അപകടാവസ്ഥയിലായ അണുങ്ങോട് ഇരുമ്പുപാലം.
കണിച്ചാർ: ആറളം, കണിച്ചാർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അണുങ്ങോട് ഇരുമ്പുപാലം തകർന്ന് അപകടാവസ്ഥയിലായിട്ടും പുതിയ പാലം നിർമിക്കാനോ അറ്റകുറ്റപ്പണി നടത്താനോ നടപടിയില്ല. വർഷങ്ങളായി തുടരുന്ന ദുരവസ്ഥ കാരണം ആറളം ഫാമിലേക്കും തിരിച്ചും ദിനംപ്രതി യാത്രചെയ്യുന്ന നൂറുകണക്കിന് ആളുകളാണ് ദുരിതത്തിലായിരിക്കുന്നത്. പാലത്തിന്റെ ഇരുമ്പ് ഭാഗങ്ങളെല്ലാം പൂർണമായും തുരുമ്പെടുത്ത് ദുർബലമായ നിലയിലാണ്. മിക്കയിടങ്ങളിലും ഇരുമ്പ് പ്ലേറ്റുകൾ അഴിഞ്ഞുവീഴാൻ തുടങ്ങിയിട്ടുണ്ട്.
യാത്രക്കാർ നടന്നുപോകുന്ന ഭാഗങ്ങളിൽ വൻ കുഴികളും പൊട്ടലുകളും രൂപപ്പെട്ടു. കൈപ്പിടികളും സുരക്ഷാ റെയിലുകളും തകർന്ന നിലയിലാണ്. മഴ ശക്തമായി പുഴയിലെ ജലനിരപ്പ് ഉയരുന്നതോടെ കൂടുതൽ ഭീഷണിയാകും.
പാലത്തിന്റെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്തെത്തിയതിനെ തുടർന്ന് ആറളം, കണിച്ചാർ പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു. ട്രൈബൽ ഫണ്ട് ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്താമെന്ന് കണിച്ചാർ പഞ്ചായത്തും പുനരുദ്ധാരണം അസാധ്യമെങ്കിൽ പുതിയപാലം നിർമിക്കാനുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് ആറളം പഞ്ചായത്തും ഉറപ്പുനൽകിയിരുന്നതാണെന്ന് നാട്ടുകാർ പറയുന്നു.
Tags : NattuVishesham DistrictNews