Kerala
തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധന വിലയിൽ ലിറ്ററിനു മൂന്നു രൂപ വർധിപ്പിച്ച കേന്ദ്രസർക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
പശ്ചിമേഷ്യൻ സംഘർഷം ചൂണ്ടിക്കാട്ടിയാണ് വില വർധിപ്പിച്ചതെങ്കിലും രാജ്യത്തെ എണ്ണക്കന്പനികളെ സഹായിക്കാനുള്ള നടപടിയുടെ ഭാഗമാണിത്.
ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന് വില ഉയർന്നുനിന്ന കാലഘട്ടത്തിൽ സബ്സിഡി ഏർപ്പെടുത്തി ജനങ്ങൾക്ക് ആശ്വാസം നൽകിയ യുപിഎ സർക്കാരിന്റെ മാതൃക തെരഞ്ഞെടുക്കാതെയാണ് അമിത നിരക്ക് ജനങ്ങൾക്കുമേൽ കേന്ദ്രസർക്കാർ അടിച്ചേൽപ്പിച്ചത്.
ഇന്ധനവില വർധന ചരക്കു ഗതാഗത ചെലവുകളെ ബാധിക്കുന്നത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനു വലിയ സാന്പത്തിക ബാധ്യതകൾക്കു വഴിവയ്ക്കും.
നേരത്തേ വാണിജ്യ ഗ്യാസ് സിലിണ്ടറിന് 993 രൂപ വില വർധിപ്പിച്ചത് ഹോട്ടലുകളുടെ പ്രവർത്തനത്തെതന്നെ ഗുരുതരമായി ബാധിച്ചിരുന്നു.
ഇന്ധന വിലവർധന പിൻവലിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് ആവശ്യപ്പെട്ട് ഇന്നു വൈകുന്നേരം ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്നും സണ്ണി ജോസഫ് അറിയിച്ചു.
National
ന്യൂഡൽഹി: ഇന്ധനവിലവർധനവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോണ്ഗ്രസ്. പണപ്പെരുപ്പ മനുഷ്യൻ വീണ്ടും ജനങ്ങളെ ചാട്ട കൊണ്ടടിച്ചുവെന്നാണ് കോണ്ഗ്രസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മോദി സർക്കാരിന്റെ തെറ്റിനു പൊതുജനങ്ങൾ വില നൽകേണ്ടിവരുമെന്നു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിമർശനമുന്നയിച്ചപ്പോൾ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനുശേഷമുണ്ടായ വിലവർധന ചൂണ്ടിക്കാട്ടി എഐസിസി ജനറൽ സെക്രട്ടറി രണ്ദീപ് സിംഗ് സൂർജേവാലയും സർക്കാരിനെ കടന്നാക്രമിച്ചു.
2014 മേയ് 26 ന് പെട്രോളിന്റെ വില ലിറ്ററിന് 71.41 രൂപയായിരുന്നുവെന്നും ഇന്ന് പെട്രോളിന്റെ വില ലിറ്ററിന് 97.70 രൂപയാണെന്നും കോണ്ഗ്രസ് ചൂണ്ടിക്കാട്ടി. പത്ത് വർഷത്തിനിടെ ഇന്ത്യയിൽ പെട്രോൾ വില 63 ശതമാനം വർധിച്ചെന്നും ഇക്കാലയളവിനിടയിൽ 67 ശതമാനം വിലവർധനയുണ്ടായ ഓസ്ട്രേലിയയയ്ക്ക് തൊട്ടുതാഴെയാണിതെന്നും കോണ്ഗ്രസ് ചൂണ്ടിക്കാട്ടി.
പത്ത് വർഷത്തിനിടയിൽ ചൈനയിൽ 54 ശതമാനവും അമേരിക്കയിൽ 36 ശതമാനവും ബംഗ്ലാദേശിൽ 35 ശതമാനവുമാണ് പെട്രോൾ വില വർധന.
മോദി സർക്കാർ കഴിഞ്ഞ 11 വർഷത്തിനിടെ പെട്രോളിനും ഡീസലിനും അനാവശ്യ തീരുവ ചുമത്തി ഏകദേശം 43 ലക്ഷം കോടി രൂപ ജനങ്ങളിൽനിന്ന് കവർന്നുവെന്ന് കോണ്ഗ്രസ് കാര്യാലയത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രണ്ദീപ് സിംഗ് സൂർജേവാല ആരോപിച്ചു.
2014 മുതൽ 2025 വരെ പെട്രോളിന് ലിറ്ററിന് ശരാശരി 19.70 രൂപയും ഡീസലിന് ലിറ്ററിന് 15.50 രൂപയും എക്സൈസ് തീരുവ ചുമത്തിയെന്നും എക്സൈസ് തീരുവ 21 തവണ മാറ്റുകയും 12 തവണ വർധിപ്പിച്ചെന്നും സൂർജേവാല പറഞ്ഞു.
