മാലിന്യം തള്ളിയ സ്ഥലം പഞ്ചായത്ത് അധികൃതർ, പൊലിസ്, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു.
ചെറുപുഴ: ചെറുപുഴ ടൗണിനു സമീപം തിരുമേനി തോടിന്റെയും കാര്യങ്കോട് പുഴയുടെയും തീരത്ത് കക്കൂസ് മാലിന്യം തള്ളി. ഇന്നലെ രാവിലെ ചെറുപുഴ ടൗണിൽ രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണു റോഡിനോടു ചേർന്നും പുഴയുടെ തീരത്തുമായി കക്കൂസ് മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി ലോറിയിൽ കൊണ്ടുവന്നാണു മാലിന്യം ഇവിടെ തള്ളിയതെന്നാണു നാട്ടുകാരുടെ സംശയം. വിവരമറിഞ്ഞതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ തോമസ്, വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലളിത ബാബു, പഞ്ചായത്തംഗം അനീഷ് ആന്റണി എന്നിവരും ആരോഗ്യപ്രവർത്തകരും സ്ഥലത്തെത്തി പരിശോധന നടത്തി.
തുടർന്ന് ദുർഗന്ധം ഒഴിവാക്കുന്നതിനും പ്രദേശം അണുവിമുക്തമാക്കുന്നതിനുമായി ആരോഗ്യപ്രവർത്തകർ മരുന്ന് തളിക്കുകയും ബ്ലീച്ചിംഗ് പൗഡർ വിതറുകയും ചെയ്തു. സംഭവത്തിൽ പഞ്ചായത്ത് അധികൃതർക്കും പൊലിസിനും പരാതി നൽകി. തുടർന്ന് പൊലിസും സ്ഥലത്തെത്തി അന്വേഷണം നടത്തി. പെരിങ്ങോം സിആർപിഎഫ് കേന്ദ്രം, പയ്യന്നൂർ നാവിക അക്കാദമി, രാമന്തളി പഞ്ചായത്ത് പ്രദേശങ്ങൾ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിലെ ആവശ്യങ്ങൾക്ക് ആശ്രയിക്കുന്ന ജലസ്രോതസാണ് കാര്യങ്കോട് പുഴ. നിരവധി കുടിവെള്ള പദ്ധതികളും പുഴയോടു ചേർന്നു പ്രവർത്തിക്കുന്നുണ്ട്. ഇത്തരമൊരു പ്രധാന ജലസ്രോതസിന്റെ തീരത്തേക്കാണു കക്കൂസ് മാലിന്യം കൊണ്ടുവന്നു തള്ളിയിരിക്കുന്നത്.മാലിന്യം പുഴയിൽ കലരുകയോ ജലസ്രോതസുകളെ മലിനമാക്കുകയോ ചെയ്താൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയിലാണു നാട്ടുകാർ. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പുഴത്തീരത്ത് മാലിന്യം തള്ളുന്നത് തടയാൻ കർശന നിരീക്ഷണം ഏർപ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പൊലിസ് നടത്തിയ അന്വേഷണത്തിൽ ചെറുപുഴ ബസ് സ്റ്റാൻഡ് പരിസരത്ത് പ്രവർത്തിക്കുന്ന ബേക്കേഴ്സിൽ നിന്നാണ് മാലിന്യം പുഴത്തീരത്ത് കൊണ്ടുവന്ന് തള്ളിയതെന്ന് കണ്ടെത്തിയതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് സ്ഥാപനത്തിനെതിരെ പഞ്ചായത്ത് പിഴ ചുമത്തുമെന്നും പൊലിസ് കേസെടുക്കുമെന്നും അറിയിച്ചു.
Tags : NattuVishesham DistrictNews