അത്തം ഘോഷയാത്രയിൽ കൊച്ചി രാജാവിന്റെ വേഷത്തിൽ സൂര്യദേവ്.
തൃപ്പൂണിത്തുറ: മസ്കുലർ ഡിസ്ട്രോഫി മൂലമുള്ള ശാരീരിക പരിമിതികൾക്കിടയിലും പഠനത്തിലും പഠനേതര വിഷയങ്ങളിലും ഒരുപോലെ മികവു പ്രകടിപ്പിച്ച സൂര്യദേവിന്റെ വിയോഗം നാട്ടുകാർക്ക് തീരാനൊമ്പരമായി. ശാരീരിക പരിമിതികൾക്കിടയിലും എസ്എസ്എൽസി പരീക്ഷയിൽ ഒൻപത് എപ്ലസും 97 ശതമാനം മാർക്കും ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പഠനം പൂർത്തിയാക്കി മഹാരാജാസ് കോളേജിൽ ഡിഗ്രി വിദ്യാഭ്യാസം ആരംഭിച്ച സൂര്യദേവിന്റെ മരണം പ്രിയപ്പെട്ടവർക്കെല്ലാം ആഘാതമായി.
ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുമ്പോൾ അത്തം ഘോഷയാത്രയിൽ കൊച്ചി രാജാവിന്റെ വേഷത്തിൽ സഹപാഠികളുടെ സഹായത്താൽ വീൽചെയറിൽ സഞ്ചരിച്ച് കാണികളുടെ മനം കവർന്ന സൂര്യദേവ് ജീവിതത്തെ എല്ലാം പോസിറ്റീവായി കണ്ട വിദ്യാർഥിയായിരുന്നു. മറ്റുള്ളവരെ ആശ്രയിക്കാതെ തന്റെ വീൽചെയറിൽ സഞ്ചരിക്കാനായി ഒരു ഇലക്ട്രിക്ക് വീൽചെയർ വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്ന സൂര്യദേവിന് ഉദാരമനസ്ക്കരുടെ സഹായത്താൽ ഇലക്ട്രിക്ക് വീൽചെയറും പിന്നീട് സമ്മാനമായി നൽകിയിരുന്നു. സൂര്യദേവിന്റെ ശരീരഘടനയ്ക്ക് അനുസരിച്ച് പ്രത്യേകമായി നിർമാണം പൂർത്തിയാക്കിയ ഓട്ടോമാറ്റിക് ഇലക്ട്രിക്ക് വീൽചെയറായിരുന്നു സമ്മാനമായി നൽകിയത്.
Tags : NattuVishesham DistrictNews