District News
പത്തനംതിട്ട: തെരുവുനായ നിർമാർജനത്തിനായി തദ്ദേശ സ്ഥാപനങ്ങൾക്കു ഫണ്ടില്ല. തെരുവുനായ വന്ധ്യംകരണ പദ്ധതിയും നിലച്ചു. എബിസി പദ്ധതിക്കായി തുടങ്ങിവച്ച കെട്ടിടംപണിയും ഇഴയുന്നു. തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് ഇവയുടെ പെരുപ്പം കുറയ്ക്കുകയെന്ന പദ്ധതിയാണ് എബിസി എന്ന പേരിൽ നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്തുകളും നഗരസഭകളും നടപ്പാക്കി വന്ന പദ്ധതിയും രണ്ടു വർഷമായി നിലച്ച മട്ടാണ്.
തെരുവുനായ ശല്യം രൂക്ഷമായതോടെ ആരംഭിച്ച പദ്ധതി 2023വരെ സജീവമായി തുടർന്നു. ഗ്രാമപഞ്ചായത്തുകളും നഗരസഭകൾക്കും പിന്തുണയുമായി ജില്ലാ പഞ്ചായത്തും രംഗത്തെത്തിയതോടെ പദ്ധതിക്കുവേണ്ടി ഫണ്ട് കണ്ടെത്താനും എളുപ്പമായിരുന്നു. തെരുവുനായ്ക്കളെ പിടികൂടാൻ ആളെ കിട്ടാതെ വന്നതോടെ കുടുംബശ്രീ പ്രവർത്തകർക്ക് പരിശീലനം നൽകി പദ്ധതി നടപ്പാക്കി. എന്നാൽ പിന്നീട് പദ്ധതിക്കുള്ള ഫണ്ട് നിലച്ചതോടെ നായ പിടിത്തവും വന്ധ്യംകരണവും നിലച്ചു. എബിസി കേന്ദ്രത്തിനു പണം നൽകാനുള്ള നിർദേശം വന്നെങ്കിലും ഗ്രാമപഞ്ചായത്തുകൾ ഇതിനും തയാറായില്ലെന്ന് പറയുന്നു.
തെരുവുനായ്ക്കളെ പിടികൂടി ഇവയ്ക്ക് പേ വിഷബാധയ്ക്കെതിരേയുള്ള വാക്സിനേഷൻ നൽകുന്ന പദ്ധതി പിന്നീട് നടപ്പാക്കി. രണ്ടു വർഷം ഇതു നല്ലരീതിയിൽ തുടർന്നു. 2019ൽ തെരുവുനായ്ക്കളുടെ കണക്കെടുപ്പിനുശേഷമാണ് മൃഗസംരക്ഷണ വകുപ്പ് പദ്ധതി തയാറാക്കിയത്. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികളുടെ ഭാഗമായി ഇതംഗീകരിച്ചതോടെ വാക്സിനേഷൻ നടപടികൾ നടത്താനായി. 2019ലെ കണക്കിൽ ജില്ലയിൽ 14,058 തെരുവുനായ്ക്കൾ ഉണ്ടായിരുന്നുവെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്. പിന്നീടുള്ള കണക്കെടുപ്പുകൾ പുറത്തുവന്നിട്ടില്ല. തെരുവുനായ്ക്കൾക്ക് വാക്സിനേഷൻ നൽകുകയെന്നത് തദ്ദേശ സ്ഥാപനങ്ങൾക്ക് ചെലവേറിയ പദ്ധതിയായിരുന്നു. നായ്ക്കളെ പിടികൂടാൻ ആളെ നിയോഗിക്കുന്നതും ഇവർക്ക് വേതനം നൽകുന്നതുമെല്ലാം തദ്ദേശ സ്ഥാപനങ്ങൾ മുഖേനയായിരുന്നു. വളർത്തുനായ്ക്കൾക്കും ഇതിനൊപ്പം വാക്സിനേഷൻ നൽകാനുള്ള പദ്ധതിയും ആസൂത്രണം ചെയ്തിരുന്നു.
എബിസി കെട്ടിടം പ്രഖ്യാപനത്തിലൊതുങ്ങി
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തയാറാക്കിയ പദ്ധതി പ്രകാരം എബിസി ജില്ലാ കേന്ദ്രത്തിന്റെ നിർമാണം തുടങ്ങിയത്. തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്നതിനും ഏതാനും ദിവസങ്ങൾ ഇവയെ സംരക്ഷിക്കുന്നതിനുമായിരുന്നു കേന്ദ്രം. നേരത്തേ പ്രാദേശികതലത്തിൽ എബിസി കേന്ദ്രങ്ങൾ തുടങ്ങാൻ പദ്ധതയിട്ടിരുന്നെങ്കിലും സ്ഥലലഭ്യതയില്ലാത്തതിനാൽ ഉപക്ഷിച്ചു. കടപ്ര വെറ്ററിനറി ആശുപത്രിക്കു സമീപമായാണ് കെട്ടിടം നിർമിക്കുന്നത്. 1.5 കോടി രൂപയുടെ പദ്ധതിയിൽ 81.87 ലക്ഷം രൂപയ്ക്കാണ് കരാറുകാരൻ ടെൻഡറെടുത്തത്. കരാർ കാലാവധി 2025 ജനുവരിയിൽ പൂർത്തിയായതാണ്. തൂണുകളുടെ നിർമാണം മാത്രമാണ് അപ്പോൾ പൂർത്തിയായത്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് കെട്ടിടം തുറന്നുകൊടുക്കാൻ ലക്ഷ്യമിട്ടെങ്കിലും നടന്നില്ല.
ജില്ലാ പഞ്ചായത്ത് ഫണ്ടിനൊപ്പം ഗ്രാമപഞ്ചായത്തുകളുടെ ഫണ്ട് കൂടി പദ്ധതിക്കുവേണമെന്ന നിർദേശം വന്നതോടെയാണ് നടപടിക്രമങ്ങൾ ഇഴഞ്ഞത്. ഗ്രാമപഞ്ചായത്തുകളുടെ വിഹിതമായി 66.61 ലക്ഷം രൂപ കണ്ടെത്തി നൽകുന്നതിൽ വീഴ്ചയുണ്ടായി. നിർവഹണ ഏജൻസിയായ മൃഗസംരക്ഷണ വകുപ്പിന്റെ ഭാഗത്തും മെല്ലപ്പോക്ക് പ്രകടമായി.
50 നായ്ക്കളെ പാർപ്പിക്കാൻ കഴിയുന്ന സംവിധാനം കെട്ടിടത്തിനുണ്ടായിരുന്നു. ആവശ്യമായ കൂടുകളും പദ്ധതിയിൽ പൂർത്തിയാക്കും. പ്രത്യേക കമ്മിറ്റിക്കാണ് എബിസി കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല.
District News
ചാവക്കാട്: നഗരസഭ മണത്തലയിൽ ആരംഭിക്കുന്ന തെരുവുനായ വന്ധ്യംകരണ കേന്ദ്രം നാളെ തുറക്കുമെന്ന് നഗരസഭ ചെയർപഴ്സൺ എ.എച്ച്. അക്ബർ, വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിൽ മുനിസിപ്പൽതലത്തിൽ ചാവക്കാടാണ് ആദ്യത്തെ എബിസി സെന്റർ വരുന്നത്.
നഗരസഭയുടെ അധീനതയിലുള്ള വെറ്ററിനറി ബ്ലോക്കിൽ ജില്ലാപഞ്ചായത്ത് 45 ലക്ഷം രൂപ മുടക്കിയാണ് കെട്ടിടം നിർമിച്ചത്. മൂന്നുമാസംകൊണ്ട് 300 നായ്ക്കളെ വന്ധ്യംകരണം ചെയ്യാൻ നഗരസഭ എട്ടുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
നായയെ പിടിച്ചുകൊണ്ടുവന്ന് വന്ധ്യംകരണംനടത്തി ഏഴുദിവസത്തെ ചികിത്സയ്ക്കുശേഷം പിടിച്ച സ്ഥലത്തുതന്നെ വിടാൻ 2,600 രൂപയാണ് ഒരു നായ്ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഗുരുവായൂർ, കുന്നംകുളം നഗരസഭകളും മറ്റ് 11 പഞ്ചായത്തുകളൾക്കും ഉപയോഗപ്പെടുത്താവുന്ന തരത്തിലാണ് പദ്ധതി. നാളെ രാവിലെ 10.30ന് എൻ.കെ. അക്ബർ എംഎൽഎ ഉദ്ഘാടനംചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കളക്ടർ ശിഖ സുരേന്ദ്രൻ എന്നിവർ മുഖ്യാതിഥികളാകും.
സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ പി. യതീന്ദ്രദാസ്, കെ.എച്ച്. സലാം, ലിഷാ മത്രംകോട്ട്, സെക്രട്ടറി പി.പി. റിഷ്മ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
District News
തൃശൂർ: കോർപറേഷൻ പരിധിയിലെ നായ്ക്കളുടെ വന്ധ്യംകരണനിരക്ക് ഉയർത്തണമെന്നു സർവേ റിപ്പോർട്ട്. തെരുവുനായ്ക്കളുടെ ആക്രമണം വർധിച്ചതിനുപിന്നാലെ നടത്തിയ പഠനത്തിൽ ഡോഗ് പോപ്പുലേഷൻ മാനേജ്മെന്റ് രീതി അനുവർത്തിക്കണമെന്നും നിർദേശമുണ്ട്. 102 ചതുരശ്ര കിലോമീറ്ററുള്ള കോർപറേഷനിലെ 55 ഡിവിഷനുകളിൽ ആകെ 5205 നായ്ക്കളുണ്ടെന്നും ഇതു പരമാവധി 6320 വരെയാകാമെന്നും 12 വാർഡുകളിൽ അന്‍പതു ശതമാനത്തിൽ താഴെയാണു വന്ധ്യംകരണനിരക്കെന്നും വേൾഡ് വൈഡ് വെറ്ററിനറി സർവീസ്, കോർപറേഷൻ- വെറ്ററിനറി സർവകലാശാല വോളന്റിയർമാർ സംയുക്തമായി നടത്തിയ കണക്കെടുപ്പിൽ പറയുന്നു. ഒരു വാർഡിൽ മൂന്നുതവണ വീതമാണു സർവേ നടത്തിയത്. കഴിഞ്ഞ നവംബറിലായിരുന്നു കണക്കെടുപ്പ്.
61 പേർക്ക് ഒരു തെരുവുനായ എന്ന നിലയിൽ ശല്യം രൂക്ഷമാണ്. ചതുരശ്ര കിലോമീറ്ററിൽ ഏഴു നായ്ക്കളുണ്ട്. ഇതിൽ 37 ശതമാനം പെണ്‍നായ്ക്കളാണ്. ആദ്യ രണ്ടുവർഷം 80 ശതമാനം നായ്ക്കളെ വന്ധ്യംകരിക്കണം. അഞ്ചുവർഷ കാലയളവിൽ ചെറിയതോതിലും തുടരണം. അങ്ങനെയെങ്കിൽ നിരക്ക് 80 ശതമാനത്തിനു മുകളിൽ നിർത്താമെന്നും നായ്ക്കൾ വർധിക്കുന്നതു തടയാമെന്നും സർവേ ശിപാർശ ചെയ്യുന്നു.
വീടുകൾ, ഗേറ്റഡ് കമ്യൂണിറ്റികളിൽ (ഫ്ളാറ്റുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ) വളർത്തുനായ്ക്കളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കണം. വിദ്യാഭ്യാസസ്ഥാപനങ്ങൾ, അസോസിയേഷനുകൾ എന്നിവ കേന്ദ്രമാക്കി പെറ്റ് പാരന്റിംഗ്, കമ്യൂണിറ്റി ഡോഡ് ഫീഡിംഗ് എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
പൂങ്കുന്നം- 158, രാമവർമപുരം- 408, ചേറൂർ- 145, മുല്ലക്കര- 164, മണ്ണുത്തി- 149, കുട്ടനെല്ലൂർ- 145, വടൂക്കര- 153, കണിമംഗലം- 134, കാര്യാട്ടുകര- 186, പുല്ലഴി- 157, ലാലൂർ- 133, അരണാട്ടുകര- 154, കാനാട്ടുകര- 146, സിവിൽ സ്റ്റേഷൻ- 165 എന്നിവിടങ്ങളിലാണു നായ്ക്കൾ കൂടുതൽ. ചെന്പൂക്കാവ്, വളർക്കാവ് എന്നിവിടങ്ങളിൽ കുറവാണ്. 28 ശതമാനത്തിനും ത്വക്ക് രോഗങ്ങളും അഞ്ചു ശതമാനത്തിനു പകരുന്ന അസുഖങ്ങളുമുണ്ട്. ചിയ്യാരം സൗത്ത്, കോട്ടപ്പുറം വാർഡിൽ സർവേയിൽ കണ്ടെത്തിയ നായ്ക്കളെ വന്ധീകരിച്ചതാണ്. ചെവിയിലെ അടയാളം നോക്കിയാണു തിരിച്ചറിയുക. തൈക്കാട്ടുശേരി, നെടുപുഴ എന്നിവിടങ്ങളിൽ വന്ധ്യംകരണം 15 ശതമാനത്തിൽ താഴെയാണ്.
International
ഫോർട്ട് വില്യം: സ്കോട്ട്ലൻഡിലെ ഏറ്റവും ഉയർന്ന പർവതമായ 'ബെൻ നെവിസിൽ' വച്ച് അബദ്ധത്തിൽ കഞ്ചാവ് കഴിച്ച് അവശനിലയിലായ 'ടോക്കിയോ' എന്ന ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയെ രക്ഷാപ്രവർത്തകർ സുരക്ഷിതമായി താഴെ എത്തിച്ചു. ഹൈക്കിംഗിനിടെ പെട്ടെന്ന് അവശയായ നായ, വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്ന കഞ്ചാവ് അബദ്ധത്തിൽ കഴിച്ചതാകാം അസുഖത്തിന് കാരണമെന്ന് ഡോക്ടർമാർ സംശയിക്കുന്നു.
സറേ സ്വദേശിയായ ക്രിസ്റ്റീന ബ്ലൂം എന്ന പരിശീലകയുടെ നായയാണ് ടോക്കിയോ. മലകയറ്റത്തിനിടയിൽ പെട്ടെന്ന് ടോക്കിയോ കുഴഞ്ഞുവീഴുകയായിരുന്നു. നായയുടെ കാലുകൾ തളരുകയും ഇടയ്ക്കിടെ ബോധം മറയുകയും ചെയ്തതോടെ തനിക്ക് ടോക്കിയോയെ നഷ്ടപ്പെടുമെന്ന് ഭയന്നതായും ക്രിസ്റ്റീന പറഞ്ഞു.
തുടർന്ന് ലോച്ചാബർ മൗണ്ടൻ റെസ്ക്യൂ ടീം സ്ഥലത്തെത്തി, 25 കിലോ ഭാരമുള്ള ടോക്കിയോയെ സ്ട്രെച്ചറിൽ കിടത്തി താഴെ എത്തിക്കുകയായിരുന്നു. രക്ഷാപ്രവർത്തകരുടെ ഇടപെടലിനെയും ക്രിസ്റ്റീന പ്രശംസിച്ചു. അവരുടെ സഹായമില്ലായിരുന്നെങ്കിൽ നായയെ സുരക്ഷിതമായി താഴെ എത്തിക്കാൻ സാധിക്കില്ലായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. നിലവിൽ ടോക്കിയോ പൂർണ ആരോഗ്യവതിയാണ്.
District News
കണ്ണൂർ: ജില്ലയിൽ തെരുവുനായകളുടെ ശല്യം ദിനംപ്രതി വർധിക്കുന്നു. റോഡുകളിലും പൊതുസ്ഥലങ്ങളിലും കൂട്ടമായി സഞ്ചരിക്കുന്ന തെരുവുനായകൾ ജനങ്ങളിൽ ഭീതിയുണർത്തുകയാണ്. സ്കൂൾ പരിസരങ്ങൾ, ബസ് സ്റ്റോപ്പുകൾ, മാർക്കറ്റ് മേഖലകൾ എന്നിവിടങ്ങളിലെല്ലാം നായകളുടെ സാന്നിധ്യം വർധിച്ചിട്ടുണ്ട്. ഇതോടെ കാൽനടയാത്രക്കാരും വാഹനയാത്രക്കാരും ഒരുപോലെ ദുരിതമനുഭവിക്കുകയാണ്. മഴക്കാലമായതിനാൽ നഗരത്തിന്റെ പ്രധാന കവലകളും ആളൊഴിഞ്ഞ കെട്ടിടങ്ങളിലുമെല്ലാം നായകളുടെ കേന്ദ്രമായി മാറി.