Editorial
തെരഞ്ഞെടുപ്പിന്റെ തലേന്നുവരെ ഇന്ധനവില വർധിപ്പിക്കില്ലെന്ന് ആണയിട്ട ബിജെപി സർക്കാർ തനിനിറം പുറത്തെടുത്തു. പെട്രോൾ, ഡീസൽ, സിഎൻജി വിലകൾ വർധിപ്പിച്ചു. എണ്ണക്കന്പനികൾക്കു നഷ്ടമായതിനാൽ പിടിച്ചുനിൽക്കാനാകുന്നില്ലത്രേ. ജനം എവിടെ പിടിച്ചുനിൽക്കും? രാജ്യത്ത് വിലക്കയറ്റത്തോതും പണപ്പെരുപ്പവും വർധിച്ച് അവശ്യസാധനങ്ങളുടെയെല്ലാം വില കുതിച്ചുകയറുന്നതിനിടെയാണ് ഇന്നലെ കേന്ദ്രം എരിതീയിലേക്ക് എണ്ണയൊഴിച്ചിരിക്കുന്നത്.
നാലു വർഷത്തോളം സർക്കാർ വില വർധിപ്പിച്ചില്ലെന്നാണു പറയുന്നത്. ദുർവ്യാഖ്യാനമാണ്. കൂട്ടിയില്ലെന്നല്ല, ആഗോളവിപണിയിൽ കുറഞ്ഞിട്ടും ഇവിടെ കുറച്ചില്ലെന്നാണു പറയേണ്ടത്. മന്ത്രിമാരെയും എണ്ണക്കന്പനി ഉദ്യോഗസ്ഥരെയുമൊന്നും ഒരു വർധനയും ബാധിക്കില്ല. സാധാരണക്കാരുടെ വരുമാനം കുറഞ്ഞു, ജീവിതച്ചെലവ് കൂടി. അതൊന്നും സർക്കാരിന് അറിയേണ്ടെന്നാണോ പറയുന്നത്?
പെട്രോളിനും ഡീസലിനും ലിറ്ററിനു മൂന്നു രൂപയിലധികവും സിഎൻജി കിലോയ്ക്ക് രണ്ടു രൂപയും വർധിപ്പിച്ചു. പെട്രോളിന് കൊച്ചിയിൽ 108.62, ഡീസലിനു 97.55 രൂപ. എണ്ണക്കന്പനികൾ സർക്കാരിനോട് കൂടുതൽ വർധന ആവശ്യപ്പെട്ടിരിക്കുന്നതിനാൽ ഇനിയും പ്രഹരിക്കുമോ എന്ന ആശങ്ക ജനങ്ങൾക്കുണ്ട്. ഗാർഹിക പാചകവാതക വിലവർധനയുടെ ഭീതി വേറെ. നിയമസഭാ തെരഞ്ഞെടുപ്പുകള്ക്കുശേഷം ഇന്ധനവില വര്ധിപ്പിച്ചേക്കുമെന്ന തെറ്റായ റിപ്പോര്ട്ടുകളില് വിശ്വസിക്കരുതെന്നും പരിഭ്രാന്തി ഒഴിവാക്കണമെന്നും പെട്രോളിയം മന്ത്രാലയം തെരഞ്ഞെടുപ്പിനുമുന്പ് ആവർത്തിക്കുകയായിരുന്നു. ആരുടേതായിരുന്നു തെറ്റായ പ്രസ്താവന? വോട്ടെണ്ണാൻപോലും കാത്തുനിൽക്കാതെ വാണിജ്യ പാചകവാതകത്തിനു ചരിത്രത്തിലെ ഏറ്റവും വലിയ വർധന നടപ്പാക്കി.
19 കിലോഗ്രാം സിലിണ്ടറിന്റെ വില ഏകദേശം 2,078.50 രൂപയിൽനിന്ന് 3,071.50 രൂപയിലെത്തി. ഇതിനു പിന്നാലെയാണ് ഇപ്പോൾ അടുത്ത ഇരുട്ടടി. വാഹനമോടിക്കാൻ ചെലവേറുമെന്നത് ഇതിന്റെ ഏറ്റവും ചെറിയ ആഘാതമാണ്. അവശ്യവസ്തുക്കൾ ഉൾപ്പെടെ സകലതിനും വീണ്ടും വില കൂടുമെന്നതാണ് യഥാർഥ പ്രശ്നം. ജനങ്ങളോടു കൂടുതൽ പണം ആവശ്യപ്പെടുന്ന സർക്കാർ, വിലക്കയറ്റവും പണപ്പെരുപ്പവും മൂലം വരുമാനത്തിൽ കുറവുണ്ടായവർ അത് എവിടെനിന്നെടുത്തു തരുമെന്ന് ചിന്തിക്കുന്നില്ല.
