Kerala
കോട്ടയം: അവസാന നിമിഷം ഏറ്റുമാനൂര്‍ സീറ്റ് നിഷേധിക്കപ്പെട്ട കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കന് കടുത്ത അതൃപ്തിയില്‍. ഒരു ലക്ഷത്തോളം ഫ്ളക്സും പോസ്റ്ററുമാണ് പാഴയത്. കോട്ടയം ചന്തക്കലയിലുള്ള പ്രിന്റിംഗ് ഹൗസിലാണ് ജോസഫ് വാഴയ്ക്കന്റെ പോസ്റ്ററുകളും ഫ്ളക്സും കൂട്ടിയിട്ടിരിക്കുന്നത്. നല്ല നാടിനായി നമ്മളിലൊരാള്‍ എന്ന ടാഗ് ലൈനോടെ ജോസഫ് വാഴയ്ക്കനെ വിജയിപ്പിക്കുക എന്നാണ് പോസ്റ്റര്‍. വാഴയ്ക്കന്റെ ചിരിക്കുന്ന മനോഹരമായ ചിത്രവുമുണ്ട്.
അവസാന നിമിഷം വരെ ഏറ്റുമാനൂരില്‍ തന്റെ ഒറ്റപേരായിരുന്നു ഉണ്ടായിരുന്നതെന്നും നേരം പുലര്‍ന്നപ്പോള്‍ പേര് വെട്ടിപ്പോയെന്നും വാഴയ്ക്കന് പറഞ്ഞു. ഒറ്റപ്പേര് വന്നതിനാല്‍ മാറ്റം സാധ്യതയില്ലാത്തതിനാല്‍ പ്രചാരണം തുടങ്ങിയിരുന്നു. പോസ്റ്ററുകളും ബാനറുകളും അടിക്കാന്‍ തുടങ്ങി. റോഡ് ഷോയും അറേഞ്ച് ചെയ്തിരുന്നു. സമയക്കുറവ് ഉളളതിനാലാണ് എല്ലാം പെട്ടന്ന് ചെയ്തത്. എന്നാല്‍, അവസാന നിമിഷം പേരു വെട്ടിമാറ്റുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.
സീറ്റ് കിട്ടിയില്ലെന്ന് ഓര്‍ത്തു പ്രചാരണത്തിനിറങ്ങാതിരിക്കില്ല. കോണ്‍ഗ്രസ് പാര്‍ട്ടി എനിക്ക് അമ്മയാണ്. നല്ല ഒരു പ്രവര്‍ത്തകനായി യുഡിഎഫിനായി പ്രവര്‍ത്തിക്കും. ഞാന്‍ ഇടുക്കി ജില്ലയിലെ മണ്ഡലങ്ങള്‍, മൂവാറ്റുപുഴ, കോതമംഗലം എന്നീ സീറ്റുകളാണ് നോക്കിയത്. എന്നാല്‍, പാര്‍ട്ടി എന്നോട് ഏറ്റുമാനൂരില്‍ മത്സരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വാസവനെതിരെ ശക്തമായ മത്സരത്തിലൂടെ സീറ്റ് പിടിക്കുകയായിരുന്നു ലക്ഷ്യം.
അതനുസരിച്ചാണ് ഞാന്‍ ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. പ്രമുഖ വ്യക്തികളെ നേരില്‍ കണ്ടു പിന്തുണ തേടിയിരുന്നു. യുഡിഎഫ് നേതൃയോഗവും ചേര്‍ന്നിരുന്നു. എന്നാല്‍, അവസാന നിമിഷം പേരു വെട്ടിമാറ്റിയതു വലിയ ബുദ്ധിമുട്ടും വിഷമവും ഉണ്ടാക്കിയതായും ജോസഫ് വാഴയ്ക്കന് ദീപിക ഒാൺലൈനിനോടു പറഞ്ഞു.
Kerala
കോട്ടയം: ട്വന്റി 20യുടെ ഏറ്റുമാനൂരിലെ സ്ഥാനാർഥി നടി വീണാ നായർക്കും വോട്ടില്ല. നേരത്തെ പെരുമ്പാവൂരിലെ ട്വന്റി 20 സ്ഥാനാർഥി നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍പട്ടികയിൽ ഇല്ലെന്ന് കണ്ടെത്തിയിരുന്നു.
