പ്രതീകാത്മക ചിത്രം
വ്യക്തിത്വത്തിന്റെ പൂർണതയ്ക്കും സാമൂഹികമായ പരിവർത്തനത്തിനും മാനവരാശി കണ്ടെത്തിയ ഏറ്റവും ശക്തമായ ഉപാധിയാണ് വിദ്യാഭ്യാസം. പാഠപുസ്തകങ്ങളിലെ അറിവ് പകർന്നുനൽകുന്നതിലും പരീക്ഷകൾ നടത്തുന്നതിലും ഒതുങ്ങുന്ന ഒന്നല്ല വിദ്യാലയങ്ങളുടെ ധർമം എന്ന് തലമുറകളായി നാം തിരിച്ചറിയുന്നുണ്ട്. ജീവിതത്തെ നേരിടാനും കർമനിരതരാകാനും പൗരബോധവും നേതൃപാടവവും ഉള്ളവരായി സമൂഹത്തോട് ഉത്തരവാദിത്വമുള്ള പങ്കാളികളാകാനും നമ്മുടെ കുഞ്ഞുങ്ങളെ പ്രാപ്തരാക്കുക എന്ന മഹത്തായ ദൗത്യമാണ് വിദ്യാലയങ്ങൾക്കുള്ളത്.ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഈ ഉത്തരവാദിത്വത്തിന്റെ ആഴവും പരപ്പും വർധിച്ചിരിക്കുന്നു. സാങ്കേതികവിദ്യയുടെ വിസ്മയകരമായ കുതിച്ചുചാട്ടവും മാറുന്ന സാമൂഹിക യാഥാർഥ്യങ്ങളും, സങ്കീർണമാകുന്ന സാമ്പത്തികഘടനകളും കേവലം പരീക്ഷകൾക്കപ്പുറം വളരുന്ന ഒരു വിദ്യാഭ്യാസക്രമത്തെ ആവശ്യപ്പെടുന്നു.
►മാറ്റത്തിനായുള്ള നവരീതി
ഭാരതത്തിന്റെ ‘ദേശീയ വിദ്യാഭ്യാസ നയം 2020’ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഈ നവീനമായ ഉൾക്കാഴ്ചയാണ് പ്രതിഫലിപ്പിക്കുന്നത്. മനഃപാഠമാക്കലിലും വിജ്ഞാനഭാരത്തിലും കുരുങ്ങിക്കിടന്ന പഴയ രീതികളിൽ നിന്ന് മാറി, വിദ്യാർഥികേന്ദ്രീകൃതവും മൂല്യാധിഷ്ഠിതവും വൈവിധ്യമാർന്ന വിഷയങ്ങളെ സമന്വയിപ്പിക്കുന്നതുമായ ഒരു നവരീതിയെ അത് മുന്നോട്ടുവയ്ക്കുന്നു. കേവലമായ പരീക്ഷാവിജയത്തിനപ്പുറം ബൗദ്ധികമായ വളർച്ചയും ധാർമികമായ അവബോധവും സർഗാത്മകതയും ഏതു സാഹചര്യത്തോടും പൊരുത്തപ്പെടാനുള്ള ശേഷിയും ആജീവനാന്ത പഠനത്വരയും ചേരുമ്പോഴേ വിദ്യാഭ്യാസം സാർഥകമാകൂ എന്ന ദർശനമാണ് ഇതിന്റെ കാതൽ.
പരമ്പരാഗത വിദ്യാഭ്യാസ മാതൃകകൾ വരുത്തിവച്ച വലിയൊരു പോരായ്മയുണ്ട്; എല്ലാ കുട്ടികളും ഒരേ രീതിയിൽ വളരണമെന്നും അവർക്ക് ഒരേ തരത്തിലുള്ള അനുഭവങ്ങൾ നൽകിയാൽ മതിയെന്നുമുള്ള തെറ്റായ ധാരണയാണത്. ഒരേ പാഠങ്ങൾ ഒരേ വേഗത്തിൽ പഠിച്ച്, സാർവത്രികമായ പരീക്ഷകളിലൂടെ ഒരേ അളവുകോൽവച്ച് എല്ലാവരുടെയും കഴിവ് അളക്കപ്പെടണം എന്ന് നാം ശഠിച്ചുപോന്നു.
