സിനിമാലോകത്തെ പ്രധാന സംസാരം. മുൻപ് ശിവകാർത്തികേയനെ നായകനാക്കി വെങ്കട്ട് പ്രഭു ചെയ്യാനിരുന്ന ടൈം ട്രാവൽ സയൻസ് ഫിക്ഷൻ പ്രോജക്റ്റിലേക്ക് ഒടുവിൽ ധനുഷ് എത്തുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ധനുഷിന്റെ പ്രിയ സംവിധായകൻ വെട്രിമാരൻ തന്നെയാണ് ഈ ചിത്രത്തിനു പിന്നിലെന്നും ചിലർ വാദിക്കുന്നുണ്ട്. സംവിധായകൻ ആരായാലും ഇതൊരു അന്താരാഷ്ട്ര നിലവാരമുള്ള സിനിമാറ്റിക് അനുഭവമായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
Tags : Entertainment Movies KollyWood Dhanush DxVTeaser