തുടർന്ന് ലക്ഷ്മിപ്രിയയുടെ റോഡ് ഷോ റദ്ദാക്കിയിരുന്നു. കേന്ദ്രമന്ത്രി ഭൂപതി രാജു ശ്രീനിവാസവർമ ആയിരുന്നു റോഡ് ഷോ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്.
തൃപ്പൂണിത്തുറയില്‍ സിനിമാ താരം അഞ്ജലി നായരാണ് സ്ഥാനാർഥി. ഏറ്റുമാനൂരില്‍ വീണാ നായര്‍, അങ്കമാലിയില്‍ പ്രോമി കുര്യാക്കോസ്, വൈപ്പിനിൽ നര്‍ത്തകിയും നടിയും സംരംഭകയുമായ അനിത തോമസ് എന്നിവരാണ് ട്വന്റി 20 സ്ഥാനാർഥികൾ.
തൃക്കാക്കരയില്‍ അഖില്‍ മാരാരെ സ്ഥാനാർഥിയാക്കിയതിന് പിന്നാലെയാണ് കൂടുതല്‍ സിനിമ സീരിയല്‍ സോഷ്യല്‍ മീഡിയ താരങ്ങളെ ട്വന്റി 20 മത്സരരംഗത്തിറക്കിയത്.
Kerala
കൊച്ചി: നടി വീണാ നായർ ട്വന്റി 20 യിൽ ചേർന്നു. വീണാ നായർ ഏറ്റുമാനൂരിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കും. പാര്‍ട്ടി പ്രസിഡന്റ് സാബു എം.ജേക്കബ് ആണ് പ്രഖ്യാപനം നടത്തിയത്.
തൃക്കാക്കരയിൽ സംവിധായകൻ അഖിൽ മാരാർ സ്ഥാനാർഥിയാകും. തിരുവമ്പാടിയിൽ സണ്ണി തോമസും തൃക്കരിപ്പൂരിൽ രവി കുളങ്ങരയുമാണ് സ്ഥാനാർഥികൾ. അങ്കമാലിയിൽ റിയാലിറ്റി ഷോ താരവും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ പ്രോമി കുര്യാക്കോസ് സ്ഥാനാർഥിയാകും.
അടൂര്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായിരുന്ന ബാബു ദിവാകരൻ കുന്നത്തുനാട്ടിൽ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
തൃപ്പൂണിത്തുറയിൽ നടി അഞ്ജലി നായരും സ്ഥാനാർഥിയാകും. തൃപ്പൂണിത്തുറയിലെ ജനങ്ങൾക്കൊപ്പം താനുണ്ടാകുമെന്നും സ്ഥാനാർഥിത്വത്തിൽ ഏറെ സന്തോഷമെന്നും അഞ്ജലി പ്രതികരിച്ചു. പെരുമ്പാവൂരിൽ നടി ലക്ഷ്മിപ്രിയ എൻഡിഎ സ്ഥാനാര്‍ത്ഥിയാകും.
അതേസമയം, ട്വന്റി 20 പാര്‍ട്ടിയുടെ മുഴുവന്‍ സ്ഥാനാര്‍ഥി നിര്‍ണയവും പൂര്‍ത്തിയായെന്നും അടുത്ത ദിവസം പ്രഖ്യാപനം ഉണ്ടാകുമെന്നും സാബു എം. ജേക്കബ് പറഞ്ഞു
Kerala
ഏറ്റുമാനൂർ: ഏറ്റുമാനൂർ പ്രൈവറ്റ് ബസ്റ്റാൻഡിനു സമീപമുള്ള ചിറകുളത്തിൽ ചൂണ്ടയിടാൻ എത്തിയ മധ്യവയസ്കൻ മുങ്ങി മരിച്ചു. ഏറ്റുമാനൂർ സ്വദേശി അഷറഫാണ് മരിച്ചത്. ഇന്നു രാവിലെ 8.30 ഓടെയാണ് സംഭവം.
ഏറ്റുമാനൂർ മത്സ്യമാർക്കറ്റിലെ തൊഴിലാളിയാണ് ഇദ്ദേഹം.
