സെൽവരാജ് തന്റെ വാഴത്തോട്ടത്തിൽ
നെയ്യാറ്റിന്‍കര : രണ്ടു പതിറ്റാണ്ടിലേറെ അതിര്‍ത്തി സംരക്ഷണ സേന (ബിഎസ്എഫ്) യിലെ സൈനികനായിരുന്ന കഴിവൂര്‍ കരിച്ചല്‍ എസ്.വി. ഭവനില്‍ ഡി. സെല്‍വരാജ് ഇപ്പോള്‍ നാടറിയുന്ന കര്‍ഷകനാണ്.
വെണ്‍പകല്‍ ഏലായില്‍ ഒരേക്കറോളം ഭൂമി പാട്ടത്തിനെടുത്താണ് സെല്‍വരാജ് വാഴകൃഷി ചെയ്യുന്നത്. ബിഎസ് എഫില്‍ ജി.ഡി. കോണ്‍സ്റ്റബിളായി പ്രവേശിച്ച് ഹവില്‍ദാറായി വിരമിച്ചു. 23 വര്‍ഷത്തെ സൈനിക സേവനത്തിനിടയില്‍ കൂടുതലും വടക്കേ ഇന്ത്യയിലായിരുന്നു. തെക്കേ ഇന്ത്യയില്‍ ബംഗളൂരുവിലും കുറച്ചു കാലം സേവനം അനുഷ്ഠിച്ചു. സര്‍വീസില്‍ നിന്നു വിരമിച്ചിട്ട് 13 വര്‍ഷമായി. ജാഗ്രതയോടെ അതിര്‍ത്തി കാത്ത സൈനികനു റിട്ടയര്‍മെന്റ് ജീവിതം വിശ്രമത്തിനായി മാറ്റി വയ്ക്കാന്‍ താത്പര്യമില്ലായിരുന്നു. അങ്ങനെയാണ് വെണ്‍പകല്‍ ഏലായില്‍ വാഴയും മരച്ചീനിയും കൃഷി ആരംഭിച്ചത്.
രണ്ടു കൃഷികളും ഒരേക്കര്‍ വീതമുണ്ട്. വീട്ടാവശ്യങ്ങള്‍ക്കായി പച്ചക്കറിയും കൃഷി ചെയ്യുന്നു. ചാണകപ്പൊടി, കോഴിക്കാരം മുതലായ ജൈവവളങ്ങളാണ് ഉപയോഗിക്കുന്നത്. തൊഴിലാളികളുണ്ടെങ്കിലും സെല്‍വരാജ് രാവിലെ അഞ്ചരയോടെ കൃഷിയിടത്തിലെത്തും. രാവിലെ ഏഴിനെത്തുന്ന തൊഴിലാളികള്‍ ഉച്ചയ്ക്ക് ഒന്നോടെ മടങ്ങും.
സെല്‍വരാജ് രണ്ടര വരെ തോട്ടത്തില്‍ തുടരും. വീട്ടില്‍ പോയി ഉച്ചഭക്ഷണത്തിനു ശേഷം വൈകുന്നേരം നാലരയോടെ വീണ്ടും കൃഷിയിടത്തിലേയ്ക്ക്. ഞായറാഴ്ച തൊഴിലാളികളില്ല. അധ്വാനം ഒറ്റയ്ക്കാണ്. മണ്ണില്‍ പണി ചെയ്യുന്ന കര്‍ഷകനും രാജ്യസേവനമാണ് ചെയ്യുന്നതെന്ന് സെല്‍വരാജ് ഓര്‍മിപ്പിച്ചു. വെണ്‍പകല്‍, വെങ്ങാനൂര്‍ എന്നിവിടങ്ങളിലെ വിപണികളിലാണ് വാഴക്കുലകള്‍ നല്‍കാറുള്ളത്. വാഴകള്‍ ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ട്.
ഭാര്യ വിജയകുമാരിയും മക്കളായ മനുരാജും അനുരാജും കൃഷിയോട് ആഭിമുഖ്യമുള്ളവരാണ്. അതിയന്നൂര്‍ കൃഷി ഭവനും നെല്ലിമൂട് സര്‍വീസ് സഹകരണ ബാങ്കും ഇപ്രാവശ്യം കര്‍ഷക ദിനത്തോടനുബന്ധിച്ച് സെല്‍വരാജിനെ ആദരിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Organic Farming