തൃക്കൊടിത്താനം: ലഹരി, ക്രിമിനൽ കേസുകള്‍ വര്‍ധിക്കുമ്പോള്‍ തൃക്കൊടിത്താനം പോലീസ് സ്റ്റേഷന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യത്തിനുള്ള പോലീസുകാരില്ല. കോട്ടയം ജില്ലയിൽത്തന്നെ ക്രിമിനൽ കേസുകളുടെ കാര്യത്തില്‍ ഈ സ്റ്റേഷന് മുന്നിലാണ്. ചങ്ങനാശേരി പോലീസ് സ്റ്റേഷനെക്കാള്‍ ഈ സ്റ്റേഷനില്‍ കേസുകള്‍ മൂന്നിരട്ടിയാണ്. എന്നാല്‍ പോലീസുകാരുടെ അംഗസംഖ്യ കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ വര്‍ധിച്ചിട്ടില്ല.
ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ പായിപ്പാട്, തൃക്കൊടിത്താനം, മാടപ്പള്ളി പഞ്ചായത്ത് പരിധികളുടെ നിയമപരിപാലന ചുമതലയ്ക്കായാണ് തൃക്കൊടിത്താനം പോലീസ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്നത്. തൃക്കൊടിത്താനം കുന്നുംപുറത്തിനു സമീപം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപം ബൈപാസ് റോഡരികില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ പോലീസ് സ്റ്റേഷന് അഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പാണ് കൊക്കോട്ടുചിറ കുളത്തിനടുത്ത് പഞ്ചായത്ത് നല്കിയ സ്ഥലത്ത് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇപ്പോള്‍ ഈ സ്റ്റേഷന് വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളുണ്ട്.
ഇതരസംസ്ഥാന തൊഴിലാളി കേന്ദ്രമായ പായിപ്പാട് ഈ സ്റ്റേഷന് പരിധിയില്‍ ആണ്. എന്നാല്‍ തൃക്കൊടിത്താനം പോലീസ് സ്റ്റേഷന് പോലീസിന്റെ അംഗബലത്തിന്റെ കാര്യത്തില്‍ പിന്നാക്കാവസ്ഥയിലാണ്. എസ്എച്ച്ഒ ഉള്‍പ്പെടെ ഈ സ്റ്റേഷനില്‍ മുപ്പത്തഞ്ച് പോലീസുകാര്‍ മാത്രമാണുള്ളത്. കേരളത്തില്‍ പെരുമ്പാവൂര്‍ കഴിഞ്ഞാല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ തിങ്ങിവസിക്കുന്ന പായിപ്പാട്, തെങ്ങണ തുടങ്ങിയ കേന്ദ്രങ്ങള്‍ തൃക്കൊടിത്താനം സ്റ്റേഷന് പരിധിയിലാണ്. വിവിധ സ്ഥലങ്ങളിലെ ഇരുനൂറിലേറെ ക്യാമ്പുകളിലായി എണ്ണായിരത്തോളം ഇതര സംസ്ഥാന തൊഴിലാളികളാണ് താമസിക്കുന്നത്.
ഇവരുടെ ഇടയില്‍ ലഹരി, ക്രിമിനല്‍ സംഘങ്ങളുടെ പ്രവര്‍ത്തനം വളരുന്നുണ്ട്. കൂടാതെ നിരവധി കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ചശേഷം എത്തിയവരുള്പ്പെടെയുള്ളവര് താമസിക്കുന്ന സ്റ്റേഷന് പരിധികൂടിയാണിത്.
പായിപ്പാട്ടും തെങ്ങണയിലും കണ്ട്രോള് റൂം വെഹിക്കിള്‍ വേണം
പായിപ്പാട് പഞ്ചായത്തിലെ മുക്കാഞ്ഞിരം മുതല്‍ മാടപ്പള്ളി പഞ്ചായത്തിലെ പാലമറ്റം വരെ ദീര്ഘിച്ചുകിടക്കുന്ന പരിധിയില്‍ അപകടങ്ങൾ, സംഘര്‍ഷാവസ്ഥ, ക്രിമിനൽക്കേസുകള്‍, ഗതാഗതതടസങ്ങള്‍ തുടങ്ങിയ സംഭവങ്ങളുണ്ടാകുമ്പോള്‍ തൃക്കൊടിത്താനം കൊക്കോട്ടുചിറയിലുള്ള പോലീസ് സ്റ്റേഷനില്‍നിന്നും പോലീസുകാര്‍ വിവിധ ജംഗ്ഷനുകള്‍ കടന്ന് എത്തുക എന്നത് ദുര്ഭഗമാണ്.
വേണ്ടത്ര പോലീസുകാരും വാഹനങ്ങളും ഇല്ലാതെ വന്നാല്‍ യഥാസമയം എത്തുകയെന്നതും ദുരിതമാണ്. ഇത് ക്രമസമാധന പരിപാലനത്തിനും സുരക്ഷയ്ക്കും തടസം നേരിടുന്നതിനു കാരണമാകും. ഈ സാഹചര്യത്തില്‍ പായിപ്പാട്, തെങ്ങണ ജംഗ്ഷനുകള്‍ കേന്ദ്രീകരിച്ച് കണ്ട്രോള് റൂം വെഹിക്കിള്‍ സംവിധാനം പ്രവര്‍ത്തിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. ഇതിന് ആവശ്യമായ തസ്തികകളും അനുവദിക്കേണ്ടിയിരിക്കുന്നു.
സ്റ്റേഷന് പ്രവര്‍ത്തനത്തിന് മതിയായ പോലീസുകാരില്ലാത്ത അവസ്ഥയില്‍ നിലവിലുള്ള പോലീസുകാര്‍ക്ക് ജോലിത്തിരക്കിന്റെ സമ്മര്‍ദവും വലുതാണ്. അതിനാല്‍ തൃക്കൊടിത്താനം പോലീസ് സ്റ്റേഷനില്‍ പോലീസുകാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാരും ആഭ്യന്തര വകുപ്പും സത്വര ഇടപെടലുകള്‍ നടത്തണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.
ഓപ്പറേഷന് തൂഫാന് പോലുള്ള ആഭ്യന്തര വകുപ്പിന്റെ ലഹരിക്കെതിരേയുള്ള പദ്ധതികള്‍ അതിന്റെ എല്ലാ അര്‍ഥത്തിലും വിജയകരമാകണമെങ്കിലും ഈ സ്റ്റേഷനില്‍ പോലീസിന്റെ അംഗസംഖ്യ വര്‍ധിപ്പിച്ചേ മതിയാകൂ.
Tags : Local News Nattuvishesham Kottayam