കേരളത്തിന്റെ ഭൂവിനിയോഗവും കാലാവസ്ഥയും അനുദിനം മാറുകയാണ് ശക്തമായ മഴ, വെള്ളപ്പൊക്കം, പ്രളയം എന്ന അവസ്ഥയിൽനിന്നും വരൾച്ചയിലേക്കും ജലക്ഷാമത്തിലേക്ക് മാറുന്നത് ശരവേഗത്തിലാണ്. ഈ വർഷവും കഴിഞ്ഞ വർഷവും ജലവൈദ്യുത പദ്ധതികൾ എല്ലാം കൂടുതലായി സ്ഥിതിചെയ്യുന്ന ഇടുക്കി ജില്ലയിൽ 50 ശതമാനത്തിലേറെയാണ് മഴക്കുറവ്.
ഡാമുകളിൽ നീരൊഴുക്കില്ല. ജലവിതാനം കുറവായതുകൊണ്ട് വൈദ്യുതോത്പാദനവും കുറഞ്ഞു. ആഗോളതാപനവും കൂടിയായപ്പോൾ വടക്കേ ഇന്ത്യയിൽ അപ്രതീക്ഷിതമായി അതികഠിനമായ മഴ. കൽക്കരിപ്പാടങ്ങൾ വെള്ളത്തിനടിയിലായി. അവിടെ മഴ കൊണ്ട് കൽക്കരി വൈദ്യുതി പറ്റുന്നില്ല. ഇവിടെ മഴ ഇല്ലാത്തതുകൊണ്ട് വൈദ്യുതിക്ഷാമം. എത്ര വിരോധാഭാസമാണ് പ്രകൃതി. അതിന്റെ നിഗൂഢത അറിഞ്ഞ് മുൻകൂട്ടി തയാറെടുപ്പുകൾ നടത്താനാണ് വർത്തമാനകാലം ആവശ്യപ്പെടുന്നത്.
വൈദ്യുത പ്രതിസന്ധി
ദീർഘകാല കരാറുകൾ വേണ്ടത്ര മുന്നോട്ടു പോയില്ല. സ്വാപ് കരാർ പ്രകാരം, സെപ്റ്റംബർ 30 വരെ മുൻപേ വേനലിൽ നാം വാങ്ങിയ വൈദ്യുതി മറ്റു സംസ്ഥാനങ്ങൾക്ക് തിരികെ നൽകണം. ഇപ്പോൾ ചൂടു കൂടുതലായതിനാൽ രാജ്യത്ത് വൈദ്യുതിക്ക് വലിയ ഡിമാൻഡാണ്. സ്വകാര്യ കന്പനികളാണ് പ്രധാന വിതരണക്കാർ.
സ്പോട്ട് ബാർഗയിനിംഗിലൂടെ വേണം പലപ്പോഴും വൈദ്യുതി ലഭിക്കുന്നത്. 13,500 കിലോവാട്ട് സോളാർ വൈദ്യുതി ഉണ്ടെങ്കിലും പകലാണ് പ്രധാന ഗുണം. രാത്രിയിലേക്ക് കരുതിവയ്ക്കാനുള്ള സ്റ്റോറേജ് സൗകര്യവുമില്ല. സ്റ്റോറേജ് സൗകര്യം ഉണ്ടെങ്കിലും അതും വേണ്ടപോലെ മുന്നോട്ടു പോയില്ല. ചുരുക്കത്തിൽ, പ്രതിസന്ധിക്ക് നിരവധിയാണ് കാരണങ്ങൾ.
പീക് ഹവർ എന്ന ഘടകം
വൈകിട്ട് 6.30 മുതൽ 10.30 വരെയാണ് വൈദ്യുതിയുടെ കൂടുതൽ ഉപഭോഗം നടക്കുന്നത്. അത്തരം മണിക്കൂറുകളാണ് പീക് ഹവർ എന്ന് പറയുന്നത്. ഏകദേശം ഒരു ദിവസം ശരാശരി നാല് മണിക്കൂർ വരെയുണ്ട് ഇത്. പക്ഷേ ചൂട് കൂടുന്പോൾ 6 മുതൽ 7 മണിക്കൂർ വരെ പോകും. ആ സമയത്തേക്ക് ആവശ്യമായ വൈദ്യുതി അളവ് വളരെ കൂടുതലാണ്. വീടുകൾ, കച്ചവട സ്ഥാപനങ്ങൾ, തിയറ്ററുകൾ, മാർക്കറ്റുകൾ, തെരുവുകൾ എന്നിവിടങ്ങളിലേക്ക് വലിയ തോതിൽ വൈദ്യുതി ഉപഭോഗം നടക്കുന്നുണ്ട്.
