പ്രതീകാത്മക ചിത്രം
വിഴിഞ്ഞം: കേരളത്തിൽ നിന്നുള്ള ഉല്പന്നങ്ങൾ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വഴി കയറ്റാനും ഇറക്കാനും ഏജൻസികൾ റെഡി. പക്ഷേ, നിലവിലെ രണ്ട് കണ്ടെയ്നറിൽ ഒതുങ്ങാതെ കയറ്റിറക്ക് തുടരണമെങ്കിൽ സർക്കാർ ഉണരണം.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ ഇനിയുള്ള ഉല്പന്നക്കടത്ത് സുഗമമാക്കാൻ കഴിയില്ലെന്ന വാദത്തിലാണ് എക്സ് പോർട്ടിംഗ് കമ്പനികൾ. രണ്ടാഴ്ച മുൻപ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത് തുറമുഖ കവാടം കടത്തിവിട്ട രണ്ട് കണ്ടെയ്നറുകളുമായി എംഎസ്സിയുടെ പതിനാലായിരത്തിൽപ്പരം കണ്ടെയ് നറുകൾ വഹിക്കാൻ ശേഷിയുള്ള ബെറിൽ ഇന്നു രാവിലെ ഫ്രാൻസിനെയും തുർക്കിയെയും ലക്ഷ്യമാക്കി യാത്ര തിരിക്കും. ഇതൊഴിച്ച് കൂടുതൽ ചരക്ക് കയറ്റി അയക്കുന്നതിനെക്കുറിച്ച് ഒരു നിശ്ച യവും ഏജൻസികൾക്കില്ല.
നിലവിൽ കയറ്റി അയക്കുന്ന ഉല്പന്നങ്ങളുടെ ലാഭ നഷ്ടങ്ങൾ കണക്കാക്കിയായിരിക്കും കാര്യങ്ങളുടെ മുന്നോട്ടുള്ള പോക്കെന്ന് ഏജൻസി അധികൃതർ പറയുന്നു. കണ്ടെയ്നർ കടന്നുപോകാൻ പാകത്തിലുള്ള റോഡില്ല, കണ്ടെയ്നർ യാർഡില്ല, ഫ്രൈറ്റ് സ്റ്റേഷനില്ല, ഗോഡൗണുകളില്ല, റെയിൽവേയില്ല. ഇവയൊന്നും പൂർത്തിയാകാതെ വിഴിഞ്ഞം തുറമുഖത്തിനു ലക്ഷ്യത്തിലെത്താൻ കഴിയില്ലെന്നു സ്റ്റീമർ അസോസിയേഷൻ ഭാരവാഹികളും പറയുന്നു.
വിഴിഞ്ഞം തുറമുഖം വഴിയുള്ള കയറ്റിറക്ക് തുടങ്ങുമ്പോൾ തങ്ങളുടെ സാന്ന്യധ്യം ഉറപ്പിക്കാൻ ലക്ഷ്യംവച്ച് തുറമുഖത്തിനും സമീപ മേഖലകളിലുമായി 25-ൽപ്പരം വലുതും ചെറുതുമായ എക്സ്പോർട്ടിംഗ് ഏജൻസി ഓഫീസുകൾ അടുത്ത കാലത്ത് തുറന്നിരുന്നു. പ്രതീക്ഷകൾ നഷ്ടപ്പെട്ട ചിലർ വാടക കൊടുത്ത് മുടിഞ്ഞതോടെ ഓഫീസുകൾ പൂട്ടി സ്ഥലം വിട്ടു.
കഴിഞ്ഞ പത്തു വർഷം കടലിൽ നടന്ന വികസന പ്രവർത്തനങ്ങൾ മാത്രമാണ് ഇപ്പോഴും തുടരുന്നത്. കടലിലെ വികസനത്തിന്റെ ഓരോ ഘട്ടവും പൂർത്തിയാകുന്നതോടൊപ്പം സമാനമായ രീതിയിൽ കരയിലും വികസനമുണ്ടാകണമെന്ന വ്യവസ്ഥ ഇടതുപക്ഷ സർക്കാർ നടപ്പാക്കാതെയാണ് ഉദ്ഘാടന മാമാങ്കങ്ങൾ നടത്തിയത്.
നിലവിൽ തുറമുഖ നിർമാതാക്കൾക്കു കോടികൾ കിട്ടുന്നുണ്ടെങ്കിലും ജിഎസ്ടി ഒഴിച്ചാൽ കേരളത്തിന്റെ വരുമാനം ശൂന്യമായി തുടരുന്നതായാണ് വിലയിരുത്തൽ. കേരളത്തെ വികസനത്തിന്റെ കൊടുമുടിയിൽ എത്തിക്കാനുറച്ച് വമ്പൻ പ്രഖ്യാപനങ്ങൾ നടത്തി മുന്നേറുന്ന കോൺഗ്രസ് സർക്കാരും അടിസ്ഥാന വികസനം നടപ്പാക്കാതെ വിഴിഞ്ഞം തുറമുഖം വഴികണ്ടെയ്നർ കടത്ത് ഉദ്ഘാടനം നടത്തിയതും നാട്ടുകാരുടെ വിശ്വാസക്കുറവിന് ഇടയാക്കി.
നിലവിൽ ചിപ്സ്, വറ്റൽ ഐറ്റങ്ങളും മറയൂർ ശർക്കരയുമായുള്ള നിലമേൽ എക്സ്പോർട്ടിന്റെ കണ്ടെയ്നർ സ്പെയിനിലെ വാലൻഷ്യാ തുറമുത്തേക്ക് യാത്ര തിരിക്കുമ്പോൾ ചാക്യാട്ട് എക്സ്പോർട്ടിന്റെ മേൽനോട്ടത്തിൽ കാൽഷ്യന്റ് ക്ലേയുമായുള്ള കണ്ടെയ്നർ തുർക്കിയിലെ ഇസ്താബൂളിലേക്കുമായി ഇന്ന് പുറപ്പെടും. ഇതൊഴിച്ച് കൂടുതൽ ഉല്പന്നങ്ങൾ കയറ്റി അയക്കുന്ന തീയതികൾ പ്രഖ്യാപിക്കാൻ ആരും രംഗത്തുവന്നിട്ടില്ല.
ലോകത്തെ ഏത് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്കും ഇറക്കുമതിക്കും ഏറ്റവും ലാഭവും അനുയോജ്യവുമാണ് വിഴിഞ്ഞമെന്നത് കണക്കിലെടുത്ത് നിരവധി എക്സ്പോർട്ടിംഗ് കമ്പനികൾ വരാൻ സന്നദ്ധത അറിയിച്ചതായി അധികൃതർ പറയുന്നു. എന്നാൽ ഇവർക്കുവേണ്ട അടിസ്ഥാനം സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരിന് കഴിയണം.