ദേശീയപാതയിൽ പള്ളിക്കുന്ന് പോസ്റ്റ് ഓഫിസിന് സമീപത്തെ വൻ കുഴി.
കണ്ണൂർ: ദേശീയപാതയിൽ പള്ളിക്കുന്ന് പോസ്റ്റ് ഓഫിസിന് സമീപത്തെ വൻ കുഴി അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നു. ഓവുചാൽ ഇല്ലാത്ത ഇവിടെ മണ്ണും വെള്ളവും ഒഴുകിയെത്തി നേരത്തെ തന്നെ ടാറിംഗ് തകർന്നിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ വൻകുഴികൾ രൂപപ്പെട്ടത്. കുഴികൾ ശ്രദ്ധയിൽപ്പെടാതെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിട്ടുണ്ട്.
ടാറിംഗ് ഇളകിയതിനെ തുടർന്ന് നേരത്തെ പലതവണ റോഡിൽ അറ്റകുറ്റപ്പണി നടത്തിയെങ്കിലും മഴ കനത്തതോടെ വീണ്ടും തകരുകയായിരുന്നു. മഴയിൽ ഇടച്ചേരി റോഡിൽ നിന്ന് കല്ലും മണ്ണും ഉൾപ്പെടെ ഒഴുകിയെത്തുന്നത് ഈ ഭാഗത്തെ ദേശീയപാതയിലേക്കാണ്. വർഷങ്ങളായുള്ള ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുമെന്ന് അധികൃതർ പലതവണ ഉറപ്പുനൽകിയെങ്കിലും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല. കണ്ണൂർ ടൗണിലേക്ക് വാഹനങ്ങൾ വരുന്ന ഭാഗത്താണ് റോഡ് തകർന്നത്. കാനത്തൂർ അന്പലം റോഡിൽ നിന്നും ഇടച്ചേരി റോഡിൽനിന്ന് വാഹനങ്ങൾ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നത് ഇതിന് സമീപത്തുകൂടിയാണ്. അതുകൊണ്ടുതന്നെ ഗതാഗതക്കുരുക്ക് ദേശീയപാതയുടെ ഇരുഭാഗങ്ങളെയും ബാധിക്കും. പള്ളിക്കുന്ന് ഹയർസെക്കൻഡറി സ്കൂൾ, ആകാശവാണി, പോസ്റ്റ് ഓഫിസ് തുടങ്ങിയ സ്ഥാപനങ്ങളും ഈ ഭാഗത്താണ് പ്രവർത്തിക്കുന്നത്.
Tags : NattuVishesham DistrictNews