\
കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ജില്ലയിലെ പല ഭാഗങ്ങളിലും തെരുനായകളുടെ ആക്രമണം നടന്നിട്ടുണ്ട്. കോർപറേഷൻ പരിധിയിൽ 12 പേർ തെരുവുനായകളുടെടെ ആക്രമണത്തിന് ഇരയായി. അഴീക്കോട് എട്ടുപേർക്കും ചാലയിൽ നാലു പേർക്കുമാണ് കടിയേറ്റത്. ചാലയിൽ 10 വയസുകാരിയെ ഉൾപ്പെടെയാണ് നായ കടിച്ചത്. ചാല പടിഞ്ഞാറേക്കര എൽപി സ്കൂളിന് സമീപമാണ് ആക്രമണമുണ്ടായത്. ഇത് സ്കൂൾ കുട്ടികൾക്കും മുതിർന്നവർക്കും സുരക്ഷിതമായി യാത്ര ചെയ്യുന്നതിന് വെല്ലുവിളിയായിരിക്കുകയാണ്. രാവിലെയും വൈകുന്നേരവും റോഡുകളിലും ബസ് സ്റ്റോപ്പുകളിലും കൂട്ടമായി നിൽക്കുന്ന നായകൾ അപകടസാധ്യത വർധിപ്പിക്കുന്നു. ബസ് സ്റ്റോപ്പുകളിൽ നായകൾ കൂട്ടമായി നിൽക്കുന്നതും ആളുകളുടെ നേരെ ചാടുന്നതും പതിവാണ്. വാഹനങ്ങൾക്ക് പുറകേ ഓടുന്നതും കുറുകെ ചാടുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു.
കഴിഞ്ഞ ദിവസം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സ്ത്രീയുടെ കുറുകെ നായ ചാടി വാഹനം മറിഞ്ഞ സംഭവമുണ്ടായിരുന്നു. മാലിന്യസംഭരണത്തിലെ അപാകതകൾ തെരുവുനായകളുടെ എണ്ണത്തിനും ആക്രമണത്തിനും പ്രധാന കാരണമായി മാറുന്നു. കോർപറേഷൻ പരിധിയിലെ നായ ശല്യവുമായി ബന്ധപ്പെട്ടുള്ള പരാതികൾ കൗൺസിൽ യോഗങ്ങളിൽ ചർച്ച ചെയ്ത് തീരുമാനമെടുത്തെങ്കിലും നടപടികൾ ആരംഭിച്ചിട്ടില്ല. താത്ക്കാലിക ഷെൽട്ടറുകൾ സ്ഥാപിക്കാൻ സ്ഥലം കണ്ടെത്താൻ സാധിക്കാത്തതാണ് വെല്ലുവിളിയായി കോർപറേഷൻ പറയുന്നത്.
Kerala
കോട്ടയം: മുണ്ടക്കയം പുഞ്ചവയലിൽ നായയെ കൊലപ്പെടുത്തിയത് പുലി തന്നെയെന്ന് വനം വകുപ്പ്. പാക്കാനം ഇഞ്ചിക്കുഴി കൂപ്പിനോട് ചേർന്ന വീട്ടിലെ വളർത്തു നായയെയാണ് പുലി കൊലപ്പെടുത്തിയതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചത്.
പ്രദേശത്ത് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നതായി കണ്ടെത്തി. ഇതോടെയാണ് നായയെ കൊലപ്പെടുത്തിയത് പുലി തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
National
നീലഗിരി: നീലഗിരി ജില്ലയിലെ മസിനഗുടിയിൽ വളർത്തുനായയെ പിന്തുടർന്നെത്തിയ പുള്ളിപുലി വീടിനുള്ളിൽ കയറി. മുതുമല കടുവ സങ്കേതം മസിനഗുഡി റേഞ്ചിലെ അവരല്ലാ സെക്ഷനിലെ സെൽവപ്പാ കോളനിയിൽ ശിവകുമാറിന്റെ വീട്ടിലാണ് സംഭവം. ബുധനാഴ്ച രാത്രി 9.30 ഓടെയാണ് വീടിനുള്ളിലേക്ക് പുലി ഓടിക്കയറിയത്.
നായക്ക് പിന്നാലെ പുലിയോടിയെത്തുന്നത് കണ്ട വീട്ടുകാർ ഉടൻ വീടിന് പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് വീട് പുറത്തുനിന്നും പൂട്ടിയശേഷം വനംവകുപ്പിനെ വിവരമറിയിച്ചു.
വനം റേഞ്ച് ഓഫീസര്‍ വി. രാജന്റെ നേതൃത്വത്തില്‍ മസിനഗുഡി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മുതുമല ഫീല്‍ഡ് ഡയറക്ടറുടെയും ഡെപ്യൂട്ടി ഡയറക്ടറുടെയും നിര്‍ദേശപ്രകാരം വ്യാഴാഴ്ച പുലര്‍ച്ചെ 2.30 നാണ് പുലിയെ കൂട്ടിലാക്കിയത്. പിന്നീട് സീഗൂര്‍ വനത്തില്‍ പുലിയെ തുറന്നുവിട്ടു.
Kerala
കൊച്ചി: എറണാകുളം കോതമംഗലം കോട്ടപ്പടിയില്‍ വളര്‍ത്തുനായയെ അജ്ഞാത ജീവി കടിച്ചു കൊന്നു. കോട്ടപ്പടി മുട്ടത്തുപ്പാറ സ്വദേശി സാബുവിന്റെ വളര്‍ത്തുനായയാണ് ഇന്ന് പുലര്‍ച്ചെ അജ്ഞാത ജീവി കടിച്ചു കൊന്നത്. നായയുടെ കഴുത്തിന് പിന്നിലാണ് മുറിവേറ്റിരിക്കുന്നത്. വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
നായയെ കൊന്നത് അജ്ഞാത ജീവിയാണ് എന്നതില്‍ വനം വകുപ്പ് ഇതുവരെ സ്ഥിരീകരണം നടത്തിയിട്ടില്ല. പുലര്‍ച്ചെ നാലോടെ നായ കുരയ്ക്കുന്നതും മറ്റ് ശബ്ദങ്ങളും പരിസരവാസികള്‍ കേട്ടിരുന്നു.
രാവിലെ നോക്കിയപ്പോഴാണ് നായ ചത്തു കിടക്കുന്നത് കണ്ടത്. വന്യമൃഗ ശല്യം കാരണം ഏറെ ഭീതിയിലാണ് പ്രദേശവാസികള്‍. വനമേഖലയോട് ചേര്‍ന്നു കിടക്കുന്ന ഈ പ്രദേശത്ത് കാട്ടാന ശല്യവും രൂക്ഷമാണ്.
Kerala
പാലക്കാട്: ഒറ്റപ്പാലത്ത് തെരുവുനായയുടെ ആക്രമണത്തിൽ രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. സഹോദരങ്ങൾക്കാണ് കടിയേറ്റത്.
ഒറ്റപ്പാലം തോട്ടക്കരയിലാണ് സംഭവം. ധൻവിക (3), റിഥിൻ രാജ് (6) എന്നിവർക്കാണ് കടിയേറ്റത്.
വീടിന് മുന്നിൽ കളിക്കുകയായിരുന്നു ഇരുവരും.
പരിക്കേറ്റ കുട്ടികൾ ഒറ്റപാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
ഹരിപ്പാട്: താമല്ലാക്കലും പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായിട്ട് നാളുകളേറെയായി. മുൻപും സ്കൂൾ വിദ്യാർഥികളടക്കം നിരവധി പേർക്ക് പ്രദേശത്ത് നായയുടെ കടിയേറ്റിട്ടുണ്ട്. റോഡരികുകളിൽ ഉന്തുവണ്ടികളിലും താല്‍ക്കാലിക ഷെഡുകളിലുമായി അനധികൃതമായി പ്രവർത്തിക്കുന്ന നിരവധി ഇറച്ചിക്കടകളാണ് പ്രദേശത്തെ പ്രധാന വില്ലൻ.