ചൂണ്ടയിൽ കുടുങ്ങിയ മത്സ്യത്തെ കുളത്തിൽ ഇറങ്ങി പിടിക്കുന്നതിനിടെ അഷറഫ് കുളത്തിൽ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് അഗ്നിശമന സേനയുടെ സ്കൂബാ സംഘമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
District News
ഏറ്റുമാനൂർ: മഹാദേവ ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചുവർചിത്രങ്ങളുടെ നവീകരണം പൂർത്തിയായി. പ്രഭ വീണ്ടെടുത്ത ചിത്രങ്ങളുടെ സമർപ്പണം ഇന്നു നടത്തും. 16-ാം നൂറ്റാണ്ടിനും 18-ാം നൂറ്റാണ്ടിനുമിടയിൽ രചിക്കപ്പെട്ട ചിത്രങ്ങൾ കാലപ്പഴക്കത്തിൽ പ്രഭ മങ്ങിയ നിലയിലായിരുന്നു. മന്ത്രി വി.എൻ. വാസവന്റെ പ്രത്യേക താത്പര്യത്തിലാണ് രണ്ടു വർഷം മുമ്പ് ചുവർചിത്ര സംരക്ഷണ പദ്ധതിക്ക് തുടക്കമിട്ടത്.
വർഷങ്ങളോളം സംരക്ഷിക്കപ്പെടാതെ കിടന്ന ചിത്രങ്ങൾ നാശോന്മുഖമായിരുന്നു. ചിത്രങ്ങൾക്കുള്ളിൽ ആണികളും മറ്റും അടിച്ച് ദുർബലാവസ്ഥയിലായ പ്രതലങ്ങൾ പാരമ്പര്യ കുമ്മായക്കൂട്ട് ഉപയോഗിച്ച് ബലപ്പെടുത്തി. ചിത്രങ്ങൾ രചിക്കപ്പെട്ട പ്രകൃതിദത്ത ചായക്കൂട്ടുകൾ തന്നെയാണ് നവീകരണത്തിനും ഉപയോഗിച്ചത്.
അനന്തശയനം എന്ന ചിത്രത്തിന്റെ സംരക്ഷണം നേരത്തേ പൂർത്തിയാക്കിയിരുന്നു. രണ്ടാംഘട്ടത്തിൽ പ്രദോഷനൃത്തം, അഘോരമൂർത്തി, വസ്ത്രാപഹരണം, വീരാളിപ്പട്ട്, വേട്ട ശാസ്താവ്, ദ്വാരപാലകർ എന്നീ ചിത്രങ്ങളാണ് സംരക്ഷിച്ചത്.
തിരുവിതാംകൂർ ദേവസ്വം ബോർഡും വാസ്തുവിദ്യാ ഗുരുകുലവും ചേർന്നാണ് ചിത്രസംരക്ഷണത്തിന് പദ്ധതി തയാറാക്കിയത്. എൻആർഎൽസി മുൻ ഡയറക്ടർ ഡോ. വേലായുധൻ നായരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ മേൽനോട്ടത്തിൽ വാസ്തുവിദ്യാ ഗുരുകുലം മ്യൂറൽ ആർട്ടിസ്റ്റ് കടമ്മനിട്ട ശ്രീക്കുട്ടന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് മ്യൂറൽ ആർട്ടിസ്റ്റുമാരായ ആറന്മുള ജയകൃഷ്ണനും മണ്ണടി അഭിലാഷ് കുമാറും ചേർന്നാണ് ചിത്രസംരക്ഷണം നിർവഹിച്ചത്.
ഇന്നു രാവിലെ ഒമ്പതിന് ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വം മന്ത്രി വി.എൻ. വാസവൻ നവീകരിച്ച ചിത്രങ്ങളുടെ സമർപ്പണം നടത്തും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അധ്യക്ഷത വഹിക്കും. വാസ്തുവിദ്യാ ഗുരുകുലം എക്സിക്യൂട്ടീവ് ഡയറക്ടർ പി.എസ്. പ്രിയദർശനൻ പദ്ധതി വിശദീകരിക്കും. എൻആർഎൽസി മുൻ ഡയറക്ടർ ഡോ. എം. വേലായുധൻ നായർ, കലാഗവേഷകൻ ഡോ. എം.ജി. ശശിഭൂഷൺ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
District News
ഏറ്റുമാനൂർ: ഏറ്റുമാനൂർ ടൗണിലെ ഗതാഗതക്കുരുക്കഴിക്കാൻ നിർദ്ദേശങ്ങളുമായി ഏറ്റുമാനൂർ ജനകീയ വികസന സമിതി. സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ട്രാഫിക് ബോധവത്കരണ സെമിനാറിലും ചർച്ചയിലും ഉരുത്തിരിഞ്ഞ നിർദ്ദേശങ്ങൾ അധികൃതർക്ക് സമർപ്പിക്കും.