കേരളത്തിൽ പച്ചക്കറിക്കും കോഴിയിറച്ചിക്കും ഉൾപ്പെടെ വില കുതിച്ചുകയറി. ഇനിയതു വീണ്ടും വർധിച്ചേക്കും. ഹോട്ടലുകൾ പലതും അടഞ്ഞു. ചിലത് ഇനി തുറക്കില്ല. ജീവനക്കാരുടെ തൊഴിൽ നഷ്ടപ്പെട്ടു. അസംഘടിത തൊഴിലാളികൾ, ആശമാരെപ്പോലെ തുച്ഛവരുമാനക്കാർ, കർഷകർ, സ്വയംതൊഴിലുകാർ, തൊഴിലില്ലാത്തവർ, ചെറുകിട കച്ചവടക്കാർ... എന്നിവരുടെ ജീവിതം ദുഃസഹമായി. തിങ്കളാഴ്ച അധികാരമേൽക്കുന്ന സംസ്ഥാന സർക്കാരിനും ബാധ്യതയേറി. നാലു വർഷത്തിനുശേഷമാണ് കേന്ദ്രസർക്കാർ വെറും മൂന്നു രൂപ വർധിപ്പിച്ചതെന്ന ‘വേദനസംഹാരി ഗുളിക’യും വിതരണം ചെയ്യുന്നുണ്ട്. പക്ഷേ, അടുത്തയിടെ യുദ്ധം മുറുകുവോളം ആഗോള മാർക്കറ്റിൽ എണ്ണവില കൂപ്പുകുത്തിക്കിടക്കുകയായിരുന്നു. അപ്പോഴൊന്നും വില കുറച്ചില്ലെന്നുള്ള വസ്തുത മറച്ചുവയ്ക്കാനാകുമോ? 2022 മുതൽ പെട്രോൾ, ഡീസൽ വിലകൾ മരവിപ്പിച്ചിരിക്കുകയാണെന്നാണ് ഭാഷ്യം.
2022 മുതൽ പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമാകുവോളം അസംസ്കൃത എണ്ണവില വീപ്പയ്ക്ക് ശരാശരി 70 യുഎസ് ഡോളറായിരുന്നു. ആഗോളവിപണിയില് അസംസ്കൃത എണ്ണവില ബാരലിന് 108 ഡോളർ ഉണ്ടായിരുന്ന യുപിഎ ഭരണകാലത്ത് പെട്രോള് വില ഏകദേശം 71-72 രൂപയും ഡീസല് വില 48-49 രൂപയുമായിരുന്നെന്ന്, അന്നു കാളവണ്ടിസമരം നടത്തിയ ബിജെപിയെ ഓർമിപ്പിക്കട്ടെ. അവർ അധികാരത്തിലെത്തിയതോടെ സ്ഥിതി മാറി. 2020ൽ കോവിഡ് കാലത്ത് അസംസ്കൃത എണ്ണവില 35 ഡോളറിലേക്കു കൂപ്പുകുത്തി. അപ്പോഴും ഇന്ത്യയിൽ പെട്രോൾ വില 70. നികുതി കൂട്ടിക്കൊണ്ടിരുന്നു. എന്നിട്ടിപ്പോൾ മൂന്നുമാസമായി ആഗോള വിപണിയിലെ വില വർധിച്ചപ്പോൾ വോട്ടെടുപ്പ് കഴിയാൻ കാത്തിരുന്നു.
രാജ്യത്ത് പണപ്പെരുപ്പം ഉയരുകയാണ്. മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏപ്രിലില് 8.30 ശതമാനമായി ഉയര്ന്ന് കഴിഞ്ഞ 42 മാസത്തിനിടയിലെ ഉയര്ന്ന നിലയിലെത്തി. മാര്ച്ചില് ഇത് 3.88 ശതമാനമായിരുന്നു. വിലക്കയറ്റവും സ്വാഭാവികം. പൊറുതിമുട്ടുന്നത് ജനങ്ങളാണ്. ആഗോള വിലക്കയറ്റത്തിന്റെ പേരിൽ ഇവിടെ ഇന്ധനവില വർധിപ്പിക്കാൻ ഒരു ന്യായവുമില്ല. കഴിഞ്ഞ ഒരു ദശകത്തിലേറെയായി വർധിപ്പിച്ചുകൊണ്ടേയിരുന്ന നികുതി കുറച്ച് പ്രശ്നം പരിഹരിക്കുകയാണു വേണ്ടത്.
ഒന്നും ചെയ്യാനാകാത്തവിധം സർക്കാർ കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണെങ്കിൽ പരാജയം ജനങ്ങളോടു തുറന്നുപറയണം. അല്ലാതെ, ചരിത്രത്തിലില്ലാത്തവിധം കൂട്ടിയ നികുതിയും സർക്കാരിന്റെയോ എണ്ണക്കന്പനികളുടെയോ ആർഭാടങ്ങളും ചെലവുമൊന്നും കുറയ്ക്കാതെ ജനങ്ങളോടു സഹിച്ചോളാൻ പറയുന്നത് ക്രൂരതയാണ്; കഴിവില്ലായ്മയാണ്.
National
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചു. മൂന്ന് രൂപ നാല് പൈസ വീതമാണ് പെട്രോളിനും ഡീസലിനും കൂട്ടിയത്. ഇത് കേരളത്തിലെത്തുമ്പോൾ മൂന്ന് രൂപ 27 പൈസയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്.
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില വർധിച്ച സാഹചര്യത്തിലാണ് രാജ്യത്തും വില വർധനവ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 110.25 രൂപയായി. ഡീസലിന് 99.63 രൂപയുമാണ്.
രാജ്യത്തെ എണ്ണക്കമ്പനികൾക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം നേരിടുന്നതിനാൽ മേയ് 15 ന് മുമ്പ് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വർധിപ്പിക്കുമെന്ന് റിപ്പോർട്ട് വന്നിരുന്നു.