ഇറച്ചിക്കടകളിൽ നിന്നും നിയമവിരുദ്ധമായി റോഡരികിലും പൊതുസ്ഥലങ്ങളിലും തള്ളുന്ന അറവുമാലിന്യങ്ങൾ കഴിക്കാനായി വൻതോതിലാണ് തെരുവുനായ്ക്കൾ ഇവിടെ തമ്പടിക്കുന്നത്. ഇവ പലപ്പോഴും അക്രമാസക്തരായി കാൽനടയാത്രക്കാരെയും കുട്ടികളെയും ഓടിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
ഇത്തരം അനധികൃത ഇറച്ചിക്കടകൾക്കെതിരെയും തെരുവുനായ ശല്യത്തിനെതിരെയും തദേശസ്വയംഭരണ വകുപ്പിനും ആരോഗ്യ വിഭാഗത്തിനും നിരവധി തവണ പരാതി നൽകിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ജനങ്ങളുടെ ജീവന് ഭീഷണിയായ തെരുവുനായ്ക്കളെ അടിയന്തരമായി നിയന്ത്രിക്കണമെന്നും അനധികൃത മാലിന്യ നിക്ഷേപത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. തിരുവനന്തപുരം കല്ലമ്പലം ഭാഗത്ത് വയോധികയെ തെരുവുനായ ആക്രമിച്ചു.
പനി ബാധിച്ച് വീടിനുള്ളില്‍ കഴിഞ്ഞ 65കാരിയായ ഗിരിജയെയാണ് തെരുവുനായ കടിച്ചത്. നായ വീടിനുള്ളില്‍ കയറി ആക്രമിക്കുകയായിരുന്നു. തുറന്നു കിടന്ന വാതിലിലൂടെയാണ് നായ അകത്ത് കയറിയത്. നായയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ നായ കൈയ്യില്‍ കടിക്കുകയായിരുന്നു.
പരിക്കേറ്റ വയോധികയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കല്ലമ്പലം കരവാരത്ത് മറ്റു നാല് പേരെയും തെരുവുനായ ആക്രമിച്ചിട്ടുണ്ട്. പ്രദേശത്തെ വളര്‍ത്ത് മൃഗങ്ങളെയും നായ ആക്രമിച്ചതായാണ് വിവരം.
ആക്രമിച്ച നായക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു നായയെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. നായയ്ക്ക് പേവിഷബാധയുണ്ടോ എന്നതിലും സംശയം നിലനില്‍ക്കുകയാണ്. പ്രദേശത്ത് തെരുവുനായ ശല്യം അതിരൂക്ഷമാണെന്നാണ് വാര്‍ഡ് മെമ്പര്‍ പറയുന്നത്.
Kerala
പാലക്കാട്: നായയെ കൊന്ന് കുടിവെള്ള ടാങ്കിലിട്ടെന്ന് പരാതി. പാലക്കാട് കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ട് പറമ്പിലാണ് സംഭവം.
20 കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന ടാങ്കിലാണ് നായയുടെ ജഡം ഇട്ടത്. ഏറെ നാളുകളായി വെള്ളം ഉപയോഗിച്ചിരുന്ന ജനങ്ങൾ രൂക്ഷഗന്ധം വന്നതോടെയാണ് ടാങ്ക് തുറന്ന് പരിശോധിച്ചത്.
ഇതോടെ നായയുടെ ജഡം അഴുകിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ നാട്ടുകാർ പോലീസിൽ പരാതി നൽകി.
International
വാഷിംഗ്ടൺ ഡിസി: വളർത്തുനായ അബദ്ധത്തിൽ തോക്ക് പ്രവർത്തിപ്പിച്ചതിനെ തുടർന്ന് വഴിയാത്രക്കാരിയായ സ്ത്രീക്ക് വെടിയേറ്റു. അമേരിക്കയിലെ നെബ്രാസ്കയിലാണ് സംഭവം.
പെട്രോൾ പന്പിന് സമീപമുള്ള കടയിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിലിരുന്ന വളർത്തുനായയാണ് വെടിവച്ചത്. വാഹനത്തിന്റെ ഉടമസ്ഥൻ സാധനങ്ങൾ വാങ്ങാനയി കടക്കുള്ളിലേക്ക് പോയപ്പോഴായിരുന്നു സംഭവം. ഈ സമയം നായയും മറ്റൊരു യാത്രക്കാരനും മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്.
പിൻസീറ്റിലിരുന്ന് കളിക്കുകയായിരുന്ന നായ അവിടെയുണ്ടായിരുന്ന തോക്ക് കണ്ടെത്തുകയായിരുന്നു. കളിക്കുന്നതിനിടയിൽ നായയുടെ കാൽ തോക്കിന്റെ ട്രിഗറിൽ അമരുകയും ഒന്നിലധികം തവണ വെടിയുതിരുകയും ചെയ്തു. വാഹനത്തിൽ നിന്ന് തെറിച്ച വെടിയുണ്ടകളിൽ ഒന്ന് സമീപത്തുണ്ടായിരുന്ന ഒരു സ്ത്രീയുടെ കൈയ്ക്കാണ് കൊണ്ടത്.
പരിക്കേറ്റ സ്ത്രീയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ പറഞ്ഞു.
സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. അമേരിക്കയിൽ നായകൾ അബദ്ധത്തിൽ തോക്ക് പ്രവർത്തിപ്പിക്കുന്ന സംഭവം ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
NRI
ഫോർട്ട്വർത്ത്: 2023-ൽ കാമുകി ഷീല ക്യുവേവാസിനെ കൊലപ്പെടുത്തിയ കേസിൽ അമേരിക്കയിലെ ഫോർട്ട്വർത്തിൽ നിന്നുള്ള ഇൻഫ്ലുവൻസർ കാലെബ് മിക്കൻസിന് കോടതി ദീർഘകാല തടവുശിക്ഷ വിധിച്ചു.
കാമുകിയെ ക്രൂരമായി മർദ്ദിച്ചതിനും മറ്റ് കുറ്റങ്ങൾക്കുമായി മിക്കൻസിന് 40 വർഷം തടവുശിക്ഷയാണ് ലഭിച്ചത്. തന്റെ വളർത്തുനായ ഷീലയെ ആക്രമിച്ചതാണ് മരണകാരണമെന്ന് മിക്കൻസ് ആദ്യം പോലീസിനോട് പറഞ്ഞിരുന്നു.
ഇതേത്തുടർന്ന് ആ നായയെ അന്ന് ദയാവധത്തിന് വിധേയമാക്കിയിരുന്നു. എന്നാൽ, അന്വേഷണത്തിൽ മിക്കൻസ് ഷീലയെ മയക്കുമരുന്ന് നൽകി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി.
നായയ്ക്ക് ഈ പരിക്കുകളിൽ പങ്കില്ലെന്ന് തെളിഞ്ഞു. കാഷ് കാർട്ടിയർ എന്നറിയപ്പെട്ടിരുന്ന ഇയാൾ ഒരു മൾട്ടി ലെവൽ മാർക്കറ്റിംഗ് തട്ടിപ്പ് സംഘത്തിലും പ്രവർത്തിച്ചിരുന്നു.
ഇയാൾ മുമ്പും നിരവധി സ്ത്രീകളെ ഉപദ്രവിച്ചിട്ടുള്ളതായി പ്രോസിക്യൂട്ടർമാർ കോടതിയിൽ വ്യക്തമാക്കി. കുറ്റസമ്മതം നടത്തിയതിനെത്തുടർന്നാണ് ഇപ്പോൾ കോടതി വിധി പുറപ്പെടുവിച്ചത്.
Kerala
പയ്യാവൂർ(കണ്ണൂർ): കല്യാണം ക്ഷണിക്കാൻ എത്തിയ ആൾ കിണറ്റിൽ വീണു. പയ്യാവൂരിൽ ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം.പയ്യാവൂർ ചെമ്പേരി റോഡിൽ പഴയ പോലീസ് സ്റ്റേഷന് സമീപത്തെ
വീട്ടിൽ കല്യാണം ക്ഷണിക്കാൻ പോയ വിമുക്തഭടൻ കോയാടൻ വീട്ടിൽ കെ.വി. രാജനാണ് പരിക്കേറ്റത്.
