പ്രതീകാത്മക ചിത്രം
ഇരിട്ടി: പഞ്ചസാര വിലയിലെ കുതിപ്പ് തേനീച്ച കർഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു. പ്രകൃതിയിൽനിന്ന് ആവശ്യത്തിന് പൂമ്പൊടിയും തേനും ലഭിക്കാത്ത മഴക്കാലത്ത് പഞ്ചസാര ലായനി നൽകിയാണ് കർഷകർ തേനീച്ചകളെ നിലനിർത്തുന്നത്. എന്നാൽ, പഞ്ചസാര വിലയുയർന്നതോടെ തേനീച്ച കർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്.
ജൂൺ മുതൽ ഡിസംബർ വരെയാണ് തേനീച്ചകൾക്ക് പഞ്ചസാരലായനി നൽകുന്നത്. ഒരു തേൻകൂടിന് ശരാശരി 10 കിലോഗ്രാം പഞ്ചസാര വരെ ആവശ്യമായി വരും. മഴയുടെ അളവ്, കാലാവസ്ഥ, പൂക്കളുടെ ലഭ്യത തുടങ്ങിയവ അനുസരിച്ച് ഇതിൽ ചെറിയ വ്യത്യാസമുണ്ടാകും. കഴിഞ്ഞ വർഷം കിലോഗ്രാമിന് 40-42 രൂപയുണ്ടായിരുന്ന പഞ്ചസാരയ്ക്ക് ഇപ്പോൾ 70 രൂപയ്ക്കു മുകളിലെത്തി. പഞ്ചസാരവില മാത്രം കണക്കിലെടുത്താൽ ഒരു കൂടിന്റെ പരിപാലന ചെലവിൽ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്.
തേൻ സീസൺ ആരംഭിക്കുന്നതിന് മുമ്പ് ശക്തമായ കോളനികൾ ഒരുക്കുന്നതിനാണ് ക്ഷാമകാലത്ത് പഞ്ചസാര ലായനി നൽകുന്നത്. ജനുവരി മുതൽ മാർച്ച് വരെയുള്ള സീസണിൽ പ്രകൃതിയിൽനിന്നുള്ള തേൻ മാത്രമാണ് തേനീച്ചകൾ പ്രധാനമായും സ്വീകരിക്കുന്നത്. ഈ സമയത്ത് പഞ്ചസാര ലായനി നൽകിയാലും തേനീച്ചകൾ സ്വീകരിക്കാറില്ലെന്നതാണ് കർഷകരുടെ അനുഭവം. പഞ്ചസാരവില വർധിച്ചതോടെ പലരും തേനീച്ചകൾക്ക് ലായനി നൽകുന്നത് വൈകിപ്പിക്കുകയാണ്. തീറ്റയും പരിചരണവും ലഭിക്കാതെ നിരവധി കൂടുകൾ നശിക്കാൻ തുടങ്ങിയതായും കർഷകർ പറയുന്നു.
കാലാവസ്ഥാ വ്യതിയാനം മൂലം പൂക്കളുടെ ലഭ്യക്കുറവും മേഖലയ്ക്ക് തിരിച്ചടിയാണ്. കൃത്യസമയത്ത് ഭക്ഷണം ലഭിച്ചില്ലെങ്കിൽ തേനീച്ചകൾ കൂട്ടത്തോടെ കൂടൊഴിയാനുള്ള സാധ്യതയുണ്ട്. അവശേഷിക്കുന്ന കോളനികൾ ഭക്ഷണം ലഭിക്കാതെ ക്ഷയിക്കുകയും അടപ്പുഴു, കടന്നൽ തുടങ്ങിയവയുടെ ശല്യം കാരണം നശിക്കുകയും ചെയ്യും.
ഉത്പാദനച്ചെലവ് വർധിക്കുമ്പോഴും തേനിന് ന്യായവില ലഭിക്കാത്തതും കർഷകരെ പ്രതിസന്ധിയിലാക്കുന്നു. കിലോയ്ക്ക് 500 രൂപ ലഭിച്ചാൽ പോലും നിലവിൽ പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയാണെന്നാണ് കർഷകർ പറയുന്നത്. വിപണിയിൽ തേനിന് ആവശ്യക്കാരേറെയുണ്ടെങ്കിലും അതിന്റെ മെച്ചം ഉത്പാദകരിലേക്ക് എത്തുന്നില്ലെന്ന പരാതി ശക്തമാണ്. കർഷകരിൽനിന്ന് തേൻ ശേഖരിക്കുന്ന ഇടനിലക്കാരുടെ ചൂഷണം വർധിച്ചതാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. പഞ്ചസാരവിലയ്ക്കു പുറമെ തേൻകൂടുകളുടെ പരിപാലനം, രോഗപ്രതിരോധത്തിനുള്ള മരുന്നുകൾ, ഉപകരണങ്ങൾ, തൊഴിലാളികളുടെ കൂലി, ഗതാഗതം തുടങ്ങിയ ചെലവുകളും തുടർച്ചയായി ഉയരുകയാണ്.ഇതോടെ ചെറുകിട കർഷകർക്ക് തേനീച്ച വളർത്തൽ വെല്ലുവിളിയാണ്.
