Kerala
തൃശൂര്‍: തെരുവുനായ പിന്തുടര്ന്നതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട സ്കൂട്ടര്‍ മറിഞ്ഞ് പരിക്കേറ്റ വയോധിക മരിച്ചു. തൃശൂര്‍ മുറ്റിച്ചൂരിലാണ് സംഭവം. മുറ്റിച്ചൂര്‍ സ്വദേശിനിയായ 75 വയസുകാരി സുഹ്റയാണ് മരിച്ചത്.
മുറ്റിച്ചൂര്‍ പാലത്തിന് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ബന്ധുവിനൊപ്പം സ്കൂട്ടറിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു സുഹ്റ. സ്കൂട്ടറിനടുത്തേക്ക് തെരുവുനായ ഓടിയെത്തുകയായിരുന്നു.
നായ പിന്തുടരുന്ന് കണ്ട് പേടിച്ച ബന്ധു സ്കൂട്ടറിന്റെ വേഗത കൂട്ടി. ഇതോടെ നിയന്ത്രണം വിട്ട സ്കൂട്ടറില്‍ നിന്ന് സുഹ്റ താഴെ വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുഹ്റയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
District News
തൊടുപുഴ: വീടിനുള്ളില്‍ കുടുങ്ങിയ വയോധികയ്ക്കു രക്ഷകരായി തൊടുപുഴ അഗ്നിരക്ഷാസേന. തൊടുപുഴ ആരവല്ലിക്കാവിനു സമീപം താമസിക്കുന്ന പുതുശേരി പാത്തുമ്മ (76) യാണ് വീട്ടില്‍ കുടുങ്ങിയത്. ഇന്നലെ രാവിലെ 9.30നാണ് വയോധികയായ സ്ത്രീ വീടിനുള്ളില്‍ കുടുങ്ങിയെന്ന സന്ദേശം തൊടുപുഴ അഗ്നിരക്ഷാ നിലയത്തില്‍ എത്തിയത്. ഉടന്‍തന്നെ സേനാംഗങ്ങള്‍ സ്ഥലത്തെത്തി. പാത്തുമ്മ തനിച്ചായിരുന്നു ഇവിടെ താമസിച്ചിരുന്നത്.
ഫയര്‍ഫോഴ്സ് സംഘം എത്തിയപ്പോള്‍ വീടിന്റെ മുന്നിലെയും പിന്നിലെയും വാതിലുകള്‍ ഉള്ളില്‍നിന്നു പൂട്ടിയ നിലയിലായിരുന്നു. അഗ്നിശമനസേന ഉടന്‍തന്നെ ഡോര്‍ ബ്രേക്കര്‍ ഉപയോഗിച്ച് പിന്‍വാതില്‍ ലോക്ക് ഭാഗം മാത്രം പൊളിച്ച് അകത്തുകടക്കുകയായിരുന്നു. സേനാംഗങ്ങള്‍ എത്തിയപ്പോള്‍ കട്ടിലിനു സമീപം തറയില്‍ വീണു കിടക്കുന്ന നിലയിലായിരുന്നു പാത്തുമ്മ. രാവിലെ എഴുന്നേറ്റപ്പോള്‍ വീണതാണെന്നു പാത്തുമ്മ സ്ഥലത്തെത്തിയവരോടു പറഞ്ഞു.
രണ്ടു മണിക്കൂറോളം ഇവര്‍ ഇതേനിലയില്‍ കിടന്നെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാത്തുമ്മയെ എഴുന്നേല്‍പ്പിച്ച് വെള്ളവും മറ്റും കൊടുത്തതോടെ ആരോഗ്യനില വീണ്ടെടുത്തു. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കു നഗരസഭാ കൗണ്‍സിലര്‍ ബിജി സുരേഷും പാത്തുമ്മയുടെ ബന്ധുക്കളും നന്ദി അറിയിച്ചു. അഗ്നിശമന സേനാംഗങ്ങളായ എസ്. സുജിത് കുമാര്‍, പി.എന്‍. അനൂപ്, എസ്. ശരത്, ടി.കെ. വിവേക്, പി.ടി. ഷാജി എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.
District News
ഊട്ടി: ഊട്ടിക്കടുത്ത കീഴ്തലയാട്ടുമന്ദ് ഗ്രാമത്തിൽ പുലിയുടെ ആക്രമണത്തിൽ വയോധികയ്ക്ക് പരിക്കേറ്റു.വിശാലാക്ഷിക്കാണ് (70) പരിക്കേറ്റത്. ഇവരെ ഊട്ടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീട്ടിനുള്ളിലിരിക്കുന്പോഴാണ് സ്ത്രീയെ പുലി ആക്രമിച്ചത്.ഇവരുടെ വളർത്തു നായയെ വേട്ടയാടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർക്ക് നേരേയും ആക്രമണം ഉണ്ടായത്. ഭാഗ്യം കൊണ്ടാണ് ഇവർ രക്ഷപ്പെട്ടത്. സ്ത്രീ തനിച്ചാണ് താമസിക്കുന്നത്.
