വെളളം നിറഞ്ഞുകിടക്കുന്ന മംഗലംഡാം.
മംഗലംഡാം: നേപ്പാളിലെ മിന്നൽ പ്രളയത്തിന്റേയും ഡാമുകളുടെ തകർച്ചയുടേയും റിപ്പോർട്ടുകൾ വരുമ്പോൾ ചെറുതാണെങ്കിലും മംഗലംഡാം റിസർവോയറിന്റെ സുരക്ഷയിൽ ഡാമിനുതാഴെ താമസിക്കുന്നവർക്കു ആശങ്ക വിട്ടൊഴിയുന്നില്ല.
1956ൽ കമ്മീഷൻചെയ്ത മംഗലംഡാം അണക്കെട്ടിന്റെ പ്രായക്കൂടുതൽ തന്നെയാണ് പ്രധാന പ്രശ്നം. പ്രളയ വർഷങ്ങളെന്ന് വിശേഷിപ്പിക്കപ്പെട്ട 2018 ലും 2019 ലും റിസർവോയറിന്റെ വൃഷ്ടി പ്രദേശങ്ങളിൽ അതിശക്തമായ ഉരുൾപൊട്ടലുകളാണുണ്ടായത്. അതിവർഷമുണ്ടായ 2007 ൽ കടപ്പാറ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ തീവ്രമായ ഉരുൾപൊട്ടലും ആൾനാശവുമുണ്ടായി.
എഴുപതുവർഷം പ്രായമായ അണക്കെട്ടിനു നിലവിൽ സുരക്ഷാ ഭീഷണികളൊന്നും ഇല്ലെങ്കിലും വൃഷ്ടിപ്രദേശങ്ങളിൽ പെട്ടെന്നുണ്ടാകുന്ന മേഘസ്ഫോടനം പോലെയുള്ള തീവ്രമഴയും അതേ തുടർന്നുണ്ടാകുന്ന ഉരുൾപൊട്ടലുകളുമെല്ലാം ഉൾക്കൊള്ളാൻ ഈ ചെറിയ ഡാമിന് ഇനിയും ശേഷിയുണ്ടോ എന്നൊക്കെയുള്ളത് പരിശോധിക്കപ്പെടേണ്ടതാണ്.
റിസർവോയറിൽ പെട്ടെന്ന് ജലനിരപ്പുയരുന്ന സാഹചര്യം പലപ്പോഴുമുണ്ടാകുന്നുണ്ട്.
പ്രൗഢി വീണ്ടെടുക്കണം
1956 ൽ അന്നത്തെ മദിരാശി സർക്കാർ 106 ലക്ഷം രൂപയ്ക്കാണ് മനോഹരമായ പൂന്തോട്ടവും ദീപാലങ്കാരങ്ങളുമായി മംഗലംഡാം അണക്കെട്ടിന്റെ നിർമാണം പൂർത്തീകരിച്ചത്. അന്നത്തെ പ്രൗഢിയും മനോഹാരിതയൊന്നും ഇന്നില്ല.
ഭാരതപ്പുഴയുടെ
കൈവഴിയായ ചെറുകുന്നം പുഴയ്ക്ക് കുറുകെയാണ് അണക്കെട്ട് നിർമിച്ചിട്ടുള്ളത്. 25.494 മില്യൺ ക്യുബിക് മീറ്ററാണ് റിസർവോയറിന്റെ പൂർണ സംഭരണശേഷി. 48.85 ചതുരശ്ര കിലോമീറ്ററുണ്ട് ഡാമിന്റ് കാച്ച്മെന്റ് ഏരിയ. ആലത്തൂർ താലൂക്കിലെ 3440 ഹെക്ടർ വരുന്ന നെൽകൃഷിയുടെ ജലസേചനത്തിനായി വിഭാവനം ചെയ്ത പദ്ധതിയാണിത്. ഡാമിന്റെ കാച്ച്മെന്റ് ഏരിയയിലും നെൽകൃഷിയുടെ വിസ്തൃതിയിലും ഇപ്പോൾ പകുതി കണ്ടു കുറഞ്ഞിട്ടുണ്ടാകും.
ഇത്രയും വർഷങ്ങളായി കാച്ച്മെന്റ് ഏരിയയുടെ സംരക്ഷണമുണ്ടായിട്ടില്ല. കിഴക്കഞ്ചേരി, വടക്കഞ്ചേരി വഴി 24 കിലോമീറ്റർ നീളുന്ന ഇടതുകര കനാലും വണ്ടാഴി, കാവശേരി വഴി 22 കിലോമീറ്റർ നീളുന്ന വലതുകര കനാലുമാണ് ഡാമിനുളളത്.
പഠനങ്ങൾ, പാളിച്ചകൾ
പത്തുവർഷംമുമ്പ് പീച്ചിയിലെ കേരള എൻജിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെഇആർഐ) നടത്തിയ പഠനത്തിൽ ഡാമിന്റെ സംഭരണശേഷിയിൽ മൂന്നു മില്യൺ ഘനമീറ്റർ കുറവു വന്നിട്ടുണ്ടെന്നാണ് കണ്ടെത്തിയിരുന്നത്.
ഈ സ്ഥിതി ഗുരുതരമായികണ്ട് ഡാമിലെ മണ്ണും മണലും നീക്കംചെയ്യാൻ 2017ൽ സർക്കാർ മാർഗരേഖയുണ്ടാക്കുകയും ചീഫ് സെക്രട്ടറി ചെയർമാനായി ഒരു എംപവേർഡ് കമ്മിറ്റിക്കും രൂപം നൽകുകയും ചെയ്തു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ഡാമുകളിലെ മണ്ണുനീക്കുന്ന പൈലറ്റ് പദ്ധതിയായി ജില്ലയിലെ മംഗലം, ചുള്ളിയാർ ഡാമുകളാണ് തെരഞ്ഞെടുത്തത്.
ഇതുപ്രകാരം ഹൈദരാബാദ് ആസ്ഥാനമായുള്ള ദർത്തി ഡ്രഡ്ജിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് എന്ന കമ്പനി 17.70 കോടി രൂപയ്ക്ക് മണ്ണ് നീക്കംചെയ്യാൻ കരാറെടുത്തു. 2020 ഡിസംബറിൽ പണിയും തുടങ്ങി. 36 മാസത്തിനുള്ളിൽ മണ്ണ് നീക്കംചെയ്ത് പദ്ധതി പൂർത്തീകരിക്കണമെന്നായിരുന്നു കരാർ വ്യവസ്ഥ. റിസർവോയറിന്റെ സംഭരണശേഷി പൂർവ സ്ഥിതിയിലാക്കാനായിരുന്നു പദ്ധതി ലക്ഷ്യംവച്ചത്.
മണ്ണെടുപ്പിന്റെ തുടക്കത്തിലെ മാസങ്ങളിൽ പ്രവൃത്തികൾ വേഗതയിൽ നടന്നെങ്കിലും വൈകാതെതന്നെ എല്ലാം നിലച്ചു. വർഷങ്ങളേറെയായി ഇപ്പോൾ ഒന്നും നടക്കുന്നില്ല. നേരത്തെ കൂട്ടിയിട്ട മണൽകൂനകളെല്ലാം ഇപ്പോൾ പൊന്തക്കാടായി മാറി. ഇതോടെ മംഗലംഡാം ഉറവിടമാക്കി ആരംഭിച്ച വമ്പൻ കുടിവെള്ള പദ്ധതിയുടെ തുടർ പ്രവർത്തനങ്ങളും നിശ്ചലമായിരിക്കുകയാണ്. വിനോദസഞ്ചാര കേന്ദ്രവും കാടുകയറി നശിച്ചു.
Tags : NattuVishesham DistrictNews