കാസര്‍ഗോട്ട് ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന പുലിക്കളി.
കാസര്‍ഗോഡ്: വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും ആവേശകരമായ ഓണാഘോഷത്തിന് സാക്ഷിയായി കാസര്‍ഗോഡ് നഗരം. ഓണവാരാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും കാസര്‍ഗോഡ് നഗരസഭയും ജില്ലാ ഭരണകൂടവും കാസര്‍ഗോഡ് മര്‍ച്ചന്റ്സ് അസോസിയേഷനും നഗരത്തില്‍ സംഘടിപ്പിച്ച വൈവിധ്യമാര്‍ന്ന കലാ-സാംസ്കാരിക പരിപാടികളും ജനകീയ ആഘോഷങ്ങളും നഗരത്തെ അക്ഷരാര്‍ഥത്തില്‍ ഉണര്‍ത്തി. പ്രായഭേദമന്യേ ആയിരങ്ങളാണ് ആഘോഷ പരിപാടികളില്‍ പങ്കുചേര്‍ന്നത്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ ജനക്കൂട്ടം ഓണാഘോഷത്തിന് വലിയ ആവേശമാണ് പകര്‍ന്നത്. പരമ്പരാഗത കലാരൂപങ്ങളും നാടന്‍ വിനോദങ്ങളും സംഗീത-നൃത്ത പരിപാടികളും അരങ്ങേറിയതോടെ കാസര്‍ഗോഡ് നഗരം ഉത്സവ ലഹരിയിലായി. ഏറെക്കാലത്തിന് ശേഷം ഇത്രയധികം ജനപങ്കാളിത്തത്തോടെ നഗരത്തില്‍ ഒരു പൊതുആഘോഷം നടക്കുന്നത് ശ്രദ്ധേയമായി.
ഓണത്തിന്റെ പാരമ്പര്യവും മലയാളികളുടെ സാംസ്കാരിക ഐക്യവും വിളിച്ചോതുന്ന പരിപാടികളാണ് ആഘോഷത്തിന് മാറ്റുകൂട്ടിയത്. തുളുനാടന്‍ സാംസ്കാരത്തിന്റെ മുഖമുദ്രയായ പുലികളി ഉള്‍പ്പെടെയുള്ള ജനപ്രിയകാപരിപാടികള് കാണാന്‍ നഗരവീഥികളില്‍ വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. വര്‍ണാഭമായ വേഷവിധാനങ്ങളും കലാകാര ന്മാരുടെ മികവുറ്റ പ്രകടനങ്ങളും കാണികളുടെ കൈയടി ഏറ്റുവാങ്ങി.
കുട്ടികളും യുവാക്കളും സ്ത്രീകളും മുതിര്‍ന്നവരും ഒരുപോലെ ആഘോഷത്തിന്റെ ഭാഗമായി. കുടുംബസമേതം എത്തിയവര്‍ നഗരത്തിലെ ആഘോഷാന്തരീക്ഷം ആസ്വദിച്ചു. വ്യാപാര സ്ഥാപനങ്ങള്‍ക്കും നഗരത്തിലെ കച്ചവട മേഖലയ്ക്കും ആഘോഷത്തിരക്ക് പുതുജീവന്‍ നല്കി.
വര്‍ഷങ്ങളായി വിവിധ കാരണങ്ങളാല്‍ വലിയ ജനകീയ ആഘോഷങ്ങളുടെ ആവേശം നഷ്ടപ്പെട്ടിരുന്ന കാസര്‍കോട് നഗരത്തിന് ഇത്തവണത്തെ ഓണാഘോഷം പുതിയൊരു ഉണര്‍വായി മാറി. രാത്രി വൈകിയും നഗരത്തില്‍ ജനത്തിരക്ക് തുടരുകയും ആഘോഷ പരിപാടികള്‍ ആവേശത്തോടെ മുന്നേറുകയും ചെയ്തു. സാമൂഹികവും സാംസ്കാരികവുമായ വൈവിധ്യങ്ങളുടെ സംഗമഭൂമിയായ കാസര്‍ഗോഡിന്റെ ഐക്യവും സൗഹൃദവും ഓണാഘോഷ വേദികളില്‍ പ്രകടമായി. മത-രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായി ജനങ്ങള്‍ ഒരുമിച്ച് ആഘോഷത്തില്‍ പങ്കാളികളായത് പരിപാടിയുടെ പ്രത്യേകതയായി.