National
റായ്പൂർ: ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിൽ സർക്കാർ നൽകുന്ന 500 രൂപ ക്ഷേമപെൻഷൻ കൈപ്പറ്റാൻ 90 വയസുള്ള ഭർതൃമാതാവിനെ 50-കാരി തോളിലേറ്റി ഒൻപത് കിലോമീറ്റർ നടന്ന് ബാങ്കിലെത്തി. ജങ്കൽപാറ സ്വദേശിനി സുകുമനിയ ബായിയാണ് ഭർതൃമാതാവിന് പെൻഷൻ തുക കൈപ്പറ്റാനായി ബാങ്കിലേക്ക് വനത്തിലൂടെ നടന്നെത്തിയത്. കാടിനുള്ളിലൂടെ കല്ലും മുള്ളും നിറഞ്ഞ പാത മുഴുവനും 90-കാരിയെ സുകുമനിയ തോളിലേറ്റി.
കഴിഞ്ഞ നാല് മാസമായി കെവൈസി അപ്ഡേറ്റ് ചെയ്തില്ലെന്ന കാരണത്താൽ പെൻഷൻ ലഭിച്ചിരുന്നില്ല. ഇത്തവണ കെവൈസി പൂർത്തിയാക്കുന്നതിനും വിരലടയാളം പതിപ്പിക്കുന്നതിനും ഉപഭോക്താവ് നേരിട്ട് ബാങ്കിലെത്തണമെന്നായിരുന്നു നിർദേശം. വനത്തിനുള്ളിൽ കഴിയുന്ന പിന്നോക്ക വിഭാഗക്കാർക്കാണ് ഇത് വലിയ ബുദ്ധിമുട്ടായത്. വാഹനസൗകര്യമില്ലാത്ത വഴിയിലൂടെ കാൽനടയായി കിലോമീറ്ററുകൾ താണ്ടിയാണ് ഇവർ ബാങ്കിലെത്തിയത്.
വയോധികർക്കും അവശർക്കും പെൻഷൻ വീട്ടിൽ എത്തിച്ചു നൽകണമെന്നാണ് ഉത്തരവ്. സംഭവം വിവാദമായതോടെ വിഷയത്തിൽ ജില്ലാ ഭരണകൂടം ഇടപെട്ടു. ബാക്കി ഉണ്ടായിരുന്ന പെൻഷൻ തുക ഉടൻ കൈമാറുകയും ചെയ്തു. ബാങ്ക് മിത്ര വഴി പെൻഷൻ വീട്ടിലെത്തിച്ചിരുന്ന സംവിധാനം കെവൈസി പ്രശ്നം കാരണമാണ് തടസപ്പെട്ടതെന്ന് ബാങ്ക് അധികൃതർ വിശദീകരിച്ചു.
Kerala
പാലക്കാട്: ഒറ്റപ്പാലം തോട്ടക്കരയിൽ വയോധികയെ വീട്ടുപറമ്പിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തോട്ടക്കര കടിശ്ശേരി വീട്ടിൽ ഭാനുമതി (73) ആണ് മരിച്ചത്.
ഇന്ന് രാവിലെ സമീപത്തെ വീട്ടിലേക്ക് പാൽ വിതരണം ചെയ്യാനായി എത്തിയ ആളാണ് മുറ്റത്ത് മൃതദേഹം ആദ്യം കാണുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവർ ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നേരത്തേയും ഇവർ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നതായി പോലീസ് അറിയിച്ചു. മൃതദേഹം കൂടുതൽ പരിശോധനകൾക്കായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
District News
വിഴിഞ്ഞം: കോട്ടുകാലിൽ ശുചിമുറി മാ ലിന്യ ടാങ്കിന്റെ സ്ലാബ് തകർന്നു ടാങ്കിനുള്ളിൽവീണ വയോധികയെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. പയറ്റുവിള ഊരുട്ടുവിള പുത്തൻവീട്ടിൽ ലളിത (70) യാണ് അപകടത്തിൽപെട്ടത്.
ഇന്നലെ ഉച്ചതിരിഞ്ഞു 3.03ഓടെ സമീപവാസിയായ കൃഷ്ണൻ നായരുടെ വീട്ടിലെ പന്ത്രണ്ടടിയോളം താഴ്ചയുള്ള ശുചിമുറി മാലിന്യ ടാങ്കിന്റെ സ്ലാബ് തകർന്നായിരുന്നു അപകടം. വിവരമറിയിച്ചതിനെ തുടർന്നു വിഴിഞ്ഞം സ്റ്റേഷൻ ഓഫീസർ പ്രമോദിന്റെ നേതൃത്വത്തിലെത്തിയ ഫയർ ഫോഴ്സ് യൂണിറ്റാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ടാങ്കിന്റെ വശങ്ങൾ ഇടിഞ്ഞിരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നെങ്കിലും റോപ്പ്, ലാഡർ എന്നിവയുടെ സഹായത്തോടെ ഫയർ റെസ്ക്യൂ ഓഫീസർ വിപിൻ ടാങ്കിനുള്ളിൽ ഇറങ്ങിയാണ് വയോധികയ സാഹസികമായി രക്ഷപ്പെടുത്തിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷാജി, ഗ്രേഡ് ഓഫീസർ ശിവൻ, ഫയർമാൻമാരായ ജിനേഷ്, രാജേഷ്, സനൽകുമാർ, രഹിൽ, ഡ്രൈവർ അരുൺ, ഹോം ഗാർഡ് സദാശിവൻ എന്നിവർ നേതൃത്വം നൽകി.