നാല് വർഷത്തിനിടെ ആദ്യമായാണ് രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർധനവുണ്ടാകുന്നത്. 2022 മുതൽ ചില്ലറ വിൽപ്പന നിരക്കുകൾ വലിയതോതിൽ മരവിപ്പിച്ചിരിക്കുകയാണ്.
National
ന്യൂഡൽഹി: രാജ്യത്തെ പൗരർ ഇന്ധന ഉപഭോഗം കുറയ്ക്കണമെന്നുള്ള അഭ്യർഥനകൾ നടത്തിയതിനു പിന്നാലെ തന്റെ ഔദ്യോഗിക വാഹനവ്യൂഹം പ്രധാനമന്ത്രി നരേന്ദ്ര മോദി ഗണ്യമായി കുറച്ചെന്നു റിപ്പോർട്ട്.
പ്രധാനമന്ത്രി അടുത്തിടെ നടത്തിയ ഗുജറാത്ത്, ആസാം സന്ദർശനങ്ങൾക്ക് പകുതി മാത്രമേ വാഹനവ്യൂഹം ഉപയോഗിച്ചിട്ടുള്ളൂവെന്ന് ഔദ്യോഗിക സ്രോതസുകളെ ഉദ്ധരിച്ചു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ പൗരരോട് ചെലവ് ചുരുക്കാനുള്ള അഭ്യർഥനകൾ നടത്തിയതിനു പിന്നാലെ റോഡ് ഷോകൾ നടത്തിയതിനും ഫൈറ്റർ ജെറ്റുകൾ ഉപയോഗിച്ചുള്ള എയർഷോകൾ വീക്ഷിച്ചതിനും വിദേശയാത്രകൾ നടത്താൻ പദ്ധതിയിടുന്നതിനും സമൂഹമാധ്യമങ്ങളിലടക്കം വിമർശനമുണ്ടായതിനു പിന്നാലെയാണ് നടപടി.
പുതുതായൊന്നും വാങ്ങാതെ തന്റെ വാഹനവ്യൂഹത്തിൽ ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടുത്താൻ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും സൂചനയുണ്ട്.
എസ്പിജി (സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്) യെയും പ്രോട്ടോകോളുകൾ അനുശാസിക്കുന്ന അനിവാര്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും നിലനിർത്തിക്കൊണ്ടുതന്നെയാണ് വാഹനവ്യൂഹത്തിന്റെ എണ്ണം കുറച്ചിരിക്കുന്നത്.
അതിനിടെ പ്രധാനമന്ത്രിയുടെ അഭ്യർഥന നടപ്പാക്കാനായി തങ്ങളുടെ വാഹനവ്യൂഹത്തിലും കുറവു വരുത്താൻ ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ നിതിൻ നബീൻ, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപത, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് തുടങ്ങിയ ബിജെപി നേതാക്കളും നിർദേശം നൽകിയിട്ടുണ്ട്.
National
ന്യുഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ ഇന്ധനവില വർധിച്ചേക്കുമെന്ന് റിപ്പോർട്ട്. അഞ്ച് രൂപ വർധിച്ചേക്കുമെന്നാണ് സൂചന.
ഇന്ധനവില വർധിപ്പിക്കുന്നത് സംബന്ധിച്ച് ധനകാര്യ-പെട്രോളിയം മന്ത്രാലയങ്ങളും എണ്ണക്കമ്പനികളും തമ്മിൽ ചർച്ചകൾ നടക്കുന്നതായാണ് റിപ്പോർട്ട്.
ഇന്ധന ഉപയോഗം കുറയ്ക്കാനും വർക്ക് ഫ്രം ഹോം പുനരാരംഭിരക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. യുഎസ്-ഇറാൻ സംഘർഷം നീണ്ടുനിൽക്കുമെന്ന ആശങ്കകൾക്കിടയിലാണ് ഈ ആഹ്വാനം.
ഇതിനു പിന്നാലെയാണ് ഇന്ധനവില വർധിച്ചേക്കുമെന്ന് രീതിയിലുള്ള സൂചനകൾ പുറത്തുവരുന്നത്.
NRI
ബെർലിൻ: വരാനിരിക്കുന്ന വേനൽ അവധിക്കാലത്ത് ജർമനിയിലെ വിമാനയാത്രക്കാർ കടുത്ത പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് റിപ്പോർട്ട്. വിമാന ഇന്ധനത്തിന്റെ (കെറോസിൻ) കടുത്ത ക്ഷാമം മൂലം വിമാനങ്ങൾ റദ്ദാക്കേണ്ടി വരുമെന്ന് വ്യോമയാന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഇന്ധനലഭ്യത കുറയുന്ന സാഹചര്യത്തിൽ ഏത് വിമാനത്തിന് മുൻഗണന നൽകണമെന്ന് തീരുമാനിക്കേണ്ടി വരുന്ന "കെറോസിൻ ട്രിയാഷ്' എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് വിദഗ്ധനായ ഹെൻറിച്ച് ഗ്രോസ്ബോൺഗാർട്ട് പറഞ്ഞു.
