റോഡിലെ കുഴി
നെടുമങ്ങാട്: വഴയില-പഴകുറ്റി നാലുവരിപ്പാത നിർമാണം നടക്കുന്ന കരകുളം പാലം ജം ഗ്ഷനിൽ അപകടക്കുഴികൾ.
കരകുളം പാലത്തിൽനിന്നും കാച്ചാണിയിലേക്കു തിരിയുന്ന റോഡിന്റെ മധ്യഭാഗത്തായാണ് വലിയ കുഴികൾ രൂപപ്പെട്ടത്. റോഡ് വികസനത്തിന്റെ ഭാഗമായി ഇവിടെ സ്ഥാപിച്ചിരുന്ന, പൊതുപ്രവർത്തകൻ കുഞ്ഞുകൃഷ്ണൻനാടാരുടെ സ്മാരകം നേരത്തെ ഇളക്കിമാറ്റിയിരുന്നു. ജെസിബി ഉപയോഗിച്ച് ശിൽപ്പം പിഴുതുമാറ്റിയപ്പോഴാണ് ഇവിടെ വലിയ കുഴി രൂപപ്പെട്ടത്.
പ്രധാനപാത അടച്ചിരിക്കുന്നതിനാൽ നൂറുകണക്കിനു വാഹനങ്ങളാണ് കരകുളം പാലത്തിൽ നിന്നും കാച്ചാണി വഴി വിവിധ പ്രദേശങ്ങളിലേക്കു കടന്നുപോകുന്നത്. വളവിൽനിന്നും പെട്ടെന്നു തിരിയുമ്പോൾ കുഴിയിൽവീണാണ് പതിവായി ഇവിടെ അപകടങ്ങൾ സംഭവിക്കുന്നത്. മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴിയുടെ ആഴമറിയാതെ ഇരുചക്രവാഹനങ്ങൾ കുഴിയിൽവീണ് ഇതിനകം നിരവ ധി പേർക്കു പരിക്കേറ്റിരുന്നു.
റോഡ് നിർമാണത്തിന്റെ കരാർ ഏറ്റെടുത്തിരിക്കുന്ന കമ്പനിയോട് നാട്ടുകാർ പലവട്ടം ആവശ്യപ്പെട്ടിട്ടും കുഴിനികത്താൻ ഇവർ തയാറാകുന്നില്ല. ഉടൻ പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.