അടുത്തമാസം നടക്കുന്ന മകളുടെ കല്യാണം ക്ഷണിക്കാൻ വീട്ടിൽ കെട്ടിയിട്ടിരുന്ന
നായ കുരച്ച് ചാടിയപ്പോൾ അബദ്ധത്തിൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ നീളം കുറഞ്ഞ ആൾമറയുള്ള കിണറ്റിൽ വീഴുകയായിരുന്നു.
ഉടൻ നാട്ടുകാരായ രണ്ട് പേർ കിണറ്റിലിറങ്ങി രാജനെ കസേരയിൽ ഇരുത്തി ഇരിട്ടിയിൽ നിന്നും അഗ്നിശമന സേനയെത്തി കരക്ക് കയറ്റി പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി.
തോളെല്ലിന് പരിക്കേറ്റ രാജനെ എകെജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടി
സീനിയർ ഫയർ റസ്ക്യൂ ഓഫീസർ വിജീഷ് മറ്റു ഉദ്യോഗസ്ഥരായ ഇ. ജെ. മത്തായി, കെ. രാഹുൽ,എ.പി. ആശിഖ് ,ജസ്റ്റീൻ ജെയിംസ്, ബെന്നി സേവ്യർ എന്നിവർ നേതൃത്വം നൽകി.
Kerala
മുംബൈ: പൂനെയിൽ യുവതിയെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു. നഗരത്തിലെ ചക്കാൻ പ്രദേശത്ത് പുലർച്ചെ 2:15 ഓടെയാണ് സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ശോഭ വാഗ്മറെ(32) ആണ് കൊല്ലപ്പെട്ടത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന ഇവരെ ഏഴോളം നായ്ക്കൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. നായ്ക്കളെ ഇവർ അകറ്റാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ഇവർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. രക്തസ്രാവമാണ് മരണകാരണം.
ആദ്യം കൊലപാതകമാണെന്നായിരുന്നു പോലീസ് നിഗമനം. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ നിന്നും തെരുവ് നായ ആക്രമണമാണ് സംഭവത്തിന് പിന്നിലെന്ന് തെളിഞ്ഞു.
Kerala
കൊച്ചി: കാക്കനാട് കങ്ങരപ്പടിയിലെ സര്‍ക്കാര്‍ മൃഗാശുപത്രിക്കെതിരെ വീട്ടമ്മ. വളര്‍ത്തു പൂച്ചയ്ക്കും നായക്കും മതിയായ ചികിത്സ നല്‍കിയില്ലെന്നാണ് കൊച്ചി സ്വദേശിയായ വീട്ടമ്മയുടെ ആരോപണം. വളര്‍ത്തു പൂച്ചയെ പരിശോധിക്കുക പോലും ചെയ്തില്ലെന്നും ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ മറ്റൊരു ആശുപത്രിയിലേക്ക് പോയി സ്കാനിംഗ് നടത്താനും ആവശ്യപ്പെട്ടുവെന്നാണ് വീട്ടമ്മ പറയുന്നത്.
കാക്കനാട് കങ്ങരപ്പടിയിലെ സര്‍ക്കാര്‍ മൃഗാശുപത്രിയിലാണ് സംഭവം. വീട്ടിലെ പൂച്ചയെ മറ്റൊരു പൂച്ച ആക്രമിച്ചതിനെ തുടര്‍ന്നാണ് മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ മറ്റൊരു പൂച്ച ആക്രമിച്ചതിന്റെ ബുദ്ധിമുട്ട് മാത്രമേയുള്ളു വേറെ പ്രശ്നങ്ങളില്ലെന്ന് പറഞ്ഞ് വിശപ്പിനുള്ള മരുന്ന് മാത്രം കൊടുക്കുകയായിരുന്നു.
നെഞ്ചിന് എന്തോ പ്രശ്നമുണ്ട് ശ്വാസം വലിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍, മറ്റേതെങ്കിലും ആശുപത്രിയില്‍ പോയി എക്സറേയോ സ്കാനിംഗോ ചെയ്, അപ്പോള്‍ മനസിലാകും എന്ന് ഡോക്ടര്‍ പറഞ്ഞു. പൂച്ച ക്ഷീണിക്കുകയും ബുദ്ധിമുട്ട് കാണിക്കുകയും ചെയ്തതോടെ കാക്കനാടുള്ള പെറ്റ് ട്രസ്റ്റ് മൃഗാശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
സ്കാനിംഗും എക്സറേയും എടുത്തപ്പോള്‍ പൂച്ചയുടെ വയറിന്റെ ഭാഗത്ത് മൂന്നു എല്ല് പൊട്ടിയിട്ടുണ്ട്. ഒരു എല്ല് പൊട്ടി മുകളിലേക്ക് കേറിയിട്ടുണ്ട്. പൂച്ച 50 ശതമാനം പോലും ജീവിക്കാന്‍ സാധ്യതയില്ലെന്ന് സ്വകാര്യ ആശുപത്രിയില്‍ പറഞ്ഞു. എന്നാല്‍ നിലവില്‍ ശസ്ത്രക്രിയ ശേഷം പൂച്ച വീട്ടിലേക്ക് മടങ്ങി. വളര്‍ത്തു നായയെ കാണിക്കാന്‍ ചെന്നപ്പോഴും സമാനമായ അനുഭവം ഉണ്ടായിരുന്നതായും വ്യക്തമാക്കി.
District News
കോരുത്തോട്: കോരുത്തോട് പഞ്ചായത്തിലെ കോസടി കൊട്ടാരംകട ഭാഗത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാത്രിയിൽ കൊട്ടാരംകട സ്വദേശി മുത്തോട്ട് വിജീഷിന്റെ നായയെ അജ്ഞാത ജീവി ആക്രമിച്ച് കൊന്നിരുന്നു. വീടിനോട് ചേർന്ന് തുടലിൽ കെട്ടിയിട്ടിരുന്ന നായയുടെ കഴുത്തിലും ദേഹത്തും മുറിവുകളുണ്ട്.
വീടിന് സമീപത്തായി പുലിയുടേതിന് സമാനമായ കാൽപ്പാടും കണ്ടെത്തി. വനംവകുപ്പിനെ വിവരം അറിയിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. തുടർന്ന് പ്രദേശത്ത് കാമറയും സ്ഥാപിച്ചു.
കൊച്ചുകുട്ടികളടക്കം താമസിക്കുന്ന വീടിനോട് ചേർന്നാണ് പുലിയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. നിരവധി കുടുംബങ്ങൾ താമസിക്കുന്ന മേഖലയാണിത്.
കഴിഞ്ഞദിവസം സമീപപ്രദേശമായ മാങ്ങാപ്പാറയിലും പുലിയുടെ ആക്രമണത്തിൽ വളർത്തുനായ ചത്തതായി നാട്ടുകാർ പറയുന്നു. പ്രദേശത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്. വനം വകുപ്പിന്റെ നേതൃത്വത്തിൽ മേഖലയിൽ നിരീക്ഷണം ശക്തമാക്കണമെന്നും കൂടുവച്ച് പുലിയെ പിടികൂടാൻ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Kerala
കൊഴിക്കോട്: മുക്കത്ത് അഴിച്ചുവിട്ട വളർത്തുനായയുടെ ആക്രമണത്തിൽ വിദ്യാർഥിനിക്ക് പരിക്ക്. മണാശേരി മുതുകുട്ടി ഉള്ളാട്ടിൽ വിനോദ് മണാശേരിയുടെ മകൾ അഭിഷയ്ക്കാണ് നായയുടെ കടിയേറ്റത്.
അഭിഷയയുടെ കാലിനും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. അഭിഷയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അയൽ വീട്ടിലെ നായയാണ് കുട്ടിയെ കടിച്ചത്.
മറ്റൊരു വിദ്യാർഥിനിയെയും നായ കടിക്കാൻ ശ്രമിച്ചു. ഈ വിദ്യർഥിനി അടുത്ത വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.