നിലനിർത്തണം, പച്ചപ്പ്
സമഗ്രവും ശാസ്ത്രീയവുമായ പരിസ്ഥിതി സംരക്ഷണത്തിലൂടെ ഉൗർജപരിപാലനവും സാധ്യമാണ്. പച്ചപ്പ് വർധിപ്പിക്കുകയും ഉള്ളവ പരമാവധി നിലനിർത്തുകയും ചെയ്താൽ ചൂടും അന്തരീക്ഷ താപനിലയും കുറവായിരിക്കും. ഫാനിന്റെയും എസിയുടെയുമൊക്കെ ഉപയോഗം കുറയ്ക്കാനാവും. തുടർച്ചയായി എസി ഇടരുത്. രാത്രികാലങ്ങളിൽ ഇലക്ട്രിക് വാഹന ചാർജ്, ഇൻഡക്ഷൻ കുക്കർ ഉപയോഗം, അയണിംഗ് എന്നിവയെല്ലാം ഒഴിവാക്കണം. എല്ലാവരും ഒന്ന് മനസുവച്ചാൽ 300 മെഗാവാട്ട് വരെ വൈദ്യുതി ലാഭിക്കാനാവുമെന്ന് വൈദ്യുതി റെഗുലേഷൻ കമ്മിഷൻ അഭിപ്രായപ്പെടുന്നു.
90 ലക്ഷം കുടുംബങ്ങളിലായി ഒരു ദിവസം ഒരു യൂണിറ്റ് വൈദ്യുതി ലാഭിച്ചാൽ 90 ലക്ഷം യൂണിറ്റ് വൈദ്യുതി കിട്ടുമല്ലോ. വീടുകളിൽ ഫ്രിഡ്ജ് വൈകുന്നേരം 6 മണി മുതൽ 10 മണി വരെ ഓഫാക്കി ഇട്ടാലും ഫ്രിഡ്ജിനുള്ളിൽ ഉള്ള വസ്തുക്കൾ കേടാകില്ല എന്നതാണ് ലേഖകന്റെയും മറ്റുപലരുടെയും അനുഭവം. ഇൻഡക്ഷൻ കുക്കറുകൾക്കു പകരം ചൂടാറാ പെട്ടി (ഹോട്ട് ബോക്സ്) ലഭ്യമാണ്
വീടുകളിൽ ലൈറ്റുകളുടെയും ഫാനുകളുടെയും ഉപഭോഗം നിയന്ത്രിക്കണം. വീടുകളിലും സ്ഥാപനങ്ങളിലും ആഡംബര ഫാൻസി ലൈറ്റുകൾ വറുതിക്കാലത്ത് പ്രകാശിപ്പിക്കുന്നത് കുറയ്ക്കണം.
ആലോചിക്കണം, ചെറുകിട സംവിധാനങ്ങളെക്കുറിച്ച്
കാറ്റ്, തിരമാല, സോളാർ മാലിന്യം എന്നിവയിൽനിന്നുള്ള വൈദ്യുതി ഉത്പാദനം ആവശ്യമാണ്. നെയ്യാറ്റിൻകര മെഡിസിറ്റിയിൽ വേസ്റ്റിൽനിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പ്ലാന്റ് തയാറായി വരുന്നു. ജില്ലാ പഞ്ചായത്തുകൾ ഉൾപ്പടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ചെറുകിട ഉൗർജോത്പാദന സംവിധാനങ്ങൾ ആലോചിക്കണം. എറണാകുളം ജില്ലയിലെ ചേന്നമംഗലം ഗ്രാമപഞ്ചായത്തിൽ നടന്നതുപോലെയുള്ള ഉൗർജസുരക്ഷാ സർവേ എല്ലായിടത്തും വ്യാപകമാക്കണം. കമ്യൂണിറ്റി സ്റ്റോറേജ് സംവിധാനം വിപുലപ്പെടുത്തണം.
