രൂപശ്രീ വോര്‍ക്കാടി
കാസര്‍ഗോഡ്: മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ തിളക്കത്തില്‍ മഞ്ചേശ്വരം വോര്‍ക്കാടി സ്വദേശി രൂപശ്രീ വോര്‍ക്കാടി. സുമന്ത് ഭട്ട് സംവിധാനം ചെയ്ത കന്നഡ ചിത്രം മിഥ്യയിലെ മിന്നും പ്രകടനമാണ് രൂപശ്രീക്ക് അവാര്‍ഡ് നേടിക്കൊടുത്തത്. മാതാപിതാക്കളെ നഷ്ടമായതിനെതുടര്‍ന്ന് വീട്ടിലെത്തുന്ന സഹോദരിയുടെ മകനെ സ്വന്തം മകനേക്കാള്‍ സ്നേഹിക്കുന്ന അമ്മയുടെ കഥാപാത്രത്തെയാണ് രൂപശ്രീ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചത്. കാല്‍നൂറ്റാണ്ട് പിന്നിട്ട അഭിനയജീവിതത്തിനുള്ള ആദരം കൂടിയായി ഈ പുരസ്കാരം. 'ദേശീയ അവാര്‍ഡ് എന്റെ സ്വപ്നത്തില്‍ പോലുമില്ലായിരുന്നു. അവാര്‍ഡ് വാര്‍ത്തയറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഈശ്വരാനുഗ്രഹവും പ്രേക്ഷകരുടെ സ്നേഹവുമാണ് ഈ നേട്ടത്തിന് കാരണം'-രൂപശ്രീ പറഞ്ഞു.
'അച്ഛന് ഹരീഷ് ആശാരിപണിക്കാരനാണ്. അമ്മ ഹേമാവതി എന്റെ ചെറുപ്പത്തിലേ മരിച്ചു. ഞങ്ങള്‍ നാലു പെണ്മക്കളാണ്. കൊടലമൊഗറു ശ്രീ വാണിവിജയ ഹയര്‍സെക്കന്‍ഡറി സ്കൂളിലായിരുന്നു പഠനം. ഒമ്പതാംക്ലാസില്‍ പഠിക്കുമ്പോള്‍ നാട്ടിലെ ഒരു നാടകസംഘത്തിന് ഒരു നടിയെ ആവശ്യമായി വന്നപ്പോള്‍ എന്നെ അതിലേക്ക് ക്ഷണിച്ചു. എനിക്കാണെങ്കില്‍ അഭിനയത്തെക്കുറിച്ച് യാതൊന്നും അറിയില്ല. ഒരുമാസം നീണ്ട ക്യാമ്പില്‍ പങ്കെടുത്ത് എനിക്ക് മടങ്ങവെ 500 രൂപ പ്രതിഫലം ലഭിച്ചു. അക്കാലത്ത് എന്നെ സംബന്ധിച്ചിടത്തോളം അതു വലിയൊരു തുകയായിരുന്നു. അതോടെ അഭിനയിക്കാന്‍ വലിയ താത്പര്യമായി. പ്രീയൂണിവേഴ്സിറ്റി പഠനം കഴിഞ്ഞതോടെ മംഗളൂരു കേന്ദ്രീകരിച്ചുള്ള നാടകസംഘങ്ങളില്‍ സജീവമായി. ജെ.പി. തുമിനാട്, പ്രകാശ് തുമിനാട് തുടങ്ങിയ കലാകാരന്മാര്ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ചു' -രൂപശ്രീ പറഞ്ഞു.
ബിര്‍സ എന്ന തുളു സിനിമയിലൂടെയാണ് രൂപശ്രീ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. കന്നഡ, തുളു, കൊങ്കിണി, ബ്യാരി, മലയാളം ഭാഷകളിലായി 85 സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞു. മലയാളത്തില്‍ അഭിനയിച്ച സിനിമ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. 'ഇഷ്ടപ്പെട്ട നടന് മോഹന്‍ലാല്‍ ആണ്. അദ്ദേഹത്തിനൊപ്പം ഒരു സീനെങ്കിലും അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്.'-രൂപശ്രീ പറഞ്ഞു.
Tags : NattuVishesham DistrictNews