Kerala
കൊച്ചി: എറണാകുളം സുഭാഷ് പാര്‍ക്കില്‍ അപകടകാരിയായ വളര്‍ത്തുനായയെ പിടികൂടി. ഒരു ലക്ഷത്തോളം രൂപ വില വരുന്ന പിറ്റ്ബുള്‍ ഇനത്തില്‍ പെട്ട നായയെയാണ് ആനിമല്‍ റെസ്ക്യൂ സംഘമെത്തി പിടികൂടിയത്. രണ്ടു ദിവസമായി ഈ പിറ്റ്ബുള്‍ കൊച്ചി നഗരത്തില്‍ അലഞ്ഞു നടക്കുകയായിരുന്നു. ഞായറാഴ്ചയാണ് നായ സുഭാഷ് പാര്‍ക്കില്‍ എത്തിയത്.
പാര്‍ക്ക് അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചതോടെയാണ് നായയെ പിടികൂടിയത്. നായയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. എങ്ങനെയാണ് നായ ഇവിടെ എത്തിയതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. നായയെ ഉപേക്ഷിച്ചയാളെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുകയാണ്.
തെരുവുനായ ശല്യം എറണാകുളത്ത് വര്‍ധിക്കുന്ന സാഹചര്യത്തിനിടെയാണ് അപകടകാരിയായ വളര്‍ത്തു നായയും പൊതുവിടത്തില്‍ എത്തുന്നത്. അതേസമയം, കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതിയും വില്‍പ്പനയും നിരോധിച്ച ഇനമാണ് പിറ്റ്ബുള്‍.
District News
നെടമങ്ങാട്: മല്ലബ്രക്കോണം പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസം ഏഴു പേരെ നായ കടിച്ചു. മല്ലബ്രക്കോണം സ്വദേശികളായ ബാബു, വിജയൻ, മോഹനൻ, അജീഷ്, മോളി എന്നിവരെയും രണ്ടു വഴിയാത്രക്കാരെയുമാണു നായ കടിച്ചത്. മിക്കവർക്കും കൈയിലും കാലിലുമാണു പരുക്കേറ്റത്. ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശത്തെ നായ്ക്കളെയും നായ കടിച്ചു. ഇന്നലെ പ്രദേശത്തെ നായ്ക്കൾക്ക് വാക്സിൻ നൽകി.
Kerala
കാസര്‍ഗോഡ്: സിപിഐ സ്ഥാനാര്‍ഥിയുടെ വീടിനുസമീപം സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് വളര്‍ത്തുനായ ചത്തു.
ജില്ലാ പഞ്ചായത്ത് ബദിയഡുക്ക ഡിവിഷന് സ്ഥാനാര്‍ഥി കുംബഡാജെ കാടരബള്ളിയിലെ പ്രകാശ് കുംബഡാജെയുടെ വീട്ടുവളപ്പില്‍ വോട്ടെടുപ്പ് ദിവസം രാവിലെ 6.45ഓടെയാണ് ഉഗ്രശബ്ദത്തോടെയുള്ള സ്ഫോടനമുണ്ടായത്.
ശബ്ദംകേട്ട് ആളുകള്‍ ഓടിയെത്തിയപ്പോഴാണ് തലതകര്‍ന്ന നിലയില്‍ ചത്തുകിടക്കുന്ന പ്രകാശിന്റെ വളര്‍ത്തുനായയെ കണ്ടത്. സമീപത്ത് പന്നിപ്പടക്കം പോലെ തോന്നിക്കുന്ന മൂന്നു സ്ഫോടകവസ്തുക്കള്‍ വേറെയുമുണ്ടായിരുന്നു.
ബദിയഡുക്ക പോലീസെത്തി സ്ഫോടകവസ്തുക്കള്‍ കസ്റ്റഡിയിലെടുക്കുകയും കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. സംശയത്തിന് വഴിവയ്ക്കുന്ന ഇത്തരം നടപടികള്‍ക്കെതിരേ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി സി.പി. ബാബു ആവശ്യപ്പെട്ടു.
International
വാഷിംഗ്ടൺ ഡിസി: യുഎസിൽ മുത്തച്ഛനെയും മൂന്ന് മാസം പ്രായമുള്ള കൊച്ചുമകളെയും വളർത്തുനായ്ക്കൾ കടിച്ചുകൊന്നു. ടെന്നസിയിലാണ് വീടിനുള്ളിൽ വച്ചാണ് സംഭവം.
തുള്ളഹോമയിലെ വസതിയിൽ ജെയിംസ് അലക്സാണ്ടർ സ്മിത്തി (50)നെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിറ്റ്ബുൾ വിഭാഗത്തിൽപ്പെട്ട ഏഴ് നായ്ക്കളെ വീട്ടിൽ വളർത്തിയിരുന്നു. ഇവയാണ് ആക്രമണം നടത്തിയതെന്ന് കണ്ടെത്തി.
പോലീസ് സ്ഥലത്തെത്തിയപ്പോൾ വീടിനുള്ളിൽ സ്മിത്ത് ബോധരഹിതനായി കിടക്കുകയും പിഞ്ചുകുഞ്ഞിനെ നായ്ക്കൾ ആക്രമിക്കുകയുമായിരുന്നു. പോലീസ് ഏഴ് പിറ്റ് ബുള്ളുകളേയും വെടിവച്ച് കൊന്നു. നായ്ക്കളെ കൊന്ന ശേഷം പോലീസ് കുഞ്ഞിന്റെ അടുത്തെത്തിയപ്പോഴേക്കും ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് മരിച്ചിരുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.
Kerala
ചെറുപുഴ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിയെ നായ കടിച്ചു പരിക്കേൽപ്പിച്ചു. ചെറുപുഴ പഞ്ചായത്തിലെ മൂന്നാം വാർഡ് കോലുവള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി ടി.വി. പ്രിയേഷിനാണു കടിയേറ്റത്.
ഇന്നലെ രാവിലെ പതിനൊന്നോടെ കന്നിക്കളം ഭാഗത്തെ പ്രചാരണത്തിനിടെയായിരുന്നു സംഭവം. സാരമായ പരിക്കില്ല. പ്രിയേഷ് പെരിങ്ങോം താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.
ജില്ലാ പഞ്ചായത്ത് കരിവെള്ളൂർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി എ.വി. ലേജുവും സഹപ്രവർത്തകരും പ്രിയേഷിനൊപ്പമുണ്ടായിരുന്നു.
Kerala
കല്ലടിക്കോട് (പാലക്കാട്): ദേശീയപാത കാഞ്ഞികുളം ചേലപ്പാറ അയ്യപ്പൻകാവിനു സമീപം നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു ഡ്രൈവർ മരിച്ചു. കാഞ്ഞികുളം ചേലപ്പാറ വിശ്വനാഥൻ (63) ആണു മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ ചെക്ക് പോസ്റ്റിൽനിന്നു തത്രംകാവിലേക്കു യാത്രക്കാരുമായി പോകുകയായിരുന്നു ഓട്ടോ. അയ്യപ്പൻകാവിനു സമീപമെത്തിയപ്പോൾ നായ കുറുകെ ചാടിയതോടെ നിയന്ത്രണംവിട്ട ഓട്ടോ റോഡിൽ മറിഞ്ഞു.
അപകടത്തിൽ വിശ്വനാഥന്റെ തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റു. ഉടനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഓട്ടോറിക്ഷയിലെ യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വിശ്വനാഥന്റെ ഭാര്യ: സുമതി. മക്കൾ: വിപിൻ, വിഷ്ണു (പോലീസ്).
Movies
വളർത്തുനായ ഇസിയുടെ ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന നടി തൃഷയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയായിൽ വൈറൽ. നായയുടെ പേരിൽ തൃഷ തുടങ്ങിയ ഇൻസ്റ്റഗ്രാം പേജായ ഇസി കൃഷ്ണൻ എന്ന അക്കൗണ്ടിൽ നിന്നും ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
നായയുടെ വാക്കുകളെന്ന പോലെയാണ് പോസ്റ്റ് കുറിച്ചിരിക്കുന്നത്. ‘ഞാൻ ഇന്നലെ ഒന്നാം വയസിലേക്ക് കടന്നു! വയറിന് അത്ര സുഖമില്ലാത്തതുകൊണ്ട് പാർട്ടി ചെറുതായിട്ടാണ് നടത്തിയത്. എങ്കിലും, എന്റെ ഏറ്റവും പ്രിയപ്പെട്ടവർക്കൊപ്പം മധുരമായ നിമിഷങ്ങൾ എനിക്ക് ലഭിച്ചു. നിങ്ങളുടെ എല്ലാ സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും നന്ദി.’
