ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ ഇന്നലെ വിവാഹിതരായ വധൂവരന്മാർ ക്ഷേത്രത്തിനു പുറത്തു നിന്ന് ദർശനം നടത്തുന്നു.
ഗുരുവായൂർ: ചിങ്ങമാസത്തിലെ രണ്ടാം ഞായറാഴ്ചയും ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ വിവാഹങ്ങളുടെ മേളം. കണ്ണനു മുന്നിൽ 367 വിവാഹങ്ങളാണ് ഇന്നലെ നടന്നത്. പുലർച്ചെ നാലിന് ആരംഭിച്ച വിവാഹങ്ങൾ ഉച്ചയ്ക്ക് ഒന്നോടെയാണ് പൂർത്തിയായത്. കഴിഞ്ഞ ഞായറാഴ്ച 416 വിവാഹമാണ് നടന്നത്. ഇത് റിക്കാർഡായിരുന്നു. അന്ന് ഏർപ്പെടുത്തിയിരുന്ന ക്രമീകരണങ്ങൾ അതേരീതിയിൽതന്നെയാണ് ഇത്തവണയും ദേവസ്വവും പോലീസും ഒരുക്കിയത്.
ആറു വിവാഹ മണ്ഡപങ്ങളിലായി ഒരേസമയം താലികെട്ട് നടന്നു. വിവാഹമണ്ഡപങ്ങൾ കേന്ദ്രീകരിച്ചുള്ള ക്രമീകരണങ്ങൾ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് നേരിട്ടെത്തി വിലയിരുത്തി.
അവധിക്കാലമായതിനാൽ ക്ഷേത്രദർശനത്തിനും വൻ തിരക്കാണ് അനുഭവപ്പെട്ടത്. ക്ഷേത്രത്തിനു പുറത്ത് ദീപസ്തംഭത്തിനു മുന്നിൽ നിന്ന് ദർശനം നടത്താൻ പ്രത്യേക സൗകര്യവും ഒരുക്കിയിരുന്നു. ദേവസ്വം സെക്യൂരിറ്റി സൂപ്പർവൈസർ എസ്. സുബ്രഹ്മണിയുടെയും അസിസ്റ്റന്റ് സൂപ്പർവൈസർ എസ്. സുനിൽകുമാറിന്റെയും നേതൃത്വത്തിൽ നൂറിലധികം സെക്യൂരിറ്റി ജീവനക്കാരാണ് തിരക്ക് നിയന്ത്രിക്കാൻ ഉണ്ടായിരുന്നത്. ഗുരുവായൂർ എസിപി എം. സുരേന്ദ്രന്റെയും ടെമ്പിൾ പൊലീസ് എസ്എച്ച്ഒ കെ.ജി. ജയപ്രദീപിന്റെയും നേതൃത്വത്തിൽ നൂറിലധികം പോലീസുകാരും ക്ഷേത്രപരിസരത്ത് തിരക്ക് നിയന്ത്രിക്കുന്നതിനും സൗകര്യങ്ങൾ ഒരുക്കുന്നതിനും ഉണ്ടായിരുന്നു. ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ, ക്ഷേത്രം ഡിഎ എം. രാധ, പിആർഒ വിമൽ ജി. നാഥ്, ക്ഷേത്രം മാനേജർ ലെജുമോൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ ദേവസ്വം ജീവനക്കാരും ഭക്തർക്ക് സഹായവുമായെത്തി.
Tags : NattuVishesham DistrictNews