District News
മാന്നാർ: വായാധികയ്ക്ക് ഇടറോഡിൽ വച്ച് പാമ്പുകടിയേറ്റു. മാന്നാർ കുട്ടമ്പേരൂർ കുന്നത്തൂർ ക്ഷേത്രത്തിനു സമീപം പുലരിയിൽ ഗീതമ്മ(65)യ്ക്കാണ് കഴിഞ്ഞദിവസം രാത്രി അണലിയുടെ കടിയേറ്റത്. വീടിനു സമീപത്തുള്ള കോൺക്രീറ്റ് റോഡിൽ വച്ചാണ് ഗീതമ്മയുടെ കാൽ പാദത്തിൽ പാമ്പിന്റെ കടിയേറ്റത്.
ഉടൻതന്നെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജഗദമ്മ അപകടനില തരണം ചെയ്തതായി ബന്ധുക്കൾ പറഞ്ഞു. ഈ ഭാഗത്തുള്ള കുന്നത്തൂർ ക്ഷേത്ര പുരയിടവും സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള പുരയിടവും കാടുകയറിക്കിടക്കുന്നതിനാൽ ഈ പ്രദേശം പാമ്പുകളുടെ ഭീതിയിലാണെന്ന് നാട്ടുകാർ ആരോപിച്ചു. കുന്നത്തൂർ ക്ഷേത്ര പുരയിടം കാടുവെട്ടിത്തെളിച്ച് വൃത്തിയാക്കാൻ ക്ഷേത്രം റിസീവർക്ക് കത്തു നൽകിയതായി വാർഡ് മെംബർ പുഷ്പ സുനിൽ പറഞ്ഞു.
Kerala
അടൂർ: പന്നിയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതര പരിക്ക്. അടൂർ തെങ്ങമം പൗർണമി ജംഗ്ഷൻ അനിൽ ഭവനത്തിൽ താമരാക്ഷി (75) ക്കാണ് പരിക്കേറ്റത്. വീടിന് സമീപത്തെ പറമ്പിൽ നിൽക്കുമ്പോഴായിരുന്നു പന്നിയുടെ ആക്രമണം ഉണ്ടായത്.
താമരാക്ഷിയുടെ നിലവിളി ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോൾ രക്തം വാർന്ന നിലയിൽ അവശയായി കിടക്കുകയായിരുന്നു. കാലിനാണ് ഗുരുതരമായി പരിക്കേറ്റ ഇവർ നിലവിൽ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
District News
പയ്യന്നൂര്‍: വീടിനു സമീപത്തെ ഷെഡില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ വയോധിക മരിച്ചു. കാങ്കോല്‍ കരിങ്കുഴിയിലെ എം. സരോജിനി (73) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴോടെ വീടിനു സമീപത്തെ ഷെഡില്‍ വീണുകിടക്കുന്ന നിലയിലാണ് ഇവരെ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
ബന്ധുവിന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് പെരിങ്ങോം പോലീസ് കേസെടുത്തു. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെത്തിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം കരിങ്കുഴി പൊതുശ്മശാനത്തില്‍ സംസ്കരിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ മരണകാരണം വ്യക്തമാകൂ. ഭർത്താവ്: പരേതനായ മയിച്ച കുഞ്ഞിക്കണ്ണന്. മക്കള്‍: രാജീവന് (ഇളമ്പച്ചി), രജിത, രതീഷ്. മരുമക്കള്‍: ബാലന് (കക്കോണി, ഏഴിലോട്), രജിത (വെങ്ങര), ധന്യ (പടന്ന കടപ്പുറം).
District News
പോത്തൻകോട്: ചന്തവിള കുറട്ടൂർ ശ്രീധർമശാസ്താ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ലീല (62)യ്ക്ക് നേരെ അർധരാത്രിയിൽ ആക്രമണം നടന്നതായി പരാതി. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ലീലയെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയ സംഘം കമ്പിവടികൊണ്ട് മർദിച്ചെന്നാണ് വിവരം.
മർദനത്തിൽ ലീലയുടെ ഇരുകാലുകൾക്കും ഗുരുതര പരിക്കേറ്റു. മകൻ മരിച്ചതിനെ തുടർന്ന് ഒറ്റയ്ക്കാണ് ലീല താമസിച്ചിരുന്നത്. വീട്ടിനു മുന്നിൽ ചെറിയ കട നടത്തി പച്ചക്കറികൾ ഉൾപ്പെടെയുള്ളവ വിൽപ്പന നടത്തി വരികയായിരുന്നു. ആക്രമണത്തിനിടെ കട തകർത്ത അക്രമികൾ അവിടെ ഉണ്ടായിരുന്ന പച്ചക്കറികളും മറ്റു സാധനങ്ങളും സമീപത്തെ മറ്റൊരു പുരയിടത്തിലേക്ക് വലിച്ചെറിഞ്ഞതായും പറയുന്നു.
വെളുപ്പിന് ഒരു മണിയോടെയായിരുന്നു ആക്രമണമെന്നു ലീല പോലീസിനോട് അറിയിച്ചു. പരിക്കേറ്റ നിലയിൽ ലീലയെ വഴിയിൽ കണ്ടെത്തിയ തുടർന്നാണ് വിവരം പുറംലോകം അറിഞ്ഞത്. വിവരം ലഭിച്ചതിനെ തുടർന്നു പോത്തൻകോട് പോലീസ് സ്ഥലത്തെത്തി. കൗൺസിലറുടെ നേതൃത്വത്തിൽ 108 ആംബുലൻസ് വിളിച്ചു ലീലയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ലീലക്കും അയൽവാസികൾക്കും ഇടയിൽ നേരത്തെ തർക്കമുണ്ടായിരുന്നുവെന്നാണു വിവരം.
ഇന്നലെ അയൽവാസിയായ സ്ത്രീയെ ലീല അടിച്ചു പരിക്കേൽപ്പിച്ചതുമായി ബന്ധപ്പെട്ട് പോത്തൻകോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സംഭവത്തിൽ പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: കാണാതായ വയോധികയുടെ മൃതദേഹം ആറ്റിൽ കണ്ടെത്തി. ഊരുട്ടമ്പലത്ത് നിന്നും കാണാതായ കിളിക്കൂട്ടുകോണം സ്വദേശി സുഭദ്ര(95)യാണ് മരിച്ചത്.
കഴിഞ്ഞദിവസമാണ് ഇവരെ കാണാതായത്. തുടർന്ന് ബന്ധു പോലീസിൽ പരാതി നൽകിയിരുന്നു. അരുവിക്കര ആറിലെ പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കിട്ടിയത്.
ചൊവ്വാഴ്ച രാവിലെ ആറിന്റെ കടവിൽ നിന്നും വസ്ത്രവും ബാഗും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പാറക്കെട്ടുകൾക്കിടയിൽ നിന്നുമാണ് മൃതദേഹം പുറത്തെടുത്തത്.
Kerala
കാട്ടാക്കട: വെള്ളനാട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വെള്ളനാട് സ്വദേശി ഗീതയാണ് മരിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിന് പ്രഭാത സവാരിക്കിറങ്ങിയ ഗീതയെയും ബന്ധു സുധയെയും എതിരെ വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഗീത തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
District News
ബാലുശേരി: റോഡ് മുറിച്ചു കടക്കവെ ബൈക്കിടിച്ച് വയോധിക മരിച്ചു. കൂട്ടാലിട കരുവെള്ളിക്കുന്ന് മുക്രുമ്മൽ ജാനകി (75) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം കരുവള്ളികുന്നിനടുത്ത് മുക്രുമ്മൽതാഴെയാണ് അപകടമുണ്ടായത്. ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരി: പരേതയായ കല്യാണി.
District News
വെഞ്ഞാറമൂട്: വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളുമണ്ണടി കല്ലിയോട് ഭുവന വിഹാറില്‍ പരേതനായ ദാമോദരന്‍ പിള്ളയുടെ ഭാര്യ ശാരദാമ്മയാണ്(72)മരിച്ചത്.
ഇന്നലെ രാവിലെ വീട്ട് വളപ്പ് വൃത്തിയാക്കാനാനെത്തിയ ജോലിക്കാരാണ് മൃതദേഹം ആദ്യമായി കാണുന്നത്. തുടർന്ന് വലിയ കട്ടയ്ക്കാലില്‍ താമസിക്കുന്ന മകനെ വിവരമറിയിക്കുകയായിരുന്നു.
വെഞ്ഞാറമൂട് പോലീസെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി. കൊലപാതകമാണന്നും പീഢനത്തിനിരയായിട്ടുണ്ടന്നും സംശയിക്കുന്നതായി പോലീസ് സൂചന നൽകി. പരിശോധനയില്‍ മുറിയില്‍ നിന്നും ഒരു വീട്ടുകാരുടേതല്ലാത്ത ഒരു ജോഡി ചെരുപ്പുകളും ഒരു മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്.
ഫോണിന്റെ ഉടമയെയും മറ്റ് ചിലരെയും കസ്റ്റഡിയിലെടുത്തതായി സുചനയുണ്ട്. വെഞ്ഞാറമൂട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍. ഭുവന, ഗോപകുമാര്്, പരേതനായ കൃഷ്ണപ്രസാദ്, മരുമക്കള്‍. ജയകുമാര്‍, കരിഷ്മ.
District News
ബേക്കൽ: കുടുംബവഴക്കുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകിയതിനു പിന്നാലെ വയോധികയ്ക്കും മകൾക്കും കുത്തേറ്റു. പാക്കം ചെരക്കപ്പാറയിലെ യശോദ (67), മകൾ ഷൈജിമോൾ (30) എന്നിവർക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ബേക്കൽ പോലീസ് സ്റ്റേഷനിൽ ഹാജരായ യശോദയുടെ ഭർത്താവ് നാഗരാജനെ (73) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. പള്ളിക്കരയിലെ ഓട്ടോ ഡ്രൈവറായ നാഗരാജൻ കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭാര്യയും കുടുംബവുമായി വേറിട്ട് താമസിക്കുകയായിരുന്നു. കഴിഞ്ഞദിവസം ഇയാൾ യശോദയെ ആക്രമിച്ചതായി അവർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വിരോധം മൂലമാണ് വീണ്ടുമെത്തി ആക്രമിച്ചതെന്നാണ് പരാതി. യശോദയെ ആക്രമിക്കുന്നത് തടയുന്നതിനിടയിലാണ് ഷൈജിമോൾക്കും കുത്തേറ്റത്. ഇരുവരെയും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോലീസിൽ കീഴടങ്ങിയതിനു ശേഷം നെഞ്ചുവേദന അനുഭവപ്പെട്ട നാഗരാജനെ ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയതിനു ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.