തൃഷ കൃഷ്ണന് സ്വന്തം വളർത്തുനായകളോടുള്ള സ്നേഹം സിനിമ ലോകത്ത് പ്രസിദ്ധമാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ തൃഷയുടെ മറ്റൊരു വളർത്തുനായയായ സോറോ വിടവാങ്ങിയത് താരത്തിന് വലിയ ആഘാതമായിരുന്നു. സോറോയുടെ വിയോഗത്തിൽ ദുഃഖിതയായ തൃഷ അന്ന് ഷൂട്ടിംഗിൽ നിന്ന് പോലും ഇടവേള എടുത്തിരുന്നു.
SUNDAY DEEPIKA
""എല്‍ദോ എന്ന് നീട്ടിയൊന്നു വിളിച്ചാല്മതി. അവന് ഓടിയെത്തും. പൊറോട്ടയും മുട്ടക്കറിയുമായിരുന്നു അവന്റെ ഇഷ്ടഭക്ഷണം. ഇടയ്ക്കിടെ അതുവാങ്ങിക്കൊണ്ടുവന്ന് കൊടുക്കുമായിരുന്നു. അന്ന് സ്നേഹക്കൂടുതല്‍കൊണ്ട് അവന് എന്റെ അടുത്തുനിന്നു മാറാതെ നില്ക്കും.’ -ഇതു പറയുമ്പോള്‍ എറണാകുളം എരൂര്‍ കോഴിവെട്ടുംവെളിയിലെ ഓട്ടോറിക്ഷ ഡ്രൈവറായ കെ.വി. സനകന്റെ കണ്ണുകള്‍ നിറഞ്ഞു. വാക്കുകള്‍ ഇടയ്ക്കുവച്ചു മുറിഞ്ഞു.
തെരുവുനായ്ക്കളെ പേടിച്ച് പുറത്തിറങ്ങാന്‍ ഭയക്കുന്ന ഈ കാലത്ത് തെരുവുനായയുടെ ഓര്‍മയ്ക്കായി ഒരു സ്മാരകം. എറണാകുളം എരൂര്‍ കോഴിവെട്ടുംവെളിയിലാണ് നാട്ടുകാര്‍ പ്രിയങ്കരനായ ഒരു നായയ്ക്കായി സ്മാരകം ഒരുക്കിയിരിക്കുന്നത്. എരൂരുകാരുടെ സ്വന്തം എല്‍ദോ എന്ന ആ നായ വിടപറഞ്ഞിട്ട് ആറുമാസം കഴിയുമ്പോഴും പ്രദേശവാസികള്‍ക്ക് അവനെക്കുറിച്ചു പറയുമ്പോള്‍ ഇന്നും കണ്ണുനിറയും, തൊണ്ടയിടറും...എല്‍ദോയുടെ കഥകളിലേക്ക്...
എല്ലാവരുടെയും ചങ്ക്
പന്ത്രണ്ടു വര്‍ഷം മുമ്പ് ഒരു വൈകുന്നേരമാണ് എല്‍ദോ കോഴിവെട്ടുംവെളിയിൽ എത്തിയത്. ദേഹം മുഴുവന്‍ ചെളിയും പൊള്ളലേറ്റ പാടുമായി ഒരു നായക്കുട്ടി റോഡരികില്‍ കിടക്കുന്നു. ദേഹത്ത് പൊള്ളലേറ്റ പാടും ചെറിയ മുടന്തും ഉണ്ടായിരുന്നു. അടുത്തെത്തിയവരെ സങ്കടത്തോടെ അവന് നോക്കി. പ്രദേശത്തെ ഓട്ടോറിക്ഷ തൊഴിലാളികള്‍ അടക്കമുള്ളവര്‍ അവനെയെടുത്ത് ശരീരം വൃത്തിയാക്കി പൊള്ളലേറ്റയിടത്ത് മരുന്നുവച്ചു.
എല്‍ദോയെന്ന പേരും നല്കി. ദിവസങ്ങള്‍ക്കകം അവന് ആരോഗ്യം വീണ്ടെടുത്തു. പെട്ടെന്നുതന്നെ നാട്ടുകാരുടെ കണ്ണിലുണ്ണിയായി മാറി. സമീപത്തെ പല വീട്ടുകാര്‍ക്കും അവന് കുടുംബാംഗത്തെ പോലെയായിരുന്നു. കല്യാണവീടുകളിലും മരണവീടുകളിലുമൊക്കെ എല്‍ദോ എത്തും. ആരെയും ഉപദ്രവിക്കില്ല. മറ്റു നായ്ക്കളില്നിന്നെല്ലാം അകന്നായിരുന്നു വാസം.
ഓട്ടോറിക്ഷക്കാരുടെ ചങ്കായിരുന്നു എല്‍ദോ. കോഴിവെട്ടുംവെളി ജംഗ്ഷനില്‍ തന്നെയായിരുന്നു അവന്റെ കിടപ്പ്. എല്‍ദോ... എന്ന് നീട്ടിവിളിച്ചാല്‍ ഓടിയെത്തുമായിരുന്നുവെന്ന് ഡ്രൈവര്‍മാര്‍ ഓർക്കുന്നു. എല്ലാവരോടും സൗമ്യമായ പെരുമാറ്റമായിരുന്നു. മറ്റു നായ്ക്കളുമായി കടിപിടികൂടാനൊന്നും എല്‍ദോ നില്‍ക്കില്ല. അടുപ്പക്കാരെ കണ്ടാല്‍ വാലാട്ടി സ്നേഹം കാണിക്കും.
വീട്ടിലുണ്ടാക്കിയ ഭക്ഷണം കൊടുക്കാനായി എല്‍ദോയെ തേടി ജംഗ്ഷനിലെത്തിയിരുന്നവരും കുറവല്ല. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ സമീപത്തെ ബേക്കറിയില്‍നിന്ന് അവന് പാല്‍കേക്ക് വാങ്ങിക്കൊടുക്കുമായിരുന്നു. പിന്നീടത് എല്‍ദോ കേക്ക് എന്ന് അറിയപ്പെട്ടുതുടങ്ങി!
എല്ദോയില്ലാതെ...
കൊച്ചുകുട്ടികള്‍ക്കുപോലും പേടിയില്ലാതെ അവന്റെ അടുത്തു ചെല്ലാമായിരുന്നു. സന്ധ്യക്ക് ട്യൂഷന് കഴിഞ്ഞുവരുന്ന കുട്ടികള്‍ക്കൊപ്പം വീടുവരെ കൂട്ടായി അവനുണ്ടാകും. എല്ദോയെക്കുറിച്ചു പറയുമ്പോള്‍ വിദ്യാര്‍ഥിനികളായ അക്ഷരയുടെയും ധന്യയുടെയും കണ്ണുനിറഞ്ഞു.
കഴിഞ്ഞ ഏപ്രില്‍ 24നാണ് അസുഖബാധിതനായി എല്‍ദോ വേര്‍പിരിഞ്ഞത്. ഏറെ സങ്കടത്തോടെ നാട്ടുകാർ അവനു വിടനൽകി. പിന്നീടാണ് എല്‍ദോയുടെ ഓര്‍മയ്ക്കായി കളിമണ്‍ പ്രതിമ സ്ഥാപിച്ചത്. ജംഗ്ഷനില്‍ അവന്റെ പ്രതിമയ്ക്കു മുന്നില്‍വന്ന് കുട്ടികളും മുതിര്‍ന്നവരുമൊക്കെ ഇപ്പോഴും കുറച്ചുസമയം നോക്കിനില്ക്കും.