ജനകീയ വികസന സമിതി പ്രസിഡന്റ് ബി. രാജീവ് അധ്യക്ഷത വഹിച്ച യോഗം നഗരസഭാധ്യക്ഷൻ ടോമി പുളിമാൻതുണ്ടം ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ മാത്യു വാക്കത്തുമാലി, വിപിൻ സണ്ണി, വിപിൻ ബാബു, മേരിക്കുട്ടി ജോസഫ്, ടി.പി. മോഹൻദാസ്, ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കൽ, പോലീസ് ഓഫീസർമാരായ സുനിൽ കുര്യൻ, സി.ടി. റെജിമോൻ തുടങ്ങിയവർ പ്രസംഗിച്ചു.
District News
ഏറ്റുമാനൂർ: റെയിൽവേ മേൽപ്പാലത്തിലെ കോൺക്രീറ്റ് ഇളകി നിറയെ കുഴികൾ രൂപപ്പെട്ടു. ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനു സമീപം ഏറ്റുമാനൂർ-നീണ്ടൂർ റോഡിലെ മേൽപ്പാലത്തിലാണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്.
കോൺക്രീറ്റ് ഇളകി മാറി കമ്പികൾ പുറത്തേക്കു തള്ളിനിൽക്കുന്ന നിലയിലാണ്. കുഴികളിൽ ചാടുന്ന വാഹനങ്ങളുടെ ടയറിന് കേടു സംഭവിക്കുന്നു. ഇരുചക്ര വാഹനങ്ങൾ കുഴികളിൽ ചാടി നിയന്ത്രണം നഷ്ടപ്പെട്ട് അപകടങ്ങളും ഉണ്ടാകുന്നുണ്ട്. മഴ പെയ്തു വെള്ളം കെട്ടിക്കിടന്നാൽ കുഴി തിരിച്ചറിയാതെയും അപകടമുണ്ടാകും. എട്ടു കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. 2018ൽ നിർമിച്ച പാലമാണ് ആകെ തകർന്നിരിക്കുന്നത്. ഒരു വർഷം മുമ്പ് കുഴികൾ അടച്ചിരുന്നു. അവിടെയും നിലവിൽ കുഴികളുണ്ട്.
District News
ഏറ്റുമാനൂർ: ഏറ്റുമാനൂരിൽനിന്ന് മോഷണം പോയ വാഹനം തമിഴ്നാട്ടിൽനിന്ന് വീണ്ടെടുത്ത് ഏറ്റുമാനൂർ പോലീസ്. പേരൂർ സ്വദേശിയുടെ ഉടമസ്ഥതയിൽ പേരൂർ കവലയിൽ പ്രവർത്തിക്കുന്ന അഞ്ജലി ട്രേഡേഴ്സിന്റെ കോമ്പൗണ്ടിനുള്ളിൽനിന്ന് 27നു രാത്രി മോഷണംപോയ ബഡാദോസ്ത് പിക്കപ്പ് വാനാണ് ഇന്നലെ തമിഴ്നാട്ടിൽനിന്ന് വീണ്ടെടുത്തത്. പ്രതി ഒഡീഷ സ്വദേശി രത്നകാർ പദ്ര(24)യെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
27ന് രാത്രി എട്ടിനു ശേഷമാണ് വാഹനം മോഷ്ടിക്കപ്പെട്ടത്. 28ന് വെളുപ്പിന് പരാതി ലഭിച്ചയുടൻ പ്രതി വാഹനവുമായി പോകാൻ സാധ്യതയുള്ള ബോർഡറുകളിലേക്ക് സന്ദേശമയയ്ക്കുകയും പ്രത്യേക അന്വേഷണസംഘം തെരച്ചിൽ ആരംഭിക്കുകയും ചെയ്തു. ഏറ്റുമാനൂർ പോലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തമിഴ്നാട് പെരുന്തുറ പോലീസ് വാഹനം തിരിച്ചറിഞ്ഞ് വാഹനവും പ്രതിയെയും തടഞ്ഞുവച്ചു. ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി വാഹനവും പ്രതിയെയും കസ്റ്റഡിയിലെടുത്തു കൊണ്ടുവരികയായിരുന്നു.
ഏറ്റുമാനൂർ എസ്എച്ച്ഒ എ. അൻസിലിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അഖിൽദേവ്, റെജിമോൻ, എഎസ്ഐ ഗിരീഷ് കുമാർ, സിപിഒമാരായ സാബു, അജിത്ത് എം. വിജയൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
District News
ചങ്ങനാശേരി: പെരുന്തുരുത്തി-ഏറ്റുമാനൂര്‍ ബൈപാസില്‍ പെരുന്തുരുത്തി മുതല്‍ നാലുകോടി ലെവല്‍ ക്രോസ് വരെ റോഡിന് ആവശ്യത്തിനു വീതിയും സുരക്ഷാ ക്രമീകരണങ്ങളുമില്ലെന്ന് ആക്ഷേപം ഉയരുന്നു. എംസി റോഡിലെ തിരക്കൊഴിവാക്കാന്‍ 15 വര്‍ഷം മുമ്പാണ് പെരുന്തുരുത്തി-ഏറ്റുമാനൂര്‍ ബൈപാസിന്റെ പ്രഖ്യാപനമുണ്ടായത്. എന്‍എച്ച്183 (എംസി)യില്‍ പെരുന്തുരുത്തി ജംഗ്ഷനില്‍നിന്നു ബൈപാസിലേക്കു തിരിയുന്ന ഭാഗത്തിനു വേണ്ടത്ര വിസ്തൃതിയില്ലെന്നു മാത്രമല്ല, സുരക്ഷാ ക്രമീകരണങ്ങളും താളംതെറ്റിയ നിലയിലാണ്.
ഈ ജംഗ്ഷന് മുതല്‍ നാലുകോടി ലെവല്‍ ക്രോസ് വരെ റോഡിന് ബൈപാസ് നിലവാരത്തിലുള്ള വീതിയില്ല. ഈ ഭാഗത്തുള്ള കല്ലുകടവ് പാലവും ബലക്ഷയം നേരിടുന്ന നിലയിലാണ്. മഴക്കാലത്ത് ഈ റോഡില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നതിനാല്‍ ടൈലുകള്‍ പാകിയിരിക്കുകയാണ്.
പെരുന്തുരുത്തി ഭാഗത്തെ വളവ് നിവര്‍ത്താന്‍ നടപടിയില്ല
ഈ ബൈപാസിന്റെ പെരുന്തുരുത്തി ജംഗ്ഷന് ഭാഗത്ത് റോഡിന്റെ വളവു നിവര്ക്കാനും നാലുകോടി വരെയുള്ള ഭാഗത്ത് വീതി കൂട്ടാനും വര്‍ഷങ്ങള്‍ക്കു മുമ്പ് പദ്ധതിയിട്ടെങ്കിലും അധികാരികളുടെ നിസംഗത മൂലം നടന്നിട്ടില്ല. തിരുവല്ല പിഡബ്ല്യുഡി ഡിവിഷന്റെ കീഴിലുള്ള ഭാഗമാണിത്.
നാലുകോടി ലെവല്‍ ക്രോസില്‍ മേല്‍പ്പാലം നിര്‍മിക്കാനുള്ള പദ്ധതിയും നീളുകയാണ്. കവിയൂര്‍ റോഡ് നിര്‍മാണം തടസപ്പെട്ടതിനാല്‍ നാലുകോടി കവലയുടെ വികസനവും തടസപ്പെട്ട നിലയിലാണ്.
ടാറിംഗ് പൂര്‍ത്തിയായ തെങ്ങണ-കുന്നുംപുറം
പെരുന്തുരുത്തി-ഏറ്റുമാനൂര്‍ ബൈപാസില്‍ തെങ്ങണ മുതല്‍ കുന്നുംപുറം വരെ ടാറിംഗ് പൂര്‍ത്തിയായി. ജോബ് മൈക്കിള്‍ എംഎല്‍എയുടെ ഇടപെടലില്‍ ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി മൂന്നരക്കോടി രൂപ മുടക്കിയാണ് ടാറിംഗ് പൂര്‍ത്തിയാക്കിയത്. ഇതോടെ ഇത്രയും ഭാഗത്തെ യാത്ര സുഗമമായിട്ടുണ്ട്.