പ്രതിസന്ധിക്ക് പിന്നിൽ:
ഇറാൻ ഹോർമുസ് കടലിടുക്ക് ഉപരോധിക്കുന്നത് തുടരുന്നതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. വ്യോമയാന മേഖലയിലേക്കുള്ള ഇന്ധന വിതരണത്തിന്റെ പ്രധാന പാതയാണിത്.
ജൂൺ മാസത്തോടുകൂടി ജർമൻ വിമാനത്താവളങ്ങളിൽ ഇന്ധനക്ഷാമം പ്രകടമാകുമെന്നാണ് കണക്കുകൂട്ടൽ. ഇതിനോടകം തന്നെ ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിൽ യാത്രക്കാർ കുറഞ്ഞ ഹ്രസ്വദൂര സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.
വിമാനക്കമ്പനികളുടെ ആവശ്യം:
യാത്രക്കാർക്ക് തിരിച്ചടി:
ഇന്ധനക്ഷാമം മൂലം വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നാൽ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാനാവില്ലെന്ന നിലപാടിലാണ് വിമാനക്കമ്പനികൾ.
ഈ സാഹചര്യത്തെ "അസാധാരണ സാഹചര്യം' ആയി കണക്കാക്കണമെന്നാണ് കമ്പനികളുടെ വാദം. അങ്ങനെ വന്നാൽ നിയമപരമായി യാത്രക്കാർക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടാവില്ല.
മേയ്, ജൂൺ മാസങ്ങളിൽ വിദേശയാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് തിരികെ വരാനുള്ള വിമാന സർവീസുകളുടെ കാര്യത്തിൽ ഉറപ്പില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ജർമൻ സമ്പദ്വ്യവസ്ഥയെയും ടൂറിസം മേഖലയെയും ഈ പ്രതിസന്ധി ദോഷകരമായി ബാധിക്കുമെന്ന് ബിഡിഎൽ ചീഫ് എക്സിക്യൂട്ടീവ് ജോക്കിം ലാംഗ് മുന്നറിയിപ്പ് നൽകി.
International
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഊർജ പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ. ശ്രീലങ്കയ്ക്ക് ഇന്ധനം നൽകിയ ഇന്ത്യയുടെ അടിയന്തര പിന്തുണയ്ക്ക് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ നന്ദി അറിയിച്ചു.
ഇന്ത്യയിൽ നിന്ന് 38,000 മെട്രിക് ടൺ ഇന്ധനം കൊളംബോയിൽ എത്തിയതായി അദ്ദേഹം എക്സിൽ കുറിച്ചു. ഇന്ത്യയുടെ വേഗത്തിലുള്ള പിന്തുണയ്ക്ക് നന്ദിയുണ്ട്. 38,000 മെട്രിക് ടൺ ഇന്ധനം ശനിയാഴ്ച കൊളംബോയിൽ എത്തി. ഏകോപന പ്രവർത്തനങ്ങൾക്ക് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനും നന്ദി അറിയിക്കുന്നുവെന്നും അനുര കുമാര ദിസനായകെ എക്സിൽ കുറിച്ചു.
പശ്ചിമേഷ്യയിൽനിന്നും സിംഗപ്പൂരിൽ നിന്നും ഇന്ധനം വാങ്ങിയിരുന്ന ശ്രീലങ്കയ്ക്ക് നിലവിലെ യുദ്ധം കാരണം വിതരണത്തിൽ വലിയ തടസങ്ങൾ നേരിട്ടു. ഇസ്രയേൽ-ഇറാൻ സംഘർഷവും ഹോർമുസ് കടലിടുക്കിലെ ഉപരോധവും കാരണം ശ്രീലങ്കൻ ഐഒസിയുമായി കരാറുള്ള വിതരണക്കാർക്ക് ഇന്ധനം എത്തിക്കാൻ കഴിയില്ലെന്ന് അവർ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഐഒസിഎല്ലിൽ നിന്ന് ഇന്ത്യ സഹായമെത്തിച്ചത്.
Kerala
തിരുവനന്തപുരം: കേന്ദ്ര സർക്കാർ പെട്രോൾ, ഡീസൽ സ്പെഷൽ എക്സൈസ് ഡ്യൂട്ടി 10 രൂപ കുറച്ചതിന്റെ ഗുണം കേരളത്തിലെ ജനങ്ങൾക്കു നൽകാൻ മുഖ്യമന്ത്രി തയാറാകണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
കേന്ദ്ര സർക്കാർ പെട്രോൾ, ഡീസൽ എക്സൈസ് നികുതി കുറച്ചതു പോലെ സംസ്ഥാനവും നികുതി കുറയ്ക്കണം.
റിട്ടേണിംഗ് ഓഫീസറെ സഹായിക്കാൻ ഇലക്ഷൻ കമ്മീഷൻ നിയോഗിച്ച ഉദ്യോഗസ്ഥരുടെ ലിസ്റ്റിൽ നേമം സ്ഥാനാർഥിയും തൊഴിൽ മന്ത്രിയുമായ വി. ശിവൻകുട്ടിയുടെ തൊഴിൽ വകുപ്പിൽ നിന്നുള്ളവർ മാത്രമായത് ദുരൂഹമാണ്.
എത്രയും വേഗം തൊഴിൽ വകുപ്പിലെ മുഴുവൻ ഉദ്യോഗസ്ഥരെയും നേമത്തെ തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്നും ഒഴിവാക്കണം. തെരഞ്ഞെടുപ്പ് സംവിധാനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമം അനുവദിക്കില്ല. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനടക്കം പരാതി നൽകുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
National
ന്യൂഡൽഹി: രാജ്യത്ത് ഊർജ സുരക്ഷ സംബന്ധിച്ച് ആശങ്കപ്പെടാനില്ലെന്ന് കേന്ദ്ര സർക്കാർ. രാഷ്ട്രീയപാർട്ടികള്ക്കായി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. അസംസ്കൃത എണ്ണ, എൽപിജി തുടങ്ങിയ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കിയതായാണു സർക്കാർ വ്യക്തമാക്കിയത്.
ഇന്ധനവുമായി കൂടുതൽ കപ്പലുകൾ രാജ്യത്തേക്കു വന്നുകൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. നാലു കപ്പലുകൾ എത്തിയിട്ടുണ്ടെന്നും കൂടുതൽ എത്തുമെന്നും യോഗത്തിൽ ഉദ്യോഗസ്ഥർ അറിയിച്ചു.
രാജ്യത്തെ എൽപിജി ആവശ്യകതയുടെ 60 ശതമാനം പൂർത്തീകരിക്കുന്നത് ആഭ്യന്തര ഉത്പാദനത്തിലൂടെയാണെന്നു പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി, പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി എന്നിവർ സംസാരിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തൃണമൂൽ കോൺഗ്രസും യോഗത്തിൽ പങ്കെടുത്തില്ല.
National
ന്യൂഡൽഹി: രാജ്യത്ത് ഇന്ധന-പാചകവാതക ക്ഷാമമില്ലെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി. ആവശ്യത്തിന് ഇന്ധന സ്റ്റോക്കുണ്ടെന്നും ലഭ്യതയെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും വിതരണശൃംഖലകൾ സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പാർലമെന്റിൽ വ്യക്തമാക്കി.
“രാജ്യത്തെ പാചകവാതകം (ദ്രവീകൃത പെട്രോളിയം വാതകം- എൽപിജി) ഉത്പാദനം 28 ശതമാനം വർധിപ്പിച്ചിട്ടുണ്ട്. 33 കോടി കുടുംബങ്ങളുടെ, പ്രത്യേകിച്ച് ദരിദ്രരും പിന്നാക്കം നിൽക്കുന്നവരുമായവരുടെ അടുക്കളകൾക്ക് ഒരു ക്ഷാമവും ഉണ്ടാകില്ല.
മോദിസർക്കാരിന്റെ പ്രഥമ പരിഗണനയാണിത്. ഡീസൽ, പെട്രോൾ, മണ്ണെണ്ണ, വ്യോമയാന ഇന്ധനം എന്നിവയുടെ ക്ഷാമമില്ല. അവയുടെ ലഭ്യത പൂർണമായും ഉറപ്പാക്കിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള വിതരണശൃംഖലകൾ സുഗമമായി പ്രവർത്തിക്കുന്നു’- പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ മന്ത്രി പറഞ്ഞു.
നേരത്തേ എൽപിജി ഇറക്കുമതിയുടെ ഏകദേശം 60 ശതമാനം ഗൾഫ് രാജ്യങ്ങളിൽനിന്നായിരുന്നു. വിതരണസുരക്ഷ ഉറപ്പാക്കുന്നതിനും പ്രാദേശിക തടസങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നതിനുമായി സ്രോതസുകൾ സർക്കാർ വിപുലീകരിച്ചിട്ടുണ്ട്.
ഇറാനിൽ അമേരിക്കയും ഇസ്രയേലും നടത്തുന്ന ആക്രമണത്തിന്റെയും ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാൻ നടത്തുന്ന ആക്രമണങ്ങളുടെയും ഹോർമുസ് കടലിടുക്കിലെ എണ്ണ, വാതക നീക്കം തടസപ്പെട്ടതിന്റെയും പശ്ചാത്തലത്തിൽ രാജ്യത്തു പാചകവാതക ക്ഷാമം രൂക്ഷമാകുന്നതിനിടെയാണു കേന്ദ്രത്തിന്റെ ഉറപ്പ്.
എന്നാൽ, രാജ്യത്താകെ വാണിജ്യ എൽപിജി സിലിണ്ടറുകൾക്കു നേരിടുന്ന ക്ഷാമത്തെക്കുറിച്ചും പാചകവാതക വില വർധിപ്പിച്ചതിനെക്കുറിച്ചും കേന്ദ്രമന്ത്രിയുടെ പ്രസ്താവനയിൽ കൃത്യമായ വിശദീകരണമുണ്ടായില്ല.