സ്മാർട്ട് മീറ്ററുകളുടെ സാധ്യത പ്രയോജനപ്പെടുത്തി വൈദ്യുതി മോഷണവും നഷ്ടവും കണ്ടുപിടിക്കണം. സ്കൂളുകൾ, കോളജുകൾ എന്നിവ കേന്ദ്രീകരിച്ച് പരിസ്ഥിതി ഉൗർജ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കണം. ഉൗർജ ആഡിറ്റ്, ഉൗർജ ബജറ്റ്, ഉൗർജ അവാർഡ്, ഉൗർജക്ഷമത സർട്ടിഫിക്കേഷൻ തുടങ്ങിയ പദ്ധതികൾ ആരംഭിക്കണം. പരിസ്ഥിതി സൗഹൃദ ഭവനങ്ങൾ, കാന്പസുകൾ, സ്ഥാപനങ്ങൾ എന്നിവ പരമാവധി പ്രോത്സാഹിപ്പിക്കണം. സമഗ്രമായ പരിസ്ഥിതി ഉൗർജനയം രൂപീകരിക്കണം. എനർജി മാനേജ്മെന്റ് സെന്റർ എന്നിവയുടെ നേതൃത്വത്തിൽ ഗവേഷണങ്ങൾ നടക്കണം. ഒരു വാർഡിന് നാലു പേർ എന്ന ക്രമത്തിൽ സംസ്ഥാനത്താകെ ഒരു ലക്ഷം പേരെ പരിശീലിപ്പിച്ച് ചുമതല നൽകാം.
ഉൗർജ ഭൂപടവും സർവേയും
ജലം, വനം, പരിസ്ഥിതി, കാലാവസ്ഥ, ആരോഗ്യം, ദുരന്തപരിപാലനം, ഉൗർജം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യാൻ സ്പെഷ്യൽ ഗ്രാമസഭകളും വാർഡ് സഭകളും ചേരണം. ഉൗർജ ഭൂപടവും സർവേയും സംഘടിപ്പിക്കണം. റോഡ് നിർമാണത്തിൽ ഉൾപ്പടെ പരമാവധി പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കണം. തൈകൾ വച്ചുപിടിപ്പിച്ച് പാതയോരങ്ങൾ കൂടുതൽ പച്ചപ്പ് ഉണ്ടാക്കിയാൽ പരിസ്ഥിതിയെയും സംരക്ഷിക്കാം. ചൂടിനെ പ്രതിരോധിക്കാനും കഴിയും.
പരിസ്ഥിതി ഉൗർജ ക്ഷമത സൗഹൃദ ഉത്പന്ന യൂണിറ്റുകൾ ആരംഭിക്കണം. സ്റ്റാർട്ടപ്പുകളും ഹരിത എന്റർപ്രൈസുകളും തുടങ്ങണം. ഡാമുകളും മറ്റിടങ്ങളും ഡീബിൽറ്റ് ചെയ്ത് കൂടുതൽ ജലം സംഭരിക്കുവാനുള്ള സാഹചര്യമുണ്ടാക്കണം. പരിസ്ഥിതി സൗഹൃദ കെട്ടിടനിർമാണ അസംസ്കൃത വസ്തുക്കൾ പരമാവധി പ്രോത്സാഹിപ്പിക്കണം.
തീരം മുതൽ മലനാട് വരെയുള്ള പ്രദേശങ്ങളെ വിവിധ കാർഷിക പരിസ്ഥിതി യൂണിറ്റുകളായി വേർതിരിച്ച് പദ്ധതികൾ ഉണ്ടാക്കണം. പൊതുഗതാഗതം ആകർഷകമാക്കണം. കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്തി ജനങ്ങൾക്ക് അതത് സമയം വിവരങ്ങൾ നൽകണം. പുതിയ ശീലങ്ങളും മനോഭാവ മാറ്റങ്ങളും കൊണ്ടുവരാനുള്ള പരിശീലന-ശക്തീകരണ പരിപാടികൾ നടപ്പിലാക്കണം.