കളിമണ്‍ ശില്പങ്ങളുടെ നിര്‍മാണത്തില്‍ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള എരൂര്‍ സ്വദേശി വി.കെ. ജയനും അദ്ദേഹത്തിന്റെ സഹോദരപുത്രന് വി.ജി. നിബിനും ചേര്‍ന്നാണ് ഒരു മാസം കൊണ്ട് എല്‍ദോയുടെ പ്രതിമ നിര്‍മിച്ചത്. എല്‍ദോയെ നേരിട്ടു കാണുന്നപോലെ ജീവസുറ്റ പ്രതിമയാണിത്. നാട്ടുകാരുടെ ഹൃദയ ങ്ങളിലുള്ള എൽദോതന്നെ... ഏകദേശം 40,000 രൂപ ചെലവു വരുന്ന പ്രതിമ സൗജന്യമായാണ് ജയന് ചെയ്തുകൊടുത്തത്.
മറക്കില്ല, ഒരിക്കലും
വിശേഷ ദിവസങ്ങളിലെല്ലാം സനകന്‍ വീട്ടിലുണ്ടാക്കിയ വിഭവങ്ങളെല്ലാമായി ജംഗ്ഷനിലേക്ക് വരും. തൂശനിലയില്‍ എല്ലാം വിളമ്പി എല്‍ദോയെ ഊട്ടും. പച്ചക്കറി വിഭവങ്ങളാണെങ്കിലും യാതൊരു മടിയുമില്ലാതെ അവന് അത് കഴിക്കുമായിരുന്നുവെന്ന് സനകന്‍ പറഞ്ഞു. സനകനെ കണ്ടില്ലെങ്കില്‍ തിരക്കി വീട്ടില്‍ച്ചെല്ലും. "എല്ദോയുമായി പറഞ്ഞറിയിക്കാന്‍ പറ്റാത്ത ആത്മബന്ധമാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെയാണ് അവനായി ഒരു സ്മാരകം ഉണ്ടാക്കാന്‍ ഞങ്ങളെല്ലാവരും മുന്‍കൈയെടുത്തതും. അവനെ ഇവിടെയുള്ളവര്‍ക്ക് പെട്ടെന്ന് മറക്കാനൊന്നും കഴിയില്ല'. സനകന്‍ പറഞ്ഞു നിര്‍ത്തി.
District News
അഞ്ചല്‍ : ഏരൂരില്‍ ഉഗ്രശബ്ദത്തോടെ വളര്‍ത്തുനായ പൊട്ടിത്തെറിച്ചു. ഏരൂര്‍ മണലിലാണ് നാടിനെ ഭീതിയിലാക്കി ഉഗ്രശബ്ദത്തോടെ വളര്‍ത്തുനായ പൊട്ടിത്തെറിച്ചത്. കഴി ഞ്ഞദിവസമാണ് സംഭവം.
തൊട്ടടുത്ത പുരയിടത്തില്‍ കാട്ടുപന്നിയെ സ്ഫോടക വാസ്തു ഉപയോഗിച്ചു പിടികൂടുന്നതിനായി നിക്ഷേപിച്ച ഉഗ്രസ്ഫോടന ശേഷിയുള്ള പന്നിപ്പടക്കം നായ കടിച്ചെടുത്തുകൊണ്ട് വീടിനു മുറ്റത്തേക്ക് എത്തുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.
മണലിൽ അണ്ടത്തൂർ ക്ഷേത്രത്തിനു സമീപം ഭാനുവിലാസത്തിൽ പ്രകാശിന്റെ വീട്ടിലെ ലാബ്ര ഡോർ ഇനത്തിലെ വളർത്തുനായയാണ് ചത്തത്. കഴിഞ്ഞ രാത്രിയോടെയായിരുന്നു സംഭവം.
ഉഗ്രശബ്ദം കേട്ടു വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോഴാണ് തല പൊട്ടി ചിതറിയ നിലയില്‍ നായയെ കണ്ടെത്തിയത്. വീടിന്റെ ജനല്‍ ചില്ലുകള്‍ക്കും ഭിത്തികള്‍ക്കും സാരമായി തകരാര്‍ സംഭവിച്ചു.
ഭയന്ന വീട്ടുകാര്‍ ഉടന്‍ ഏരൂര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ പന്നിപ്പടക്കം പൊട്ടിയതാണെന്ന് കണ്ടെത്തുകയാ യിരുന്നു. നായ പൊട്ടിത്തെറിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ വീട്ടുകാര്‍ പോലീസിനു കൈമാറി. പന്നിപ്പടക്കം പ്രദേശത്ത് കൊണ്ടിട്ടയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദേശവാസിയായ സജിയാണ് അറസ്റ്റിലായത്. സ്ഥലത്ത് ഫോറന്‍സിക്, ഡോഗ് സ്ക്വാഡ് സംഘം പരിശോധന നടത്തി.
District News
മഞ്ചേരി: തെരുവുനായ ആക്രമണംമൂലമുണ്ടായ അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് ജില്ലയില്‍ ഇതുവരെ 56 ഹരജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോ. ഡയരക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്റേഷന്‍ കമ്മിറ്റിയുടെ ജില്ലയിലെ സിറ്റിങ്ങിലാണ് പരാതികള്‍ പരിഗണിച്ചത്.
ജില്ലാ നിയമസേവന അതോറിറ്റി, മഞ്ചേരിയിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ അതോറിറ്റി സെക്രട്ടറി എം.ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്.രേണുക, തദ്ദേശ സ്വയംഭരണവകുപ്പ് ജില്ലാ ജോ. ഡയരക്ടര്‍ ഡോ.സകരിയ്യ, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ജോസഫ് സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.
കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍: 45100/2024 ഉത്തരവു പ്രകാരം ഇനിമുതല്‍ ജില്ലയില്‍ തെരുവുനായ് ആക്രമണംമൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിജപ്പെടുത്തുന്നത് ഈ കമ്മിറ്റിയായിരിക്കും.
തെരുവുനായ് ആക്രമണമുണ്ടായാല്‍ മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ ഏറനാട് താലൂക്ക് നിയമസേവന കമ്മിറ്റിയിലോ പൊതുജനങ്ങള്‍ക്ക് ഹരജി നല്‍കാവുന്നതാണ്. നിലവില്‍ ജസ്റ്റിസ് സിരിജഗന് കമ്മിറ്റി മുന്‍പാകെ നിലവിലുണ്ടായിരുന്ന ജില്ലയിലെ 283 ഹരജികള്‍ നിയമസേവന അതോറിറ്റിയുടെ പരിഗണനക്കായി ലഭിച്ചിട്ടുണ്ട്.
District News
പാമ്പാടി: വളര്‍ത്തുനായ്ക്കളെ വാഹനങ്ങളില്‍ കൊണ്ടുവന്ന് വഴിയില്‍ ഉപേക്ഷിക്കുന്നതു വ്യാപകം. പൂതകുഴി, നെടുങ്ങോട്ടുമല, കന്നുവെട്ടി, ഇല്ലിമറ്റം തുടങ്ങിയ പ്രദേശങ്ങളിലാണ് വളര്‍ത്തുനായ്ക്കളെ ഉപേക്ഷിക്കുന്നത്. രോഗം ബാധിച്ചവയും പ്രായാധിക്യമുള്ളവയും വിദേശത്തു താമസമാക്കാന്‍ ഒരുങ്ങുന്നവരുടെയും നായ്ക്കളാണ് ഉപേക്ഷിക്കപ്പെടുന്നവയില്‍ കൂടുതലും. ഇത്തരം നായ്ക്കളെ ഉപേക്ഷിക്കാന്‍ ഉയര്‍ന്ന വാടകയ്ക്ക് സ്ഥിരമായി ഓടുന്ന വാഹനങ്ങളുമുണ്ട്.
കര്‍ശന പരിശോധന മൂലം വഴിയില്‍ ഭക്ഷ്യമാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നതു കുറഞ്ഞത് പട്ടികളെ വളര്‍ത്തുകോഴികളെ പിടിച്ചു ഭക്ഷണമാക്കാന്‍ നിര്‍ബന്ധിതരാക്കുന്നു. വലിയ ഫാമുകളിലും വീടുകളില്‍ വളര്‍ത്തുന്ന കോഴികളെയും ഒരുപോലെ ഇവ ആക്രമിക്കുകയാണ്.
കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ പതിനായിരത്തോളം കോഴികളാണ് നായ്ക്കളുടെ ആക്രമണത്തിനിരയായത്. അതീവ ഗൗരവമേറിയ ഈ വിഷയം പരിഹരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി എബി ഐപ്പ് ആവശ്യപ്പെട്ടു.