ധനുഷുമായുള്ള വിവാഹവാർത്ത നിഷേധിച്ച് നടി മൃണാൾ ഠാക്കൂർ. ധനുഷ് തനിക്ക് സഹോദരനെപ്പോലെയാണെന്നും പ്രൊഫഷണൽ ബന്ധം മാത്രമേയുള്ളൂവെന്നും മൃണാൾ പറഞ്ഞു.
ഫെബ്രുവരി 14- വലൈന്റൈൻസ് ദിനത്തിൽ ഇരുവരും വിവാഹിതരാകുമെന്ന് വാർത്തകൾ പരന്നിരുന്നു. പ്രമുഖ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്ത വാർത്തകൾ പൂർണ്മായും നിഷേധിച്ചുകൊണ്ടാണ് താരത്തിന്റെ ഔദ്യോഗിക ഫാൻ പേജ് രംഗത്തെത്തിയത്.
ധനുഷും ഞാനും തമ്മിലുള്ള അഭ്യൂഹങ്ങൾ വെറും കെട്ടുകഥയാണ്; ഇതാണ് എന്റെ സത്യം...എന്റെ ജോലിയിലൂടെയാകണം ഞാൻ അറിയപ്പെടേണ്ടതെന്ന് ഞാൻ എപ്പോഴും വിശ്വസിക്കുന്നു, ഗോസിപ്പുകളിലൂടെയല്ല. എന്നാൽ ഇന്ന്, ഞാൻ എഴുതാത്ത കഥകളിലും, ഞാൻ നടത്താത്ത സംഭാഷണങ്ങളിലും, ഞാൻ എടുക്കാത്ത തീരുമാനങ്ങളിലും എന്റെ പേര് വലിച്ചിഴയ്ക്കപ്പെടുന്നത് ഞാൻ കാണുകയാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു വിവാഹ വിവാദം ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ഒരു കാര്യം ഞാൻ വ്യക്തമാക്കട്ടെ, ധനുഷ് എനിക്ക് എന്നും ഒരു സഹോദരനെപ്പോലെയാണ്. ഞങ്ങൾക്കിടയിലുള്ളത് കേവലം പരസ്പര ബഹുമാനവും പ്രഫഷനൽ ബന്ധവും മാത്രമാണ്, അതിനപ്പുറം ഒന്നുമില്ല. ഒരു സ്ത്രീയുടെ കഠിനാധ്വാനത്തെ അംഗീകരിക്കുന്നതിന് പകരം അവളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് കഥകൾ മെനയാൻ ആളുകൾക്ക് ഇത്ര ആവേശം എന്താണെന്ന് ഞാൻ അത്ഭുതപ്പെടാറുണ്ട്.
എനിക്ക് എന്തെങ്കിലും മറയ്ക്കാനുള്ളതുകൊണ്ടല്ല ഞാൻ നിശബ്ദത പാലിക്കുന്നത്, മറിച്ച് എന്റെ സ്വകാര്യ ജീവിതത്തിന് പൊതുസമൂഹത്തിന്റെ അംഗീകാരം ആവശ്യമില്ലെന്ന് ഞാൻ വിശ്വസിക്കുന്നത് കൊണ്ടാണ്.
ഓഡിഷനുകളിലൂടെയും, നിരസിക്കലുകളിലൂടെയും, ഉറക്കമില്ലാത്ത രാത്രികളിലൂടെയും, തളരാത്ത ആത്മവിശ്വാസത്തിലൂടെയും കഠിനാധ്വാനം ചെയ്താണ് ഞാൻ ഇന്ന് ഈ നിലയിലെത്തിയത്. ആ യാത്രയെ വെറുമൊരു കിംവദന്തിയിലേക്ക് ചുരുക്കുന്നത് അനീതിയാണ്
സോഷ്യൽ മീഡിയ എല്ലാവർക്കും ശബ്ദം നൽകുന്നുണ്ട്, എന്നാൽ അത് വലിയൊരു ഉത്തരവാദിത്തം കൂടി ആവശ്യപ്പെടുന്നു. കുറച്ച് ക്ലിക്കുകളും ലൈക്കുകളും ഷെയറുകളും നിരുപദ്രവകരമെന്ന് തോന്നിയേക്കാം, പക്ഷേ അവ യഥാർത്ഥ മനുഷ്യരെ ബാധിക്കുന്ന തെറ്റായ വാർത്തകളാണ് സൃഷ്ടിക്കുന്നത്. ഞാൻ വീണ്ടും വ്യക്തമാക്കുന്നു, ഈ പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു സത്യവുമില്ല. നന്ദി.’’ മൃണാൾ ഠാക്കൂറിന്റെ വാക്കുകൾ.
Tags : Dhanush Mrunal Thakur marriage news