District News
പൂക്കോട്ടുംപാടം: വയോധികയെ വീട്ടുവളപ്പിലെ ഉപയോഗശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടേക്കര പരേതനായ തോട്ടുങ്ങൽ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ കദീജ (86) യെയാണ് ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ വീടിനോട് ചേർന്നുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉച്ചയ്ക്ക് വീട്ടുകാർക്കൊപ്പം ഉറങ്ങാൻ കിടന്ന കദീജയെ മൂന്ന് മണിയോടെ കാണാതായി. തുടർന്ന് വീട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വാർധക്യസഹചമായ മാനസിക പ്രശ്നങ്ങളുമുണ്ടായിരുന്നു. ഇതേത്തുടർന്ന് കിണറ്റിൽ ചാടിയിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് ഫയർ ഫോഴ്സിനെ വിവരമറിയിച്ചു.
അഞ്ചുമണിയോടെ നിലന്പൂരിൽനിന്നെത്തിയ അഗ്നിശമന സേനയിലെ ഓഫീസർമാരായ റൂമേഷ്, ശ്രീരാജ് എന്നിവർ 60 അടിയോളം താഴ്ചയുള്ള കിണറ്റിലിറങ്ങി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പുറത്തെടുത്ത മൃതദേഹം നിലന്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഫയർ സ്റ്റേഷൻ ഓഫീസർ ബാബുരാജിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ മാർക്കോസ്, ഫയർ ഓഫീസർമാരായ ഫിറോസ്, റജിൻരാജ്, അഖിൽ, സൂരജ്, ഹോം ഗാർഡ് രവീന്ദ്രൻ എന്നിവരും പൂക്കോട്ടുംപാടം പോലീസും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. ഹഫ്സത്ത്, പരേതരായ മുഹമ്മദാലി, സുലൈഖ എന്നിവരാണ് കദീജയുടെ മക്കൾ. മരുമക്കൾ: പോക്കർ, ബേബി.
District News
കല്ലടിക്കോട്: കാഞ്ഞിരപ്പുഴ ഡാം പരിസരത്ത് നിന്നും കൊരക്കാലായിൽ അന്നമ്മയെ കാണാതായിട്ട് 4 ദിവസങ്ങൾ പിന്നിടുന്നു. ഓർമക്കുറവുള്ള അന്നമ്മയെ ബുധനാഴ്ച മുതൽ കാണാനില്ലായിരുന്നു. കുടുംബക്കാരും ബന്ധുക്കളും സമീപ്രദേശങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കാഞ്ഞിരപ്പുഴ ഡാമിനോടു ചേർന്നികിടക്കുന്ന വാക്കോടൻ മലയുടെ സമീപത്തു നിന്നാണ് കാണാതായത്. പോലീസ് നായയെ ഉപയോഗിച്ച് നടത്തിയ പ്രാഥമിക പരിശോധനയിൽ ഡാം പരിസരത്തെ കാടും പാറക്കെട്ടുകളും നിറഞ്ഞ പ്രദേശത്തേക്ക് പോയി തിരികെവന്നു. ഇതോടെ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ പോലീസും അഗ്നിശമനസേനയും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും ഒരു തെളിവും കിട്ടിയില്ല.
വന്യമൃഗങ്ങളുടെ ശല്യവും ലഹരി മാഫിയകളുടെ സാന്നിധ്യവും ഉണ്ടെന്നുള്ള റിപ്പോർട്ടുകൾ പ്രദേശവാസികളെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കൂടുതൽ സേനയെ വിന്യസിപ്പിച്ച് കാടും പാറക്കെട്ടുകളും പരിശോധിക്കാൻ അത്യാധുനിക ഡ്രോണുകൾ ഉപയോഗിച്ച് ആകാശനിരീക്ഷണം നടത്തണം.
ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയിൽ ഇവിടം സന്ദർശിക്കുന്നവരുടെയും പരിസരവാസികളുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നുമുള്ള ആവശ്യം ശക്തനായിട്ടുണ്ട്.
കാണാതാകുമ്പോൾ അന്നമ്മയുടെ കഴുത്തിൽ 4 പവന്റെ സ്വർണമാലയുണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞു. കാഞ്ഞിരപ്പുഴ ഡാമിലും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.
National
ഗാന്ധിനഗർ: ഗുജറാത്തിലെ രാജ്കോട്ടിൽ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ വയോധികയും മകനും വെന്തുമരിച്ചു. ഫ്ലാറ്റിന്റെ നാലാം നിലയിൽ തമസിച്ചിരുന്ന പ്രഭ പൂജാര (92), മകൻ നരേന്ദ്ര പൂജാര (61) എന്നിവരാണ് മരിച്ചത്.
വൻ തീപിടുത്തത്തിൽ ഇരുവർക്കും പൊള്ളലേൽക്കുകയും ഇതേ തുടർന്ന് ശ്വാസം തടസം അനുഭവപ്പെടുകയും ചെയ്തതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി അബോധാവസ്ഥയിലായ അമ്മയെയും മകനെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഫ്ലാറ്റിന്റെ അടുക്കളയിലും ഹാളിലുമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പൂർണ്ണമായും കത്തി നശിച്ചതായി പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തും.