വര്‍ഷങ്ങള്‍ക്ക് ശേഷം കാസര്‍ഗോഡ് നഗരം വീണ്ടും ഉത്സവത്തിന്റെ ആവേശത്തിലേക്ക് തിരിച്ചെത്തിയ ദിനം എന്ന വിശേഷണമാണ് ആഘോഷത്തില്‍ പങ്കെടുത്ത പലരും പങ്കുവച്ചത്. കലയും സംസ്കാരവും സൗഹൃദവും ഒരുമിച്ചുചേര്‍ന്ന ഓണാഘോഷം കാസര്‍ഗോഡ് നഗരത്തിന്റെ ഓര്‍മകളില്‍ ഏറെക്കാലം നിലനില്‍ക്കുന്ന ജനകീയ ഉത്സവമായി മാറി.
ഓണം വാരാഘോഷത്തിന് വര്‍ണാഭമായ സമാപനം
കാസര്‍ഗോഡ്: വര്‍ണാഭമായ പരിപാടികളോടെ ജില്ലാതല ഓണം വാരാഘോഷത്തിന് സമാപനം. കാസര്‍ഗോഡ് പുതിയ ബസ്സ്റ്റാന്‍ഡില്‍ നടന്ന സമാപന സമ്മേളനം മന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്തു. ദൈവത്തെ അസൂയപ്പെടുക്കുന്ന വിധം മനുഷ്യന് വളര്‍ന്ന കാലത്തിന്റെ ഓര്‍മകളുണര്‍ത്തുന്ന ആഘോഷമാണ് ഓണമെന്നും കാസര്‍ഗോഡിന്റെ സാഹോദര്യവും സംസ്കാരവും പ്രകടമാക്കിയ ആഘോഷമാണ് ഒരാഴ്ചയായി അരങ്ങേറിയതെന്നും അദ്ദേഹം പറഞ്ഞു.
കല്ലട്ര മാഹിന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എ.കെ.എം. അഷ്റഫ് എംഎല്‍എ, ജില്ലാക്ടര്‍ അര്ജുന് പാണ്ഡ്യന്, ചലച്ചിത്രതാരം ഉണ്ണിരാജ് ചെറുവത്തൂര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹി സലീം, വൈസ് ചെയര്‍പേഴ്സണ്‍ കെ.എം. ഹനീഫ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എ. അബ്ദുള്ളക്കുഞ്ഞി (കാസര്‍ഗോഡ്), സി. ബാലന് (കാറഡുക്ക), യു.കെ. സൈഫുള്ള തങ്ങള്‍ (മഞ്ചേശ്വരം), കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഉഷ അര്ജുനന്, പഞ്ചായത്ത് പ്രസിഡന്റുമാരായ വസന്തന് അജക്കോട് (ചെങ്കള), എന്‍. യശോദ (കുംബഡാജെ), ശങ്കര്‍ റൈ (ബദിയഡുക്ക), എ. മാലിനി (ബെള്ളൂര്‍), വി.പി. അബ്ദുള്‍ ഖാദര്‍ (കുമ്പള), ആയിഷ അബൂബക്കര്‍ (ചെമ്മനാട്), നഗരസഭ കൗണ്‍സിലര്‍ രവി പൂജാരി, ബ്ലോക്ക് പഞ്ചായത്തംഗം അഷ്റഫ് കര്‍ള, ഡിടിപിസി സെക്രട്ടറി ജെ.കെ. ജിജേഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഘോഷയാത്രയില്‍ ചെമ്മനാട് പഞ്ചായത്ത് ഒന്നാംസ്ഥാനവും കാസര്‍ഗോഡ് നഗരസഭ രണ്ടാംസ്ഥാനവും ചെങ്കള പഞ്ചായത്ത് മൂന്നാംസ്ഥാനവും നേടി.
