പ്രതീകാത്മക ചിത്രം
കല്‍പ്പറ്റ: വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍, ത്രിതല പഞ്ചായത്തുകള്‍ സംയുക്തമായി ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് സമാപനമായി. അമ്പലവയല്‍ പഞ്ചായത്തില്‍ നടന്ന സമാപന സമ്മേനം ഉഷ വിജയന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളാല്‍ സമ്പന്നമായ വയനാട്ടില്‍ അനന്തമായ ടൂറിസം സാധ്യതകളാണുള്ളതെന്ന് എംഎല്‍എ പറഞ്ഞു. വിവിധ പ്രതിസന്ധികളെ അതിജീവിച്ച ജില്ലയാണ് വയനാട്. ജില്ല ഇപ്പോഴും പ്രതിസന്ധിയിലാണെന്ന രീതിയില്‍ തെറ്റിദ്ധാരണയുണ്ടെന്നും അതിന് മാറ്റം ഉണ്ടാവണമെന്നും അവര്‍ പറഞ്ഞു. ഉത്തരവാദിത്വ ടൂറിസത്തിലൂടെ വയനാടിന്റെ സമ്പത്ത് വ്യവസ്ഥയ്ക്ക് വലിയ മാറ്റം ഉണ്ടാവണമെന്നും വയനാടിന്റെ ഭൂ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടുള്ള ടൂറിസം അനുവദിക്കുകയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഓണം വാരാഘോഷം സമാപനത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയില്‍ ആയിരത്തിലധികം പേര് പങ്കെടുത്തു. അമ്പലവയല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ഡിടിപിസി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.