പ്രതീകാത്മക ചിത്രം
കോഴിക്കോട്: ബ്രസീൽ ഇതിഹാസങ്ങളും മുൻ ഇന്ത്യൻ താരങ്ങളും നേർക്കുനേർ പോരാടുന്ന ഫുട്ബോൾ മത്സരത്തിന്റെ പ്രചാരണാർഥമുള്ള ദീപശിഖ പ്രയാണത്തിന് കോഴിക്കോട് ബീച്ചിൽ ആവേശോജ്ജ്വല തുടക്കം.
ചടങ്ങിൽ മുൻ ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ് റാഫി ദീപശിഖ തെളിയിച്ചു. എം.കെ. രാഘവൻ എംപി, കെ. ജയന്ത് എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു.
ഗാമെൻ വേൾഡ് സ്പോർട്സ്, എടുസി ലോജിസ്റ്റിക്സ്, സബ ദോസ് ഇനിഷ്യറ്റീവ് എന്നിവരുടെ നേതൃത്വത്തിലാണ് "റിട്ടേൺ ഓഫ് ദി ടൈറ്റൻസ് 2026' കൊച്ചി കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ സെപ്റ്റംബർ 20-ന് സംഘടിപ്പിക്കുന്നത്.
ലോക ഫുട്ബോൾ ഇതിഹാസങ്ങൾ അണിനിരക്കുന്ന ചരിത്ര പോരാട്ടത്തിന്റെ ആവേശം മലബാറിന്റെ മണ്ണിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അൽത്താസ അവതരിപ്പിക്കുന്ന ത്രിദിന വിളംബര ജാഥ കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ചത്.
ലഹരിക്കെതിരേയുള്ള ശക്തമായ സന്ദേശമുയർത്തി ഓപ്പറേഷൻ തൂഫാൻ പദ്ധതിയുമായി സഹകരിച്ചാണ് ദീപശിഖ പ്രയാണം നടത്തുന്നത്. കോഴിക്കോട് നിന്ന് പ്രയാണമാരംഭിച്ച ദീപശിഖ വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ പര്യടനം നടത്തും.
ആരാധകർക്കായി ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ (ഡിസ്ട്രിക്ട് ആപ്പ്) വഴിയുള്ള ടിക്കറ്റ് ബുക്കിംഗ് പുരോഗമിക്കുകയാണെന്ന് ഗാമെൻ വേൾഡ് സ്പോർട്സ് അധികൃതർ അറിയിച്ചു.