x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീണ്ടുമൊരു തെരഞ്ഞെടുപ്പ് കാലം; ബാബു ചാഴികാടന്‍റെ ഓർമകളുറങ്ങുന്ന ഏറ്റുമാനൂര്‍

കോട്ടയം ബ്യൂറോ
Published: March 23, 2026 03:07 PM IST | Updated: March 23, 2026 03:07 PM IST

ബാബു ചാഴികാടന്‍ ഇടിമിന്നലേറ്റു വീണ വാര്യമുട്ടത്ത് നിര്‍മിച്ച സ്മൃതിമണ്ഡപം

കോട്ടയം: വോട്ടുയാത്ര എത്തി നില്‍ക്കുന്നത് ഏറ്റുമാനൂര്‍ മണ്ഡലത്തിലാണ്. ആര്‍പ്പൂക്കര വാര്യമുട്ടത്ത് എത്തുമ്പോള്‍ പാടത്തോടു ചേര്‍ന്ന് റോഡിനു സമീപത്തുളള സ്മൃതി മണ്ഡപം കാണുമ്പോള്‍ എല്ലാവരുടെയും ഓര്‍മ പഴയ ഒരു തെരഞ്ഞെടുപ്പു കാലത്തേക്ക് പോകും.

കാലമെത്ര കഴിഞ്ഞാലും തെരഞ്ഞെടുപ്പു കാലത്ത് ഏറ്റുമാനൂരിന്റെ ഓര്‍മയിലേക്ക് തിരത്തള്ളല്‍ പോലെ ഇരമ്പി വരുന്ന ദുരന്തത്തിന്‍റെ 35-ാം വാര്‍ഷിക ദിനത്തിന് ഇനി 54 ദിവസം മാത്രം. തെരഞ്ഞെടുപ്പ് പ്രചാരണ പര്യടനത്തിടെ തുറന്ന വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ബാബു ചാഴികാടന്‍ ഇടിമിന്നലേറ്റ് മരിച്ചതിന്‍റെ 35-ാം വാര്‍ഷികദിനം മേയ് 15 നാണ്.

1991ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നു. ലോക്സഭയിലേക്ക് രമേശ് ചെന്നിത്തലയും നിയമസഭയിലേക്ക് ബാബു ചാഴികാടനും യുഡിഎഫ് സ്ഥാനാര്‍ഥികള്‍. മെയ് 15ന് ഇരുവരും സംയുക്ത വാഹനപര്യടനത്തിലാണ്.

ആര്‍പ്പൂക്കര പഞ്ചായത്തിലെ അവസാന സ്വീകരണ സ്ഥലമായ പാറപ്പുറത്തു നിന്നും അതിരമ്പുഴ പഞ്ചായത്തിലേക്ക് പര്യടനം നീങ്ങുമ്പോള്‍ സന്ധ്യയാകുന്നു. അന്തരീക്ഷം പെട്ടെന്ന് മൂടിക്കെട്ടി. മഴക്കാറും കാറ്റുമുണ്ട്. ഏതു നിമിഷവും മഴ പെയ്യാവുന്ന സാഹചര്യം. ഇടിമുഴക്കവുമുണ്ട്.

അമ്പലക്കവല കടന്ന് വാര്യമുട്ടത്ത് എത്തിയപ്പോള്‍ ആകാശത്തു നിന്നും ഒരു തീഗോളം ജീപ്പിലേക്ക് പതിക്കുന്നു. ഉഗ്രശബ്ദവും പ്രദേശമാകെ മിന്നല്‍ വെളിച്ചവും. ഇടിമിന്നല്‍ നേരേ പതിച്ചത് ബാബു ചാഴികാടനു മേലാണെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ കോണ്‍ഗ്രസ് നേതാവും ആര്‍പ്പൂക്കര പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമായ ജസ്റ്റിന്‍ ജോസഫ് ഓര്‍മിക്കുന്നു.

ജീപ്പുകളും കാറുകളും സ്‌കൂട്ടറുകളുമായി ഒട്ടേറെ വാഹനങ്ങള്‍ ഒപ്പമുണ്ടായിരുന്നു. ബാബു ചാഴികാടനൊപ്പം രമേശ് ചെന്നിത്തല മാത്രമാണ് വാഹനത്തില്‍ നിന്നുകൊണ്ട് സഞ്ചരിച്ചിരുന്നത്. ബാബുവിനെക്കാള്‍ ഉയരം കുറവായതുകൊണ്ടു മാത്രമാണ് ചെന്നിത്തലക്ക് മിന്നല്‍ ഏല്‍ക്കാതിരുന്നത്. പെട്ടെന്നു തന്നെ ബാബുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹത്തിന്‍റെ മരണം സംഭവിച്ചിരുന്നു.

ബ്ലോക്ക് പ്രസിഡന്‍റ് എം.യു. നാരായണന്‍, കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് പി.എല്‍. ജേക്കബ് പുത്തന്‍പുര, ആര്‍പ്പൂക്കര മണ്ഡലം പ്രസിഡന്‍റ് തങ്കച്ചന്‍ പയ്യനാടന്‍, ഇ.സി. ജോയി ഇല്ലിച്ചിറ തുടങ്ങിയ നേതാക്കളും തുറന്ന വാഹനത്തിനു തൊട്ടടുത്തായുള്ള വാഹനങ്ങളില്‍ ഉണ്ടായിരുന്നു.

യൂത്ത്ഫ്രണ്ടിന്‍റെ സംസ്ഥാന പ്രസിഡന്‍റായിരുന്ന ബാബു ചാഴികാടന്‍ ഏറെ പ്രതീക്ഷയുള്ള നേതാവായിരുന്നു. അദ്ദേഹത്തിന്‍റെ വിയോഗം യുഡിഎഫിനും കേരളാ കോണ്‍ഗ്രസിനും ഏല്പിച്ച ആഘാതം കനത്തതാണ്.

ബാബു ചാഴികാടന്‍ ഇടിമിന്നലേറ്റു വീണ വാര്യമുട്ടത്ത് കേരള കോണ്‍ഗ്രസ് സ്മൃതിമണ്ഡപം നിര്‍മിച്ചിട്ടുണ്ട്. ഇവിടെ എല്ലാ വര്‍ഷവും മേയ് 15ന് കേരളാ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ പരിപാടികളും നടത്തുന്നുണ്ട്.

ബാബു ചാഴികാടന്‍റെ വിയോഗത്തിനു ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിലാണ് അദ്ദേഹത്തിന്‍റെ സഹോദരന്‍ തോമസ് ചാഴികാടന്‍ മത്സരിക്കുന്നതും വിജയിക്കുന്നതും. അദ്ദേഹത്തിന്‍റെ സഹോദരപുത്രനായ സിറിയക് ചാഴികാടന്‍ ഇത്തവണ തൊടുപുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ്.

Tags : Ettumanoor Babu Chazhikadan Assembly Election

Recent News

Corehub Up