ഗാർഹിക സിലിണ്ടറുകൾക്കുള്ള ബുക്കിംഗ് മുതൽ ഡെലിവറി വരെയുള്ള സമയം രണ്ടര ദിവസമായി തുടരുന്നു. പശ്ചിമേഷ്യൻ പ്രതിസന്ധിക്കു മുന്പുള്ള മാനദണ്ഡങ്ങളിൽ മാറ്റമില്ല. ഗൾഫ് സ്രോതസുകൾക്കു പുറമെ അമേരിക്ക, നോർവെ, കാനഡ, അൾജീരിയ, റഷ്യ എന്നിവിടങ്ങളിൽനിന്നുള്ള ഇന്ധനം വാങ്ങി രാജ്യത്തെ സുരക്ഷിതമാക്കിയിട്ടുണ്ടെന്ന് മന്ത്രി പുരി പറഞ്ഞു.
എൽപിജി ആവശ്യകതയുടെ 60 ശതമാനവും ഖത്തർ, യുഎഇ, സൗദി അറേബ്യ, കുവൈറ്റ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽനിന്നാണു മുന്പ് ഇറക്കുമതി ചെയ്തിരുന്നത്. ബാക്കി 40 ശതമാനം ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നുണ്ടെന്നു മന്ത്രി അറിയിച്ചു.
പ്രതിസന്ധിക്കുമുന്പ്, ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ ഏകദേശം 45 ശതമാനം ഹോർമുസ് കടലിടുക്ക് വഴിയാണു കടത്തിവിട്ടിരുന്നത്. കൂടുതൽ രാജ്യങ്ങളിൽനിന്ന് അസംസ്കൃത എണ്ണ വാങ്ങാൻ തുടങ്ങിയതോടെ ഹോർമുസ് കടലിടുക്കിലൂടെ ലഭിക്കുമായിരുന്ന അളവിനേക്കാൾ കൂടുതൽ ഇപ്പോൾ ലഭ്യമാകുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
National
ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ച സാഹചര്യത്തിൽ മുൻകരുതലായി ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഇന്ധന സ്റ്റോക്ക് പരിശോധിക്കുന്നു.
നിലവിലുള്ള സ്റ്റോക്ക്, ശരാശരി ദൈനംദിന ഇന്ധന ഉപഭോഗം, അടുത്ത ഏഴ് ദിവസത്തേയ്ക്കുള്ള ഇന്ധന ആവശ്യകത, ഇന്ധനം നിറക്കുന്ന അടുത്ത തീയതി തുടങ്ങിയ വിശദംശങ്ങൾ സമർപ്പിക്കാനാണ് നിർദേശം.
74 ദിവസംവരെ പിടിച്ചുനിൽക്കാൻ കഴിയും വിധം എണ്ണ സംഭരണ ശേഷി ഇന്ത്യക്ക് ഉണ്ടെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നേരത്തെ വ്യക്തമാക്കിയത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ 25 ദിവസംവരെ പിടിച്ചു നിൽക്കാനേ ഇന്ത്യക്ക് സാധിക്കു എന്നാണ് റിപ്പോർട്ടുകൾ.
ആഗോള വിപണിയിൽ തുടർച്ചയായ മൂന്നാം ദിവസവും എണ്ണവില ഉയർന്നെങ്കിലും പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ ഉടൻ പദ്ധതിയില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായാൽ അസംസ്കൃത എണ്ണ, എൽപിജി, എൽഎൻജി എന്നിവ ഇറക്കുമതി ചെയ്യുന്നതിന് ബദൽ മാർഗങ്ങൾ സർക്കാർ തേടുന്നുണ്ട്.
International
ബാമക്കോ: ഇസ്ലാമിക ഭീകരരുടെ ഉപരോധത്തിൽ ഇന്ധനക്ഷാമം നേരിടുന്ന മാലിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നവംബർ ഒന്പതുവരെ അടച്ചിടാൻ പട്ടാള ഭരണകൂടം തീരുമാനിച്ചു.
ഇന്ധനക്ഷാമം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചതായി വകുപ്പു മന്ത്രി അമദൗ സവാനെ ചൂണ്ടിക്കാട്ടി.
നവംബർ പത്തിനെങ്കിലും ക്ലാസ് തുടങ്ങാൻ ഊർജിതശ്രമം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അൽക്വയ്ദ ബന്ധമുള്ള ഭീകര സംഘങ്ങളാണ് മാലിയിലെ റോഡുകൾ ഉപരോധിച്ച് ഇന്ധനക്ഷാമം ഉണ്ടാക്കുന്നത്. ഇന്ധനവുമായി വരുന്ന ട്രക്കുകൾ ആക്രമിക്കുന്നുമുണ്ട്. സമുദ്രാതിർത്തിയില്ലാത്ത മാലിയിൽ അയൽരാജ്യങ്ങളായ സെനഗലിൽനിന്നും ഐവറി കോസ്റ്റിൽനിന്നും റോഡ് മുഖാന്തിരമാണ് ഇന്ധനമെത്തുന്നത്.ആഴ്ചകളായി തുടരുന്ന ഇന്ധനക്ഷാമം നേരിടാൻ മാലിയിലെ പട്ടാള ഭരണകൂടം വിഷമിക്കുന്നതായാണു റിപ്പോർട്ട്.
ഇന്ധനക്ഷാമം അമേരിക്കൻ എംബസിയുടെ പ്രവർത്തനത്തെയും ബാധിച്ചു.