പഞ്ചസാരവില വർധന മൂലം തേനീച്ച കർഷകർ നേരിടുന്ന അധിക സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്. സബ്സിഡിയും സാങ്കേതിക സഹായവും വിപണന സംവിധാനവും ശക്തിപ്പെടുത്തണമെന്നാണ് കർഷകരുടെ ആവശ്യം. തേനീച്ച വളർത്തൽ ഉപജീവനമാർഗം മാത്രമല്ലെന്നും കാർഷിക വിളകളുടെ പരാഗണത്തിനും ജൈവവൈവിധ്യ സംരക്ഷണത്തിനും നിർണായക പങ്കുവഹിക്കുന്ന മേഖലയാണെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു.
റബർതോട്ടങ്ങളും കൈവിടുന്നു
തേനീച്ചകൾക്ക് കൂടുതൽ തേൻ ലഭിക്കുന്നതിനാൽ റബർ തോട്ടങ്ങൾ കേന്ദ്രീകരിച്ചാണ് കൂടുതലും തേനീച്ച വളർത്തൽ. സാധാരണ ഒരു തോട്ടത്തിൽ 20 തേൻകൂടുകൾ വീതമാണ് സ്ഥാപിക്കുന്നത്. ഒരു സ്ഥലത്ത് സ്ഥാപിച്ച കൂടുകൾക്ക് അഞ്ചു മുതൽ ആറു കിലോമീറ്റർ വരെ അകലത്തിലാണ് അടുത്ത കൂട്ടം കൂടുകൾ സ്ഥാപിക്കുക.
റബർ മരങ്ങളുടെ ഇലപൊഴിച്ചിൽ, ബ്ലൈറ്റ്സ് രോഗം തുടങ്ങിയവ തേനീച്ച വളർത്തലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പുതിയ ഇനം റബർ മരങ്ങളുടെ കൃഷി വ്യാപകമായതോടെ തേൻ ലഭ്യത കുറഞ്ഞതായും കർഷകർ പറയുന്നു. ഒരു തേനീച്ച കോളനിയിൽനിന്ന് നേരത്തെ 20 കിലോഗ്രാം വരെ തേൻ ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ ആറ് മുതൽ ഏഴ് കിലോഗ്രാം വരെ മാത്രമാണ് ലഭിക്കുന്നതെന്നതാണ് പല കർഷകരുടെയും അനുഭവം. ഇതോടെ ഉത്പാദനച്ചെലവും വരുമാനവും തമ്മിലുള്ള അന്തരം വർധിക്കുകയാണ്.
യാത്രാക്കൂലി വർധിച്ചതും തേനീച്ച വളർത്തലിൽ പരിചയമുള്ള തൊഴിലാളികളുടെ ക്ഷാമവും കൂലി വർധനയും മേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. ഭൂരിഭാഗം കർഷകരും ബാങ്ക് വായ്പയെടുത്തും പലിശയ്ക്ക് പണമെടുത്തുമാണ് തേനീച്ച വളർത്തുന്നത്. വരുമാനം കുറഞ്ഞതോടെ വായ്പ തിരിച്ചടവും ഇവർക്ക് ബാധ്യതയാകുന്നു.
രണ്ടു ലക്ഷത്തിലേറെ തേൻകൂടുകൾ
കണ്ണൂർ, കാസർകോട് ജില്ലകളിലായി രണ്ട് ലക്ഷത്തിലധികം തേൻകൂടുകളുണ്ടെന്നാണ് ഏകദേശ കണക്ക്. ഇതിൽ വലിയൊരു വിഭാഗം തമിഴ്നാട്ടിലെ മാർത്താണ്ഡം സ്വദശികളുടേതാണ്. അയ്യായിരത്തിലധികം തേൻകൂടുകളുള്ള 10 കർഷകരും ആയിരത്തിനു മുകളിൽ കൂടുകളുള്ള അന്പതിലേറെ കർഷകരും മേഖലയിലുണ്ടെന്നാണ് കണക്ക്.
Tags : NattuVishesham DistrictNews