ഇത്തരത്തിലുള്ള മാനദണ്ഡങ്ങൾ പൊതുവായ ഒരു ക്രമമുണ്ടാക്കാൻ സഹായിക്കുമെങ്കിലും, അത് വിസ്മരിച്ചുകളയുന്ന ഒരു അടിസ്ഥാന സത്യമുണ്ട്. ഓരോ കുട്ടിയും പഠിക്കുന്നത് ഓരോ രീതിയിലാണ്.
ഓരോ ക്ലാസ്മുറിയും വ്യത്യസ്തമായ കഴിവുകളും താല്പര്യങ്ങളും അഭിലാഷങ്ങളുമുള്ള കുരുന്നുകളാൽ സമൃദ്ധമാണ്. ചിലർ ശാസ്ത്രചിന്തയിലും യുക്തിബോധത്തിലും മികവു പുലർത്തുമ്പോൾ മറ്റുചിലർ ഭാഷയിലും സർഗാത്മകതയിലും നേതൃപാടവത്തിലും ചിത്രകലയിലും സ്പോർട്സിലും സാമൂഹിക ഇടപെടലുകളിലും പുതിയ ആശയങ്ങളുടെ നിർമിതിയിലുമാണ് തിളങ്ങുന്നത്.
വിജയത്തെ സങ്കുചിതമായ ഒരൊറ്റ അളവുകോൽകൊണ്ട് മാത്രം അളക്കുമ്പോൾ, മനുഷ്യപ്രതിഭയുടെ അമൂല്യമായ പല തലങ്ങളും നാം കാണാതെപോകുന്നു.
സമകാലിക വിദ്യാഭ്യാസ മനഃശാസ്ത്രവും പഠനഗവേഷണങ്ങളും ഈ വൈവിധ്യത്തെ അംഗീകരിക്കേണ്ടതിന്റെ ആവശ്യകതയാണ് അടിവരയിടുന്നത്. ഓരോ കുട്ടിയുടെയും വ്യത്യസ്തതകളെ തിരിച്ചറിയുകയും അവർക്ക് പൂർണതയിലെത്താനുള്ള അവസരങ്ങൾ ഒരുക്കിക്കൊടുക്കുകയും ചെയ്യുന്ന അന്തരീക്ഷമാണ് യഥാർഥ പഠനവേദി എന്ന് മനഃശാസ്ത്രവും വൈജ്ഞാനിക ശാസ്ത്രവും നമ്മെ ഓർമിപ്പിക്കുന്നു.
►വായനയും സംവാദങ്ങളും
ഇന്ന് വിരൽത്തുമ്പിലെ ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെയും അറിവുകൾ നിമിഷനേരംകൊണ്ട് ലഭ്യമാകുന്നു. എങ്കിലും, വിവരശേഖരണവും യഥാർഥ വിദ്യാഭ്യാസവും ഒന്നാണെന്ന് നാം തെറ്റിദ്ധരിക്കരുത്. വായനയും ചിന്തയും ആഴത്തിലുള്ള മനനവും ഇന്നും വിജ്ഞാനവികാസത്തിന്റെ ആധാരശിലകളാണ്. നിരന്തരമായ വായനാശീലവും മഹത്തായ ആശയങ്ങളുമായുള്ള സംവാദങ്ങളും മാത്രമേ മനുഷ്യന്റെ ചിന്താശേഷിയെ ആഴമുള്ളതാക്കൂ. സാങ്കേതികവിദ്യ കൊടികുത്തിവാഴുന്ന ഇക്കാലത്തും കുഞ്ഞുങ്ങളിൽ വായനയുടെ വസന്തം വിടർത്തേണ്ട ചുമതല വിദ്യാലയങ്ങൾക്കുണ്ട്. ഓർമയിൽ എത്രമാത്രം വിവരങ്ങൾ ശേഖരിച്ചുവച്ചിരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാകരുത് ഇനി വിദ്യാഭ്യാസത്തിന്റെ മൂല്യനിർണയം. ആർജിച്ച ജ്ഞാനത്തെ ജീവിതത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ എത്രത്തോളം അർഥപൂർണമായി പ്രയോഗിക്കാൻ കഴിയുന്നു എന്നതിലാണ് കാര്യം.