സമാപന സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്കാരിക ഘോഷയാത്ര കല്ലട്ര മാഹിന്‍ എംഎല്‍എ തായലങ്ങാടി ക്ലോക്ക് ടവറിന് സമീപം ഫ്ലാഗ് ഓഫ് ചെയ്തു. ഘോഷയാത്രയില്‍ മന്ത്രി കെ.എം. ഷാജി, സംഘാടക സമിതി ഭാരവാഹികള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ എന്നിവർ അണിനിരന്നു. ഘോഷയാത്ര ട്രാഫിക് ജംഗ്ഷന് പഴയ ബസ്സ്റ്റാൻഡ് എംജി റോഡ് വഴി പുതിയ ബസ് സ്റ്റാൻഡിനു സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ സമാപിച്ചു. ശിങ്കാരിമേളം, ചെണ്ടമേളം, മുത്തുക്കുട, ബാന്‍ഡ് വാദ്യങ്ങള്‍ കേരളീയ വേഷം ധരിച്ച വനിതകള്‍ എന്നിവര്‍ ഘോഷയാത്രയില്‍ അണനിരന്നു. വിവിധ രാഷ്ട്രീയ യുവജന സംഘടനകള്‍ ശീതളപാനീയം നല്കി ഘോഷയാത്രയെ വരവേറ്റു.
കാഞ്ഞങ്ങാട്: ജില്ലാ ബധിര അസോസിയേഷന്, ജില്ലാ ഡെഫ് യൂത്ത് ഫോറം, വുമണ്‍സ് ഫോറം, ഡെഫ് വര്‍ക്കിംഗ് ഫോറം, ചിറ്റാരിക്കല്‍ ഡെഫ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഓണാഘോഷം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ മഹമൂദ് മുറിയനാവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. സന്ദീപ് അധ്യക്ഷത വഹിച്ചു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് കെ.ടി. ജോഷിമോന് മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡന്റ് മുഹമ്മദ് അമീന്, ജില്ലാ ഡെഫ് യൂത്ത് ഫോറം പ്രസിഡന്റ് എ.എം. അബ്ദുള്‍ റഹ്മാന്, ജില്ലാ ഡെഫ് വുമണ്‍സ് ഫോറം പ്രസിഡന്റ് പി.വി. ധന്യ, കെ.പി. മൈമൂനത്ത്, എസ്. സൈഫുദ്ദീന്, സി.എച്ച്. സക്കീര്‍ എന്നിവർ പ്രസംഗിച്ചു.
മേക്കപ്പ് ആര്‍ട്ടിസ്റ്റ് കമ്യൂണിറ്റി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. മേലാംകോട്ട് എ.സി. കണ്ണന് നായര്‍ സ്മാരക ഗവ. യുപി സ്കൂളില്‍ നടന്ന പരിപാടി സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷഫീഷ് ഉദ്ഘാടനം ചെയ്തു. വരദ നാരായണന് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്മാന് വി.വി. രമേശന് മുഖ്യാതിഥിയായി. ഗഫൂര്‍ പള്ളിക്കര, പ്രസാദ് വെള്ളിക്കോത്ത്, ജനന് കാഞ്ഞങ്ങാട്, സുനില്‍ ബേക്കല്‍, ഷിബു പരുത്തിക്കാട്, വിജയന് ചെറുവത്തൂര്‍, അജേഷ് കൊച്ചി എന്നിവർ പ്രസംഗിച്ചു.
വ്യാപര വ്യവസായി സമിതി ജില്ലാ വനിതാ കമ്മിറ്റി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടത്തിയ ഓണാഘോഷം ജില്ലാ സെക്രട്ടറി ടി.വി. ബാലന് ഉദ്ഘാടനം ചെയ്തു. കെ. രജിത അധ്യക്ഷത വഹിച്ചു. പി.കെ. ഗോപാലന്, അനിത രമേശന്, സത്യനാഥന്, റിയാസ് മൊഗ്രാല്‍പുത്തൂര്‍, മഹമൂദ് മുറിയനാവി, ഗംഗാധരന് കാഞ്ഞങ്ങാട്, സൗമ്യ ബേഡകം, ഹയറുന്നീസ, ശ്യാമ, നാഗരത്ന, നിഷ ചന്ദ്രന്, ജ്യോതി, ലിജു അബൂബക്കര്‍, വി.കെ. ഗോപാലന് എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews