പ്രതീകാത്മക ചിത്രം
പുതുക്കാട്: പാലിയേക്കരയിലെ ടോള്‍ നിരക്ക് ഉയർത്തുന്നതു സംബന്ധിച്ച അറിയിപ്പ് കരാര്‍ കമ്പനി പ്രസിദ്ധീകരിച്ചു. ദേശീയപാത അഥോറിറ്റിയുടെ അനുമതിയോടെയാണ് അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്നുമുതല്‍ പിരിക്കേണ്ട പുതിയ നിരക്കിനാണ് എന്‍എച്ച്എഐ അനുമതി നല്‍കിയിരിക്കുന്നത്. രണ്ടു ദിവസത്തിനകം ഹൈക്കോടതിയുടെ അനുമതി നേടിയാൽ ചൊവ്വാഴ്ച മുതല്‍ പുതിയ നിരക്ക് ഈടാക്കിത്തുടങ്ങിയേക്കും.
ദേശീയപാതയിലെ ഗതാഗതക്കുരുക്കുള്പ്പടെയുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് ഹൈക്കോടതി തടഞ്ഞിരുന്നു. പിന്നീട് പിരിവ് പുനരാരംഭിച്ചെങ്കിലും കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനു നടപ്പാക്കേണ്ടിയിരുന്ന നിരക്കുവര്‍ധന തടഞ്ഞു. അതിനാല്‍ 2024ലെ നിരക്കാണ് പാലിയേക്കരയില്‍ ഇപ്പോഴും പിരിക്കുന്നത്.
ഹൈക്കോടതിയുടെ അനുമതി ലഭിച്ചാൽ കാറുകള്‍ക്ക് നിലവിലെ നിരക്കിനേക്കാള്‍ 10 ശതമാനത്തിലേറെ കൂടുതല്‍ തുക നല്‍കേണ്ടിവരും. ഒരു ഭാഗത്തേക്ക് കാറുകള്‍ക്ക് 90 രൂപയുണ്ടായിരുന്നത് 100 രൂപയാകും. ദിവസം ഒന്നില്‍കൂടുതല്‍ യാത്രകള്‍ക്ക് 140 രൂപയായിരുന്നത് 145 രൂപയാകും. ചെറുകിട വാണിജ്യവാഹനങ്ങള്‍ക്ക് 160 രൂപയായിരുന്നത് 170 രൂപയാകും. ഒന്നില്‍കൂടുതല്‍ യാത്രകള്‍ക്ക് 240 രൂപയായിരുന്നത് 255 ആയാണ് ഉയർത്തുക.
ബസുകള്‍ക്കും ട്രക്കുകള്‍ക്കും ഒരു ഭാഗത്തേക്ക് 320 രൂപയുണ്ടായിരുന്നത് 345ഉം ഒന്നില്‍കൂടുതല്‍ യാത്രകള്‍ക്ക് 485 ആയിരുന്നത് 515 രൂപയുമാക്കും. മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് ഒരു യാത്രയ്ക്കുണ്ടായിരുന്ന 515 രൂപയെന്ന് 550ഉം ഒന്നില്‍കൂടുതല്‍ യാത്രയ്ക്ക് 775 രൂപയെന്നത് 825 രൂപയുമായി ഉയരും.
അടിസ്ഥാന ടോള്‍ നിരക്കിന്റെയും രാജ്യത്തെ മൊത്തവില സൂചികയുടെയും അടിസ്ഥാനത്തില്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്നിനാണ് പാലിയേക്കരയിലെ ടോള്‍ നിരക്ക് പരിഷ്കരിക്കുന്നത്. പുതിയ നിരക്ക് പ്രസിദ്ധപ്പെടുത്തുന്ന വിജ്ഞാപനത്തിലും ഹൈക്കോടതി നിര്‍ദേശപ്രകാരം മാത്രമേ പ്രാബല്യത്തിലാക്കൂവെന്നു സൂചിപ്പിച്ചിട്ടുണ്ട്.
Tags : NattuVishesham DistrictNews