സംഭവം നടക്കുമ്പോൾ പ്രഭയും നരേന്ദ്രയും വീട്ടിൽ തനിച്ചായിരുന്നു. നരേന്ദ്രയുടെ ഭാര്യ ശിൽപ പൂജാര മറ്റ് ബന്ധുക്കളോടൊപ്പം പുറത്തായിരുന്നു. തുടർന്ന് അയൽവാസികളാണ് ശിൽപയെ വിവരമറിയിച്ചത്.
വാതിൽ അകത്തു നിന്ന് പൂട്ടിയിരുന്നതിനാൽ താക്കോൽ ഉപയോഗിച്ച് തുറക്കാൻ കഴിയാതെ വന്നതോടെ വാതിൽ തകർത്താണ് അകത്ത് കയറിയത്. തീപിടിത്തമുണ്ടായപ്പോൾ എസിയോ ലൈറ്റുകളോ പ്രവർത്തിച്ചിരുന്നില്ലെന്ന് ശിൽപ പോലീസിനോട് പറഞ്ഞു.
ഒരു മാസത്തിനുള്ളിൽ പുതിയ വീട്ടിലേക്ക് താമസം മാറാനിരിക്കുകയായിരുന്നു നരേന്ദ്രയും കുടുംബവും. അപകട മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
District News
പാരിപ്പള്ളി : പരവൂർ - പാരിപ്പള്ളി റോഡിൽ അമ്മാരത്ത് സ്വകാര്യബസിടിച്ച് വയോധിക അതേ ബസിന്റെ അടിയിൽവീണെങ്കിലും അദ്ഭുതകരമായി നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. നെടുങ്ങോലം പാറയിൽ കടവ് സ്വദേശിനി ഓമനയമ്മയാണ് അപകടത്തിൽ നിന്ന് രക്ഷപെട്ടത്.
വീട്ടുജോലിക്കു പോയ ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് 70കാരി അപകടത്തിൽപ്പെട്ടത്. ഇവർ വീട്ടിലേക്കു പോകാനുള്ള തിടുക്കത്തിൽ ബസിനു മുന്നിലേക്കു ഓടുകയായിരുന്നു. സ്റ്റോപ്പിൽ നിർത്തിയ ശേഷം എടുത്ത പാരിപ്പള്ളി-പരവൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് ഇവരെ റോഡിലേക്ക് ഇടിച്ചിട്ടത്.
നിർത്തിയിട്ടിരുന്ന ബസ് എടുക്കുന്ന സമയത്താണ് അപകടം. ഡ്രൈവർ ഇവരെ കണ്ടില്ല. ബസിനടിയിൽപ്പെട്ടെങ്കിലും മധ്യഭാഗത്തേക്കു വീണതിനാലാണ് ഇവർ രക്ഷപ്പെട്ടത്. നിസാര പരുക്കുകളോടെ രക്ഷപ്പെട്ട സ്ത്രീയെ പ്രദേശവാസികൾ ആശുപത്രിയിലെത്തിച്ചു. പുനർജന്മം ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ഓമനയമ്മ.
Kerala
ഗുരുവായൂർ: ഫ്ലാറ്റ് വാങ്ങാനെന്ന വ്യാജേന എത്തി വയോധികയുടെ സ്വർണമാല കവർന്ന കേസിൽ പ്രതികൾ പിടിയിൽ. കൊല്ലം അഞ്ചൽ അനിൽ ഭവനിൽ അനിൽകുമാർ(39), കോഴിക്കോട് ഒളവണ്ണ ഒടുക്കത്തിൽ അർജുൻ(26), കൊല്ലം അമ്പലത്തുംവിള കലാഭവനിൽ ദീപക് (36) എന്നിവരെയാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് ഇൻസ്പെക്ടർ ജി. അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞവർഷം ഡിസംബർ 19നായിരുന്നു സംഭവം. ഗുരുവായൂർ കാരക്കാടുള്ള മാധവം അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്കു താമസിക്കുന്ന 65കാരിയുടെ ഫ്ലാറ്റ് നോക്കാനെന്ന വ്യാജേന എത്തിയ ഒന്നാംപ്രതി അനിൽകുമാർ 25 ഗ്രാം തൂക്കംവരുന്ന സ്വർണമാല അലമാരയിൽനിന്നു മോഷ്ടിച്ചു കടക്കുകയായിരുന്നു.
മോഷ്ടിച്ച മാല സുഹൃത്തായ അർജുൻ ഒളവണ്ണ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ പണയംവച്ചു. പിന്നീട് മറ്റൊരു സുഹൃത്തായ ദീപക്കിന്റെ സഹായത്തോടെ പണയസ്വർണം വില്പന നടത്തുന്നയാളെ കണ്ടെത്തി സ്വർണമെടുത്തു വില്പന നടത്തിയശേഷം പണം വീതംവച്ച് മസാജ് പാർലറുകളിലും സ്പാകളിലും മദ്യപിച്ചും ചെലവാക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
District News
കടുത്തുരുത്തി: ഭര്‍ത്താവിന്റെ മരണത്തോടെ ഒറ്റപ്പെട്ടു വാടകവീട്ടില്‍ തളര്‍ന്നുകിടപ്പിലായ വയോധികയെ ഏറ്റെടുത്ത് നിത്യസഹായകന്റെ അമ്മവീട്.
