അനീഷ് കുമാര്‍
കുണ്ടറ: ഓണാഘോഷത്തിന്റെ ഭാഗമായി റോഡ് തടഞ്ഞു നടത്തിയ വടംവലി മത്സരത്തിനിടെ യാത്രക്കാരിയേയും കുടുംബത്തേയും ആക്രമിച്ച പ്രതി അറസ്റ്റില്‍. പവിത്രേശ്വരം ചെറുപൊയ്ക അനീഷ് ഭവനില്‍ അനീഷ് കുമാര്‍ (45) ആണ് എഴുകോണ്‍ പോലീസിന്റെ പിടിയിലായത്. 27 ന് രാത്രി 7.20 ഓടെയായിരുന്നു സംഭവം.
എറണാകുളം സ്വദേശിയും അഭിഭാഷകയുമായ പരാതിക്കാരി ബന്ധു വീട്ടിലെത്തി മടങ്ങുന്നതിനിടെയാണ് ആക്രമണം. പവിത്രേശ്വരം ഭജനമഠം ഭാഗത്ത് റോഡ് പൂര്‍ണമായി തടഞ്ഞ് ഓണാഘോഷത്തിന്റെ ഭാഗമായി വടംവലി മത്സരം നടത്തുകയായിരുന്നു. പരാതിക്കാരിയും കുടുംബവും സഞ്ചരിച്ച വാഹനം സംഘം മനപ്പൂര്‍വം കടത്തി വിടാതിരുന്നതിനെ ചോദ്യം ചെയ്തതും വാഹനത്തിന് നേരെ ആക്രമണം നടത്തുകയും ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.
കടത്തിവിടാതെ തടഞ്ഞുനിര്ത്തികയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി എന്നും പരാതിക്കാരി മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി എഴുകോണ്‍ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന പത്തോളം പേരെ കൂടി പ്രതികളാക്കിയിട്ടുണ്ട്.
പൊതുജനങ്ങള്‍ സഞ്ചരിക്കുന്ന റോഡില്‍ അനുമതിയില്ലാതെ ഗതാഗതം തടസപ്പെടുത്തിയതിനും മൈക്ക് ഉപകരണങ്ങള്‍ ഉപയോഗിച്ച് പൊതുജനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയതും പ്രതികള്‍ക്കെതിരായ കുറ്റങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതികളെ തിരിച്ചറിയുന്ന മുറയ്ക്ക് കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പൂയപ്പള്ളി ഇന്‍സ്പെക്ടര്‍ മനോജ് അറിയിച്ചു.
Tags : Nattuvishesham DistrictNews DeepikaNews arrested