മാടപ്പള്ളി പൊയ്ന്താനംകുന്നിലെ പാറക്കുളത്തില്‍ മാലിന്യം തള്ളിയ നിലയിൽ.
മാടപ്പള്ളി: മോസ്കോ-വെങ്കോട്ട റോഡില്‍ പൊയ്ന്താനം കുന്നിലുള്ള പാറക്കുളവും സമീപത്തുള്ള വിജനമായ റോഡും മാലിന്യം തള്ളല്‍ കേന്ദ്രമാകുന്നു. കേറ്ററിംഗ്, അറവുശാലകൾ, പച്ചക്കറിസ്റ്റാളുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കൂടുകളിലും ചാക്കുകളിലും നിറച്ച് രാത്രികാലങ്ങളിലാണ് റോഡിലും കുളത്തിലും വന്‍തോതില്‍ തള്ളുന്നത്.
കുട്ടികളും വയോജനങ്ങളും ഉപയോഗിക്കുന്ന ഡയപ്പറുകളും കുളത്തിലും പരിസരങ്ങളിലും തള്ളുന്നുണ്ട്. കുളത്തിന്റെ റോഡിന്റെ വശത്തുള്ള കല്‍ക്കെട്ട് തകര്‍ന്ന് ഏതുസമയവും കുളത്തിലേക്ക് നിലംപൊത്താവുന്ന അവസ്ഥയിലാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് പാറഖനനം നടത്തിയ സ്വകാര്യവ്യക്തിയുടെ കുളമാണ് മാലിന്യനിക്ഷേപകേന്ദ്രവും അപകടക്കെണിയുമായി തുടരുന്നത്.
അടുത്തിടെ വാര്‍ഡ് പഞ്ചായത്തംഗത്തിന്റെ മേല്‍നോട്ടത്തില്‍ അഴകാത്തുപടി മുതല്‍ പൊയ്ന്താനം കുന്നുവരെയുള്ള ഭാഗത്തെ കാടു വെട്ടിത്തെളിച്ച് മാലിനയച്ചാക്കുകളും നീക്കം ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ മാലിന്യം തള്ളല്‍ തുടരുകയാണ്. ഈ ഭാഗത്ത് നേരത്തേസ്ഥാപിച്ചിരുന്ന സിസി ടിവി കാമറയും കേടായ നിലയിലാണ്. മാടപ്പള്ളി പഞ്ചായത്തും തൃക്കൊടിത്താനം പോലീസും ഇടപെട്ട് ഇവിടെ മാലിന്യം തള്ളാനെത്തുന്നവരെ പിടികൂടണമെന്ന ആവശ്യം ശക്തമാണ്.
Tags : Local News Nattuvishesham Kottayam