District News
ഇടുക്കി: ജില്ലയിലെ പിന്നാക്ക മേഖലകളില്‍ നവീനമായ പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന് നീതി ആയോഗ് വൈസ് ചെയര്മാന് അശോക് കുമാര്‍ ലാഹിരി. ജില്ലയിലെ ആസ്പിരേഷണല്‍ ബ്ലോക്കുകളിലെ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ ആസ്പിരേഷണല്‍ ബ്ലോക്കുകളായ ദേവികുളം, അഴുത എന്നിവിടങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിലയിരുത്തി.പട്ടികജാതി, പട്ടികവര്‍ഗ വികസനം, ആരോഗ്യം, പോഷകാഹാരം തുടങ്ങിയ മേഖലകളില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും അശോക് കുമാര്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ ബുദ്ധിമാന്മാരും സമര്‍ഥരുമാണ്. രാജ്യത്തുതന്നെ ഒന്നാം സ്ഥാനത്താണ് കേരളം. സാക്ഷരത അതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. കേരളത്തിന് മികച്ച മാതൃകയാകാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ചിന്നക്കനാല്‍ അങ്കണവാടി, കുടുംബാരോഗ്യകേന്ദ്രം, മൂന്നാര്‍ ഗവ. ആംഗ്ലോ തമിഴ് എല്‍പി സ്കൂള്‍ എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി.വിവിധ വകുപ്പുകള്‍ കൂടുതല്‍ ഏകോപനത്തോട പദ്ധതികള്‍ തയാറാക്കി സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് പറഞ്ഞു.
നീതി ആയോഗ് ജോയിന്റ് സെക്രട്ടറി കെ.എസ്. റെജിമോന്, ഡയറക്ടര്‍ ഷോയഹ് അഹമ്മദ്, സബ് കളക്ടര്‍ വി.എം. ആര്യ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി. ജ്യോതിമോള്‍, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ ഇവാലുവേഷന്‍ ആൻഡ് മോണിറ്ററിംഗ് ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ പി.കെ. കുര്യാക്കോസ്, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Kerala
കൊച്ചി: വിജ്ഞാന വിനോദ ഉത്സവ വേദിയായ കൊച്ചി ജെയിന് യൂണിവേഴ്സിറ്റിയുടെ സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ രണ്ടാം പതിപ്പിന് ഗിന്നസ് റിക്കാര്‍ഡ്. സമ്മിറ്റിന്റെ ഭാഗമായി 401 പേര് പങ്കെടുത്ത റിലേ സ്പീച്ചാണ് ഗിന്നസില്‍ ഇടം പിടിച്ചത്. 10 മണിക്കൂര്‍ 25 മിനിറ്റുകൊണ്ടാണ് റിലേ പൂര്‍ത്തിയാക്കിയത്. സൂററ്റില്‍ നടന്ന 313 പേര് പങ്കെടുത്ത റിലേ സ്പീച്ചായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്. ഇതാണ് കൊച്ചിയില്‍ നടന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ മറികടന്നത്.
രാവിലെ ഒമ്പതിന് ആരംഭിച്ച പരിപാടി രാത്രി 7.25നാണ് സമാപിച്ചത്. കുറഞ്ഞത് ഒരു മിനിറ്റും പരമാവധി മൂന്നു മിനിറ്റുമാണ് പ്രസംഗസമയം. കൂടാതെ, ഒരാളുടെ പ്രസംഗശേഷം പത്ത് സെക്കന്‍ഡിനുള്ളില്‍ അടുത്ത പ്രസംഗം തുടങ്ങണമെന്ന മാനദണ്ഡവുമുണ്ട്. ഇവയെല്ലാം കൃത്യമായി പാലിച്ചാണ് റിലേ സ്പീച്ച് പൂര്‍ത്തിയാക്കിയത്.
സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ സമാപന ദിനം നടന്ന ചടങ്ങില്‍ ഗിന്നസ് റിക്കാര്‍ഡ് അഡ്ജൂഡിക്കേറ്റര്‍ സ്വപ്നില്‍ ദങ്കാരിക്കരില്‍, ജെയിന് യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ്, പ്രോ വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി. പ്രസംഗപരമ്പരയില്‍ വിവിധ പ്രായത്തിലുള്ളവരും വൈവിധ്യമാര്‍ന്ന തൊഴില്‍ മേഖലകളില്‍ നിന്നുള്ളവരുമാണ് ഭാവി ലോകത്തെക്കുറിച്ചുള്ള തങ്ങളുടെ സ്വപ്നങ്ങളും ആശങ്കകളും പങ്കുവച്ചത്.
National
ന്യൂഡൽഹി: ആഗോളവ്യാപാരത്തിന്റെ മൂന്നിലൊന്നു വഹിക്കുന്ന വ്യാപാരമാകും ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിലൂടെ പ്രാവർത്തികമാകുക. ഭാവിയിലേക്കുള്ള ഇന്ത്യയുടെ കവാടമാണ് തുറക്കുന്നതെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.
ഇന്ത്യൻ കയറ്റുമതിയുടെ 99 ശതമാനത്തിലധികം മൂല്യത്തിനും അഭൂതപൂർവമായ വിപണിപ്രവേശനം നൽകുന്നതാണു കരാറെന്ന് മന്ത്രി പീയൂഷ് പറഞ്ഞു. നമ്മുടെ തൊഴിൽമേഖലകൾക്കു പ്രചോദനം നൽകുകയും മെയ്ക്ക് ഇൻ ഇന്ത്യയെ ശക്തിപ്പെടുത്തുകയും ചെയ്യും. ക്ഷീരകർഷകർ അടക്കമുള്ള സെൻസിറ്റീവ് മേഖലകളെ സംരക്ഷിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യൻ ബിസിനസുകൾക്കു വലിയ വ്യാപാര, നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കും. എംഎസ്എംഇകൾ, സ്ത്രീകൾ, യുവാക്കൾ, കരകൗശല വിദഗ്ധർ, തൊഴിലാളികൾ, വിദ്യാർഥികൾ, വൈദഗ്ധ്യമുള്ള പ്രഫഷണലുകൾ, മത്സ്യത്തൊഴിലാളികൾ, കർഷകർ, കയറ്റുമതിക്കാർ എന്നിവർക്ക് പ്രയോജനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.