പഴശി കന്നാട്ടുംകാവിൽ ഗവ. ആയുർവേദ ആശുപത്രിക്കായി നിർമിച്ച കെട്ടിടം.
മട്ടന്നൂർ: പഴശി കന്നാട്ടുംകാവിൽ ആധുനിക സൗകര്യങ്ങളോടെ നിർമിച്ച സർക്കാർ ആയുർവേദ ആശുപത്രി ഉദ്ഘാടനം കഴിഞ്ഞ് ആറു മാസമായിട്ടും പ്രവർത്തനം തുടങ്ങിയില്ല. ദേശീയ ആയുഷ് മിഷന്റെയും സംസ്ഥാന സർക്കാരിന്റെയും നേതൃത്വത്തിലാണ് ആശുപത്രി നിർമിച്ചത്. പഴശിയിലെ ബഡ്സ് സ്കൂൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് ആശുപത്രി ഇപ്പോഴും പ്രവർത്തിക്കുന്നത്.
കെ.കെ.ശൈലജ ആരോഗ്യ മന്ത്രിയായിരുന്ന കാലത്ത് അനുവദിച്ച ആശുപത്രി കഴിഞ്ഞ ഫെബ്രുവരി 20ന് അന്നത്തെ സ്പീക്കർ എ.എൻ. ഷംസീറാണ് ഉദ്ഘാടനം ചെയ്തത്. ഒരു മാസത്തിനകം പുതിയ കെട്ടിടത്തിലേക്ക് മാറുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപ്പായില്ല.
അഞ്ചു നിലകളുള്ള ആശുപത്രിയുടെ മൂന്നു നിലകൾ ആദ്യഘട്ടത്തിൽ പണി പൂർത്തിയാക്കിരുന്നു. ഇന്റഗ്രേറ്റഡ് ഹെൽത്ത് സെന്റർ എന്ന നിലയിലാണ് ആയുർവേദ ആശുപത്രിക്കുള്ള പദ്ധതി തയാറാക്കിയത്. കേന്ദ്ര-സംസ്ഥാന വിഹിതമായ 17 കോടി രൂപ ചെലവിലാണ് ആശുപത്രി നിർമിച്ചത്. 50 കിടക്കകളുള്ള ആശുപത്രിയിൽ കിടത്തിചികിത്സ തുടങ്ങാൻ പുതിയ ജീവനക്കാരെ നിയമിക്കണം. ഇതിനുള്ള സ്റ്റാഫ് പാറ്റേൺ ഉൾപ്പടെ സർക്കാർ അംഗീകരിക്കണം.
ആദ്യഘട്ടത്തിൽ നിലവിൽ പ്രവർത്തിക്കുന്ന രീതിയിൽ പുതിയ കെട്ടിടത്തിലേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ആയുർവേദ ആശുപത്രിയിൽ ദിവസവും നൂറോളം പേർ ചികിത്സ തേടിഎത്തുന്നുണ്ട്.
Tags : NattuVishesham DistrictNews