മണ്ണും വെള്ളവും ജൈവസന്പത്തുക്കളും ഉൾപ്പടെയുള്ള ആവാസവ്യൂഹങ്ങളെ പരമാവധി നിലനിർത്തണം. ചൂടിനെ പ്രതിരോധിച്ചാൽ ഉൗർജ ഉപഭോഗം കുറയ്ക്കാൻ കഴിയും. വിദ്യാർഥികളുടെ പാഠ്യപദ്ധതിയുടെ ഭാഗമായി പരിസ്ഥിതി, ഉൗർജ സംരക്ഷണം എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തണം. ഗ്രീൻ അംബാസഡർമാരായി വിദ്യാർഥികൾക്ക് ചുമതല നൽകണം.
പകരംവയ്ക്കാനാകാത്ത വൈദ്യുതിയും ജലവും
വൈദ്യുതിക്കും ജലത്തിനും പകരം വയ്ക്കാൻ ഒന്നുമില്ല. പക്ഷേ, നാം എല്ലാവരും കൂടി വിചാരിച്ചാൽ ജലം, ഉൗർജം എന്നിവ ഉൾപ്പടെയുള്ള പരിസ്ഥിതി ഘടകങ്ങളെ കൃത്രിമമായി സൃഷ്ടിക്കാനാവില്ല എന്നതാണ് പ്രകൃതിയുടെ ബാലപാഠം. കാലാവസ്ഥാ മാറ്റം മുന്നിലെ യാഥാർഥ്യമാണ്. വസന്തകാലത്ത് ആഘോഷിച്ചും വറുതിക്കാലത്ത് പരിമിതപ്പെടുത്തി ജീവിക്കാനും നാം പഠിച്ചുകഴിഞ്ഞു.
നാം കരുതുന്ന ഓരോ യൂണിറ്റ് വൈദ്യുതിയും നമ്മുടെതന്നെ മുന്നിലെ ഉപഭോഗത്തിനുള്ള ഉൗർജമാണ്. മലകളും വയലുകളും പുഴകളും തണ്ണീർത്തടങ്ങളും കായലുകളും കുളങ്ങളും തോടുകളും വനങ്ങളും കാവുകളും ഉൾപ്പടെയുള്ള പ്രകൃതിവിഭവങ്ങളെ പരമാവധി സംരക്ഷിക്കപ്പെടണം. പ്രകൃതിവിഭവ സംരക്ഷണം ഒരു സംസ്കാരമാണ് അവ രൂപപ്പെടുത്താനാണ് നാം ശ്രമിക്കേണ്ടത്. നമുക്ക് പരിസ്ഥിതി, ഉൗർജ സാക്ഷരരാകാം.
ഒരാൾ മൂന്ന് ഓക്സിജൻ സിലണ്ടറിന് ഉള്ളിലുള്ള ഓക്സിജന് തുല്യമായ വായു ഓരോ ദിവസവും ഉപയോഗിക്കുന്നുണ്ട്. ഒരിഞ്ചു കനത്തിൽ സ്വാഭാവികമായി മണ്ണുണ്ടാക്കാൻ ആയിരം വർഷം വേണം. ഒരു മില്ലിമീറ്റർ പോലും കൃത്രിമമായി സൃഷ്ടിക്കാനാവില്ല. ലാബിൽ ഇരിക്കുന്ന ഹൈഡ്രജനും ഓക്സിജനും ചേർത്താൽ ജലമാക്കാം. പക്ഷേ, അവ ഉപയോഗിച്ച് നാടിന്റെയും നാട്ടുകാരുടെ ദാഹം മാറ്റാനാവില്ല. മണ്ണും വെള്ളവും വായുവും എല്ലാം പ്രകൃതിയുടെ തനതായ താളക്രമത്തിൽ നിരവധി ഘടകങ്ങളുടെ പരസ്പര പ്രവർത്തന-പ്രതിപ്രവർത്തനങ്ങളിലൂടെയാണ് രൂപപ്പെടുന്നത്. ഓരോ കണം ഉൗർജവും ഓരോ തരി മണ്ണും ഓരോ തുള്ളി ജലവും ജാഗ്രതയോടെ കരുതുകയെന്നതാണ് കാലത്തിന്റെ ആവശ്യം.
Tags : Deepika DeepikaNewspaper Energy conservation