പോത്തൻകോട്: ചന്തവിള കുറട്ടൂർ ശ്രീധർമശാസ്താ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ലീല (62)യ്ക്ക് നേരെ അർധരാത്രിയിൽ ആക്രമണം നടന്നതായി പരാതി. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ലീലയെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയ സംഘം കമ്പിവടികൊണ്ട് മർദിച്ചെന്നാണ് വിവരം.
മർദനത്തിൽ ലീലയുടെ ഇരുകാലുകൾക്കും ഗുരുതര പരിക്കേറ്റു. മകൻ മരിച്ചതിനെ തുടർന്ന് ഒറ്റയ്ക്കാണ് ലീല താമസിച്ചിരുന്നത്. വീട്ടിനു മുന്നിൽ ചെറിയ കട നടത്തി പച്ചക്കറികൾ ഉൾപ്പെടെയുള്ളവ വിൽപ്പന നടത്തി വരികയായിരുന്നു. ആക്രമണത്തിനിടെ കട തകർത്ത അക്രമികൾ അവിടെ ഉണ്ടായിരുന്ന പച്ചക്കറികളും മറ്റു സാധനങ്ങളും സമീപത്തെ മറ്റൊരു പുരയിടത്തിലേക്ക് വലിച്ചെറിഞ്ഞതായും പറയുന്നു.
വെളുപ്പിന് ഒരു മണിയോടെയായിരുന്നു ആക്രമണമെന്നു ലീല പോലീസിനോട് അറിയിച്ചു. പരിക്കേറ്റ നിലയിൽ ലീലയെ വഴിയിൽ കണ്ടെത്തിയ തുടർന്നാണ് വിവരം പുറംലോകം അറിഞ്ഞത്. വിവരം ലഭിച്ചതിനെ തുടർന്നു പോത്തൻകോട് പോലീസ് സ്ഥലത്തെത്തി. കൗൺസിലറുടെ നേതൃത്വത്തിൽ 108 ആംബുലൻസ് വിളിച്ചു ലീലയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ലീലക്കും അയൽവാസികൾക്കും ഇടയിൽ നേരത്തെ തർക്കമുണ്ടായിരുന്നുവെന്നാണു വിവരം.
ഇന്നലെ അയൽവാസിയായ സ്ത്രീയെ ലീല അടിച്ചു പരിക്കേൽപ്പിച്ചതുമായി ബന്ധപ്പെട്ട് പോത്തൻകോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സംഭവത്തിൽ പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
Tags : Elderly woman attacked