ഏറ്റുമാനൂർ പഞ്ചായത്ത് കാര്യാലയം
ഏറ്റുമാനൂർ: ഏറ്റുമാനൂർ താലൂക്കിന്റെ പുനഃസ്ഥാപനത്തിനായുള്ള മൂന്നര പതിറ്റാണ്ടിന്റ് കാത്തിരിപ്പിന് എന്ന് വിരാമമാകുമെന്നറിയാതെ പ്രദേശനിവാസികൾ. ദിവാൻ ടി. രാഘവയ്യയുടെ കാലത്ത് ചെലവ് ചുരുക്കലിന്റെ് ഭാഗമായി നിർത്തലാക്കിയതാണ് ഏറ്റുമാനൂർ താലൂക്ക്.
കഴിഞ്ഞ മൂന്നര പതിറ്റാണ്ടിനിടെ താലൂക്ക് പുനഃസ്ഥാപനത്തിനായി ഒട്ടേറെ ജനകീയ പ്രക്ഷോഭങ്ങൾ നടന്നു. ഇക്കാലഘട്ടത്തിൽ വന്ന എല്ലാ സർക്കാരുകളും താലൂക്ക് പുനഃസ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഉറപ്പു നൽകിയതുമാണ്. പക്ഷേ താലൂക്ക് യാഥാർഥ്യമായില്ലെന്നു മാത്രം.
എ.കെ. ആന്റണി സർക്കാരിന്റെ കാലത്ത് ചുമതലപ്പെടുത്തിയ ഡി. ബാബു പോൾ കമ്മീഷൻ ഏറ്റുമാനൂർ താലൂക്ക് രൂപീകരണത്തിനായിരുന്നു പ്രഥമ പരിഗണന നൽകിയിരുന്നത്. എന്നാൽ റിപ്പോർട്ടിലെ ശിപാർശകൾ നടപ്പിലാക്കാൻ നടപടിയൊന്നും ഉണ്ടായില്ല.
2018ൽ നിയമസഭയിൽ അന്നത്തെ ഏറ്റുമാനൂർ എംഎൽഎ സുരേഷ് കുറുപ്പ് അവതരിപ്പിച്ച സബ്മിഷന് നൽകിയ മറുപടിയിൽ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ താലൂക്ക് രൂപീകരണത്തിനായുള്ള നടപടികൾ ആരംഭിച്ചതായി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് കളക്ടറുടെ റിപ്പോർട്ട് ലാൻഡ് റവന്യൂ കമ്മീഷണർക്ക് സമർപ്പിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം ഉടൻ ഉണ്ടാകും എന്നുമായിരുന്നു മന്ത്രി പറഞ്ഞത്. കോട്ടയം താലൂക്കിൽ ഉൾപ്പെട്ടിട്ടുള്ള ആർപ്പൂക്കര, ഏറ്റുമാനൂർ, അതിരമ്പുഴ, അയർക്കുന്നം, കൈപ്പുഴ, ഓണംതുരുത്ത്, പേരൂർ വില്ലേജുകളും വൈക്കം താലൂക്കിലെ കല്ലറ, കോതനല്ലൂർ, മാഞ്ഞൂർ വില്ലേജുകളും മീനച്ചിൽ താലൂക്കിലെ കാണക്കാരി വില്ലേജും ഉൾപ്പെടുന്നതാകും നിർദിഷ്ട താലൂക്കെന്നും അന്ന് റവന്യുമന്ത്രി നിയമസഭയെ അറിയിച്ചതാണ്. പക്ഷേ അന്നും താലൂക്ക് യാഥാർഥ്യമായില്ല.
താലൂക്ക് പുനഃസ്ഥാപിക്കണം: ജനകീയ വികസന സമിതി
ഏറ്റുമാനൂർ താലൂക്ക് പുനഃസ്ഥാപിക്കണമെന്ന് ഏറ്റുമാനൂർ ജനകീയ വികസന സമിതി ആവശ്യപ്പെട്ടു. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഴുവൻ ജനപ്രതിനിധികളെയും സമീപിക്കുമെന്ന് ജനകീയ വികസന സമിതി പ്രസിഡന്റ് ബി. രാജീവ് പറഞ്ഞു.
പുതിയ സർക്കാരിൽ പ്രതീക്ഷ
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രി വി.എൻ. വാസവന്റെ ഇടപെടലിൽ താലൂക്ക് പുനഃസ്ഥാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതും ഉണ്ടായില്ല. പുതിയ എംഎൽഎ നാട്ടകം സുരേഷ് ഏറ്റുമാനൂർ താലൂക്ക് പുനഃസ്ഥാപനത്തിന് പ്രഥമ പരിഗണന നൽകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.