എംബസിക്കു വേണ്ടുന്ന വൈദ്യുതി ലഭിക്കുന്നില്ല. ഇതേത്തുടർന്ന് അവശ്യയിതര വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ അമേരിക്കയിലേക്കു മടക്കിയയച്ചു.
Business
മുംബൈ: ഇന്ത്യയിലെ അതിസന്പന്നരായ മുകേഷ് അംബാനിയും ഗൗതം അദാനിയും ഒരിക്കൽക്കൂടി കൈകോർക്കുന്നു. ഇരു കന്പനികളും തങ്ങളുടെ സംരംഭങ്ങൾ വഴി പരസ്പരം ഇന്ധനങ്ങൾ വിൽക്കും. മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്, ബ്രിട്ടീഷ് എണ്ണക്കന്പനിയായ ബിപി എന്നിവയുടെ സംയുക്ത സംരംഭമായ ജിയോ-ബിപിയും ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിനു കീഴിലെ സിറ്റി ഗ്യാസ് വിതരണക്കന്പനിയായ അദാനി ടോട്ടൽ ഗ്യാസുമാണ് സഹകരിക്കുന്നത്.
ഇതുപ്രകാരം, അദാനി ടോട്ടൽ ഗ്യാസിന്റെ സിഎൻജി വിതരണ സ്റ്റേഷനുകളിൽ ജിയോ-ബിപി പെട്രോളും ഡീസലും വില്ക്കും. പകരമായി ജിയോ-ബിപിയുടെ തെരഞ്ഞെടുത്ത ഒൗട്ട് ലെറ്റുകളിലൂടെ അദാനി ടോട്ടൽ ഗ്യാസ് സിഎൻജിയും വിൽക്കും. രാജ്യമെന്പാടുമായി 650 സിഎൻജി സ്റ്റേഷനുകളാണ് അദാനി ടോട്ടൽ ഗ്യാസിനുള്ളത്. ജിയോ-ബിപിക്ക് 2,000ഓളം പന്പുകളുണ്ട്.
അദാനി ഗ്രൂപ്പും ഫ്രഞ്ച് കന്പനിയായ ടോട്ടൽ എനർജീസും തമ്മിലെ സംയുക്ത സംരംഭമാണ് അദാനി ടോട്ടൽ ഗ്യാസ്. വീടുകളിൽ പാചകാവശ്യത്തിനും വാഹനങ്ങൾക്ക് ഇന്ധനാവശ്യത്തിനും വ്യാവസായിക സ്ഥാപനങ്ങൾക്കും അദാനി ടോട്ടൽ ഗ്യാസ് പ്രകൃതിവാതകം ലഭ്യമാക്കുന്നു. ഗതാഗത വിഭാഗത്തിനായി കംപ്രസ്ഡ് ബയോഗ്യാസ്, ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ്, ദ്രവീകൃത പ്രകൃതി വാതകം (എൽഎൻജി) എന്നിവയും അദാനി ടോട്ടൽ ഗ്യാസ് വാഗ്ദാനം ചെയ്യുന്നു.
സഹകരണം രണ്ടാം തവണ
അദാനിയും അംബാനിയും തമ്മിൽ ബിസിനസ് രംഗത്ത് ഇതു രണ്ടാംതവണയാണ് കൈകോർക്കുന്നത്. അദാനി പവറിന് കീഴിലുള്ള മഹാൻ എനർജെൻ എന്ന കന്പനിയുടെ 26% ഓഹരികൾ 2024 മാർച്ചിൽ 50 കോടി രൂപയ്ക്ക് റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റെടുത്തിരുന്നു. അദാനി പവറിന് മധ്യപ്രദേശിലുള്ള ഉൗർജോത്പാദന സ്ഥാപനമാണ് മഹാൻ എനർജെൻ. ഈ പ്ലാന്റിൽനിന്നുള്ള വൈദ്യുതിയുടെ 500 മെഗാവാട്ട് റിലയൻസ് ആണ് ഉപയോഗിക്കുന്നത്.
ഇന്ത്യയുടെ നാച്ചുറൽ ഗ്യാസ് ആവശ്യകത 2030 ആകുന്പോഴേക്കും 60 ശതമാനം വർധിക്കുമെന്നാണ് അന്താരാഷ്ട്ര എനർജി ഏജൻസിയുടെ കണക്കുകൂട്ടൽ.
ഓഹരികളിൽ മുന്നേറ്റം
അദാനി ടോട്ടൽ ഗ്യാസ്, റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ ഇന്നലെ മികച്ച നേട്ടത്തിലാണ് വ്യാപാരം നടത്തിയത്. അദാനി ടോട്ടൽ ഗ്യാസ് ഓഹരി അഞ്ചു ശതമാനത്തിലധികം ഉയർന്ന് 682 രൂപയിൽ വ്യാപാരം പൂർത്തിയാക്കി. ഒരു ഘട്ടത്തിൽ ഓഹരിവില 693.90 രൂപവരെയും എത്തിയിരുന്നു.
റിലയൻസ് ഇൻഡസ്ട്രീസ് ഓഹരിവില 1.34% നേട്ടവുമായി 1,515.40 രൂപയിൽ വ്യാപാരം പൂർത്തിയാക്കി.