നിവരാതെ ഡീലക്സ് പടി വളവ്
എന്നാല്‍, ഈ ഭാഗത്തുള്ള ഡീലക്സ് പടി വളവ് നിവര്‍ത്തി സുരക്ഷ വര്‍ധിപ്പിച്ച് അപകടങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ വൈകുകയാണ്. പദ്ധതിക്കായി 2016ല്‍ അന്നത്തെ എംഎല്‍എ സി.എഫ്. തോമസ് തന്റെ ആസ്തിവികസന ഫണ്ടില്‍നിന്ന് ഒരു കോടി രൂപ അനുവദിച്ചിരുന്നു. ഡീലക്സ്പടി വികസനസമിതിയുടെ നേതൃത്വത്തില്‍ പദ്ധതിക്കായി അധികാരകേന്ദ്രങ്ങളെ സമീപിച്ച് നടപടിക്രമങ്ങള്‍ അവസാനഘട്ടത്തില്‍ എത്തിച്ചിട്ടുണ്ട്. പണമില്ലാത്തതിനാലാണ് നടപടികള്‍ നീങ്ങാത്തതെന്നാണ് സൂചന.
തെങ്ങണയിലും കുരുക്ക്
ഈ ബൈപാസിന്റെ തെങ്ങണ ക്ഷേത്ര ഭാഗം മുതല്‍ തെങ്ങണ ജംഗ്ഷന് വരെയുള്ള ഭാഗത്തും ഗതാഗതക്കുരുക്ക് സര്‍വസാധാരണമാണ്. ഈ ഭാഗത്ത് റോഡിലേക്ക് ഇറങ്ങിനില്ക്കുന്ന വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിച്ചും അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചും കുരുക്കഴിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
District News
ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭാ കാര്യാലയത്തിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയർപേഴ്സൺ ലൗലി ജോർജ്, കൗൺസിലർമാരായ വി.എസ്. വിശ്വനാഥൻ, അജിത ഷാജി, ബീന ഷാജി, വിജി ജോർജ്, ഡോ. എസ്. ബീന, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സിബി ചിറയിൽ, പ്രതിപക്ഷ നേതാവ് ഇ.എസ്. ബിജു, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ,
അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, മുൻ നഗരസഭാ ചെയർമാൻമാരായ ജയിംസ് തോമസ്, ജോയി ഊന്നുകല്ലേൽ, ജോർജ് പുല്ലാട്ട്, നഗരസഭാ സെക്രട്ടറി ബിനുജി ജി, അസിസ്റ്റന്റ് എൻജിനിയർ ആരിഫ എന്നിവർ പ്രസംഗിച്ചു.
Kerala
കോട്ടയം: ഏറ്റുമാനൂരിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. പേരൂർ സ്വദേശി ലീന ജോസ് (56) ആണ് മരിച്ചത്. വീടിന്റെ പിൻവശത്താണ് മൃതദേഹം കണ്ടത്.
മൃതദേഹത്തിൽ മുറിവേറ്റ പാടുകൾ ഉണ്ട്. ലീനയെ കൂടാതെ നാല് പേരാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഭര്‍ത്താവും രണ്ട് മക്കളും ഭര്‍ത്താവിന്റെ അച്ഛനും. രാത്രി പന്ത്രണ്ടോടെ മകന് വീട്ടിലെത്തിയപ്പോഴാണ് അമ്മയെ മരിച്ച നിലയില്‍ കണ്ടത്.
വീട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ വിവരം അറിഞ്ഞിരുന്നില്ല എന്നാണ് വിവരം. മൃതദേഹം കിടക്കുന്നതിന് സമീപത്ത് നിന്നായി ഒരു കത്തിയും കണ്ടെടിത്തിട്ടുണ്ട്. മരണത്തിൽ ദൂരുഹത ഉണ്ടെന്നാണ് പോലീസ് പറയുന്നത്. പോലീസും ഫോറന്‍സിക് സംഘവും ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.