പണപ്പിരിവ് സംബന്ധിച്ച് ഒരു വർഷം മുന്പ് രാഷ്ട്രദീപിക പ്രസിദ്ധീകരിച്ച വാർത്ത.
ഇരിട്ടി: സിപിഎമ്മിന്റെ നിയന്ത്രണത്തിൽ ഇരിട്ടിയിൽ കോളജ് ആരംഭിക്കുന്നതിനായി രൂപീകരിച്ച നോർത്ത് മലബാർ എഡ്യുക്കേഷൻ സൊസൈറ്റിക്കെതിരായ ആരോപണങ്ങൾ ശക്തമാകുന്നു. കോളജ് ആരംഭിക്കുന്നതിനായി പാർട്ടി പ്രവർത്തകർ ഉൾപ്പെടെയുള്ള രണ്ടായിരത്തിലേറെയാളുകളിൽ നിന്ന് പണം പിരിച്ചെന്നും 10 വർഷം പിന്നിട്ടിട്ടും കോളജ് ആരംഭിക്കുകയോ നിക്ഷേപിച്ച പണം തിരികെ നൽകുകയോ ചെയ്തില്ലെന്നുമാണ് ഷെയർ ഹോൾഡർമാരുടെ ആരോപണം.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ പ്രസിഡന്റായ സൊസൈറ്റിക്ക് എതിരെയാണ് പരാതികൾ ഉയർന്നിരിക്കുന്നത്. 2016ലാണ് കോളജ് ആരംഭിക്കുന്നതിനായി പണപ്പിരിവ് നടത്തിയത്. 2017 മാർച്ചിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി കോളേജിന്റെ ശിലാസ്ഥാപനം നടത്തി. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും പദ്ധതി യാഥാർഥ്യമായില്ലെന്നാണ് നിക്ഷേപകർ പറയുന്നത്. എ, ബി, സി, ഡി ക്ലാസ് ഷെയറുകളായാണ് പണം പിരിച്ചതെന്നാണ് നിക്ഷേപകർ പറയുന്നത്. 1000 രൂപയായിരുന്നു ഏറ്റവും കുറഞ്ഞ ഡി ക്ലാസ് അംഗത്വ ഫീസ്. പണപ്പിരിവിനായി അച്ചടിച്ച രസീത് ബുക്കുകളിൽ പലതും കൃത്യമായി തിരിച്ചേൽപ്പിച്ചിട്ടില്ലെന്നും പിരിച്ചതുക പൂർണമായി കമ്മിറ്റിയെ ഏൽപ്പിച്ചിട്ടില്ലെന്നും പരാതിക്കാർ ആരോപിക്കുന്നു. തിരിച്ചേൽപ്പിക്കാത്ത രസീത് ബുക്കുകൾ ഉൾപ്പെടെയുള്ള രേഖകളും തെളിവായി ഇവർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടത്തിയ വിവിധ ഏരിയ സമ്മേളനങ്ങളിലടക്കം വിഷയം ചർച്ചയായിരുന്നു. തുടർന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. പുരുഷോത്തമന്റെ നേതൃത്വത്തിൽ അന്വേഷണ കമ്മിഷനെ നിയോഗിക്കുകയും അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് കാര്യമായ നടപടികളൊന്നും ഉണ്ടായില്ലെന്നാണ് പരാതിക്കാർ പറയുന്നത്. പല നിക്ഷേപകർക്കും ഡെപ്പോസിറ്റ് രസീത് പോലും നൽകിയിരുന്നില്ലെന്നും പരാതിയുണ്ട്. പാർട്ടി സ്ഥാനങ്ങളിൽ ഇരിക്കുന്നവരിൽ പലരും കോളജിനായി സംഭാവന നൽകിയിട്ടില്ലെന്നും നിക്ഷേപകർ ആരോപിക്കുന്നു.
26 ലക്ഷം രൂപ പിരിച്ചെന്ന് സൊസൈറ്റി
അതേസമയം കോളജിനായി 26 ലക്ഷം രൂപയാണ് പിരിച്ചതെന്നും ഇരിട്ടിയിൽ സൊസൈറ്റിക്ക് സ്ഥലമുണ്ടെന്നും സൊസൈറ്റി പ്രസിഡന്റ് ബിനോയ് കുര്യൻ പറയുന്നു. നോട്ട് നിരോധനം, കോവിഡ് തുടങ്ങിയ സാഹചര്യങ്ങൾ പദ്ധതിയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചെന്നും നിലവിലുള്ള സ്ഥലം വിറ്റാൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ സൊസൈറ്റിയുടെ പേരിൽ ഇരിട്ടിയിൽ സ്ഥലമില്ലെന്നാണ് നിക്ഷേപകരുടെ വാദം. മറ്റൊരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലവുമായി വർഷങ്ങൾക്കു മുന്പ് സൊസൈറ്റി വില്പന കരാറിൽ ഏർപ്പെട്ടതിന്റെ രേഖ മാത്രമാണ് സ്ഥലത്തിന്റെ പേരിലുള്ളതെന്നും ഇതിന്റെ നിയമസാധുത പോലും സംശയകരമാണെന്നും പരാതിക്കാർ പറയുന്നു. അടുത്തഘട്ടത്തിൽ പണം പിരിച്ചവരുടെ പേരുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിടുമെന്നും നിക്ഷേപകർ പറയുന്നു.
കോളജ് ആരംഭിക്കുക എന്ന ലക്ഷ്യത്തിൽനിന്ന് പാർട്ടി പിന്നോട്ടുപോയെങ്കിൽ സാധാരണക്കാരിൽനിന്ന് സമാഹരിച്ച തുക 10 വർഷം പിന്നിട്ടിട്ടും എന്തുകൊണ്ട് തിരികെ നൽകിയില്ലെന്ന ചോദ്യവും നിക്ഷേപകർ ഉയർത്തുന്നു. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങളും രേഖകളും പുറത്തുവരുമെന്നാണ് നിക്ഷേപകർ നൽകുന്ന സൂചന.
Tags : NattuVishesham DistrictNews