►ശേഷ്യധിഷ്ഠിത വിദ്യാഭ്യാസം
ഈ തിരിച്ചറിവാണ് ‘ശേഷ്യധിഷ്ഠിത വിദ്യാഭ്യാസ’ത്തിലേക്ക് നമ്മെ നയിക്കുന്നത്. ജീവിതത്തിലും സമൂഹത്തിലും വിജയകരമായി പങ്കുചേരാൻ ആവശ്യമായ അറിവും വൈദഗ്ധ്യവും മനോഭാവവും മൂല്യങ്ങളും വളർത്തിയെടുക്കുക എന്നതാണ് ഈ രീതിയുടെ ലക്ഷ്യം.
വിമർശനാത്മകമായ ചിന്ത, സർഗാത്മകത, ആശയവിനിമയശേഷി, പ്രശ്നപരിഹാരപാടവം, വിശകലനശേഷി, ഡിജിറ്റൽ സാക്ഷരത, വൈകാരിക പക്വത, നേതൃത്വഗുണം, തീരുമാനങ്ങളെടുക്കാനുള്ള പ്രാപ്തി, സാമൂഹിക ഉത്തരവാദിത്വം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
ഭാവികാലത്തിന് അനുയോജ്യമായ ഇത്തരം സവിശേഷ ശേഷികൾ വളർത്തിയെടുക്കുന്നതിനാണ് അന്താരാഷ്ട്ര വിദ്യാഭ്യാസവേദികൾ ഇന്ന് പ്രാധാന്യം നൽകുന്നത്. ആഴത്തിലുള്ള ധാരണയ്ക്കും അനുഭവങ്ങളിലൂടെയുള്ള പഠനത്തിനും ശേഷികളെ വിലയിരുത്തുന്ന മൂല്യനിർണയത്തിനും ദേശീയ വിദ്യാഭ്യാസ നയം ഊന്നൽനൽകുന്നത് ഇതുകൊണ്ടാണ്.
സാമർഥ്യത്തിനൊപ്പംതന്നെ പ്രധാനമാണ് സ്വഭാവരൂപീകരണവും. ധാർമികതയുടെ തകർച്ചയും സാമൂഹിക ഉത്തരവാദിത്വമില്ലായ്മയും വിശ്വാസ്യതയില്ലായ്മയും സമകാലിക സമൂഹം നേരിടുന്ന വലിയ വെല്ലുവിളികളാണ്. കേവലമായ അക്കാദമിക മികവ് ഒരാളെ നല്ലൊരു പൗരനാക്കി മാറ്റിക്കൊള്ളണമെന്നില്ല. സ്വഭാവശുദ്ധിയില്ലാത്ത സാമർഥ്യം ലക്ഷ്യബോധമില്ലാത്ത അറിവിനെ മാത്രമേ സൃഷ്ടിക്കൂ. അത് മനുഷ്യന് ആപത്താണ്. അതുകൊണ്ട്, സത്യസന്ധത, സഹാനുഭൂതി, ഉത്തരവാദിത്വബോധം, പരസ്പര ബഹുമാനം, കാരുണ്യം, പൊതുനന്മയോടുള്ള പ്രതിബദ്ധത തുടങ്ങിയ ഉന്നതമായ മാനുഷികമൂല്യങ്ങൾ മനഃപൂർവം കുട്ടികളിൽ നട്ടുപിടിപ്പിക്കേണ്ടതുണ്ട്.