ഞീഴൂര്‍ പഞ്ചായത്ത് 15-ാം വാര്‍ഡിലെ പതിച്ചേരി കോളനിയില്‍ വാടകയ്ക്കു താമസിക്കുകയായിരുന്ന തങ്കന് രോഗങ്ങളെത്തുടര്‍ന്ന് മരിച്ചു. ഇതോടെ അനാഥയായി തളര്‍ന്നുകിടക്കുകയായിരുന്ന ജീവിതപങ്കാളി തങ്കമ്മയുടെ ജീവിതവും പ്രതിസന്ധിയിലായി. ഇവരുടെ ദൈന്യാവസ്ഥ മനസിലാക്കി പഞ്ചായത്ത് പ്രസിഡന്റ് ചെറിയാന് കെ. ജോസ് നിത്യസഹായകന് ട്രസ്റ്റിനെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ട്രസ്റ്റ് പ്രസിഡന്റ് അനില്‍ ജോസഫും അമ്മവീട് സെക്രട്ടറി വി.കെ. സിന്ധുവും തളര്‍ന്നുകിടക്കുന്ന വയോധികയുടെ വീട്ടിലെത്തി വിവരങ്ങള്‍ മനസിലാക്കി. ഇവരുടെ നിര്‍ധനാവസ്ഥ ബോധ്യപ്പെട്ട ട്രസ്റ്റ് പ്രവര്‍ത്തകര്‍ തങ്കമ്മയെ ട്രസ്റ്റിന്റെ ആംബുലന്‍സില്‍ അമ്മവീട് അഗതിമന്ദിരത്തിലെത്തിക്കുകയായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ്, കെ.കെ. സുരേന്ദ്രന്, കോ-ഓര്‍ഡിനേറ്റര്‍ അര്ജുന് തൈക്കൂട്ടത്തില്‍, പ്രോത്തിമ അര്ജുന്, ജെയ്സണ്‍ പാലയില്‍, ജിജോ ജോര്‍ജ്, റീത്താ ജെയ്സണ്‍, സൈമി സിഞ്ചു എന്നിവര്‍ നേതൃത്വം നല്കി.
District News
പേരാമംഗലം: പേരാമംഗലം സ്വദേശിനി പയ്യപ്പിള്ളി വീട്ടിൽ ത്രേസ്യാ മറിയ(80) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അപകടം. പേരാമംഗലം സെന്ററിൽ വച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ ത്രേസ്യയെ ബസ് വന്നിടിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ മരിച്ചു. സംസ്കാരം പിന്നീട്. ഭർത്താവ്: പരതേനായ ദേവസി.മക്കൾ: കൊച്ചുമേരി, റോസിമോൾ, ആന്റു പരേതരായ ഷാജു, ജോസ്.
Kerala
പാലക്കാട്: പാലക്കാട് ആലത്തൂരിൽ പുറമ്പോക്കിൽ കഴിയുന്ന വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബിജെപി പ്രവർത്തകനെതിരെ കേസ്. കാവശേരി പാടൂർ സ്വദേശി സുര എന്ന സുരേഷിനെതിരെയാണ് ആലത്തൂർ പോലീസ് കേസെടുത്തത്.
നിലവില്‍ സുരേഷ് ഒളിവിലാണെന്ന് പോലീസ് പറയുന്നു. കാവശേരി പഞ്ചായത്ത് രണ്ടാം വാർഡിലെ ബിജെപി ബൂത്ത് പ്രസിഡന്റാണ് സുരേഷ്. പുലർച്ചെ മൂന്നരയോടെയായിരുന്നു തനിച്ച് കഴിയുന്ന വയോധികയ്ക്ക് നേരെ അപ്രതീക്ഷിത ആക്രണമുണ്ടായത്.
ആലത്തൂർ കാവശേരിയിലെ പാടൂർ പുറമ്പോക്കിൽ കൂര കെട്ടികഴിയുകയാണ് 65കാരിയായ വയോധിക. ഉറങ്ങിക്കിടക്കുമ്പോൾ കൂരപൊളിക്കുന്ന ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്. അതിക്രമത്തിനെതിരെ പ്രതിരോധിച്ചപ്പോൾ കഴുത്ത് ഞെരിച്ച് കൊല്ലാനും പ്രതി ശ്രമിച്ചു. വയോധിക കുതറി മാറി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ബഹളം കേട്ട് സമീപവാസികൾ ഓടിക്കൂടി. ഇവരാണ് വയോധികയെ ആശുപത്രിയിലേക്ക് മാറ്റിയത്. വയോധികയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
കണ്ണൂര്‍: പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് വായോധികയ്ക്ക് ദാരുണാന്ത്യം. കുത്തുപറമ്പ് മെരുവമ്പായിയിൽ ഇന്ന് രാവിലെയാണ് സംഭവം.
മൂന്നാം പീടിക സ്വദേശി സരോജിനിയാണ് (64) മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കാട് വെട്ടുന്നതിനിടെയാണ് അപകടമുണ്ടായത്. സരോജിനി കാടുവെട്ടുന്നതിനിടെ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.
ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഇവരെ കൂത്തുപറമ്പ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സരോജിനിയുടെ മൃതദേഹം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Kerala
തിരുവല്ല : വയോധികയെ ഡിജിറ്റല്‍ അറസ്റ്റില്‍ കുടുക്കി പണം തട്ടിയെടുക്കാനുള്ള ശ്രമം പൊളിഞ്ഞു. സംഭവത്തില്‍ ഇരയായ സ്ത്രീയുടെ മൊഴിയെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
ബാങ്ക് അധികൃതര്‍ ഇടപെട്ടതോടെയാണ് വന്‍ സൈബര്‍ തട്ടിപ്പ് പൊളിഞ്ഞത്. മഞ്ഞാടി സ്വദേശിയായ എഴുപതുകാരിയുടെ 20 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ശ്രമമാണ് നടന്നത്. ബാങ്ക് ഓഫ് ബറോഡയുടെ തിരുവല്ല ശാഖയിലെ ജീവനക്കാരുടെ ഇടപെടലാണ് തട്ടിപ്പിന് പൂട്ടിട്ടത്.
സ്ത്രീയുടെ മൂന്ന് സ്ഥിരനിക്ഷേപങ്ങള്‍ ഒറ്റയടിക്ക് പിന്വലിക്കാനെത്തിയതിലാണ് ബാങ്ക് അധികൃതര്‍ക്ക് സംശയം തോന്നിയത്. കാലാവധി തീരുംമുമ്പ് പിന്‍വലിച്ചാല്‍ പലിശയടക്കമുളള ആനുകൂല്യം മുന്‍കൂര്‍ നഷ്ടമാകുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ബാങ്ക് ഉദ്യോഗസ്ഥന് വിനോദ് ചന്ദ്രന് വിശദീകരിച്ചിട്ടും സ്ത്രീ ഉറച്ചുനിന്നു. മക്കള്‍ നിര്‍ദേശിച്ചതാണെന്ന് പറയുകയും ചെയ്തു.
മക്കളുടെ അക്കൗണ്ടിലേക്ക് മാറ്റണമെന്നും നിര്‍ദേശിച്ചു. നിക്ഷേപം പിന്‍വലിക്കല്‍ പൂര്‍ത്തീകരിച്ച് 21.5 ലക്ഷം രൂപ സ്ത്രീയുടെ എസ്ബി അക്കൗണ്ടിലേക്ക് മാറ്റി. തുടര്‍ന്ന് പണം അയച്ചുനല്‍കാന്‍ ആര്‍ടിജിഎസ് നടപടികള്‍ക്കായി നല്കിയ അക്കൗണ്ട് വിവരം കണ്ടപ്പോഴാണ് തട്ടിപ്പാണെന്ന് അധികൃതര്‍ക്ക് മനസിലായത്. അമിറ്റിയൂസ് കമോഡിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന വിലാസമാണ് ഇതിലുണ്ടായിരുന്നത്. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ വിശദമായി ആരാഞ്ഞു. തട്ടിപ്പുകളെക്കുറിച്ച് ബോധ്യപ്പെടുത്തി. ഒടുവില്‍ കാര്യങ്ങള്‍ സ്ത്രീ തുറന്നുപറഞ്ഞു.
മുംബൈ ക്രൈം ഡിപ്പാര്‍ട്ട്മെന്റില്‍നിന്ന് വാട്സാപ്പില്‍ വിളിച്ചെന്നും ഡിജിറ്റൽ അറസ്റ്റെന്ന പേരിൽ ആധാര്‍ വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കൈമാറിയിട്ടുണ്ടെന്നും വെളിപ്പെടുത്തി. സ്വന്തം അക്കൗണ്ടിലെ 20 ലക്ഷം രൂപ ഉടന്‍ കൈമാറാന്‍ നിര്‍ദേശിച്ചു. ഭയന്ന് മക്കളോടുപോലും പറഞ്ഞിരുന്നില്ലെന്ന് വയോധിക പോലീസിനോടു പറഞ്ഞു.
തട്ടിപ്പിനെതിരേ ജാഗ്രതൈ
മുതിര്‍ന്ന പൗരന്മാരെ കേന്ദ്രീകരിച്ചാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പുകള്‍ നടക്കുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വെര്‍ച്വല്‍ അറസ്റ്റ് എന്നതു നിയമപരമല്ല .ഇത്തരം തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാൽ ഉടന്‍തന്നെ വിവരം 1930 എന്ന ഹെൽപ്പ് ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ പരാതിപ്പെടണം. ഗോള്‍ഡണ്‍ അവറില്‍ത്തന്നെ പരാതിപ്പെട്ടാല്‍ മുഴുവന്‍ തുകയും തിരികെ ലഭിക്കാൻ സാധ്യത വളരെ കൂടുതലാണെന്ന് പോലീസ് വ്യക്തമാക്കി.
District News
എടതിരിഞ്ഞി: റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ കാര്‍ ഇടിച്ച് വയോധിക മരിച്ചു. എടതിരിഞ്ഞി പുത്തനായില്‍ മോഹന്‍ ഭാര്യ പുഷ്പ(78)യാണ് മരിച്ചത്. എടതിരിഞ്ഞി സെന്ററില്‍ കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചരയോടെ റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ കാര്‍ ഇടിച്ചായിരുന്നു അപകടം. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പില്‍. മക്കള്‍: ബാബു, ബിന്ദു, അമ്പിളി, മനോജ്. മരുമക്കള്‍: അനിത, ബാബു, ഷാജി, സരിത.