►ഭാവിയിലെ തൊഴിൽ
ഭാവിയിലെ തൊഴിൽമേഖലയും സാമൂഹികാന്തരീക്ഷവും ഇന്നത്തേതിൽനിന്ന് തികച്ചും വ്യത്യസ്തമായിരിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമേഷൻ, ബയോടെക്നോളജി, പുനരുപയോഗ ഊർജം തുടങ്ങിയ നവീന സാങ്കേതികവിദ്യകൾ ലോകത്തെ മാറ്റിമറിക്കുകയാണ്. മാറ്റങ്ങളോട് ഇണങ്ങിച്ചേരാനുള്ള സന്നദ്ധത, നിരന്തരമായ പഠനം, ബഹുമുഖ വിഷയങ്ങളിലുള്ള അറിവ്, മനുഷ്യകേന്ദ്രീകൃതമായ കഴിവുകൾ എന്നിവയ്ക്കാണ് വരുംകാലത്ത് കൂടുതൽ മൂല്യമുണ്ടാകുക എന്ന് തൊഴിൽപഠനങ്ങൾ വ്യക്തമാക്കുന്നു.
ആരോഗ്യമുള്ള ഒരു സമൂഹത്തിന് പലവിധത്തിലുള്ള പ്രതിഭകൾ ആവശ്യമാണ്. അറിവിന്റെ അതിരുകൾ വികസിപ്പിക്കുന്ന ശാസ്ത്രജ്ഞരും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്ന സംരംഭകരും സംസ്കാരത്തെ സമ്പന്നമാക്കുന്ന കലാകാരന്മാരും തലമുറകളെ പ്രചോദിപ്പിക്കുന്ന അധ്യാപകരും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന എൻജിനീയർമാരും സ്ഥാപനങ്ങൾക്ക് കരുത്തുപകരുന്ന ധർമിഷ്ഠരായ നേതാക്കളും സാമൂഹിക സൗഹാർദം കാത്തുസൂക്ഷിക്കുന്ന കരുണയുള്ള പൗരന്മാരും നമുക്ക് വേണം.
►നിർണായകഘട്ടം
വിദ്യാഭ്യാസപരമായ യാത്രയിൽ ഭാരതം ഇന്ന് വളരെ നിർണായകമായ ഒരു ഘട്ടത്തിലാണ് നിൽക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ യുവജനസമൂഹമുള്ള നമ്മുടെ നാടിന് മുന്നിൽ വികസനത്തിന്റെ അപാരമായ സാധ്യതകളാണുള്ളത്. ഈ യുവത്വത്തിന്റെ കരുത്തിനെ രാഷ്ട്രപുരോഗതിയാക്കി മാറ്റണമെങ്കിൽ ഭാവിക്കാവശ്യമായ ശേഷികൾ നൽകുന്ന ഒരു വിദ്യാഭ്യാസസമ്പ്രദായം നമുക്കുണ്ടായേ തീരൂ.
സമഗ്രമായ വ്യക്തിത്വവികസനവും സ്വയംപര്യാപ്തതയും നൈപുണ്യവികസനവും ആജീവനാന്ത പഠനവും വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യങ്ങളായി കാണുന്ന ആഗോള വിദ്യാഭ്യാസ ചിന്തകളുമായി ചേർന്നുനിൽക്കുന്നതാണ് ദേശീയ വിദ്യാഭ്യാസ നയം 2020 മുന്നോട്ടുവയ്ക്കുന്ന ദർശനം.അന്തിമമായി പറഞ്ഞാൽ, വിദ്യാഭ്യാസത്തിന്റെ ഭാവി ആരംഭിക്കുന്നത് ലളിതമെങ്കിലും ഗഹനമായ ഒരു സത്യത്തിൽ നിന്നാണ്: ഓരോ കുഞ്ഞും അനന്യനാണ്, അതുല്യനാണ്. അന്ധമായ ഏകീകൃത സ്വഭാവത്തിൽ നിന്ന് മോചിതമായി, കുട്ടികൾക്ക് സ്വന്തം ജീവിതലക്ഷ്യം കണ്ടെത്താനും കഴിവുകൾ വികസിപ്പിക്കാനും മാനുഷികമൂല്യങ്ങൾ മുറുകെപിടിച്ച് സമൂഹത്തിന് അർഥപൂർണമായ സംഭാവനകൾ നൽകാനും ഉതകുന്ന ഒരു അന്തരീക്ഷമാണ് നാം ഒരുക്കേണ്ടത്.
Tags : Future oriented Education Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash